Saturday, February 23, 2013

ബധിരകര്‍ണങ്ങള്‍ തുറപ്പിച്ച പണിമുടക്ക്


തൊഴിലാളികളുടെയും ജനങ്ങളുടെയും സമരവീര്യം വര്‍ധിപ്പിച്ചതാണ് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ആദ്യത്തെ ദ്വിദിന പൊതുപണിമുടക്കിന്റെ ഏറ്റവും വലിയ നേട്ടം. രാജ്യത്തെ സാമ്പത്തികോല്‍പ്പാദനമേഖലയെ സ്തംഭിപ്പിച്ച പണിമുടക്ക് 1991ല്‍ നവഉദാരനയങ്ങളുടെ വാഴ്ച തുടങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ജനകീയ ചെറുത്തുനില്‍പ്പാണ്. എല്ലാ ദേശീയ ട്രേഡ് യൂണിയനുകളും ഒറ്റക്കെട്ടായി അണിനിരന്ന പൊതുപണിമുടക്ക് രാജ്യത്തിന്റെ എല്ലാ മേഖലയെയും ബാധിച്ചെന്നതാണ് സവിശേഷമായ കാര്യം. പൊതുവെ പണിമുടക്കുകളോട് അകല്‍ച്ച പാലിക്കുന്ന ഉത്തരേന്ത്യയില്‍ ഇക്കുറി വന്‍ ആവേശത്തോടെയാണ് തൊഴിലാളികള്‍ പൊതുപണിമുടക്കില്‍ പങ്കെടുത്തത്. ദേശീയ തലസ്ഥാനമായ ഡല്‍ഹിയെ സ്പര്‍ശിക്കാതെ കടന്നുപോകുന്ന പണിമുടക്കുകള്‍ക്കുപകരം ഇക്കുറി ഡല്‍ഹിയിലെ ജനജീവിതം സ്തംഭിപ്പിച്ച പണിമുടക്കാണ് നടന്നത്. ഗതാഗത, വ്യവസായ, സേവന മേഖലകളെയും പണിമുടക്ക് ബാധിച്ചു. പൊതു- സ്വകാര്യ മേഖലകളിലെ സംഘടിതരും അസംഘടിതരുമായ തൊഴിലാളികളും ജീവനക്കാരും പണിമുടക്കി. ബാങ്ക്, ഇന്‍ഷുറന്‍സ്, പെട്രോളിയം, റോഡുഗതാഗതം, പ്രതിരോധ ഉല്‍പ്പാദനം, പോസ്റ്റല്‍, ടെലികോം, തുറമുഖം, കല്‍ക്കരി, ഊര്‍ജോല്‍പ്പാദനം തുടങ്ങി സുപ്രധാന മേഖലകളെയെല്ലാം സ്തംഭിപ്പിക്കാന്‍ പണിമുടക്കിനായി. കേന്ദ്ര ക്ഷേമപദ്ധതികളിലെ തൊഴിലാളികള്‍ ഒന്നടങ്കം പണിമുടക്കില്‍ പങ്കെടുത്തു.

