സിപിഐ എം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ജാഥകളില്‍ ആദ്യജാഥയായ തെക്കന്‍ മേഖലാ ജാഥക്ക് കന്യാകുമാരിയില്‍ തുടക്കമായി. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജാഥാ ലീഡര്‍ പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ളക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. കന്യാകുമാരി ജില്ലയിലെയും സമീപജില്ലകളിലെയും പാര്‍ടിപ്രവര്‍ത്തകര്‍ ഫ്ളാഗ് ഓഫ് ചടങ്ങിനെത്തി. ജാഥാംഗങ്ങളായ കെ വരദരാജന്‍, എം എ ബേബി, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം വി ശ്രീനിവാസ് റാവു, കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദരരാമന്‍ എന്നിവര്‍ ജാഥയെ നയിച്ചു. ആദ്യസ്വീകരണകേന്ദ്രമായ നാഗര്‍കോവിലില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പൊതുയോഗത്തില്‍ കാരാട്ട് സംസാരിച്ചു.
കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്ന ജനവിരുദ്ധനയങ്ങള്‍ക്കെതിരായ പോരാട്ടമാണ് ജാഥയുടെ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരായ ബദല്‍നയം ഉയര്‍ത്തിക്കൊണ്ടുവരികയാണ് ജാഥയുടെ പ്രാധാന്യം. ബിജെപിയും കോണ്‍ഗ്രസും അനുവര്‍ത്തിക്കുന്നത് ഒരേ നയങ്ങള്‍ തന്നെയാണ്. രണ്ടു കക്ഷികളും പിന്തുടരുന്ന നയം രാജ്യത്തെ സാധാരണക്കാര്‍ക്കെതിരാണ്. ദരിദ്രര്‍ക്കും പണിയെടുക്കുന്ന മുഴുവന്‍ ജനങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ സിപിഐ എമ്മിനും ഇടതു പാര്‍ട്ടികള്‍ക്കും മാത്രമേ കഴിയൂ. കേന്ദ്രസര്‍ക്കാര്‍ ഓരോ ദിവസവും കൂടുതല്‍ കൂടുതല്‍ ജനവിരുദ്ധനയങ്ങള്‍ ഏര്‍പ്പെടുത്തുന്നു. പെട്രോള്‍ ഡീസല്‍ വിലകള്‍ ദിവസവും കൂട്ടുന്നു. അതിന്റെ ഫലമായി നിത്യോപയോഗസാധനവിലകള്‍ സഹിക്കാനാകാത്ത വിധം വര്‍ധിക്കുന്നു.
വാള്‍മാര്‍ട്ട് പോലുള്ള വന്‍കിട കുത്തക കമ്പനികള്‍ക്ക് ഇന്ത്യയുടെ ചെറുകിട വില്‍പ്പന മേഖല തുറന്നു കൊടുക്കുക വഴി ചെറുകിടകച്ചവടക്കാരുടെ ജീവിതമാര്‍ഗ്ഗം മുട്ടിച്ചു. ദരിദ്രനെ കൂടുതല്‍ ദരിദ്രനാക്കുന്നു. ധനികര്‍ക്ക് എല്ലാ ആനുകൂല്യവും നല്‍കുന്നു. കടുത്ത അഴിമതിയാണ് നടക്കുന്നത്. സുപ്രീം കോടതി മേല്‍നോട്ടത്തിലുള്ള അന്വേഷണമാണ് ഹെലികോപ്റ്റര്‍ അഴിമതി കേസില്‍ ആവശ്യം. ബിജെപിക്ക് ജനങ്ങള്‍ക്കു വേണ്ടി ഭരിക്കാന്‍ കഴിയില്ലെന്ന് അടുത്ത പ്രദേശമായ കര്‍ണാടകത്തിലെ അനുഭവം നമുക്ക് കാട്ടിത്തരുന്നു. രാജ്യത്തെ ദരിദ്രര്‍ക്കും ദളിതര്‍ക്കും സാധാരണക്കാര്‍ക്കും വേണ്ടിയാണ് സിപിഐ എം ഈ മഹാപ്രസ്ഥാനത്തിന് തുടക്കം കുറിക്കുന്നത്. മുഴുവന്‍ പേരും ഈ പ്രക്ഷോഭത്തില്‍ പങ്കാളികളാവണമെന്നും കാരാട്ട് അഭ്യര്‍ഥിച്ചു. ജാഥാലീഡര്‍ എസ്ആര്‍പിയും ജാഥാംഗം സുധാ സുന്ദരരാമനും സംസാരിച്ചു.
