Thursday, February 28, 2013

തൊഴിലില്ലായ്മയില്‍ കേരളം ഒന്നാമത്


ന്യൂഡല്‍ഹി: രാജ്യത്തെ പൊതുമേഖലയിലെ തൊഴില്‍വളര്‍ച്ചയില്‍ വന്‍ ഇടിവുണ്ടായതായിസാമ്പത്തിക സര്‍വേ. തൊഴിലില്ലായ്മ നേരിടുന്ന സംസ്ഥാനങ്ങളില്‍ ഒന്നാംസ്ഥാനം കേരളത്തിനാണ്. ഗ്രാമീണമേഖലയില്‍ 1000 ല്‍ 75 പേരും നഗരത്തില്‍ 1000 ല്‍ 73 പേരും തൊഴിലില്ലാത്തവരാണ്. രാജ്യത്ത് പൊതുമേഖലയിലെ തൊഴില്‍ലഭ്യത 2011ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1.8 ശതമാനം പിന്നോട്ടടിച്ചതായി സര്‍വേ പറയുന്നു. ജോലിസുരക്ഷയോ കുറഞ്ഞ വേതനമോ ഉറപ്പ് നല്‍കാത്ത സ്വകാര്യമേഖലയിലെ പെരുപ്പം കാട്ടി 2011ല്‍ മുന്‍ വര്‍ഷത്തേക്കാള്‍ മൊത്തം തൊഴിലില്‍ വളര്‍ച്ചയുണ്ടെന്ന് സ്ഥാപിക്കാനായിരുന്നു ധനമന്ത്രി പി ചിദംബരത്തിന്റെ ശ്രമം. എന്നാല്‍,2009-10 വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍2010-11ല്‍ മൊത്തം തൊഴിലിലുംവന്‍ കുറവ് വന്നു.

പൊതുമേഖലയോടുള്ള കേന്ദ്രസര്‍ക്കാരിന്റെ ശത്രുതാപരമായ സമീപനം തൊഴില്‍ എണ്ണത്തില്‍ ഇടിവുണ്ടാക്കിയെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. ഒറ്റ വര്‍ഷംകൊണ്ട് കുറഞ്ഞത് 3.14 ലക്ഷം തൊഴില്‍. 2009-10 കാലത്തെ തൊഴില്‍വളര്‍ച്ച പ്രവണതയില്‍നിന്നുള്ള തിരിച്ചുപോക്കാണിത്. മൂന്ന് വര്‍ഷങ്ങളിലായി സ്വകാര്യമേഖലയിലെ തൊഴിലില്‍ ക്രമമായി വര്‍ധിച്ചു. 2011ല്‍ 1.1452 കോടിയാണ് സ്വകാര്യ മേഖലയിലെ തൊഴില്‍. 2010ല്‍ ഇത് 108.46 കോടിയായിരുന്നു. മുന്‍വര്‍ഷം 1.0377 കോടിയും. 2011ല്‍ സ്വകാര്യ മേഖലയില്‍ 5.6 ശതമാനമാണ് തൊഴില്‍ വളര്‍ച്ചനിരക്ക്. പൊതു മേഖലയിലാവട്ടെ പിന്നോട്ടടിയും. ഗ്രാമീണ, നഗര മേഖലകളിലെ തൊഴിലില്ലായ്മയില്‍ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ ബഹുദൂരം പിന്നിലാണെന്ന് സാമ്പത്തിക സര്‍വേ വ്യക്തമാക്കുന്നു. നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്കില്‍ കേരളത്തിനൊപ്പം പിന്നോക്കാവസ്ഥയില്‍ നില്‍ക്കുന്നത് ബിഹാര്‍മാത്രം. എന്നാല്‍, ഗ്രാമീണമേഖലയില്‍ 1000 ല്‍ 20 മാത്രമാണ് ബിഹാറിലെ തൊഴിലില്ലായ്മ നിരക്ക്. ഗ്രാമീണ മേഖലയില്‍ കേരളവും അസവും ഒഴികെയുള്ള പ്രധാന സംസ്ഥാനങ്ങളിലെല്ലാം തൊഴിലില്ലായ്മ 1000 പേര്‍ക്ക് 30 എന്നതില്‍ കൂടുന്നില്ല. അസമില്‍തന്നെ തൊഴിലില്ലായ്മ 1000 ന് 39 ആണ്. നഗര മേഖലയില്‍ അസമില്‍ തൊഴിലില്ലായ്മ 1000 ന് 52. കേരളത്തില്‍ ഒഴികെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം തൊഴിലില്ലായ്മ നിരക്ക് ഇതിലും താഴെയാണ്.
(പി വി അഭിജിത്)

deshabhimani 280213

No comments:

Post a Comment