Monday, February 25, 2013

തീരം വറുതിയില്‍; മത്സ്യവില പൊള്ളുന്നു


ആഗോളതാപനവും ഇന്ധനവിലക്കയറ്റവുംമൂലം സംസ്ഥാനത്ത് മത്സ്യവില നിയന്ത്രണാതീതമായി കുതിച്ചുയരുന്നു. ആഗോളതാപനത്തെതുടര്‍ന്നുള്ള കാലാവസ്ഥാവ്യതിയാനം തീരക്കടലിലെ മത്സ്യസമ്പത്തില്‍ ഇടിവുണ്ടാക്കിയതാണ് മത്സ്യവില പൊള്ളിക്കുന്നതിന്റെ കാരണം. മഴദൗര്‍ലഭ്യം കാരണം തീരക്കടലിലെ ജലത്തിന്റെ ഊഷ്മാവ് വര്‍ധിക്കുന്നതാണ് മത്സ്യലഭ്യത കുറയാന്‍ പ്രധാനകാരണം. ആയിരം വര്‍ഷത്തിനിടെ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെടുന്ന കാലമാണിതെന്ന് സെന്‍ട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം ചൂണ്ടിക്കാട്ടുന്നു. മത്സ്യലഭ്യത കുറഞ്ഞതുമൂലം ഉള്‍ക്കടലില്‍ പോയി മത്സ്യബന്ധനം നടത്തേണ്ട സ്ഥിതിയിലാണ് മത്സ്യത്തൊഴിലാളികള്‍. താങ്ങാനാകാത്ത ഇന്ധന വില കാരണം നട്ടം തിരിയുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ദൂരം സഞ്ചരിക്കേണ്ടിവന്നതോടെ മത്സ്യബന്ധനം അസാധ്യമാകുന്നു.

കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ മത്സ്യവില കിലോയ്ക്ക് 20 മുതല്‍ 150 രൂപവരെയാണ് കൂടിയത്. പാര-200, ആവോലി-350, കണവ-150, അയല-200, നെയ്മീന്‍-600, കൊഴിയാള-160, ചൂര-160, മത്തി-120, നത്തോലി വലുത്-170, നത്തോലി ചെറുത്-100, കൊഞ്ച്-500 എന്നിങ്ങനെയാണ് തിരുവനന്തപുരം പാളയം മാര്‍ക്കറ്റിലെ ഞായറാഴ്ചത്തെ വിലനിലവാരം. രണ്ടുമാസം മുമ്പ് കിലോയ്ക്ക് 450 രൂപയായിരുന്നിടത്തുനിന്നാണ് 600 രൂപയിലേക്ക് നെയ്മീന്‍ വില കുതിച്ചത്.

ട്രോളിങ് നിരോധന കാലയളവിലാണ് സാധാരണ മത്സ്യവില വര്‍ധിക്കുക. അസാധാരണമായ വിലവര്‍ധനമൂലം ഹോട്ടലുകളില്‍ ഊണിന്റെ ഇരട്ടിയിലധികം വില മത്സ്യവിഭവങ്ങള്‍ക്ക് നല്‍കേണ്ടിവരുന്നു. ഈസ്റ്ററടുക്കുന്നതോടെ വില ഇനിയും കുതിക്കും. മാര്‍ക്കറ്റില്‍ വില കുതിക്കുമ്പോഴും മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസം 100 രൂപപോലും കിട്ടുന്നില്ല. ഇന്ധനവിലക്കയറ്റത്തിനും മത്സ്യദൗര്‍ലഭ്യത്തിനും പുറമെ എന്‍ജിനും വലക്കുമെല്ലാം വിലകയറിയതോടെ മത്സ്യബന്ധനയാനങ്ങള്‍ കടപ്പുറങ്ങളില്‍ നോക്കുകുത്തിയായി. തീരത്ത് മത്സ്യം കിട്ടാനില്ലാതെ ആഴക്കടലിലേക്കുപോകുന്ന തൊഴിലാളികളെ കാത്തിരിക്കുന്നത് വിദേശകപ്പലുകളുടെ ആക്രമണവും വെടിയുണ്ടകളുമാണ്. 200 നോട്ടിക്കല്‍ മൈല്‍ ദൂരം വരെ ഇന്ത്യയുടെ നിയന്ത്രണത്തിലുണ്ടെങ്കിലും 25 നോട്ടിക്കല്‍ മൈല്‍വരെ പോകുമ്പോഴേക്കും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ അപകടത്തിലാകുന്ന സ്ഥിതിയാണ്. കപ്പല്‍ ചാലിലൂടെ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനുള്ള ബില്ലുകൂടി കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
(വി ഡി ശ്യാംകുമാര്‍)