തിങ്കളാഴ്ച പകല്‍ 11ന് കേരള തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. പകല്‍ മൂന്നിന് ആറ്റിങ്ങലില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലി ആറ്റിങ്ങല്‍ മാമം മൈതാനത്ത് നടക്കും. തുടര്‍ന്ന് വൈകിട്ട് കൊല്ലത്ത് തിങ്കളാഴ്ചത്തെ പര്യടനം സമാപിക്കും. തിരുവനന്തപുരം, കൊല്ലം എന്നിവ കൂടാതെ ആറു ജില്ലകളില്‍ ജാഥ പ്രയാണം നടത്തും.
26ന് ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും സ്വീകരണം ഏറ്റുവാങ്ങുന്ന ജാഥ 27ന് തൃശൂരിലെയും മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പാലക്കാട്ടെയും സ്വീകരണത്തിനുശേഷം വീണ്ടും വാളയാര്‍ അതിര്‍ത്തിവഴി തമിഴ്നാട്ടിലേക്ക് കടക്കും. 27ന് വൈകിട്ട് ഏഴിന് കോയമ്പത്തൂരിലാണ് സ്വീകരണം. ഇരുപത്തെട്ടിന് തിരുപ്പൂരും ഈറോഡും സേലവും പിന്നിട്ട് മാര്‍ച്ച് ഒന്നിന് ധര്‍മപുരിയിലെത്തും. ഹൊസൂരിലെ സ്വീകരണത്തോടെ തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാകും. മാര്‍ച്ച് ഒന്നിന് രാത്രി ബംഗളൂരുവില്‍. പിറ്റേന്ന് ദൊഡ്ഡബല്ലാപുര, ഗുഡിബന്ദ, ബാഗേപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആന്ധ്രപ്രദേശിലെ പെനുഗൊണ്ടയില്‍ രാത്രി തങ്ങും. മാര്‍ച്ച് മൂന്നിന് വീണ്ടും കര്‍ണാടകയിലെ പാവഗഡ, ചില്ലക്കേരെ, ബെല്ലാരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആന്ധ്രപ്രദേശിലെ ഗുണ്ടക്കലില്‍ വിശ്രമിക്കും.
മാര്‍ച്ച് 4, 5, 6, 7 തീയതികളില്‍ ആന്ധ്രപ്രദേശില്‍ പര്യടനം നടത്തിയശേഷം മഹാരാഷ്ട്രയില്‍ പ്രവേശിക്കും. തുടര്‍ന്ന് 10 വരെ സംസ്ഥാനത്ത് പര്യടനം നടത്തും. മാര്‍ച്ച് 11, 12 തീയതികളില്‍ മധ്യപ്രദേശില്‍ തുടരുന്ന ജാഥ വൈകിട്ട് നാലിന് ഭോപാലിലെത്തി മുംബൈ ജാഥയുമായി സംഗമിക്കും. കൊല്‍ക്കത്തയില്‍നിന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന ജാഥ മാര്‍ച്ച് ഒന്നിനാരംഭിക്കും. കൊല്‍ക്കത്ത ജാഥയില്‍ സംഗമിക്കുന്ന ഗുവാഹത്തി ഉപജാഥ പിബി അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ അസമിലെ ഗുവാഹതിയില്‍ ശനിയാഴ്ച രാവിലെ ഉദ്ഘാടനംചെയ്തു. ജാഥ ബാര്‍പേട ജില്ലയില്‍ എത്തി. ഒഡിഷയിലെ പര്‍ലമാതുണ്ടിയില്‍നിന്ന് ഞായറാഴ്ച പ്രയാണം തുടരും. സീതാറാം യെച്ചൂരി നയിക്കുന്ന മുംബൈ ജാഥ മാര്‍ച്ച് എട്ടിനും വൃന്ദ കാരാട്ട് നയിക്കുന്ന അമൃത്സര്‍ ജാഥ മാര്‍ച്ച് നാലിനും തുടങ്ങും.
deshabhimani
No comments:
Post a Comment