Thursday, February 28, 2013

യുഎസ് ആണവ കമ്പനികള്‍ക്ക് ഗുജറാത്തിലും യുപിയിലും സ്ഥലം


ഇന്ത്യ-അമേരിക്ക ആണവ സഹകരണ കരാറിന്റെ തുടര്‍ച്ചയില്‍ ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ തമ്മില്‍ ഒരു പ്രാരംഭ പ്രവൃത്തി കരാര്‍ ഈ വര്‍ഷംതന്നെ ഒപ്പിടാനാകുമെന്ന് അമേരിക്കന്‍ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് ബ്ലേക് പറഞ്ഞു. അമേരിക്കയിലെ വെസ്റ്റിങ്ഹൗസും ഇന്ത്യയുടെ ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനും തമ്മിലാണ് ഈ വര്‍ഷം കരാറിന് ഒരുങ്ങുന്നത്. ആണവ ബാധ്യതാ നിയമത്തിന്റെ കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഭിന്നതയുണ്ടെങ്കിലും ഗുജറാത്തിലെയും ഉത്തര്‍പ്രദേശിലെയും നിരവധി സ്ഥലങ്ങള്‍ ഇന്ത്യ അമേരിക്കന്‍ കമ്പനികള്‍ക്ക് വേണ്ടി നീക്കിവച്ചിട്ടുണ്ടെന്നും ബ്ലേക് വെളിപ്പെടുത്തി. അമേരിക്കന്‍ കോണ്‍ഗ്രസിലെ വാദംകേള്‍ക്കലില്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു വിദേശവകുപ്പില്‍ ദക്ഷിണ-മധ്യ ഏഷ്യന്‍ ചുമതലയുള്ള ബ്ലേക്.

ആണവ കരാര്‍ നടപ്പാക്കുന്നതിന് ഇന്ത്യയും അമേരിക്കയും പ്രവര്‍ത്തനം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയില്‍ ഉണ്ടാകുന്ന ബാധ്യതാ കേസുകളില്‍ തങ്ങള്‍ക്ക് മതിയായ സംരക്ഷണം നല്‍കുന്നതല്ല ഇന്ത്യന്‍ ബാധ്യതാ നിയമം എന്നാണ് അമേരിക്കന്‍ കമ്പനികള്‍ വിശ്വസിക്കുന്നത്. ഇക്കാര്യത്തില്‍ അമേരിക്കന്‍ കമ്പനികളുടെ ശ്രമത്തെ സഹായിക്കുന്നതിലും നിയമത്തില്‍ അയവുണ്ടാക്കാന്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുന്നതിലുമാണ് ഒബാമ സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നതെന്ന് ബ്ലേക് പറഞ്ഞു. ആണവ കരാര്‍ ഒപ്പിട്ട് നാലുവര്‍ഷമായിട്ടും ഇന്ത്യയെ അമേരിക്കന്‍ നേതൃത്വത്തിലുള്ള ആഗോള നിര്‍വ്യാപന-ആയുധ നിയന്ത്രണ സംവിധാനവുമായി അടുപ്പിക്കാനായിട്ടില്ലെന്ന് വാദം കേള്‍ക്കലില്‍ അധ്യക്ഷനായ കോണ്‍ഗ്രസ് അംഗം സ്റ്റീവന്‍ ചാബട്ട് പറഞ്ഞു. സമഗ്ര ആണവ പരീക്ഷണ നിരോധന ഉടമ്പടി ഒപ്പിടാനും ആണവപദാര്‍ഥങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് സ്വമേധയാ നിര്‍ത്തിവയ്ക്കാനും ഇന്ത്യ തയ്യാറായിട്ടില്ല. ചൈനയുടെ ശക്തിക്കു ബദലായ കേന്ദ്രമായി ഇന്ത്യ-അമേരിക്ക ബന്ധം മാറ്റുന്നതിന് കരാര്‍ ലക്ഷ്യമിട്ടിരുന്നെന്നും എന്നാല്‍ ഇന്ത്യ ചേരിചേരാ നയം തുടരുന്നത് ഈ ലക്ഷ്യത്തെ തന്ത്രപരമായ പേടിസ്വപ്നമാക്കിയിരിക്കുകയാണെന്നും ചാബട്ട് കുറ്റപ്പെടുത്തി.

ഇത് നിഷേധിച്ച ബ്ലേക് ഇന്ത്യ ആണവകരാറിലൂടെ പ്രതിരോധ സഹകരണത്തില്‍ അമേരിക്കയുമായി വളരെ അടുത്തിട്ടുണ്ടെന്ന് വ്യക്തമാക്കി. ഇന്ത്യയുമായുള്ള പ്രതിരോധ വില്‍പ്പന ഒന്നുമില്ലായ്മയില്‍നിന്ന് 900 കോടി ഡോളറായി വളര്‍ന്നിട്ടുണ്ട്. നിരവധി ശതകോടി ഡോളറിന്റെ ആയുധവില്‍പ്പന ഇനിയും നടക്കാനിരിക്കുന്നു. സാമ്പത്തികരംഗത്ത് ഇന്ത്യ നേരിടുന്ന പ്രശ്നങ്ങള്‍ അമേരിക്കന്‍ കമ്പനികള്‍ക്ക് അവസരങ്ങള്‍ കുറയ്ക്കുന്നുണ്ടെങ്കിലും മേഖലയില്‍ തങ്ങളുടെ ഏറ്റവും വിശ്വസ്ത പങ്കാളിയാണ് ഇന്ത്യയെന്ന് ബ്ലേക് പറഞ്ഞു. ഇന്ത്യ പാര്‍ലമെന്റ് അഴിമതിയിലും അതുപോലുള്ള കാര്യങ്ങളിലും കുടുങ്ങിക്കിടക്കുയാണെന്നത് രഹസ്യമല്ല. അതിനാല്‍, കുറച്ച് കാര്യങ്ങളേ ചെയ്തിട്ടുള്ളൂവെന്ന് സാമ്പത്തികനയം കൂടുതല്‍ ഉദാരമാക്കുന്നത് സംബന്ധിച്ച് ബ്ലേക് പറഞ്ഞു.

deshabhimani 280213

No comments:

Post a Comment