Tuesday, February 26, 2013

കുര്യന്‍വിഷയത്തില്‍ പാര്‍ലമെന്റില്‍ പ്രതിഷേധം തുടരും: ഇടതുപക്ഷം


സൂര്യനെല്ലി കേസില്‍ ആരോപണവിധേയനായ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന് എല്ലാ പിന്തുണയും നല്‍കാന്‍ കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തീരുമാനിച്ചതോടെ രാജ്യസഭ വരുംദിവസങ്ങളില്‍ പ്രക്ഷുബ്ധമാകുമെന്ന് തീര്‍ച്ചയായി. കുര്യന്‍ അധ്യക്ഷനായി എത്തിയാല്‍ നടപടികളോട് സഹകരിക്കില്ലെന്ന് ഇടതുപക്ഷ പാര്‍ടികള്‍ വ്യക്തമാക്കി. എന്നാല്‍, കുര്യനോട് സഹകരിക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് സഭ ബഹിഷ്കരിക്കാമെന്ന ധിക്കാരപരമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. കുര്യന്‍ ഉപാധ്യക്ഷപദവി ഒഴിയണമെന്ന് ഒഴുക്കന്‍മട്ടില്‍ ആവശ്യപ്പെട്ടുവെന്നല്ലാതെ സഭയില്‍ ആര്‍ജവത്തോടെയുള്ള നിലപാടിന് ബിജെപി ഇനിയും തയ്യാറായിട്ടില്ല. ജെഡിയു, എസ്പി കക്ഷികള്‍ പരസ്യമായിത്തന്നെ കുര്യനെ പിന്താങ്ങുകയും ചെയ്തു. ചൊവ്വാഴ്ച രാജ്യസഭയുടെ കാര്യപരിപാടികളില്‍ തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്കെതിരായ ലൈംഗികചൂഷണം തടയുന്നതിനുള്ള ബില്‍ പരിഗണനയിലുണ്ട്. സാധാരണഗതിയില്‍ കുര്യന്റെ അധ്യക്ഷതയിലാണ് ബില്‍ ചര്‍ച്ചചെയ്യേണ്ടത്. സ്ത്രീപീഡന കേസില്‍ ആരോപണവിധേയനായ ഒരാളുടെ അധ്യക്ഷതയില്‍ ബില്‍ ചര്‍ച്ചയ്ക്കെടുക്കുമ്പോള്‍ അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും.

രണ്ടാംദിവസമായ വെള്ളിയാഴ്ച വൈകിട്ട് നാലിനുശേഷം കുര്യന്‍ സഭ നിയന്ത്രിക്കാനെത്തിയിരുന്നു. ഇടതുപക്ഷ അംഗങ്ങളാരും ഇല്ലെന്ന് ഉറപ്പാക്കിയശേഷമാണ് കുര്യന്‍ എത്തിയത്. കുര്യനെ അധ്യക്ഷപദവിയില്‍ ഇരുത്തില്ലെന്ന് സഭാധ്യക്ഷന്‍കൂടിയായ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഇടതുപക്ഷ പാര്‍ടി അംഗങ്ങള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. നാലുവരെ നടപടികള്‍ നിയന്ത്രിച്ചതും സഭാധ്യക്ഷന്‍തന്നെയാണ്. പിന്നീട് അപ്രതീക്ഷിതമായി കുര്യന്‍ എത്തുകയായിരുന്നു. പ്രതിപക്ഷനേതാവ് അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ളവര്‍ ഈ സമയം സഭയില്‍ ഉണ്ടായിരുന്നെങ്കിലും ആരും പ്രതിഷേധിച്ചില്ല. ഹൈദരാബാദ് സ്ഫോടനത്തെക്കുറിച്ചുള്ള ചര്‍ച്ചയായതുകൊണ്ടാണ് പ്രതികരിക്കാതിരുന്നതെന്നാണ് ചില അംഗങ്ങളുടെ വിശദീകരണം. കുര്യനെ എതിര്‍ക്കുന്നവര്‍ വേണമെങ്കില്‍ സഭ ബഹിഷ്കരിക്കട്ടെയെന്ന കമല്‍നാഥിന്റെ പ്രസ്താവനയ്ക്കെതിരെ ചൊവ്വാഴ്ച സഭയില്‍ പ്രതിഷേധിക്കുമെന്ന് ഇടതുപക്ഷ പാര്‍ടി അംഗങ്ങള്‍ പറഞ്ഞു. പാര്‍ലമെന്ററികാര്യമന്ത്രിയുടെ പ്രസ്താവന പാര്‍ലമെന്ററിമര്യാദകളുടെ ലംഘനമാണെന്ന് അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. കുര്യനെ നീക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും അംഗങ്ങള്‍ അറിയിച്ചു. കുര്യന്‍വിഷയത്തില്‍ ബിജെപി ഇരട്ടത്താപ്പ് തുടരുകയാണ്. അരുണ്‍ ജെയ്റ്റ്ലി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കള്‍ കുര്യനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കേരളത്തിലെ ഒരു വിഭാഗം നേതാക്കളുടെ സമ്മര്‍ദത്താല്‍മാത്രം കുര്യന്‍ ഒഴിയണമെന്ന ആവശ്യം ബിജെപി മുന്നോട്ടുവച്ചിരുന്നെങ്കിലും പാര്‍ലമെന്റില്‍ ഇക്കാര്യം അവര്‍ പരാമര്‍ശിക്കുന്നേയില്ല.

deshabhimani 260213

No comments:

Post a Comment