Saturday, February 23, 2013
ഇരട്ടസ്ഫോടനം: തുമ്പൊന്നുമില്ല
ദേശീയ അന്വേഷണ ഏജന്‍സിയുടെ കേന്ദ്രം സ്ഥിതിചെയ്യുന്ന ഹൈദരാബാദില്‍ ഇരട്ടസ്ഫോടനം നടന്നതിന്റെ മൗഢ്യത്തില്‍നിന്ന് ഉണരാതെ കേന്ദ്ര, ആന്ധ്ര സര്‍ക്കാരുകള്‍. പാകിസ്ഥാന് ആസ്ഥാനമായ ഭീകരസംഘടന സ്ഫോടനം നടത്താനിടയുണ്ടെന്ന മുന്നറിയിപ്പ് കേന്ദ്ര സുരക്ഷാ ഏജന്‍സി ഹൈദരാബാദ് അടക്കമുള്ള നഗരങ്ങള്‍ക്ക് വ്യാഴാഴ്ച രാവിലെ നല്‍കിയിരുന്നെന്ന് കേന്ദ്രം അവകാശപ്പെടുന്നു. എന്നാല്‍, ഇതനുസരിച്ച് മുന്‍കരുതല്‍ സ്വീകരിക്കാനും ജനത്തിരക്കുള്ള കേന്ദ്രങ്ങളില്‍ സുരക്ഷ ശക്തിപ്പെടുത്താനും നടപടിയെടുത്തില്ല. ഇപ്പോള്‍ തുമ്പൊന്നും കിട്ടാതെ അന്വേഷണവും ഇഴഞ്ഞുനീങ്ങുകയാണ്.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ഹൈദരാബാദില്‍നിന്നുള്ള ഒരാളെ ചോദ്യംചെയ്യാന്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഭീകരസംഘടനകളൊന്നും ഏറ്റെടുത്തിട്ടില്ലെങ്കിലും 2012 ആഗസ്തിലുണ്ടായ പുണെ സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ടുപേര്‍ ദില്സുഖ്നഗറിലും എത്തിയിരുന്നുവെന്നാണ് മഹാരാഷ്ട്ര ഭീകരവിരുദ്ധ സ്ക്വാഡിന്റെ നിഗമനം. ഇരട്ടസ്ഫോടനത്തില്‍ 16 പേര് മരിക്കുകയും 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കേസാണ് രജിസ്റ്റര്‍ചെയ്തത്. സ്ഫോടനം നടന്നയുടന്‍ സംഭവസ്ഥലത്തുനിന്ന് തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാനും മുന്‍കരുതല്‍ എടുത്തില്ല. ഇതുകാരണം വിലപ്പെട്ട പല തെളിവും നശിച്ചു. വെള്ളിയാഴ്ച രാവിലെയാണ് സ്ഫോടനസ്ഥലത്തെ അവശിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് പൊലീസ് തെളിവുകള്‍ ശേഖരിച്ചത്. എന്നാല്‍, സംഭവസ്ഥലത്ത് ജനങ്ങള്‍ തടിച്ചുകൂടിയതിനെതുടര്‍ന്ന് പ്രധാനപ്പെട്ട പല ഫോറന്‍സിക് തെളിവും നശിച്ചതായി പൊലീസ് പറഞ്ഞു. ഉഗ്രസ്ഫോടനശേഷിയുള്ള ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസാണ് (ഐഇഡി) സ്ഫോടനത്തിന് ഉപയോഗിച്ചതെന്ന് പ്രാഥമികപരിശോധനയില്‍ വ്യക്തമായി.ആര്‍ഡിഎക്സ് തരികളും കണ്ടെടുത്തിട്ടുണ്ട്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ കൂട്ടത്തില്‍ മാര്‍ക്കറ്റില്‍ പുസ്തകങ്ങള്‍ വാങ്ങാനെത്തിയ മൂന്ന് വിദ്യാര്‍ഥികളുമുണ്ടെന്ന് പൊലീസ് അറിയിച്ചു. ദില്‍സുഖ്നഗറില്‍ ചെറിയ ഹോട്ടലിനടുത്ത് നിര്‍ത്തിയിട്ടിരുന്ന സൈക്കിളുകളില്‍ ഘടിപ്പിച്ച ബോംബുകളാണ് പൊട്ടിത്തെറിച്ചത്. സ്ഫോടനമുണ്ടാകുന്നതിന് 15 നിമിഷംമുമ്പ് ഹൈദരാബാദ് പൊലീസ് കമീഷണര്‍ ഈ വഴിയിലൂടെ സായ്ബാബ ക്ഷേത്രത്തിലേക്ക് പോയിരുന്നു. നൂറ്റിയിരുപതോളംപേര്ക്ക് സ്ഫോടനത്തില്‍ പരിക്കേറ്റിട്ടുണ്ട്. ദില്‍സുഖ്നഗറില്‍ സിസി ടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവ ഗതാഗതം പരിശോധിക്കാനായി സ്ഥാപിച്ചതിനാല്‍ സ്ഫോടനത്തിനുമുമ്പും ശേഷവുമുള്ള ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് പൊലീസ് പറഞ്ഞു. സ്ഫോടനത്തിനു മുമ്പ് ഇന്റലിജന്റ്സ് സൂചനകള്‍ ലഭിച്ചിരുന്നെന്നും എന്നാല്‍, ഇത് പതിവുള്ളതാണെന്നുമാണ് ഹൈദരാബാദ് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡേ പ്രതികരിച്ചത്.
(വി ജയിന്)
deshabhimani 230213
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment