Saturday, February 23, 2013

വിദേശവാര്‍ത്തകള്‍ ‌ ഷാവേസ്, റഷ്യ, ക്യൂബ, ഉത്തര കൊറിയ, ഈജിപ്ത്..


ചരിത്രമായി റഷ്യന്‍ പ്രധാനമന്ത്രിയുടെ ക്യൂബ സന്ദര്‍ശനം

ഹവാന: സുപ്രധാനമായ കരാറുകളിലൂടെ റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിന്റെ ക്യൂബാ സന്ദര്‍ശനം ചരിത്രമായി. സോവിയറ്റ് യൂണിയന്റെ കാലത്ത് ക്യൂബ വാങ്ങിയ കടം ഭാഗികമായി എഴുതിത്തള്ളുന്നത് അടക്കമുള്ള കരാറുകളില്‍ ഇരുരാജ്യവും ഒപ്പിട്ടു. 65 കോടി ഡോളറോളം വിലമതിക്കുന്ന എട്ട് ജെറ്റ് വിമാനങ്ങള്‍ റഷ്യ ക്യൂബയ്ക്ക് പാട്ടത്തിനു നല്‍കും. സോവിയറ്റ് യൂണിയന്റെ കാലത്ത് ക്യൂബയ്ക്ക് നല്‍കിയ 3000 കോടി ഡോളര്‍ വായ്പയുടെ ഒരു ഭാഗമാണ് റഷ്യ എഴുതിത്തള്ളുന്നത്. ബാക്കി തിരിച്ചടയ്ക്കാന്‍ പത്തുവര്‍ഷത്തെ സാവകാശം നല്‍കി പ്രത്യേക പദ്ധതിക്കും പ്രാഥമിക കരാറുണ്ടാക്കി. അന്തിമ കരാര്‍ ഈവര്‍ഷം അവസാനം ഒപ്പിടുമെന്ന് റഷ്യന്‍ വാണിജ്യമന്ത്രി ഡെനിസ് മന്‍ടുറോവ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.

മൂന്ന് ഇല്യുഷിന്‍-96-400 ജെറ്റുകള്‍, മൂന്ന് എഎന്‍-158 വിമാനങ്ങള്‍, രണ്ട് ടിയു-204എസ്എം വിമാനങ്ങള്‍ എന്നിവയാണ് റഷ്യ പാട്ടത്തിനു നല്‍കുന്നത്. ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്ട്രോയുടെയും റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്വദേവിന്റെയും സാന്നിധ്യത്തിലാണ് കരാറുകള്‍ ഒപ്പിട്ടത്. ഔപചാരികതകള്‍ ഒന്നുമില്ലാതെ ഏറെനേരം സംസാരിക്കുകയും കുശലം പറയുകയും ചെയ്ത രാഷ്ട്രനേതാക്കള്‍ ഇരുരാജ്യവും തമ്മിലുള്ള സൗഹൃദത്തിന്റെ ആഴം വെളിവാക്കി. റഷ്യന്‍ മാധ്യമപ്രവര്‍ത്തകരെ റഷ്യന്‍ ഭാഷയിലാണ് റൗള്‍ അഭിവാദ്യം ചെയ്തത്. ശീതയുദ്ധകാലം മുതല്‍ ഉറ്റ സുഹൃത്തുക്കളായ റഷ്യയും ക്യൂബയും തമ്മില്‍ കഴിഞ്ഞവര്‍ഷത്തെ വ്യാപാരം 20 കോടി ഡോളറിന്റേതാണ്.

ശ്വാസതടസ്സം: ഷാവേസിന് ചികിത്സ തുടരുന്നു

കാരക്കാസ്: ശസ്ത്രക്രിയക്കുശേഷം ക്യൂബയില്‍നിന്ന് മടങ്ങിയെത്തിയ പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന് ഇപ്പോഴും ശ്വാസതടസ്സം അനുഭവപ്പെടുന്നുണ്ടെന്ന് വെനസ്വേലന്‍ സര്‍ക്കാര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ച വെനസ്വേലയിലേക്ക് മടങ്ങിയെത്തിയശേഷം ഷാവേസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഇതാദ്യമാണ്. കാരക്കാസിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലാണ് ഷാവേസ്. ഹവാനയില്‍ ശസ്ത്രക്രിയക്കുശേഷമാണ് ഷാവേസിന് ശ്വാസതടസ്സം ആരംഭിച്ചത്. തൊണ്ടവഴി ശ്വാസനാളത്തിലേക്ക് ഇറക്കിയ പ്രത്യേക ട്യൂബുവഴിയാണ് ഇപ്പോള്‍ ശ്വസനം. അതിനാല്‍ സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്. ശ്വാസതടസ്സം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഇതുവരെ വിജയിച്ചിട്ടില്ലെന്ന് വാര്‍ത്താപ്രക്ഷേപണമന്ത്രി ഏണസ്റ്റോ വില്ലേഗാസ് ടെലിവിഷനില്‍ വായിച്ച പ്രസ്താവനയില്‍ പറഞ്ഞു. അടുത്തബന്ധുക്കളോടും സര്‍ക്കാരിലെ മുതിര്‍ന്നവരോടും ഷാവേസ് ആശയവിനിമയം നടത്തുന്നുണ്ട്. ജീവിക്കാനുള്ള അതിയായ ആഗ്രഹത്തോടെ പൊരുതുന്ന ഷാവേസ് തികഞ്ഞ അച്ചടക്കത്തോടെ ചികിത്സ തുടരുകയാണ്- പ്രസ്താവനയില്‍ പറഞ്ഞു.

