Thursday, February 28, 2013

കടലിരമ്പം; മഹാസംഗമം


ജീവിക്കാന്‍ പോരാട്ടമല്ലാതെ ബദല്‍ മാര്‍ഗമില്ലെന്ന് പ്രഖ്യാപിച്ച് ജനങ്ങളുടെ മഹാസംഗമം. ജനജീവിതംകൊണ്ട് പന്താടുന്ന കേന്ദ്രþസംസ്ഥാന നയങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിന് മലപ്പുറത്തുകാരുടെ കൈയൊപ്പ്. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സിപിഐ എം അഖിലേന്ത്യാ സമരസന്ദേശജാഥയെ ജില്ല ആവേശത്തോടെ എതിരേറ്റു. ജാഥക്ക് സംസ്ഥാനത്തെ ഏറ്റവും ഗംഭീര സ്വീകരണത്തിനാണ് എടപ്പാള്‍ ബുധനാഴ്ച സാക്ഷ്യംവഹിച്ചത്. ചെങ്കടലായി ഒഴുകിയ ജനങ്ങളെ ഉള്‍ക്കൊള്ളാനാവാതെ നഗരം വീര്‍പ്പുമുട്ടി. ബുധനാഴ്ച രാവിലെത്തന്നെ ജില്ലയുടെ വിവിധ ഏരിയകളില്‍നിന്നെത്തിയ പ്രവര്‍ത്തകരാല്‍ എടപ്പാള്‍ തിങ്ങിനിറഞ്ഞിരുന്നു. ദൂരസ്ഥലങ്ങളില്‍നിന്നെത്തിയവര്‍ വാഹനം നഗരത്തില്‍ പാര്‍ക്ക്ചെയ്തശേഷം ചെറുപ്രകടനങ്ങളായാണ് പൊതുസമ്മേളന നഗരിയിലേക്കെത്തിയത്. അടുക്കളയില്‍ തീഅണയാതിരിക്കാനുള്ള പോരാട്ടത്തിന് പിന്തുണയര്‍പ്പിച്ച് നൂറുകണക്കിന് സ്ത്രീകള്‍ സ്വീകരണത്തില്‍ പങ്കാളികളായി. നിലമ്പൂര്‍ വനമേഖലയില്‍നിന്നുള്‍പ്പെടെ ആദിവാസിസ്ത്രീകള്‍ കാതങ്ങള്‍താണ്ടി ജാഥയെ വരവേല്‍ക്കാനെത്തി.

രാവിലെ പത്തിന് ഗാനമേളയോടെയാണ് വേദിയുണര്‍ന്നത്. തുടര്‍ന്ന് സംസ്ഥാന സെക്രട്ടറിയറ്റംഗം എം വി ഗോവിന്ദന്‍ പ്രസംഗം ആരംഭിക്കുമ്പോള്‍ സദസ്സ് നിറഞ്ഞുകവിഞ്ഞിരുന്നു. പിറകെ പൈലറ്റ് വാഹനത്തില്‍ ജാഥാംഗങ്ങളായ സുധ സുന്ദരരാമനും എം എ ബേബിയും. തമിഴില്‍ പ്രസംഗമാരംഭിച്ച സുധ സുന്ദരരാമന്‍ പത്തുമിനുട്ടുകൊണ്ട് ജനഹൃദയംകീഴടക്കി. തുടര്‍ന്ന് എം എ ബേബിയും സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സംസാരിച്ചു. അതിനിടെ ജാഥയെ വരവേല്‍ക്കാന്‍ പൊന്നാനിയില്‍നിന്ന് ലോങ് മാര്‍ച്ചെത്തി. ഇമ്പിച്ചിബാവയുടെ വീടായ ലാല്‍ഭവന് മുന്നില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ജില്ലാ അതിര്‍ത്തിയായ പാവിട്ടപുറത്ത് കേന്ദ്ര കമ്മിറ്റിഅംഗം പാലോളി മുഹമ്മദ്കുട്ടി, ജില്ലാ സെക്രട്ടറി പി പി വാസുദേവന്‍, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി കെ ഹംസ, പി ശ്രീരാമകൃഷ്ണന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ വേലായുധന്‍ വള്ളിക്കുന്ന്, പി ജ്യോതിഭാസ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. എടപ്പാള്‍ ചുങ്കം ജങ്ഷനില്‍ ജാഥാംഗങ്ങളെ തുറന്ന വാഹനത്തിലാണ് പൊതുസമ്മേളന നഗരിയിലേക്ക് ആനയിച്ചത്. മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും റെഡ് വളന്റിയര്‍ മാര്‍ച്ചിന്റെയും അകമ്പടിയോടെ ജാഥയെത്തുമ്പോള്‍ നട്ടുച്ചക്കും പൊതുസമ്മേളന നഗരി യില്‍ പതിനായിരങ്ങള്‍ കാത്തിരിക്കുകയായിരുന്നു. കൂറ്റന്‍ പന്തലില്‍ ഉള്‍ക്കൊള്ളാനാവാത്തവിധം ജനംനിറഞ്ഞു. ജാഥാംഗങ്ങളെ റെഡ് വളന്റിയര്‍മാര്‍ ഏറെ സാഹസപ്പെട്ടാണ് വേദിയിലെത്തിച്ചത്.

തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍പിള്ളയെ പാലോളി മുഹമ്മദ്കുട്ടിയും എം എ ബേബിയെ ടി കെ ഹംസയും ശ്രീനിവാസ റാവുവിനെ പി ശ്രീരാമകൃഷ്ണനും സുധ സുന്ദര്‍രാമനെ പി കെ സൈനബയും പൊന്നാടയണിയിച്ചു. കെ ടി ജലീല്‍ എംഎല്‍എയും രാമചന്ദ്രന്‍പിള്ളക്ക് ഉപഹാരംനല്‍കി. പാലോളി മുഹമ്മദ്കുട്ടി അധ്യക്ഷനായി. പി പി വാസുദേവന്‍ സ്വാഗതവും പി ജ്യോതിഭാസ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേന്ദ്ര കമ്മിറ്റിയംഗം എ വിജയരാഘവന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എ കെ ബാലന്‍, വി വി ദക്ഷിണാമൂര്‍ത്തി, എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ വി ഉണ്ണികൃഷ്ണന്‍, സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, ഏരിയാ സെക്രട്ടറിമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

കുര്യന്‍ തീരാ കളങ്കം: സുധ സുന്ദരരാമന്‍

എടപ്പാള്‍: സ്ത്രീ സുരക്ഷയ്ക്കായുള്ള വനിതാ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ അവിടെ തലവനായി സ്ത്രീ പീഡനക്കേസിലെ പ്രതി ഇരിക്കുന്നത് രാജ്യത്തിന് തീരാ കളങ്കമാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദരരാമന്‍ പറഞ്ഞു. സിപിഐ എം അഖിലേന്ത്യാ സമരസന്ദേശ ജാഥയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 17 വര്‍ഷമായി സൂര്യനെല്ലി കേസിലെ പെണ്‍കുട്ടി നീതിയ്ക്കായി പോരാടുമ്പോഴും അവളെ അപമാനിക്കാനാണ് അധികാരികള്‍ ശ്രമിക്കുന്നത്. ഹൈക്കോടതിവിധി റദ്ദാക്കി സുപ്രീംകോടതി വിധി പ്രസ്താവിച്ചിട്ടും പി ജെ കുര്യന്‍ രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം രാജിവയ്ക്കാത്തത് ദൗര്‍ഭാഗ്യകരമാണ്. സ്ത്രീകള്‍ക്കെതിരായ പോരാട്ടം സമൂഹം ഏറ്റെടുക്കണം. ജനങ്ങള്‍ പട്ടിണികിടക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാരിനാകുന്നില്ല. ജനങ്ങള്‍ക്ക് വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യം പെരുച്ചാഴി തിന്നുകയാണ്. ജനത്തെക്കാള്‍ പെരുച്ചാഴി സുരക്ഷിതരാണ്. എപിഎല്‍þബിപിഎല്‍ വേര്‍തിരിവില്ലാതെ മുഴുവന്‍ ജനങ്ങള്‍ക്കും റേഷനരി വിതരണംചെയ്യണമെന്നും അവര്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഐസിയുവില്‍: കോടിയേരി

