Friday, February 22, 2013

പദ്ധതിനിര്‍വഹണം താളംതെറ്റി പഞ്ചായത്തുകള്‍ വിനിയോഗിച്ചത് ഫണ്ടിന്റെ 25 ശതമാനം മാത്രം


തൃശൂര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിനിര്‍വഹണം താളം തെറ്റി. പദ്ധതി രൂപീകരിക്കുന്നതിലുണ്ടായ കാലതാമസമാണ് ത്രിതലപഞ്ചായത്തുകള്‍ വഴി നടപ്പാക്കുന്ന വികസനപദ്ധതികള്‍ അട്ടിമറിച്ചത്. ഇതുവരെയായി പദ്ധതിവിഹിതത്തിന്റെ 25.43 ശതമാനം മാത്രമാണ് ജില്ലയിലെ പഞ്ചായത്തുകള്‍ വിനിയോഗിച്ചത്. സാമ്പത്തികവര്‍ഷം പൂര്‍ത്തിയാക്കാന്‍ ഒരു മാസം മാത്രമുള്ളപ്പോഴാണിത്. പദ്ധതിരൂപീകരണം സംബന്ധിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവുകളിലെ പാകപ്പിഴകളാണ് പഞ്ചായത്തുകളെ വെട്ടിലാക്കിയത്.

അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ തയ്യാറാക്കാനായിരുന്നു ആദ്യം വന്ന ഉത്തരവ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വാര്‍ഷിക പദ്ധതികളായിരുന്നു. അഞ്ചുവര്‍ഷ പദ്ധതികള്‍ തയ്യാറാക്കാന്‍ സാധാരണയില്‍ കൂടുതല്‍ സമയം ആവശ്യമായിവന്നു. അഞ്ചുവര്‍ഷ പദ്ധതികള്‍ അവസാനഘട്ടത്തിലെത്തിയപ്പോഴാണ് വാര്‍ഷിക പദ്ധതികള്‍തന്നെ മതിയെന്ന ഉത്തരവെത്തിയത്. ഇതോടെ എടുത്ത പണി അപ്പാടെ ആവത്തിക്കേണ്ട സ്ഥിതിയായി. വാര്‍ഷിക പദ്ധതികള്‍ തയ്യാറാക്കി ജില്ലാ ആസൂത്രണസമിതി അംഗീകാരം ലഭിച്ചുവന്നപ്പോഴേക്കും സാമ്പത്തികവര്‍ഷത്തിന്റെ മുക്കാലും പിന്നിട്ടു. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകള്‍ വികസനത്തില്‍ ശ്രദ്ധിക്കാതെ ചേരിപ്പോരിലേക്ക് മൂക്കുകുത്തിയത് സ്ഥിതി വഷളാക്കി.

ഈ സാമ്പത്തികവര്‍ഷം പഞ്ചായത്തുകള്‍ക്ക് പദ്ധതിനിര്‍വഹണത്തിന് 186.94 കോടി രൂപയാണ് അനുവദിച്ചതെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇതില്‍ 47.54 കോടി രൂപ മാത്രമേ ചെലവഴിക്കാനായിട്ടുള്ളൂ. പട്ടികജാതി-വര്‍ഗ വിഭാഗങ്ങളുടെ പദ്ധതിനിര്‍വഹണത്തിലും തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ പിന്നോക്കം പോയി. പട്ടികജാതിവിഭാഗത്തിന്റെ പദ്ധതിനിര്‍വഹണത്തില്‍ 24.68 ശതമാനവും പട്ടികവര്‍ഗവിഭാഗങ്ങളുടെ പദ്ധതിനിര്‍വഹണത്തില്‍ 28.1 ശതമാനവും തുകയാണ് ഇതുവരെ ചെലവഴിച്ചത്. ജില്ലയില്‍ 88 പഞ്ചായത്തുകളാണുള്ളത്. ഇതില്‍ പദ്ധതിവിഹിതത്തിന്റെ 50 ശതമാനത്തിനു മുകളില്‍ തുക ചെലവഴിച്ചത് രണ്ടു പഞ്ചായത്തുകള്‍ മാത്രം. നാല്‍പ്പതുമുതല്‍ അമ്പതു ശതമാനംവരെ തുക ചെലവഴിച്ചത് ഏഴു പഞ്ചായത്തുകള്‍. പാവറട്ടി, ചേര്‍പ്പ് പഞ്ചായത്തുകള്‍ പദ്ധതിയിനത്തില്‍ ഒരുരൂപ പോലും ചെലവാക്കിയില്ല. ചേരിപ്പോരില്‍ മുങ്ങിയതാണ് ഈ രണ്ടു പഞ്ചായത്തുകളിലും പദ്ധതിനിര്‍വഹണം താറുമാറാക്കിയത്. ഈ പഞ്ചായത്തുകള്‍ പദ്ധതി സമര്‍പ്പിച്ചിട്ടില്ലെന്ന് ഡയറക്ടര്‍ ഓഫീസ് അറിയിച്ചു. 11 പഞ്ചായത്തുകള്‍ പദ്ധതി ഡിപിസിയുടെ അംഗീകാരത്തിന് സമര്‍പ്പിച്ച് അംഗീകാരത്തിനായി കാത്തിരിക്കുന്നു. നേരത്തേ ആഗസ്ത്-നവംബര്‍ മാസങ്ങള്‍ക്കുള്ളില്‍ പദ്ധതിസമര്‍പ്പണം പൂര്‍ത്തിയാക്കി തുക ചെലവഴിക്കുമായിരുന്നു. നേരത്തേ ജില്ലാ പ്ലാനിങ് ഓഫീസില്‍ പദ്ധതികള്‍ സമര്‍പ്പിച്ച് ഡിപിസിയില്‍ അംഗീകാരം നേടുകയായിരുന്നു. ഇതുമാറ്റി ഓരോ മേഖലയിലെയും പദ്ധതികള്‍ അതതു ജില്ലാതല വകുപ്പുമേധാവികള്‍ പരിശോധിച്ച് ഓണ്‍ലൈനിലൂടെ അംഗീകരിച്ച് ഡിപിസി അംഗീകരിക്കുകയാണിപ്പോള്‍ ചെയ്യുന്നത്. പുതിയ രീതി പദ്ധതിനിര്‍വഹണത്തെ പ്രതികൂലമായി ബാധിച്ചു.
(ടി വി വിനോദ്)

deshabhimani 220213

No comments:

Post a Comment