Monday, February 25, 2013
കൂട്ടംതെറ്റിയ കുഞ്ഞാടുകളുടെ ലീഡര്‍
കൂട്ടംതെറ്റിയ കുഞ്ഞാടുകളുടെ "ലീഡറാ"ണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതിനാലാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ആയുസ്സറ്റുപോകുന്നതിനെപ്പറ്റിയുള്ള വര്‍ത്തമാനത്താല്‍ ആകാശവും ഭൂമിയും മുഖരിതമായിരിക്കുന്നത്. പക്ഷേ, അഞ്ചാണ്ടിന്റെ ആയുസ്സും തികച്ചേ ഭരണത്തിന്റെ പടിയിറങ്ങുവെന്നാണ് മുഖ്യമന്ത്രി ആവര്‍ത്തിക്കുന്നത്. പ്രാണന്‍പോയാലും കുഞ്ഞുകുഞ്ഞിനെ കൈവിടില്ലെന്ന് കൂടെയുള്ള കക്ഷികളും സ്വന്തം കക്ഷിയിലെ എംഎല്‍എമാരും സദാനേരം ചെവിയില്‍ കേള്‍പ്പിക്കുമ്പോള്‍ അങ്ങനെയേ ആരായാലും വിശ്വസിച്ചുപോകൂ. പക്ഷേ, ഭരണത്തിന്റെ കൊള്ളരുതായ്മ കണ്ടും കേട്ടും അനുഭവിച്ചും വീര്‍പ്പുമുട്ടി കഴിയുന്നവരാലും ബാല്‍ക്കണിയും താഴെ ക്ലാസും ഫുള്ളായിരിക്കയാണ്. അങ്ങനെ ഊതിപ്പെരുപ്പിച്ച ഒരു സോപ്പുകുമിളയെപ്പോലെയാണ് യഥാര്‍ഥത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍. അതിനുചുറ്റും സൂചിമുനകളുമായി ഘടകകക്ഷികളും കോണ്‍ഗ്രസിലെ പ്രബല വിഭാഗവുമുണ്ട്.അതിനാല്‍, പുതിയ നിയമത്തില്‍ ലൂക്കോയുടെയും മത്തായിയുടെയും സുവിശേഷത്തില്‍ ഉദ്ധരിച്ച കൂട്ടംതെറ്റിയ കുഞ്ഞാടിന്റെ കഥ വായിച്ചശേഷം പിണറായി വിജയനും എസ് ആര്‍ പിക്കും പന്ന്യനും മറുപടിനല്‍കുന്നതാകും നല്ലത്.
"ഒരാള്‍ക്ക് നൂറു ആടുകളുണ്ടെന്നും അതില്‍ ഒന്ന് വഴിതെറ്റിപ്പോകുന്നുവെന്നും കരുതുക. തൊണ്ണൂറ്റിയൊന്‍പതിനെയും മലയില്‍ വിട്ട് വഴിതെറ്റിയതിനെ അന്വേഷിച്ചുപോകുക. അതിനെ കണ്ടെത്തിയാല്‍ 99 ആടുകള്‍ നല്‍കുന്നതിനേക്കാള്‍ സന്തോഷത്താല്‍ നിങ്ങള്‍ മൂടപ്പെടുമെന്ന് സത്യമായി ഞാന്‍ നിങ്ങളെ ഉണര്‍ത്തുന്നു" എന്നത് സുവിശേഷ വചനം. അതുപ്രകാരം സഞ്ചരിച്ച് കൂട്ടംതെറ്റിയ കുഞ്ഞാടുകളെ കണ്ടെത്തിയാല്‍ കുഞ്ഞുകുഞ്ഞു മൂടപ്പെടുക സന്താപത്താലാകും. കാരണം, ഇവിടെ തെളിയുക വഴിപിരിയാനോ ഉടച്ചുവാര്‍ക്കാനോ ആഗ്രഹിക്കുന്ന ഒറ്റപ്പെട്ട കുഞ്ഞാടുകളെ ആവില്ല. ബജറ്റ് സമ്മേളനം കഴിഞ്ഞാല്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിന് ശനിദശയാണെന്ന് കോണ്‍ഗ്രസിലെയും യുഡിഎഫിലെയും പ്രമുഖ കവടിനിരത്തുകാര്‍ പറഞ്ഞുവച്ചിട്ടുണ്ട്. "പെരുന്നയിലെ തറവാടി"യുടെ മെയ് വരെയുള്ള അന്ത്യശാസനം വേറെ. ഒന്നും കാണാതെ വിടുവായത്തം വിളമ്പില്ലല്ലോ "നായര്‍ സചിവോത്തമന്‍" എന്ന് കരുതുന്നവര്‍ ഭരണത്തിലുണ്ട്.