ജില്ലയില്‍ "കടലില്‍ മീനില്ല" വരവുമീന്‍ തീവില

തൃശൂര്‍: ജില്ലയിലെ മീന്‍പിടിത്തം പ്രതിസന്ധിയിലായതോടെ വിപണിയില്‍ മത്സ്യത്തിന് വില കുതിക്കുന്നു. മത്സ്യലഭ്യത കുറഞ്ഞതും ചെലവ് കുതിച്ചതും കടലില്‍ പോകുന്നതില്‍നിന്നും മത്സ്യത്തൊഴിലാളികളെ തടയുകയാണ്. കടലിലിറങ്ങുന്ന വള്ളങ്ങള്‍ക്ക് കനപ്പെട്ട മീനൊന്നും ലഭിക്കുന്നില്ല. മത്തിയും വല്ലപ്പോഴും കുറച്ച് അയലയുമാണ് ലഭിക്കുന്നത്. കടുത്ത മത്സ്യക്ഷാമമാണ് ഉണ്ടായിട്ടുള്ളത്. നിലവില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നാണ് മത്സ്യമെത്തുന്നത്, വിശേഷിച്ച് വന്‍മത്സ്യങ്ങള്‍. ഇവയ്ക്കാകട്ടെ വന്‍വിലയാണ് വ്യാപാരികളും ഇടനിലക്കാരും ഈടാക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ വലിയ ഇനം മത്സ്യങ്ങള്‍ക്ക് 50 രൂപവരെയാണ് വില കയറിയത്. ഇന്ധനവില വര്‍ധനയും മത്സ്യബന്ധനഉപകരണങ്ങളുടെ വിലവര്‍ധനയും വന്‍തിരിച്ചടിയായതോടെ മത്സ്യബന്ധനം കുറഞ്ഞതാണ് ക്ഷാമം രൂക്ഷമാക്കിയത്.

മത്സ്യക്ഷാമത്തിന്റെ മറവില്‍ വിപണിയില്‍ തോന്നിയപോലെയാണ് കച്ചവടക്കാരും ഇടനിലക്കാരും ചേര്‍ന്ന് വില ഈടാക്കുന്നത്. അറയ്ക്കക്കും ആവോലിക്കുമാണ് ഏറെ ഡിമാന്‍ഡ്. അറയ്ക്ക പൊള്ളുന്ന വിലയായി. തൃശൂര്‍ ശക്തന്‍മാര്‍ക്കറ്റില്‍ അറയ്ക്കക്ക് ഞായറാഴ്ച കിലോയ്ക്ക് 550-600 രൂപയായി. മറ്റിടങ്ങളില്‍ 700 രൂപവരെ വാങ്ങുന്നു. ഒരാഴ്ചയ്ക്കുള്ളിലാണ് അറയ്ക്കക്ക് 50 രൂപവരെ വില കയറിയത്. ആവോലിക്ക് 280-300 രൂപവരെയാണ് തൃശൂര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച വില. പടിഞ്ഞാറേ കോട്ടയില്‍ 400 രൂപ നല്‍കണം. ബ്രാലിന് കിലോയ്ക്ക് 500-600 രൂപയും വറ്റ 350-400 രൂപയുമാണ് വില. ഏട്ടയ്ക്കും സ്രാവിനും 250 രൂപയും വാമീന് 350-400 രൂപയുമാണ് വില. ഒപ്പം ചെറുകിടമത്സ്യങ്ങള്‍ക്കും വില കുതിക്കുകയാണ്. ശക്തന്‍മാര്‍ക്കറ്റില്‍ അയിലയ്ക്ക് കിലോക്ക് 140 മുതല്‍ 180 രൂപവരെയാണ് വില. ചെമ്മീന്‍ കിലോയ്ക്ക് 350-400 രൂപവരെയാണ് തൃശൂര്‍ മാര്‍ക്കറ്റില്‍ വില. മറ്റിടങ്ങളില്‍ 500 രൂപയില്‍ കൂടുതലും വാങ്ങുന്നു. തൃശൂര്‍ മാര്‍ക്കറ്റില്‍ ഞായറാഴ്ച പിലോപ്പിയ 150 രൂപയും വാള 160 രൂപയുമാണ്.

അയില ഉള്‍പ്പെടെയുള്ള പല ചെറിയ ഇനം മത്സ്യങ്ങളും മുനമ്പത്തുനിന്നാണ് തൃശൂര്‍ മാര്‍ക്കറ്റില്‍ എത്തുന്നത്. വേളാങ്കണ്ണി, നാഗപട്ടണം, തൂത്തുക്കുടി എന്നിവിടങ്ങളില്‍നിന്നാണ് പ്രധാനമായും മത്സ്യം എത്തുന്നത്. തൃശൂര്‍ മാര്‍ക്കറ്റില്‍നിന്നാണ് മറ്റിടങ്ങളിലേക്ക് ഇത്തരം മത്സ്യം കച്ചവടത്തിന് എത്തുന്നത്. ഇതും കുറവായതാണ് വില കുതിക്കാന്‍ ഇടയാക്കിയത്. കടലില്‍ മത്സ്യലഭ്യത കുറയുന്നത് ആശങ്ക സൃഷ്ടിക്കുകയാണ്. ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് പലപ്പോഴും മതിയായ മത്സ്യം ലഭിക്കാതെ വന്‍നഷ്ടത്തിലാണ് മത്സ്യബന്ധനം നടക്കുന്നത്. ഇത് കടലില്‍ പോകുന്നതില്‍നിന്നും തൊഴിലാളികളെ തടയുന്നു. വിദേശകപ്പലുകളുടെ ട്രോളിങ്ങും കടലിലെ ആവാസവ്യവസ്ഥയിലും കാലാവസ്ഥയിലുമുണ്ടായ വലിയ മാറ്റങ്ങളുമാണ് മത്സ്യദൗര്‍ലഭ്യത്തിനു കാരണം. ശക്തന്‍മാര്‍ക്കറ്റില്‍തന്നെ മത്സ്യത്തിന് കടകള്‍ തോറും പല വിലയാണ്. ഉപഭോക്താക്കളെ നോക്കിയാണ് വില ഈടാക്കുന്നത്. തോന്നിയപോലെയാണ് വില ഈടാക്കുന്നതെന്ന് ഉപഭോക്താക്കളും പറയുന്നു.


deshabhimani 250213

No comments:

Post a Comment