Monday, February 25, 2013

ഐടി@ സ്കൂള്‍ ഡയറക്ടര്‍ക്കെതിരെ പരാതി ശ്രദ്ധയില്‍പ്പെട്ടില്ല


കോഴിക്കോട്: ഐടി@ സ്കൂള്‍ ഡയറക്ടര്‍ക്കെതിരെ ഡിപിഐ എ ഷാജഹാന്‍ നല്‍കിയ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ് പ്രതികരിച്ചു. തിരുവനന്തപുരത്തെത്തിയ ശേഷം പരാതി കണ്ടശേഷം പ്രതികരിക്കും. തന്റെ വകുപ്പിലെ ഉദ്യോഗസ്ഥരെകുറിച്ച് തനിക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഒ വി വിജയന്റെ പ്രതിമ സ്ഥാപിക്കുന്നതില്‍ തര്‍ക്കമില്ല. ഇക്കാര്യത്തില്‍ താന്‍ ഇടപെടേണ്ടി വന്നാല്‍ ഇടപെടും. വിദ്യാഭ്യാസ സ്ഥാപനത്തിലാണ് പ്രതിമ സ്ഥാപിക്കുന്നത്. മുന്‍കൂട്ടി അനുമതി നേടിയിട്ടില്ലെങ്കില്‍ അനുമതി നല്‍കുമെന്നും കോഴിക്കോട് വാര്‍ത്താ ലേഖകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

തളിപ്പറമ്പില്‍ ലീഗുകാര്‍ തമ്മില്‍ സംഘര്‍ഷം

തളിപ്പറമ്പ്: തളിപ്പറമ്പില്‍ ലീഗുകാര്‍ തമ്മില്‍ സംഘര്‍ഷം. ഷുക്കൂര്‍ വധക്കേസിലെ സാക്ഷികളുടെ മൊഴി മാറ്റവുമായി ബന്ധപ്പെട്ട് ഒരു വിഭാഗം വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ മറ്റൊരു വിഭാഗം ഇവരെ തടയാനെത്തി. ഇതേത്തുടര്‍ന്ന് പ്രസ് ഫോറത്തിനു സമീപം സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജനും ടി വി രാജേഷ് എംഎല്‍എയും ഷുക്കൂര്‍ വധക്കേസില്‍ ഗൂഡാലോചന നടത്തിയത് തങ്ങള്‍ സാക്ഷികളാണെന്ന മൊഴി കേസിലെ സാക്ഷികള്‍ തിരുത്തിയിരുന്നു. മൊഴി തിരുത്തുന്നതിനു പ്രേരിപ്പിച്ചത് ലീഗ് പ്രവര്‍ത്തകരും ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഭാരവാഹികളുമായ കെ വി സലാം ഹാജിയും കെപി മുഹമ്മദ് അഷറഫുമാണെന്ന് ലീഗുകാര്‍ തന്നെ പ്രചാരണം നടത്തുന്നുണ്ട്. ഈ പ്രചാരണം ശരിയല്ലെന്ന് വിശദീകരിക്കാനായി വാര്‍ത്താസമ്മേളനത്തിനെത്തിയ ഇരുവരെയും പുറത്തിറങ്ങാനാവാത്ത വിധം ലീഗുകാര്‍ വളഞ്ഞു വച്ചിരിക്കുകയാണ്. പൊലീസ് എത്തിയിട്ടും ഇരുവരെയും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. സ്ഥലത്തു പോലും ഇല്ലാതിരുന്ന രണ്ടു സാക്ഷികളാണ് ഗൂഡാലോചന തങ്ങള്‍ കേട്ടുവെന്ന് മൊഴി കൊടുത്തത്. അടിസ്ഥാനമില്ലാത്ത കള്ളമൊഴി കോടതിയില്‍ ചോദ്യം ചെയ്യുമെന്നുറപ്പായതോടെ സാക്ഷികള്‍ യഥാര്‍ഥവിവരം കോടതിയില്‍ ബോധിപ്പിച്ചു. ഇതേത്തുടര്‍ന്ന് ലീഗുകാര്‍ സാക്ഷികളെ വിദേശത്തേക്ക് കടത്തി.

deshabhimani

No comments:

Post a Comment