രമേശ് ചെന്നിത്തലയെ ഭരണത്തിന്റെ താക്കോല്‍സ്ഥാനത്ത് അവരോധിച്ചില്ലെങ്കില്‍ ഉമ്മന്‍ചാണ്ടിസര്‍ക്കാരിനെ പിടിച്ചു താഴെയിടുമെന്ന എന്‍എസ്എസ്- എസ്എന്‍ഡിപി നേതാക്കളുടെ പ്രഖ്യാപനത്തിന്റെ ഭീതി ശേഷിക്കുന്നുണ്ട്. ഭൂമി കീഴ്മേല്‍ മറഞ്ഞാലും ലോക്സഭ തെരഞ്ഞെടുപ്പിനു മുമ്പ് സംഭവാമി യുഗേ ഗുഗേ എന്നാണ് കോണ്‍ഗ്രസിലെ അരമനവര്‍ത്തമാനം. അതായത് തല മാറിയിരിക്കുമെന്ന്. സാരാംശം എന്തെന്നാല്‍, ഉമ്മന്‍ചാണ്ടിയെ മാറ്റി രമേശ് ചെന്നിത്തലയെ പ്രതിഷ്ഠിക്കുമത്രേ. ഇതിനായി മന്ത്രിസഭയിലെ ഉമ്മന്‍ചാണ്ടിപക്ഷപാതിയായിരുന്ന ആര്യാടന്‍വരെ കരുനീക്കുന്നു. അപ്പോള്‍ കളി കാണേണ്ടതു തന്നെ. പക്ഷേ, ബിംബിസാര മഹാരാജാവിന്റെ യാഗശാലയില്‍ കുരുതിക്കായി കൊണ്ടുപോകുന്ന ആട്ടിന്‍പറ്റത്തിലെ മുടന്തനെ തോളിലേറ്റി രാജസന്നിധിയില്‍ എത്തി ഹിംസാമാര്‍ഗത്തില്‍നിന്ന് മഹാരാജാവിനെ പിന്തിരിപ്പിച്ചതുപോലെ സാക്ഷാല്‍ ഗൗതമ ബുദ്ധന്റെ റോളില്‍ എ കെ ആന്റണി സോണിയ-രാഹുല്‍ രാജധാനിയില്‍ എത്തുമോ എന്ന ഭയം ചെന്നിത്തലയ്ക്കും കൂടെയുള്ളവര്‍ക്കുമുണ്ട്. പക്ഷേ, ഇതെല്ലാം ഇവരേക്കാള്‍ മുകളിലുള്ള ഒരാള്‍ കാണുന്നുണ്ട്. കൂഞ്ഞുകുഞ്ഞിനേക്കാള്‍ ജനപ്രീതി കോട്ടയത്തുള്ള കുഞ്ഞുമാണി. കൊച്ചി സര്‍വകലാശാലയില്‍ കുഞ്ഞുമാണിയുടെ നാമത്തില്‍ വെറുതെയൊരു "ചെയര്‍" കൊടുത്തതുകൊണ്ട് ഒന്നുമാവില്ല. അങ്ങനെ ചുണ്ടില്‍ മധുരം തേച്ചാല്‍ ഒഴുകിപ്പോകുന്നതല്ല മാണിയുടെ അധ്വാനവര്‍ഗ സിദ്ധാന്തം. എന്തായാലും ഒരു കാര്യം ഉറപ്പ്. ഉമ്മന്‍ചാണ്ടിഭരണം ഇവിടെ അവസാനിച്ചാല്‍ കണ്ണീര്‍വാര്‍ക്കാന്‍ മറിയാമ്മ, ചാണ്ടിഉമ്മന്‍, മാമ്മന്‍മാത്യു, ജോപ്പന്‍, പി