Thursday, February 28, 2013

മദ്യവില കൂട്ടുന്നു, പിന്നില്‍ കോടികളുടെ കോഴ


വിദേശമദ്യക്കമ്പനികള്‍ക്ക് ഏപ്രില്‍ ഒന്നുമുതല്‍ മൊത്ത വില വര്‍ധിപ്പിച്ചുനല്‍കാന്‍ രഹസ്യധാരണ. മദ്യക്കമ്പനികളില്‍ നിന്നു വാങ്ങുന്ന മദ്യത്തിനും ബിയറിനും 10 ശതമാനം വില കൂട്ടിനല്‍കാനാണ് നീക്കം. എക്സൈസ് വകുപ്പിലെ ഉന്നതരും മദ്യക്കമ്പനികളുടെ ഇടനിലക്കാരും ധാരണയിലെത്തി. വാങ്ങല്‍വില പുതുക്കുന്നതു സംബന്ധിച്ച് തീരുമാനിക്കാന്‍ ബിവറേജസ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം മാര്‍ച്ച് പകുതിയോടെ വിളിച്ചുചേര്‍ക്കും. മദ്യ ഉല്‍പ്പാദകര്‍ക്ക് കോടികളുടെ അധികവരുമാനം നേടിക്കൊടുക്കുന്ന ഇടപാടിനു പിന്നില്‍ വന്‍തുകയുടെ കോഴയാണ് ഉറപ്പിച്ചിരിക്കുന്നത്. വിദേശമദ്യത്തിന്റെയും ബിയറിന്റെയും വാങ്ങല്‍വില കഴിഞ്ഞ ആഗസ്തില്‍ ആറുശതമാനം വര്‍ധിപ്പിച്ചിരുന്നു.

അബ്കാരി വര്‍ഷം തുടങ്ങുന്ന ഏപ്രില്‍ ഒന്നിന് 10 ശതമാനം കൂട്ടാനാണ് നീക്കം. വിദേശ മദ്യക്കമ്പനികളുടെ നിവേദനത്തെ തുടര്‍ന്നാണ് വിലകൂട്ടാന്‍ നിര്‍ദേശമുയര്‍ന്നത്. എക്സൈസ് മന്ത്രി കെ ബാബുവിനു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ എക്സൈസ് കമീഷണറുടെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞയാഴ്ച തലസ്ഥാനത്ത് മദ്യനിര്‍മാതാക്കളുടെ പ്രതിനിധികള്‍ രഹസ്യയോഗം ചേര്‍ന്നശേഷമാണ് ഇടനിലക്കാരുടെ സാന്നിധ്യത്തില്‍ മന്ത്രിയെ കണ്ടത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും കെ ബാബു കൂടിയാലോചന നടത്തി. കമ്പനികള്‍ 25 ശതമാനം വര്‍ധനയാണ് ആവശ്യപ്പെട്ടതെങ്കിലും പിന്നീട് 10 ശതമാനമായി കുറച്ചു. 200 കോടിയുടെ അധിക വരുമാനമാണ് കമ്പനികള്‍ക്ക് ലഭിക്കുക. ഇതിന്റെ നല്ലൊരു കമീഷനായി നല്‍കാമെന്നാണ് വാഗ്ദാനം. വിലപേശല്‍ തുടരുകയാണ്. അസംസ്കൃത വസ്തുവായ എക്സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളിന്റെ വില കൂടിയെന്നാണ് മദ്യനിര്‍മാതാക്കളുടെ വാദം. എന്നാല്‍ വില ആഗസ്തിനു ശേഷം കാര്യമായ തോതില്‍ വര്‍ധിച്ചില്ലെന്നതാണ് വസ്തുത. കമ്പനികളില്‍ നിന്നു വാങ്ങുന്ന മദ്യം ഏഴിരട്ടി വില കൂട്ടിയാണ് ബിവറേജസ് കോര്‍പറേഷന്‍ വില്‍ക്കുന്നത്. ഈവര്‍ഷം ഇതുവരെ 7200 കോടി രൂപ വിവിധ നികുതി ഇനത്തില്‍ സര്‍ക്കാരിന് കോര്‍പറേഷന്‍ നല്‍കി. എക്സൈസ് ഡ്യൂട്ടി, വില്‍പ്പന നികുതി, ടേണ്‍ഓവര്‍ ടാക്സ് എന്നിവയ്ക്കു പുറമെ മെഡിക്കല്‍ സെസ് ഉള്‍പ്പെടെ ഏഴിനം നികുതിയാണ് വിദേശമദ്യത്തിന് ചുമത്തിയത്.

കമ്പനികള്‍ക്ക് വില കൂട്ടിയാല്‍ സര്‍ക്കാരിന് അധിക വരുമാനം ലഭിക്കുമെന്നാണ് എക്സൈസ് വകുപ്പിന്റെ വാദം. മദ്യ ഉപയോഗം കുറയുമെന്ന ന്യായവും നിരത്തുന്നു. മദ്യത്തിന്റെ മൊത്ത വില 10 ശതമാനം കൂട്ടിയാല്‍ സര്‍ക്കാരിന് അതിന്റെ 70 ശതമാനം അധിക വരുമാനം ലഭിക്കും. ബിവറേജസ് കോര്‍പറേഷന്റെ പട്ടികയില്‍ തൊണ്ണൂറില്‍പ്പരം അംഗീകൃത കമ്പനികളാണ് ഉള്ളത്. വാങ്ങുന്ന മദ്യത്തിന്റെ 60 ശതമാനവും വിജയ്മല്യയുടെ കമ്പനിയില്‍ നിന്നാണ്. ജനപ്രിയ ബ്രാന്‍ഡുകളേറെയും ഈ കമ്പനിയുടേതാണ്. മൊത്തവില കൂട്ടിയാല്‍ ഇതിന്റെ ആനുകൂല്യം മുഖ്യമായി ഈ കമ്പനിക്കാണ്. വില വര്‍ധിപ്പിക്കുന്നതിന് എക്സൈസ് ഉന്നതരുമായി ധാരണയിലെത്താന്‍ മുന്‍കൈയെടുത്തതും ഈ കമ്പനിയുടെ പ്രതിനിധികളാണ്.
(കെ ശ്രീകണ്ഠന്‍)

deshabhimani 280213

No comments:

Post a Comment