Tuesday, February 26, 2013

പതിനായിരങ്ങള്‍ വരവേറ്റു


ജീവിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള പ്രക്ഷോഭവുമായി ഏതറ്റംവരെയും പോകുമെന്ന നിശ്ചയദാര്‍ഢ്യവുമായി കേരളം സിപിഐ എം അഖിലേന്ത്യാ സമരസന്ദേശജാഥയെ വരവേറ്റു. എസ് രാമചന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ഞായറാഴ്ച കന്യാകുമാരിയില്‍ നിന്നാരംഭിച്ച ജാഥയെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ പകല്‍ 12ന് പാര്‍ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ വന്‍ ജനസഞ്ചയമാണ് സ്വീകരിച്ചത്. രാവിലെ പത്തോടെ നാഗര്‍കോവിലില്‍നിന്ന് പുറപ്പെട്ട ജാഥയ്ക്ക് കന്യാകുമാരി ജില്ലയിലെ തക്കലയിലും മാര്‍ത്താണ്ഡത്തും സ്വീകരണം നല്‍കി. കളിയിക്കാവിളയില്‍ എത്തിയ ജാഥയെ വാദ്യഘോഷങ്ങളും പൂക്കാവടിയുമായാണ് പാറശാല ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ സ്വീകരിച്ചത്. വന്‍പ്രകടനത്തിന്റെയും നിരവധി ഇരുചക്രവാഹനങ്ങളുടെയും അകമ്പടിയോടെ ജാഥ പ്രവേശിച്ചപ്പോള്‍ തമിഴിലും മലയാളത്തിലുമുള്ള മുദ്രാവാക്യങ്ങള്‍ ഭാഷാസംഗമഭൂമിയില്‍ മുഴങ്ങി. ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍ പിള്ളയെയും ജാഥാംഗങ്ങളായ എം എ ബേബി, വി ശ്രീനിവാസ് റാവു, സുധ സുന്ദരരാമന്‍ എന്നിവരെയും പിണറായി വിജയന്‍ ഹാരമണിയിച്ചു. പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ജാഥയുടെ സംസ്ഥാനത്തെ മാനേജരായ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആനാവൂര്‍ നാഗപ്പന്‍, വി ശിവന്‍കുട്ടി എംഎല്‍എ എന്നിവരും നേതാക്കളെ വരവേറ്റു. ജാഥാംഗങ്ങളും നേതാക്കളും കളിയിക്കാവിളയില്‍നിന്ന് ഇഞ്ചിവിളയിലെ പൊതുയോഗസ്ഥലത്ത് എത്തുമ്പോഴേക്കും പ്രദേശം ജനിബിഡമായിരുന്നു. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ വേദിയില്‍ ജാഥാംഗങ്ങളെ ഹാരമണിയിച്ചു. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ കൂറ്റന്‍ ഹാരവും പാറശാല ഏരിയ കമ്മിറ്റി ആക്ടിങ് സെക്രട്ടറി കടകുളം ശശി പുഷ്പകിരീടവും എസ് ആര്‍ പിയെ അണിയിച്ചു. തുടര്‍ന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസില്‍ വാര്‍ത്താസമ്മേളനത്തിനുശേഷം വൈകിട്ട് നാലരയോടെയാണ് ജില്ലയിലെ സ്വീകരണകേന്ദ്രമായ ആറ്റിങ്ങല്‍ മാമം മൈതാനത്ത് ജാഥയെത്തിയത്.

ഉച്ചയോടെ മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു. യോഗത്തില്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. എസ് ആര്‍ പിക്കുപുറമേ ജാഥാംഗങ്ങളായ എം എ ബേബിയും സുധ സുന്ദരരാമനും സംസാരിച്ചു. പിണറായി വിജയന്‍, വി എസ് അച്യുതാനന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍, മേയര്‍ കെ ചന്ദ്രിക, എ സമ്പത്ത് എംപി, ബി സത്യന്‍ എംഎല്‍എ എന്നിവര്‍ സംബന്ധിച്ചു. വൈകിട്ട് കൊല്ലം അതിര്‍ത്തിയായ പാരിപ്പള്ളിയില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം കെ ഭാസ്കരന്‍, പി രാജേന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍, ജോര്‍ജ് മാത്യു, രാജമ്മ ഭാസ്കരന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ജാഥയെ വരവേറ്റു. കൊല്ലം ആശ്രാമം മൈതാനത്ത് അഭൂതപൂര്‍വമായ ജനസഞ്ചയമാണ് എത്തിയത്. കേന്ദ്രകമ്മിറ്റിയംഗം പി കെ ഗുരുദാസന്‍ എംഎല്‍എ അധ്യക്ഷനായി. ജാഥാക്യാപ്റ്റനും അംഗങ്ങള്‍ക്കും പുറമെ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എന്നിവരും സംസാരിച്ചു. പിണറായി വിജയന്‍, എ കെ ബാലന്‍, ജില്ലാ സെക്രട്ടറി കെ രാജഗോപാല്‍, സംസ്ഥാനകമ്മിറ്റിയംഗങ്ങളായ എം കെ ഭാസ്കരന്‍, പി രാജേന്ദ്രന്‍, ജെ മേഴ്സിക്കുട്ടിയമ്മ, എസ് രാജേന്ദ്രന്‍, കെ വരദരാജന്‍, ബി രാഘവന്‍, കെ എന്‍ ബാലഗോപാല്‍ എംപി, പികെഎസ് സംസ്ഥാന സെക്രട്ടറി കെ സോമപ്രസാദ് എന്നിവര്‍ സംബന്ധിച്ചു. ചൊവ്വാഴ്ച രാവിലെ ജില്ലയുടെ വടക്കേഅതിര്‍ത്തിയായ ഓച്ചിറ വഴി ജാഥ ആലപ്പുഴ ജില്ലയില്‍ കടക്കും.
(എന്‍ എസ് സജിത്)

സര്‍ക്കാരിനെ മാറ്റുന്ന പ്രക്ഷോഭം ഉയരും: എസ് ആര്‍ പി

തിരു: ജനവിരുദ്ധനയങ്ങള്‍ മാറ്റുന്നില്ലെങ്കില്‍ ആ സര്‍ക്കാരിനെത്തന്നെ മാറ്റുന്ന തരത്തില്‍ അതിശക്തമായ ജനകീയപ്രക്ഷോഭം ഉയരുമെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. സര്‍ക്കാര്‍ ജനദ്രോഹനിലപാടുകളില്‍ മാറ്റം വരുത്തുമോയെന്ന് നോക്കട്ടെ. ബദല്‍നയങ്ങള്‍ ആസ്പദമാക്കി രാജ്യത്താകെ ശക്തമായ ബഹുജനസമരനിര കെട്ടിപ്പടുക്കുമെന്നും എസ് ആര്‍ പി വ്യക്തമാക്കി. കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച അഖിലേന്ത്യാ സമരസന്ദേശയാത്രയുടെ ലക്ഷ്യങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിക്കുകയായിരുന്നു ജാഥാക്യാപ്റ്റന്‍കൂടിയായ അദ്ദേഹം.

