രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ സൂര്യനെല്ലിക്കേസിലെ പെണ്‍കുട്ടി പരാതി നല്‍കി. ചിങ്ങവനം പൊലീസ് സ്റ്റേഷനിലെത്തിയാണ് പരാതി നല്‍കിയത്. മാതാപിതാക്കളും അഭിഭാഷകനും പെണ്‍കുട്ടിക്കൊപ്പമുണ്ടായിരുന്നു.
1996 ഫിബ്രവരി 19 ന് കുമളി ഗസ്റ്റ് ഹൗസില്‍ വെച്ച് കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അക്രമം തടയാനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണ് പരാതി. കേസില്‍ നിലവില്‍ കുര്യനെതിരെ എഫ്ഐആര്‍ നിലവിലില്ലാത്തതിനാലാണ് പെണ്‍കുട്ടി പരാതി നല്‍കിയത്.
കേസിലെ പ്രതികളകായ 35 പേരെ വെറുതെ വിട്ടുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ വിധി സുപ്രീംകോടതി റദ്ദാക്കിയിരുന്നു. കുര്യന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നുവെന്ന് കേസിലെ മൂന്നാം പ്രതി ധര്‍മരാജന്‍ അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഫിബ്രവരി 19ാം തിയതി സന്ധ്യയ്ക്ക് ആറരയോടെ വണ്ടിപ്പെരിയാറില്‍ നിന്ന് തന്റെ അമ്പാസിഡര്‍ കാറിലാണ് കുര്യനെ കുമളി ഗസ്റ്റ്ഹൗസിലെത്തിച്ചതെന്നും ധര്‍മ്മരാജന്‍ പറഞ്ഞിരുന്നു.
സൂര്യനെല്ലി കുര്യനെതിരെ പെണ്‍കുട്ടി പരാതി നല്‍കി; കേസെടുക്കാനാവില്ലെന്ന് പൊലീസ്
കോട്ടയം: സൂര്യനെല്ലിക്കേസില്‍ മൂന്നാംപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യനെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. എന്നാല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ ഓര്‍ഡിനന്‍സ് 166 എ വകുപ്പ് പ്രകാരം നല്‍കിയ പരാതിയില്‍ കേസെടുക്കാനാകില്ലെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി സി രാജഗോപാല്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ പ്രഥമവിവരറിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷക കെ വി ഭദ്രകുമാരി അറിയിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ ഓര്‍ഡിനന്‍സ് പ്രകാരം ഇത്തരം സംഭവങ്ങളില്‍ കേസെടുക്കാന്‍ ഇരയുടെ മൊഴി മാത്രം മതിയെന്നാണ് ചട്ടം. ഇതു നടപ്പാക്കാനാവില്ലെന്നാണ് ജില്ലാ പൊലീസ് മേധാവി അറിയിച്ചത്. പെണ്‍കുട്ടി നിയമനടപടിയിലേക്കു പോകുമെന്നറിഞ്ഞതോടെ നിയമവശം പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ട് നാലോടെ പെണ്‍കുട്ടി നേരിട്ട് ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ ഹാജരായാണ് പരാതി നല്‍കിയത്. മാതാപിതാക്കളും ഹൈക്കോടതി അഭിഭാഷകയായ ഭദ്രകുമാരി, കോട്ടയം ബാറിലെ അഭിഭാഷക അഡ്വ. അനിലാ ജോര്‍ജ്, അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കോട്ടയം ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി രാജശേഖരന്‍ എന്നിവരും കൂടെയുണ്ടായിരുന്നു. 1996 ഫെബ്രുവരി 19ന് കുമളി റസ്റ്റ് ഹൗസില്‍ പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. കുര്യന്‍ നാലാം എതിര്‍കക്ഷിയാണ്. എസ്എസ് ധര്‍മരാജന്‍ ഒന്നാം എതിര്‍കക്ഷിയും ജമാല്‍ രണ്ടാം എതിര്‍കക്ഷിയും ഉണ്ണികൃഷ്ണന്‍ മൂന്നാം എതിര്‍കക്ഷിയും. പെണ്‍കുട്ടി സ്റ്റേഷനില്‍ എത്തുമ്പോള്‍ എസ്ഐ നിര്‍മല്‍ ബോസ് സ്ഥലത്തുണ്ടായിരുന്നില്ല. പരാതി സ്വീകരിച്ചെങ്കിലും എസ്ഐ എത്താതെ കേസ് രജിസ്റ്റര്‍ ചെയ്യാനാകില്ലെന്ന് എഎസ്ഐ പറഞ്ഞു. രണ്ടര മണിക്കൂര്‍ കാത്തുനിന്നിട്ടും എസ്ഐ എത്താത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയും സംഘവും മടങ്ങി. കുര്യന്‍ പീഡിപ്പിച്ചതായി 1996 മാര്‍ച്ചില്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയതായി പെണ്‍കുട്ടി പരാതിയില്‍ പറഞ്ഞു. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥര്‍ കുര്യനെ മനഃപൂര്‍വം കേസില്‍ പ്രതി ചേര്‍ത്തില്ല. ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നീതി കിട്ടണമെന്നതാണ് പെണ്‍കുട്ടിയുടെ ആവശ്യം.
deshabhimani
No comments:
Post a Comment