Tuesday, February 26, 2013

പോര്‍വീര്യം ജ്വലിപ്പിച്ച് സമരസന്ദേശ യാത്ര


രാജ്യത്തെയാകെ പോരാട്ട സജ്ജമാക്കാന്‍ പ്രയാണം നടത്തുന്ന സമരസന്ദേശയാത്രകള്‍ ജനമനസ്സില്‍ ആവേശത്തിന്റെ പുതുജ്വാലകളുയര്‍ത്തി മുന്നോട്ട്. വിലക്കയറ്റവും കൃഷിനാശവും തീര്‍ത്ത വറുതിയിലുഴലുന്നവര്‍ക്ക് ആശ്രയം ചെങ്കൊടിയെന്ന് തെളിയിക്കുന്നതായി മധ്യകേരളത്തെ പോരാട്ടസജ്ജമാക്കിയ സിപിഐ എം സമരസന്ദേശയാത്ര. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയുടെ നേതൃത്വത്തില്‍ കന്യാകുമാരിയില്‍നിന്ന് ഞായറാഴ്ച പ്രയാണം തുടങ്ങിയ ജാഥയുടെ മൂന്നാംനാളില്‍ സ്വീകരണകേന്ദ്രങ്ങളിലെല്ലാം തടിച്ചുകൂടിയത് ജനലക്ഷങ്ങള്‍. സംഘാടകരുടെ പ്രതീക്ഷകളെല്ലാം മറികടന്ന് ആലപ്പുഴയിലും കോട്ടയത്തും കൊച്ചിയിലും പ്രവഹിച്ച ജനസഞ്ചയം പോരാട്ടപ്രതിജ്ഞ പുതുക്കി. ചൊവ്വാഴ്ച കൊല്ലത്തുനിന്ന് പ്രയാണം തുടങ്ങിയ ജാഥയുടെ ആദ്യസ്വീകരണം ആലപ്പുഴയിലായിരുന്നു. ജാഥയെ വരവേല്‍ക്കാന്‍ നീണ്ടകരയിലും ചവറയിലും തൊഴിലാളികള്‍ കൂട്ടമായെത്തി. കൊല്ലം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തിയായ കൃഷ്ണപുരം മുക്കടയില്‍ സിപിഐ എം ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണം. ആദ്യസ്വീകരണകേന്ദ്രമായ ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിലെ വേദിയിലേക്ക് സംസ്ഥാന സെക്രട്ടറി പിണറായി വിജയനൊപ്പം ജാഥാംഗങ്ങള്‍ എത്തിയപ്പോള്‍ ജനങ്ങള്‍ ഒറ്റമനസ്സോടെ മുദ്രാവാക്യം മുഴക്കി.

എസ് ആര്‍ പിയും ജാഥാംഗങ്ങളായ എം എ ബേബി, വി ശ്രീനിവാസ് റാവു, സുധ സുന്ദരരാമന്‍ എന്നിവരും പിബി അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന കമ്മിറ്റി അംഗം ജി സുധാകരന്‍ എന്നിവരും സംസാരിച്ചു. ആലപ്പുഴയില്‍നിന്ന് എസി റോഡിലൂടെ കോട്ടയത്തേക്കുള്ള യാത്ര കര്‍ഷകത്തൊഴിലാളികളുടെ വിയര്‍പ്പും ചോരയും വീണ കുട്ടനാട്ടിലൂടെയായിരുന്നു. ആലപ്പുഴ- കോട്ടയം അതിര്‍ത്തിയായ കിടങ്ങറ മനയ്ക്കാച്ചിറ രണ്ടാംപാലത്തിനടുത്ത് നേരത്തെതന്നെ ജനാവലി തടിച്ചുകൂടി. എസ് ആര്‍ പിയും പിണറായിയും വാഹനത്തില്‍നിന്ന് ഇറങ്ങിയപ്പോള്‍ കാതടപ്പിക്കുന്ന മുദ്രാവാക്യം. തുടര്‍ന്ന്, ജില്ലാ സെക്രട്ടറി കെ ജെ തോമസിന്റെ നേതൃത്വത്തില്‍ സ്വീകരണവും ഹാരാര്‍പ്പണവും. കോട്ടയം നഗരത്തിലെ പോപ്പ് മൈതാനത്ത് ജാഥാംഗങ്ങളെ കാത്തുനിന്നത് നഗരം അടുത്തകാലത്തൊന്നും കാണാത്ത ജനസഞ്ചയം. വൈകിട്ട് അഞ്ചരയോടെ കോട്ടയത്തുനിന്ന് ആരംഭിച്ച ജാഥയ്ക്ക് കോട്ടയം- എറണാകുളം അതിര്‍ത്തിയായ പൂത്തോട്ടയില്‍ ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്റെ നേതൃത്വത്തില്‍ വന്‍ സ്വീകരണം നല്‍കി. മറൈന്‍ ഡ്രൈവില്‍ നടന്ന സ്വീകരണത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുത്തു.

ജാഥ ബുധനാഴ്ച തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പര്യടനം നടത്തും. എറണാകുളത്തെ പര്യടനശേഷം രാവിലെ ഒമ്പതിന് തൃശൂരില്‍ പ്രവേശിക്കും. തെക്കെ അതിര്‍ത്തിയായ പൊങ്ങത്ത് ജാഥയെ വരവേല്‍ക്കും. തേക്കിന്‍കാട് മൈതാനിയില്‍ സ്വീകരണം. മലപ്പുറം ജില്ലയിലെ എടപ്പാളില്‍ പട്ടാമ്പി റോഡിലെ ശുകപുരം സഫാരി മൈതാനത്താണ് സ്വീകരണം. തൃത്താല ഏരിയയിലെ കുമരനെല്ലൂരില്‍ ജാഥയെ പാലക്കാട് ജില്ലയിലേക്ക് സ്വീകരിക്കും. വൈകിട്ട് നാലിന് പാലക്കാട് കോട്ടമൈതാനിയില്‍ വരവേല്‍പ്പ്. തുടര്‍ന്ന് കോയമ്പത്തൂരിലേക്ക് തിരിക്കും. തമിഴ്നാട്ടിലാണ് അടുത്ത പര്യടനം. ഇതിനിടെ, മധ്യപ്രദേശ് സംസ്ഥാനതല ഉപജാഥ അനുപുര്‍ ജില്ലയിലെ ബൈജൂരിയില്‍നിന്ന് പര്യടനം തുടങ്ങി. സംസ്ഥാന സെക്രട്ടറി ബാദല്‍ സരോജ് നയിക്കുന്ന ജാഥ ഫ്ളാഗ് ഓഫ് ചെയ്തത് കല്‍ക്കരിത്തൊഴിലാളിയായ കരണ്‍ നിഷാദാണ്. സംസ്ഥാനത്തെ കല്‍ക്കരി- ആദിവാസി മേഖലകളിലെ ഏഴു ജില്ലകളിലൂടെ സഞ്ചരിച്ച് മാര്‍ച്ച് ഒമ്പതിന് യുപി അതിര്‍ത്തിയില്‍ പ്രവേശിക്കും. അഖിലേന്ത്യാ ജാഥകളില്‍ രണ്ടെണ്ണവും മധ്യപ്രദേശിലൂടെ സഞ്ചരിക്കും.
(എന്‍ എസ് സജിത്)

deshabhimani

No comments:

Post a Comment