Sunday, February 24, 2013
മെട്രോ നിര്‍മാണം ഏപ്രില്‍ 2നു തുടങ്ങും
ആദ്യ ടെന്‍ഡറുകളിലെ കരാര്‍ ഉറപ്പിക്കല്‍ നടപടി മാര്‍ച്ചില്‍ത്തന്നെ പൂര്‍ത്തിയാക്കി കൊച്ചി മെട്രോയുടെ നിര്‍മാണം ഏപ്രില്‍ രണ്ടിനു തുടങ്ങുമെന്ന് ഡിഎംആര്‍സി മുഖ്യ ഉപദേഷ്ടാവ് ഇ ശ്രീധരന്‍ വെളിപ്പെടുത്തി. കൊച്ചി മെട്രോയുടെ നിര്‍മാണ പുരോഗതി സംബന്ധിച്ച് ദേശാഭിമാനിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിഎംആര്‍സിയെ ചുമതലയേല്‍പ്പിച്ച് മൂന്നു മാസത്തിനുള്ളില്‍ത്തന്നെ നിര്‍മാണപ്രവര്‍ത്തനം തുടങ്ങാനാകുന്നത് ചെറിയ കാര്യമല്ല. സിവില്‍ ജോലികള്‍ക്കുള്ള മുഴുവന്‍ ടെന്‍ഡറും വിളിച്ചു. ആദ്യ ടെന്‍ഡറുകളുടെ തീയതി മാര്‍ച്ച് 4, 5 നാണ്. ഒരുമാസത്തിനുള്ളില്‍ കരാര്‍ നല്‍കണം. ആ നടപടി കഴിയുന്നത്ര നേരത്തെ പൂര്‍ത്തിയാക്കാന്‍ നോക്കുന്നു. കരാര്‍ നല്‍കിയാല്‍ പിന്നെ പൈലിങ്ങിന്റെയും മറ്റും പരിശോധനകളാണ് നടക്കേണ്ടത്. ഇത് ഏപ്രില്‍ രണ്ടിനു തുടങ്ങും.
കൊച്ചിയിലെ സിഗ്നല്‍സംവിധാനം ഏറ്റവും ആധുനികമാകും. ഡല്‍ഹി മെട്രോയില്‍ കംപ്യൂട്ടര്‍ അധിഷ്ഠിത ട്രെയിന്‍ നിയന്ത്രണ സംവിധാനം (സിബിടിസി) ഏര്‍പ്പെടുത്തുന്നതോടൊപ്പം കൊച്ചിയിലും അത് ഉപയോഗിക്കും. രാജ്യത്ത് മറ്റൊരു മെട്രോയിലും നടപ്പായിട്ടില്ലാത്ത ഈ സംവിധാനം ആദ്യം വരുന്നത് കൊച്ചിയിലാകും. മെട്രോയിലും ബസിലും ട്രെയിനിലും ഒരുപോലെ ഉപയോഗിക്കാവുന്ന ഒറ്റടിക്കറ്റ് സംവിധാനവും ഉണ്ടാകും. ഡല്‍ഹി മെട്രോയുടെ ഭാഗമായ എയര്‍പോര്‍ട്ട് പാതയില്‍ ഉപയോഗിച്ച സവിശേഷതരം ഗര്‍ഡറുകളാണ് കൊച്ചിയിലും സ്ഥാപിക്കുക. പാരപ്പറ്റില്ലാത്ത "യു" ആകൃതിയിലുള്ള ഗര്‍ഡറുകള്‍ക്ക് ശബ്ദനിയന്ത്രണത്തിനു കഴിയും. മറ്റൊരിടത്ത് നേരത്തെ നിര്‍മിച്ച് കൊണ്ടുവന്നു സ്ഥാപിക്കാനാകുമെന്ന സൗകര്യവുമുണ്ട്. നിര്‍മാണത്തിന് ഡിഎംആര്‍സിയില്‍നിന്ന് എല്ലാ സഹായവും കിട്ടും. ഡിഎംആര്‍സി ഇവിടെ സഹകരിക്കുന്നതില്‍ ഡല്‍ഹി മുഖ്യമന്ത്രിക്കു മാത്രമാണ് ആശങ്കയുള്ളത്. ഡല്‍ഹി മെട്രോയുടെ നിര്‍മാണസാമഗ്രികള്‍ ഇവിടേക്കു കൊണ്ടുവരുമ്പോള്‍ അവിടുത്തെ നിര്‍മാണവും മറ്റു പ്രവര്‍ത്തനങ്ങളും തടസ്സപ്പെടുമോ എന്നാണ് അവരുടെ ആശങ്ക. അതിന് അടിസ്ഥാനമില്ല. അത്തരത്തിലൊന്നും ഇവിടേക്ക് കൊണ്ടുവരുന്നില്ല.
കൊച്ചിയിലെ സ്ഥലപരിമിതിമൂലം സാധാരണ ജനജീവിതത്തെ ബാധിക്കാതെ എങ്ങനെ നിര്‍മാണം നടത്താമെന്നതാണ് തന്നെ അലട്ടുന്ന പ്രധാന പ്രശ്നം. ജനങ്ങള്‍ ശപിക്കാനിടയാകരുത്. മറ്റൊന്നും പ്രശ്നമല്ല. ഡിഎംആര്‍സി നിര്‍മാണം ഏറ്റെടുത്തുകഴിഞ്ഞു. മുന്നോട്ടുവച്ച കാല്‍ പിന്നോട്ടില്ല. അനുമതികളും കരാര്‍ ഒപ്പിടലും പോലുള്ള കാര്യങ്ങള്‍ നടന്നോളും. നിര്‍മാണം തുടങ്ങിക്കഴിഞ്ഞാല്‍ പൊതുജനം ഞങ്ങള്‍ക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പുണ്ടെന്നും ഇ ശ്രീധരന്‍ പറഞ്ഞു.
(എം എസ് അശോകന്‍)
deshabhimani 240213
Labels:
വാര്‍ത്ത,
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment