Tuesday, February 26, 2013

മന്ത്രിമാര്‍ "എട്ട്" കേരളത്തിന് "പൂജ്യം"


കേരളം പാളത്തിന് പുറത്ത്

ന്യൂഡല്‍ഹി: രണ്ടു പുതിയ പ്രതിവാര എക്സ്പ്രസ് ട്രെയിനുകള്‍ പ്രഖ്യാപിച്ചതല്ലാതെ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച റെയില്‍വേ ബജറ്റില്‍ കേരളത്തിന് ഒന്നും ലഭിച്ചില്ല. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസിതര മന്ത്രിമാര്‍ കാണിച്ച കാരുണ്യംപോലും കേരളത്തോട് കോണ്‍ഗ്രസ് മന്ത്രിയായ ബന്‍സല്‍ കാട്ടിയില്ല. വിവിധ വികസനപ്രവര്‍ത്തനങ്ങള്‍ക്കുള്ള വിഹിതം മുന്‍വര്‍ഷത്തേക്കാള്‍ പകുതിയോളം കുറയ്ക്കുകയുംചെയ്തു.

വികസന പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം സംസ്ഥാനത്തിന് 470 കോടി രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 250 കോടിമാത്രമാണ് അനുവദിച്ചത്. പുതിയ പാതകളുടെ നിര്‍മാണത്തിന് 12 കോടി, വൈദ്യുതീകരണത്തിന് 50.31 കോടി, റെയില്‍ മേല്‍പാലങ്ങളുടെയും അടിപ്പാലങ്ങളുടെയും മറ്റും നിര്‍മാണത്തിന് 12.71 കോടി, പാത ഇരട്ടിപ്പിക്കലിന് 72.50 കോടി, പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴ വാഗണ്‍ ഘടകനിര്‍മാണ യൂണിറ്റ് വിവിധ സ്റ്റേഷനുകളുടെ വികസനം, പ്ലാറ്റ്ഫോമുകളുടെ നീളംകൂട്ടല്‍- ഉയരം കൂട്ടല്‍ തുടങ്ങിയ ഇനങ്ങളിലായി 102.87 കോടി- ഇത്രയുമാണ് ബജറ്റില്‍ പണമായി കേരളത്തിന് ല ഭിക്കുക.

മുന്‍വര്‍ഷത്തെ ബജറ്റുകളില്‍ ഈ ഇനങ്ങളിലെല്ലാം കേരളത്തിന് കൂടുതല്‍ വിഹിതം ലഭിച്ചിരുന്നു. കഴിഞ്ഞവര്‍ഷം പണം അനുവദിച്ച മേല്‍പാലം പണികള്‍ക്ക് ഈ വര്‍ഷം നയാപൈസപോലും നീക്കിവച്ചിട്ടില്ല. നേരത്തെ പ്രഖ്യാപിച്ചിട്ടുള്ള തിരുവനന്തപുരം റെയില്‍വേ മെഡിക്കല്‍ കോളേജ്, ആദര്‍ശ് സ്റ്റേഷനുകള്‍ എന്നിവയും എങ്ങുമെത്തിയിട്ടില്ല. കേരളത്തിന്റെ ദീര്‍ഘകാല ആവശ്യമായ റെയില്‍വേസോണ്‍ നേടിയെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാരും യുഡിഎഫ് എംപിമാരും പരിശ്രമിച്ചില്ല.
(എം പ്രശാന്ത്)

മന്ത്രിമാര്‍ "എട്ട്" കേരളത്തിന് "പൂജ്യം"

ന്യൂഡല്‍ഹി: കേന്ദ്രം ഭരിക്കാന്‍ കേരളത്തില്‍നിന്ന് എട്ടു മന്ത്രിമാര്‍. റെയില്‍വേ ബജറ്റില്‍ സംസ്ഥാനത്തിന് കിട്ടിയതാകട്ടെ വട്ടപ്പൂജ്യവും. നീണ്ട 17 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഒരു കോണ്‍ഗ്രസ് മന്ത്രി റെയില്‍വേ ബജറ്റ് അവതരിപ്പിക്കുമ്പോള്‍ സംസ്ഥാനത്തിന് ഏറെ പ്രതീക്ഷകളാണുണ്ടായിരുന്നത്. എട്ട് കേന്ദ്രമന്ത്രിമാര്‍ പ്രതിനിധാനംചെയ്യുന്ന സംസ്ഥാനമെന്ന നിലയിലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന 16 ലോക്സഭാ എംപിമാരെ തെരഞ്ഞെടുത്ത സംസ്ഥാനമെന്ന നിലയിലും കേരളത്തിന് ബജറ്റില്‍ അര്‍ഹമായ പരിഗണന ലഭിക്കുമെന്ന പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍ താന്‍ പ്രതിനിധാനംചെയ്യുന്ന ചണ്ഡീഗഢിന് പുതിയ ശതാബ്ദി ട്രെയിന്‍ ഉള്‍പ്പെടെ വാരിക്കോരി നല്‍കിയ റെയില്‍വേമന്ത്രി പവന്‍കുമാര്‍ ബന്‍സല്‍ കേരളത്തെ പൂര്‍ണമായി തഴഞ്ഞു. എ കെ ആന്റണി, വയലാര്‍ രവി തുടങ്ങിയവര്‍ കോണ്‍ഗ്രസില്‍ പവന്‍കുമാര്‍ ബന്‍സലിന്റെപോലും നേതാക്കളാണ്. ആന്റണിയെ പ്പോലുള്ള മുതിര്‍ന്ന മന്ത്രിമാര്‍ ആവശ്യപ്പെട്ടാല്‍ ബന്‍സല്‍ നിരാകരിക്കാനുള്ള സാധ്യത വിരളം.

deshabhimani 270213

No comments:

Post a Comment