ജെ കുര്യന്‍, പി സി ജോര്‍ജ്, ബണ്ടിചോര്‍- ഇങ്ങനെ കുറെപ്പേരേ ഉണ്ടാകൂ. കറന്റില്ല, വെള്ളമില്ല, അരിയില്ല, ഇപ്പോള്‍ ബസുമില്ലെന്നതാണ് കേരളത്തിന്റെ അവസ്ഥ. ഇത് മാറ്റാന്‍ എന്തെന്നതിന് ഉത്തരമില്ല. കറന്റില്ലായ്മയും പവര്‍കട്ടും തെക്കേയിന്ത്യയിലെ പതിവു പ്രതിഭാസമാണെന്നും അതിനാല്‍ ഒരു മണിക്കൂര്‍ കട്ട് നാടിന് നേട്ടമാണെന്നുമാണ് ഉമ്മന്‍ചാണ്ടി തീസിസ്. ഇടുക്കിയില്‍ ഇനി 20 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളമേയുള്ളൂ.
ഇതില്‍നിന്നെല്ലാം ശ്രദ്ധതിരിക്കാനുള്ള ചെപ്പടിവിദ്യയായി ഇറക്കിയ ബോംബായിരുന്നു വയനാട്ടിലും കണ്ണൂരിലും ഇറക്കിയ മാവോയിസ്റ്റ് ആക്രമണം. കാട്ടിലിറങ്ങിയ മാവോവാദികളെ ഇതുവരെ ആരും കണ്ടില്ല. പൊലീസിനെ കൂട്ടക്കശാപ്പുചെയ്യാന്‍ എത്തിയ മാവോവാദികളെ കിട്ടിയില്ലെങ്കില്‍ എന്ത്, നോട്ടീസ് വിതരണംചെയ്ത "ഭീകര"നെ പിടിച്ചില്ലേ, തിരുവഞ്ചൂര്‍ സേന. എന്തായാലും പൊലീസ് സ്റ്റേഷനുകളിലെ ആയുധം ക്ലിഫ് ഹൗസില്‍ മാറ്റിയതുമാത്രം മിച്ചം. ഭരണം മടുപ്പിക്കുകയും ഭരണക്കാര്‍ കക്കുകയും ചെയ്യുന്നതു കണ്ട് ഐഎഎസുകാര്‍ "സോളോപടോംഗി" നടത്തിയ മറ്റൊരു കാലം കേരളത്തിലില്ലല്ലോ. സോളോ പടോംഗി എന്നാല്‍ ഒറ്റപ്പെട്ട നിലവിളി എന്നര്‍ഥം. അവിശ്വാസമുള്ള കാര്യങ്ങളില്‍ ക്യാബിനറ്റ് നോട്ടില്‍ വിയോജനം രേഖപ്പെടുത്താനാണ് ഐഎഎസുകാര്‍ യോഗം ചേര്‍ന്ന് തീരുമാനിച്ചത്. ഇങ്ങനെ എല്ലാതരത്തിലും എല്ലാവരെയും വെറുപ്പിച്ച ഭരണം ആയുസ്സറ്റുപോകുന്നത് നാടിന് നല്ലതു തന്നെ.
ആര്‍ എസ് ബാബു deshabhimani 250213
Subscribe to:
Post Comments (Atom)
No comments:
Post a Comment