രാജ്യത്ത് അതിവേഗം വളര്‍ന്നുവരുന്ന സംഭവവികാസങ്ങളില്‍ ശക്തമായ ഇടപെടല്‍ ലക്ഷ്യമാക്കിയാണ് ആറ് മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പാര്‍ടി ആദ്യമായി ഇത്തരത്തില്‍ ജാഥകള്‍ സംഘടിപ്പിച്ചത്. രണ്ടുദിവസത്തെ അഖിലേന്ത്യാ പണിമുടക്ക് ലോകത്തെതന്നെ ഏറ്റവും കൂടുതല്‍ തൊഴിലാളികള്‍ അണിനിരന്ന പ്രക്ഷോഭമായി. മൂന്നാം ബദലിന് അടിയന്തരസാധ്യതയില്ലെന്ന് എസ് ആര്‍ പി ചോദ്യത്തോട് പ്രതികരിച്ചു. അതേസമയം, ബദല്‍നയങ്ങള്‍ ആസ്പദമാക്കിയുള്ള ഇടപെടല്‍ നടത്തും. അവയോട് യോജിക്കാവുന്ന എല്ലാവരെയും യോജിപ്പിക്കും. തെരഞ്ഞെടുപ്പു സഖ്യത്തെക്കുറിച്ചല്ല, സമരസഖ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ ആലോചിക്കുന്നത്. അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നതിനുമുമ്പ് രാജ്യത്ത് ഒട്ടേറെ രാഷ്ട്രീയസംഭവവികാസങ്ങള്‍ ഉണ്ടാകും. പ്രാദേശിക പാര്‍ടികളോടുള്ള സമീപനം ഈ ആവശ്യങ്ങളോട് എന്ത് നിലപാട് സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും. യുഡിഎഫ് സര്‍ക്കാരിന്റെ ദ്രോഹനടപടികള്‍ ജനങ്ങളെ അണിനിരത്തി ചെറുക്കും. എല്‍ഡിഎഫിന് ഒരു നിലപാടുണ്ട്. അത് ആര് സ്വീകരിച്ചാലും സ്വാഗതംചെയ്യും. യുഡിഎഫ് ഘടകകക്ഷികള്‍ എല്‍ഡിഎഫിനൊപ്പം വരുമോയെന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ പ്രവചനം നടത്താനാകുമോയെന്ന് എസ് ആര്‍ പി പ്രതികരിച്ചു. മുന്നണിബന്ധങ്ങള്‍ സംബന്ധിച്ച കെ എം മാണിയുടെ പരാമര്‍ശം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മാണി ശാശ്വതമായ സത്യം പറഞ്ഞെന്ന് എസ് ആര്‍ പി പ്രതികരിച്ചു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജാഥാംഗങ്ങളായ എം എ ബേബി, വി ശ്രീനിവാസ റാവു, സുധ സുന്ദരരാമന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

ഇനി കോര്‍പറേറ്റുകള്‍ക്ക് അടിയറ വയ്ക്കാനുള്ളത് പ്രാണവായുവും സൂര്യപ്രകാശവും: എസ് ആര്‍ പി

തിരു: രാജ്യത്തെ എല്ലാ വിഭവങ്ങളും കോര്‍പറേറ്റുകള്‍ക്ക് അടിയറ വച്ച് അതുവഴി വന്‍ അഴിമതിക്ക് അരങ്ങൊരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ എന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ആറ്റിങ്ങലിലും കൊല്ലത്തും സിപിഐ എം സമരസന്ദേശയാത്രയ്ക്ക് നല്‍കിയ സ്വീകരണങ്ങളില്‍ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്റ്റന്‍ കൂടിയായ എസ് ആര്‍ പി.

കല്‍ക്കരി ഖനികളും ധാതുഖനികളും എണ്ണ-പ്രകൃതിവാതക തടങ്ങളും വനങ്ങളും ഭൂമിയും കോര്‍പറേറ്റുകള്‍ക്ക് കൈമാറിക്കഴിഞ്ഞു. ഇനി പ്രാണവായുവും സൂര്യപ്രകാശവും മാത്രമേ വില്‍ക്കാനുള്ളൂ. സാമ്പത്തിക പരിഷ്കാരം തുടങ്ങി 19 വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ഭൂരഹിതരുടെ എണ്ണം 19 ശതമാനം വര്‍ധിച്ചു. ലോകത്തെ വിശപ്പനുഭവിക്കുന്ന 79 രാജ്യത്തിന്റെ കണക്കെടുത്തപ്പോള്‍ ഇന്ത്യക്ക് 65-ാം സ്ഥാനമാണെന്നാണ ആഗോള സൂചിക വ്യക്തമാക്കുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികളുടെ കണക്കെടുത്തപ്പോള്‍ ഇന്ത്യക്കു പിന്നില്‍ ഇന്തോനേഷ്യയുടെ അയല്‍രാജ്യമായ തിമൂര്‍ ലസ്റ്റെ മാത്രമേയുള്ളൂ.

ഇന്ത്യയില്‍ ഒമ്പതരക്കോടി ജനങ്ങളും ചേരിയിലാണ് താമസം. ലക്ഷക്കണക്കിനു കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന രാജ്യമായി ഇന്ത്യ മാറി. വിദ്യാഭ്യാസം, ഭക്ഷണം, ആരോഗ്യം എന്നീ വിഷയങ്ങളില്‍ ഇന്ത്യ പിന്നോട്ടുപോകുകയാണ്. ധനികരെ മാത്രം സഹായിക്കുന്ന നയങ്ങളുമായി മുന്നോട്ടുപോകുന്നതാണ് ഈ ദുരന്തങ്ങള്‍ക്ക് കാരണം. കേന്ദ്രസര്‍ക്കാരില്‍ 14 ലക്ഷം ഒഴിവ് നികത്താനുണ്ടെന്നാണ് സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കിയ കണക്ക്. റെയില്‍വേയില്‍ രണ്ടരലക്ഷവും പൊലീസ്, പ്രതിരോധമേഖലകളില്‍ ഏഴുലക്ഷവും ഒഴിവുകളാണ് ഉള്ളത്. അതീവ ധനവാന്മാരെ സൃഷ്ടിക്കുന്നതില്‍ മാത്രമാണ് സര്‍ക്കാരിന് ശ്രദ്ധയെന്നും എസ് ആര്‍ പി പറഞ്ഞു.

പാര്‍ടി ഒറ്റക്കെട്ട്: എസ് ആര്‍ പി

തിരു: സിപിഐ എമ്മിന്റെ ഏറ്റവും സുശക്തമായ ഘടകങ്ങളിലൊന്നാണ് കേരളത്തിലേതെന്നും സംസ്ഥാനത്ത് പാര്‍ടി ഒറ്റക്കെട്ടായാണ് നീങ്ങുന്നതെന്നും പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. പാര്‍ടിയില്‍ പ്രശ്നങ്ങളുണ്ടെന്നത് കാല്‍പ്പനികത നിറച്ച വ്യാഖ്യാനങ്ങളാണെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് എസ് ആര്‍ പി മറുപടി നല്‍കി. രാഷ്ട്രീയവും സംഘടനാപരവുമായി പാര്‍ടിക്കകത്ത് സ്വതന്ത്രമായ അഭിപ്രായം പറയാം. വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉയര്‍ന്നാലും പാര്‍ടി യോജിച്ച തീരുമാനം എടുക്കും. സിപിഐ എം തിരുവായ്ക്ക് എതിര്‍വായില്ലാത്ത പാര്‍ടിയല്ല. ഒരു നേതാവ് പറയുന്നത് മറ്റുള്ളവര്‍ അനുസരിക്കുക എന്ന രീതി സിപിഐ എമ്മിനില്ല. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യപ്രസ്ഥാനങ്ങള്‍ യോജിച്ച് നില്‍ക്കുന്നു. ഓരോ പാര്‍ടിയും സ്വന്തം നിലയ്ക്ക് സംഘടിപ്പിക്കുന്ന പ്രക്ഷോഭങ്ങള്‍ യോജിച്ച സമരത്തിന് ഒരിക്കലും തടസ്സമല്ലെന്നും എസ് ആര്‍ പി പറഞ്ഞു.

deshabhimani

No comments:

Post a Comment