Wednesday, February 27, 2013

വിശക്കുന്നവന് ആഹാരം നല്‍കാന്‍ കഴിയാത്ത സ്വാതന്ത്ര്യം: എസ് ആര്‍ പി


വിശക്കുന്നവന് ആഹാരം നല്‍കാന്‍ കഴിയാത്ത സ്വാതന്ത്ര്യമാണ് 66 വര്‍ഷത്തിനുശേഷവും നാം ആഘോഷിക്കുന്നതെന്ന് സിപിഐ എം സമരസന്ദേശ ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു. ഇന്ത്യ പിന്തുടരുന്ന ആഗോളീകരണ നയങ്ങള്‍ രാജ്യത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ജാഥയ്ക്ക് ആലപ്പുഴ ഇ എം എസ് സ്റ്റേഡിയത്തിലും കോട്ടയം പോപ്പ് മൈതാനത്തും നല്‍കിയ സ്വീകരണത്തിന് നന്ദിപറഞ്ഞ് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തെ വിശപ്പ് അനുഭവിക്കുന്ന 79 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 65-ാമതാണ്. കുട്ടികളുടെ പോഷകാഹാരക്കുറവിന്റെ കാര്യത്തില്‍ ലോകരാജ്യങ്ങളുടെ പട്ടികയില്‍ പിന്നില്‍നിന്ന് രണ്ടാമതാണ്. ജനിച്ചുവീഴുന്ന കുട്ടികളില്‍ 28 ശതമാനം പോഷകാഹാരക്കുറവുകൊണ്ടും മതിയായ ചികിത്സ കിട്ടാതെയും മരിക്കുന്നു. യുപിഎ സര്‍ക്കാരിന്റെ കാലത്ത് അഴിമതിയിലൂടെ വെട്ടിച്ച കോടികള്‍ കണ്ടുകെട്ടി വികസനപ്രവര്‍ത്തനത്തിന് ഉപയോഗിക്കണം. പ്രതിരോധ അഴിമതി വെറും അഴിമതി മാത്രമല്ല, ദേശരക്ഷയുടെകൂടി പ്രശ്നമാണ്. ഹെലികോപ്റ്റര്‍ അഴിമതി പ്രതിരോധമേഖലയില്‍ പതിറ്റാണ്ടുകളായി തുടരുന്ന അഴിമതിയില്‍ ഏറ്റവും ഒടുവിലത്തേതാണ്. സാമ്പത്തിക പരിഷ്കാരം തുടങ്ങി 19 വര്‍ഷം കഴിയുമ്പോള്‍ രാജ്യത്തെ ഭൂരഹിതരുടെ എണ്ണം 19 ശതമാനം വര്‍ധിച്ചു. ഇന്ന് ഗ്രാമീണ ഇന്ത്യയിലെ 41 ശതമാനം കുടുംബങ്ങള്‍ക്കും സ്വന്തമായ ഭൂമിയില്ല. ഒമ്പതരക്കോടി ജനങ്ങള്‍ ചേരിയിലാണ് താമസിക്കുന്നത്.

സാമ്പത്തിക പരിഷ്കരണം തൊഴിലില്ലായ്മയും വര്‍ധിപ്പിച്ചു. ഇന്ന് കേന്ദ്രസര്‍ക്കാര്‍ തസ്തികകളില്‍മാത്രം 14 ലക്ഷം ഒഴിവാണ് ഒഴിഞ്ഞുകിടക്കുന്നത്. ജനങ്ങള്‍ക്കും പാര്‍ലമെന്റിനും രാജ്യത്തിന്റെ നയരൂപീകരണത്തില്‍ ഇന്ന് ഒരു പങ്കുമില്ല. ഇന്തോ-യുഎസ് ചീഫ് എക്സിക്യൂട്ടീവ് ഫോറം, ഇന്തോ- യുഎസ് നോളജ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയാണ് രാജ്യത്തിന്റെ സാമ്പത്തിക, കാര്‍ഷിക, ഭക്ഷ്യനയങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ കൂടുതല്‍ സ്വാധീനം ചെലുത്തുന്നത്. ഇന്ത്യക്ക് ഒരു ബദല്‍ രാഷ്ട്രീയത്തിന്റെ ആവശ്യകതയിലേക്കാണ് ഇവ വിരല്‍ ചൂണ്ടുന്നത്. ജനങ്ങളെ അണിനിരത്തുക മാത്രമാണ് ഇതിനുള്ള പോംവഴി. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിതവും അല്ലാത്തവുമായ പ്രക്ഷോഭങ്ങളെ വഴിതിരിച്ചുവിടാന്‍ ശ്രമം നടക്കുന്നുണ്ട്. ജനവിരുദ്ധ നയങ്ങളുടെ ഏജന്‍ുമാരാണ് ഇതിനുപിന്നില്‍. പ്രതിഷേധങ്ങളെ ശരിയായ ദിശയിലേക്ക് തിരിച്ചു വിടാന്‍ കഴിയണം. ജനങ്ങളെ ഭിന്നിപ്പിക്കാനും അവരെ ലക്ഷ്യബോധം ഇല്ലാത്തവരാക്കാനുമുള്ള ശ്രമങ്ങളെ ചെറുക്കണം. അതിന് ഇടതുപക്ഷത്തിനെ കഴിയൂവെന്നും എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.

deshabhimani 270213

No comments:

Post a Comment