ഉത്തര കൊറിയയില്‍ സൈനിക ഇടപെടല്‍ അരുത്: റഷ്യ, ചൈന

മോസ്കോ: ആണവപരീക്ഷണത്തിന്റെ പേരില്‍ ഉത്തരകൊറിയയില്‍ സൈനികമായി ഇടപെടാനുള്ള അമേരിക്കന്‍ ചേരിയുടെ നീക്കത്തെ എതിര്‍ത്ത് റഷ്യയും ചൈനയും രംഗത്തെത്തി. മോസ്കോയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കുശേഷം ഇരുരാജ്യങ്ങളുടെയും വിദേശമന്ത്രിമാരാണ് നിലപാട് വ്യക്തമാക്കിയത്. ഉത്തരകൊറിയ ആണവപരീക്ഷണം നടത്തിയതിനോട് യോജിക്കുന്നില്ലെന്നും എന്നാല്‍ ഇതിന്റെ പേരില്‍ ഏകപക്ഷീ വിദേശ ഇടപെടല്‍ പാടില്ലെന്നും ചൈനീസ് വിദേശമന്ത്രി യാങ് ജീചി പറഞ്ഞു.

ഐക്യരാഷ്ട്ര രക്ഷാസമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. കൊറിയന്‍ ഉപദ്വീപില്‍ സമാധാനം ഉറപ്പാക്കുന്നതാകണം യുഎന്‍ നടപടി. സൈനിക ഇടപെടലിന് ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കപ്പെടുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചൈനയും റഷ്യയും തീരുമാനിച്ചെന്ന് റഷ്യന്‍ വിദേശമന്ത്രി സെര്‍ജി ലവ്റോവ് പറഞ്ഞു. കഴിഞ്ഞയാഴ്ച ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണമാണ് അമേരിക്കന്‍ ചേരിയെ ചൊടിപ്പിച്ചത്. 2006നുശേഷം ഉത്തരകൊറിയയുടെ മൂന്നാമത്തെ ആണവപരീക്ഷണമായിരുന്നു ഇത്. എന്നാല്‍, അമേരിക്കയുടെ സമ്മര്‍ദത്തിനു വഴങ്ങി ആണവപദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ച രാജ്യങ്ങള്‍ ദുരന്തപ്രത്യാഘാതമാണ് ക്ഷണിച്ചുവരുത്തിയതെന്ന് ഉത്തരകൊറിയ ചൂണ്ടിക്കാട്ടുന്നു. റഷ്യക്കും ചൈനയ്ക്കും ഉത്തരകൊറിയയില്‍ സൈനിക ഇടപെടലിനുള്ള അമേരിക്കന്‍ചേരിയുടെ നീക്കം വീറ്റോചെയ്ത് പരാജയപ്പെടുത്താനാകും.

ഈജിപ്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏപ്രിലില്‍

കെയ്റോ: അറബ്വസന്തത്തിനുശേഷവും ജനാധിപത്യത്തിനായി പ്രക്ഷോഭം തുടരുന്ന ഈജിപ്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഏപ്രിലില്‍ ആരംഭിക്കാന്‍ തീരുമാനിച്ചു. നാലു ഘട്ടങ്ങളിലായുള്ള വോട്ടെടുപ്പ് ഏപ്രില്‍ 27ന് ആരംഭിച്ച് ജൂണില്‍ അവസാനിക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഉത്തരവില്‍ പറയുന്നു. പുതിയ പാര്‍ലമെന്റിന്റെ ആദ്യ സമ്മേളനം ജൂലൈ ആറിന് നടത്തുമെന്നാണ് പ്രഖ്യാപനം. 2011ല്‍ ഹുസ്നി മുബാറക്കിനെ അധികാരഭ്രഷ്ടനാക്കിയ ജനകീയ പ്രക്ഷോഭത്തിനുശേഷം ജനാധിപത്യം സ്ഥാപിക്കാന്‍ മുസ്ലിംബ്രദര്‍ഹുഡിന്റെ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് ജനങ്ങള്‍ തെരുവിലിറങ്ങിയതോടെ ഈജിപ്ത് സംഘര്‍ഷഭരിതമാണ്. രാജ്യത്ത് ഇസ്ലാമികഭരണം നടപ്പാക്കാന്‍ മുര്‍സി ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഈ സാഹചര്യത്തില്‍ പ്രക്ഷോഭകരെ അനുനയിപ്പിക്കാനാണ് തെരഞ്ഞെടുപ്പുതീയതി പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമം വിമര്‍ശിക്കപ്പെട്ടിരുന്നു.

deshabhimani 230212

No comments:

Post a Comment