അസംഘടിതമേഖലയിലെ തൊഴിലാളികള്‍ക്കെതിരായ ചൂഷണം പ്രധാന ചര്‍ച്ചാവിഷയമാക്കി പണിമുടക്ക് ഉയര്‍ത്തിക്കൊണ്ടുവന്നു. ആദ്യഘട്ടത്തില്‍ പൊതുപണിമുടക്കിനെ അവഗണിക്കുന്ന രീതിയിലായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികരണം. എന്നാല്‍, ദിവസം അടുത്തുവരുംതോറും പൊതുപണിമുടക്കിനുപിന്നില്‍ അണിനിരന്ന സമസ്ത മേഖലയിലെയും ജനങ്ങളുടെ സംഘശക്തി ബോധ്യപ്പെട്ട യുപിഎ സര്‍ക്കാര്‍, പണിമുടക്ക് ഒഴിവാക്കാനുള്ള ശ്രമം തുടങ്ങി. 1991നുശേഷം ഇന്ത്യന്‍ തൊഴിലാളിവര്‍ഗം 15 പൊതുപണിമുടക്ക് നടത്തിയെങ്കിലും ആ ഘട്ടങ്ങളിലൊന്നും പണിമുടക്ക് ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ നടത്തിയിരുന്നില്ല. ആദ്യമായാണ് പണിമുടക്ക് ഒഴിവാക്കാന്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്. കേന്ദ്ര മന്ത്രിസഭാസമിതിയും കേന്ദ്ര തൊഴില്‍മന്ത്രിയും രണ്ടുഘട്ടങ്ങളിലായി ചര്‍ച്ച നടത്തി. എന്നാല്‍, ആഗോള കുത്തകകള്‍ അടക്കമുള്ള കോര്‍പറേറ്റ് ശക്തികളുടെ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സര്‍ക്കാര്‍, തൊഴിലാളികളുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍, തൊഴിലാളികളുടെ ശബ്ദത്തിന് ചെവികൊടുക്കാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന വ്യക്തമായ സന്ദേശമാണ് പൊതുപണിമുടക്ക് സര്‍ക്കാരിന് നല്‍കിയത്.


സിപിഐ എം പ്രവര്‍ത്തകനെ തൃണമൂലുകാര്‍ അടിച്ചുകൊന്നു

കൊല്‍ക്കത്ത: ദക്ഷിണ 24 പര്‍ഗാനാസ് ജില്ലയില്‍ സിപിഐ എം പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമികള്‍ അടിച്ചുകൊന്നു. റായ്ദിഗ പ്രദേശത്തെ സിപിഐ എം പ്രവര്‍ത്തകനായ ഗോപാല്‍ മക്കല്‍ (55) ആണ് കൊല്ലപെട്ടത്. പാടത്ത് പണിയെടുക്കുമ്പോള്‍ വടിയും മറ്റ് ആയുധങ്ങളുമായി എത്തിയാണ് മര്‍ദിച്ചത്. ഗുരുതരമായി പരിക്കേറ്റ മക്കലിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമത്തില്‍ ജില്ലാ സെക്രട്ടറി ഡോ. സുജന്‍ ചക്രവര്‍ത്തി പ്രതിഷേധിച്ചു. സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കി പാര്‍ടിയെ തകര്‍ക്കാനുള്ള നീക്കം ശക്തമായി നേരിടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

അതേസമയം, ദ്വിദിന ദേശീയപണിമുടക്കില്‍ പങ്കെടുത്ത തൊഴിലാളികള്‍ക്കുനേരെ തൃണമൂല്‍ അക്രമം തുടരുകയാണ്. വെള്ളിയാഴ്ച ഗുണ്ടാസംഘം ക്രൂരമായി മര്‍ദിച്ച തൊഴിലാളിയുടെ കാഴ്ച പോയി. നേരത്തെ പണിമുടക്കില്‍ പങ്കെടുത്തതിന് തൃണമൂല്‍ ഗുണ്ടകള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ചെവി അറുത്തിരുന്നു. ദക്ഷിണ 24 പര്‍ഗാനാസിലെ കുല്‍പ്പിയില്‍ ഇഷ്ടികത്തൊഴിലാളിയും യൂണിയന്‍ നേതാവുമായ ഗോപാല്‍ മാജി പണിമുടക്കി സിപിഐ എം പ്രകടനത്തില്‍ പങ്കെടുത്തതിനാണ് ആക്രമിച്ചത്. ഇയാളുടെ ഇടതുകണ്ണിന്റെ കാഴ്ച പൂര്‍ണമായി നഷ്ടപ്പെട്ടു. കുല്‍പ്പി മേഖലയിലെ ഭൂരിപക്ഷം തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുത്തതില്‍ രോഷാകുലരായ തൃണമൂലുകാര്‍ ഇഷ്ടികക്കളങ്ങള്‍ തുറക്കാന്‍ അനുവദിച്ചില്ല.
(ഗോപി)


deshabhimani 240213

No comments:

Post a Comment