Wednesday, February 27, 2013

കോര്‍പറേറ്റുകള്‍ ബാങ്കു തുടങ്ങുന്നത് അപകടകരം, എസ്ആര്‍പി


റിയല്‍ എസ്റ്റേറ്റ്കാര്‍ക്കും ബ്രോക്കര്‍മാര്‍ക്കും ബാങ്ക് തുടങ്ങാമെന്ന റിസര്‍വ് ബാങ്ക് ഡപ്യൂട്ടി ഗവര്‍ണര്‍ കെ സി ചക്രവര്‍ത്തിയുടെ പ്രഖ്യാപനം രാജ്യത്തെ സമ്പദ്വ്യവസ്ഥയെ അപകടകരമായ അവസ്ഥയിലെത്തിക്കുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. അമേരിക്കയിലും മറ്റുമുണ്ടായ സാമ്പത്തിക കുഴപ്പത്തില്‍ നിന്ന് ഇന്ത്യക്ക് ഒരു പരിധി വരെ പിടിച്ചു നില്‍ക്കാനായത് ഇവിടെ ദേശസാല്‍കൃത ബാങ്കുകളും ചില നിയന്ത്രണങ്ങളും ഉള്ളതുകൊണ്ടാണ്. കോര്‍പ്പറേറ്റുകള്‍ക്ക് ബാങ്ക് തുടങ്ങാന്‍ അനുവാദം നല്‍കിയത് നിലവിലുള്ള സംവിധാനത്തില്‍ നിന്ന് പിന്നോട്ടുപോക്കാണ്. ഇനി റിയല്‍ എസ്റ്റേറ്റുകാര്‍ക്കും ബ്രോക്കര്‍മാര്‍ക്കുംകൂടി അനുമതി നല്‍കിയാല്‍ അരാജകാവസ്ഥയാകും. കന്യാകുമാരിയില്‍ നിന്നാരംഭിച്ച സിപിഐഎം സമര സന്ദേശയാത്രയുടെ ലക്ഷ്യങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്ന ജാഥാ ക്യാപ്റ്റന്‍ കൂടിയായ എസ് ആര്‍ പി.
 
രാജ്യത്തിന്റെ നയസമീപനത്തില്‍ ഇടതുപക്ഷ ബദലിനു വേണ്ടിയുള്ള സിപിഐ എമ്മിന്റെ ആദ്യത്തെ അഖിലേന്ത്യാ ജാഥ സാധാരണക്കാരുടെ താല്‍പര്യത്തെ അടിസ്ഥാനമാക്കി ദേശീയ രാഷ്ട്രീയത്തില്‍ പാര്‍ടി നടത്തുന്ന ശക്തമായ ഇടപെടലാണ്. റെയില്‍വെ ബജറ്റില്‍ യാത്രക്കൂലി വര്‍ധിപ്പിട്ടില്ലെന്ന വാദത്തിന് അര്‍ഥമില്ല. അത് നേരത്തെ കൂട്ടി. തുടര്‍ച്ചയായ കൂലി വര്‍ധനയാണ് ഈ ബജറ്റില്‍ പ്രഖ്യാപിച്ചത്. ഡീസല്‍ വില വര്‍ധനയ്ക്കുസരിച്ചുള്ള കൂലി വര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലയെ ബാധിക്കും. പൊതു-സ്വകാര്യ പങ്കാളിത്തമെന്ന നിര്‍ദ്ദേശം അമേരിക്കയുടെ നിര്‍ദേശമനുസരിച്ചുള്ള സ്വകാര്യവല്‍ക്കരണ നീക്കമാണ്.

നവലിബറല്‍ സാമ്പത്തിക നയത്തിന് അനുസരിച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കുകയാണ്. പ്രതിരോധ വകുപ്പിലെ ഇടപാടുകളില്‍ ഒന്നിന് പുറകെ ഒന്നായി അഴിമതി പുറത്തുവരികയാണ്. ആയുധവും വാഹനവും മാത്രമല്ല ശവപ്പെട്ടിക്കുപോലും കമീഷന്‍ പറ്റുന്നു. ഭരണവര്‍ഗ രാഷ്ട്രീയത്തിന്റെ പ്രതിനിധികളും ചില സൈനിക മേധാവികളും ഇതിലുണ്ട്. ഒരര്‍ഥത്തില്‍ ഇത് തമസ്കരിക്കാനാണ് സിബിഐ അന്വേഷണം. ഭരണകക്ഷിക്കാരെ സഹായിക്കുന്നത് സിബിഐയുടെ സഹജ സ്വഭാവമാണ്. സൈനികരുടെ ആയുധവും വാഹനവും നിലവാരമില്ലാത്തതായാല്‍ അത് രാജ്യസുരക്ഷയെയും ബാധിക്കും. അദ്ദേഹം പറഞ്ഞു.

deshabhimani

No comments:

Post a Comment