എടപ്പാള്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അത്യാഹിത വിഭാഗത്തിലാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം അഖിലേന്ത്യാ സമരസന്ദേശ ജാഥയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സംഘടനാപരമായും രാഷ്ട്രീയമായും അത്യഗാധമായ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. സര്‍ക്കാര്‍ എത്രനാള്‍ തുടരുമെന്ന് ഉമ്മന്‍ചാണ്ടിക്കുപോലും അറിയില്ല. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ കേരള രാഷ്ട്രീയത്തില്‍ മാറ്റമുണ്ടാകും. സൂര്യനെല്ലിക്കേസില്‍നിന്ന് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ചില പത്ര മാധ്യമങ്ങളുടെ സഹായത്തോടെ മാവോയിസ്റ്റ് ഭീതി വിതയ്ക്കുന്നത്. സൂര്യനെല്ലി കേസ് പുനരന്വേഷിക്കാനാവില്ലെന്ന സര്‍ക്കാര്‍ നിലപാട് അനീതിയാണ്. സംസ്ഥാനത്ത് രണ്ടുതരം നീതിയാണ് നിലനില്‍ക്കുന്നതെന്നാണ് ഇത് തെളിയിക്കുന്നത്. മുസ്ലിംലീഗ് ഭരണത്തില്‍ സമുദായത്തിലെ സാധാരണക്കാര്‍ക്ക് ഇതുവരെ ഒരു ഗുണവും ലഭിച്ചിട്ടില്ല. 20 എംഎല്‍എമാരും അഞ്ച് മന്ത്രിമാരും ഉണ്ടായിട്ടും സമുദായത്തിന് എന്തുനേട്ടമുണ്ടായെന്ന് പരിശോധിക്കണം. നിരപരാധികളായ മുസ്ലിം യുവാക്കളെ വിചാരണകൂടാതെ തടവില്‍ പാര്‍പ്പിക്കുന്നതിനെതിരെ രാഷ്ട്രപതിക്ക് പരാതി നല്‍കിയത് സിപിഐ എമ്മാണ്. മതത്തിന്റെ പേരില്‍ മേനിനടിക്കുന്ന ലീഗ് ഏറെ കഴിഞ്ഞാണ് വിഷയത്തില്‍ ഇടപെട്ടത്. ലീഗിന് വര്‍ഗീയ മുഖമാണ് ഉള്ളതെന്ന ആരോപണം ശരിവയ്ക്കുന്നതാണ് അടുത്തകാലത്തുണ്ടായ സംഭവങ്ങള്‍. സ്കൂളില്‍ ഒ വി വിജയന്റെ പ്രതിമ സ്ഥാപിക്കാനാവില്ലെന്നു പറയുന്നത് അതുകൊണ്ടാണ്. ഒ വി വിജയനെക്കാള്‍ കേമന്‍ യു എ ബീരാനാണെന്നാണ് ചന്ദ്രിക പത്രത്തിന്റെ കണ്ടെത്തല്‍. ഒ വി വിജയന്‍ എഴുതിയത് ചന്ദ്രികക്കാരെങ്കിലും വായിക്കണം. എസ്എസ്എല്‍സി പാസാകാത്തവരെ പ്രധാനാധ്യാപകരാക്കാന്‍ ശ്രമിച്ച് സര്‍ക്കാര്‍ പരിഹാസ്യരായെന്നും കോടിയേരി പറഞ്ഞു.

സര്‍ക്കാര്‍ പുറത്തുപോകണം: ബേബി

മലപ്പുറം: കേരളത്തെ ഭ്രാന്താലയമാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ പുറത്തുപോകണമെന്ന് സിപിഐ എം പൊളിറ്റ്്ബ്യൂറോ അംഗവും അഖിലേന്ത്യാ ജാഥാംഗവുമായ എം എ ബേബി പറഞ്ഞു. കൊടിയ അപമാനത്തിന്റെയും നാണക്കേടിന്റെയും പടുകുഴിയിലേക്ക് നാടിനെ മുക്കിത്താഴ്ത്തുന്ന സര്‍ക്കാരിനെതിരെ ജനങ്ങള്‍ അണിനിരക്കും. ജാഥയ്ക്ക് എടപ്പാളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ജാതിമത ശക്തികളുടെ പിടിയില്‍ അമര്‍ന്നിരിക്കുന്നു. സാമുദായിക നേതാക്കളാണ് സര്‍ക്കാരിനെ നിയന്ത്രിക്കുന്നത്. ജാതി നോക്കി മന്ത്രിമാരെ നിയമിച്ച യുഡിഎഫ് കേരളത്തെ ഗുരുതരമായ സ്ഥിതിയിലേക്ക് തള്ളിയിട്ടിരിക്കുന്നു. എല്ലാ മേഖലയിലും പരാജയപ്പെട്ട സര്‍ക്കാരിനെ കുതിരക്കച്ചവടത്തിലൂടെയല്ല, ജനങ്ങളുടെ സംഘടിത സമരത്തിലൂടെയാകും താഴെയിറക്കുക. ജനങ്ങളെ ദ്രോഹിക്കുന്ന കാര്യത്തില്‍ കേന്ദ്രþസംസ്ഥാന സര്‍ക്കാരുകള്‍ മത്സരിക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ സാമ്രാജ്യത്വ ശക്തികളുടെ നിയന്ത്രണത്തിലാണ്. കുത്തകകളുടെ താത്പര്യത്തിനനുസരിച്ചാണ് ഭരണം. ഓരോ മിനുട്ടിലും അഞ്ചു വയസ്സിന് താഴെയുള്ള നാല് കുട്ടികള്‍ മരിക്കുന്ന രാജ്യത്ത് ശതകോടീശ്വരന്മാരുടെ എണ്ണം കൂടിവരുന്നു. തെറ്റായ സാമ്പത്തിക നയത്തിന്റെ ഭാഗമായി സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുകയും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുകയും ചെയ്യുന്നു. ഈ നയത്തിന് ബദലുണ്ടെന്ന് ഇടതുപക്ഷം കേരളത്തില്‍ കാണിച്ചുതന്നതാണ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ നയങ്ങള്‍ പാവങ്ങളുടെ കണ്ണീരൊപ്പുന്നതായിരുന്നുവെന്ന് ബേബി പറഞ്ഞു.

deshabhimani 280213

No comments:

Post a Comment