Saturday, February 23, 2013
ജനദ്രോഹ ഭരണത്തിന് താക്കീതായി എല്‍ഡിഎഫിന്റെ തിളക്കമാര്‍ന്ന നേട്ടം
കണ്ണൂര്‍: ജില്ലയില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയാടിത്തറ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന്റെ സാക്ഷ്യപത്രമാണ് വെള്ളിയാഴ്ചത്തെ തദ്ദേശ തെരഞ്ഞെടുപ്പു ഫലം. ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനില്‍ എല്‍ഡിഎഫിന്റെ ഉജ്വല വിജയം ജനമനസ്സിന്റെ യഥാര്‍ഥ സൂചകമായി. യുഡിഎഫ് നിലനിര്‍ത്തിയ രണ്ട് പഞ്ചായത്ത് വാര്‍ഡുകളിലൊന്നയ കുന്നത്തൂരില്‍ വോട്ടുനിലയില്‍ എല്‍ഡിഎഫ് നടത്തിയ മുന്നേറ്റമാകട്ടെ ജനദ്രോഹ ഭരണത്തിനുള്ള മുന്നറിയിപ്പും. രണ്ടിടത്തും എല്‍ഡിഎഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ബഹുദൂരം മുന്നോട്ടുപോകാന്‍ കഴിഞ്ഞു. കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിലെ കോട്ടയം ഡിവിഷനില്‍ പോള്‍ ചെയ്ത വോട്ടിന്റെ 77.75 ശതമാനവും നേടിയാണ് സിപിഐ എം സ്ഥാനാര്‍ഥി സി ലത തെരഞ്ഞെടുക്കപ്പെട്ടത്. ആകെ പോള്‍ ചെയ്തത് 6869 വോട്ട്. ഇതില്‍ 5341 വോട്ടും ലതക്കു ലഭിച്ചപ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പെട്ടിയില്‍ വീണത് കേവലം 1471 വോട്ട്- 21. 41 ശതമാനം. 2010ലെ തെരഞ്ഞെടുപ്പില്‍ 2954 വോട്ടിന്റെ ഭൂരിപക്ഷമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ രഞ്ജിനിക്കു ലഭിച്ചതെങ്കില്‍ ഇക്കുറി ലതയുടെ ഭൂരിപക്ഷം 3870 ആയി വര്‍ധിച്ചു. പോളിങ്ങില്‍ 937 വോട്ടിന്റെ കുറവു വന്നിട്ടുകൂടിയാണ് ഈ വര്‍ധന. വോട്ട് ശതമാനത്തിലും അഭൂതപൂര്‍വ കുതിപ്പാണ് എല്‍ഡിഎഫ് നടത്തിയതെന്നു കാണാം. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത 7806 വോട്ടില്‍ എല്‍ഡിഎഫിനു ലഭിച്ചത് 5316 വോട്ടാണ്- 68.1 ശതമാനം. ഇതാണ് 77.75 ശതമാനമായി കുതിച്ചുയര്‍ന്നത്. യുഡിഎഫിനാകട്ടെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ച 30.25 ശതമാനം (2362 വോട്ട്) ഇക്കുറി 27.41 ശതമാനമായി കുറഞ്ഞു.
മുഴക്കുന്ന് പഞ്ചായത്തിലെ കുന്നത്തൂരിലും യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയെങ്കിലും എല്‍ഡിഎഫിന്റെ രാഷ്ട്രീയമുന്നേറ്റം വ്യക്തമാണ്. യുഡിഎഫിന്, വിശേഷിച്ച് മുസ്ലിംലീഗിന് നിര്‍ണായക സ്വാധീനമുള്ള വാര്‍ഡാണ് കുന്നത്തൂര്‍. കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥി കെ വി കുഞ്ഞിമായന്‍ 365 വോട്ടിനാണ് എല്‍ഡിഎഫിലെ സിപിഐ സ്ഥാനാര്‍ഥി ഹുസൈനെ പരാജയപ്പെടുത്തിയത്. ഹുസൈന് 195 വോട്ടേ ലഭിച്ചുള്ളൂ. ഇത്തവണ എല്‍ഡിഎഫിലെ ഒമ്പാന്‍ മുനീര്‍ 300 വോട്ടു നേടി. ഭൂരിപക്ഷം 229 വോട്ടായി കുറയുകയും ചെയ്തു. അയ്യങ്കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ് വാര്‍ഡില്‍ ആനപ്പന്തി സഹകരണബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചില പ്രാദേശിക പ്രശ്നങ്ങളാണ് തെരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിച്ചത്. അയ്യങ്കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവില്‍ കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്വതന്ത്രനായി വിജയിച്ച ജയ്സണ്‍ കാരക്കാട് കൂറുമാറിയെങ്കിലും സീറ്റ് നിലനിര്‍ത്തി. സമസ്ത മേഖലയിലും ജനവിരുദ്ധനയങ്ങളുമായി മുന്നോട്ടു പോകുന്ന യുഡിഎഫ് സര്‍ക്കാരിനുള്ള താക്കീതാണ് ഈ തെരഞ്ഞെടുപ്പ് ഫലം. എല്‍ഡിഎഫിന്റെ ജനപിന്തുണ വന്‍തോതില്‍ വര്‍ധിക്കുന്നതിന്റെ ആവേശകരമായ ചിത്രവും തെരഞ്ഞെടുപ്പുഫലത്തില്‍ തെളിയുന്നു. ജനപക്ഷത്തുനിന്ന് ഇടതുപക്ഷം നടത്തുന്ന നിരന്തര പോരാട്ടങ്ങള്‍ രാഷ്ട്രീയ എതിരാളികളുടെ മനസ്സുകളില്‍പോലും ചലനങ്ങളുണ്ടാക്കുന്നുവെന്നാണ് ഫലം നല്‍കുന്ന സൂചന.
എല്‍ഡിഎഫ് വിജയം; മലയോര ഗ്രാമം ആഹ്ലാദത്തില്‍
കുറ്റ്യാടി: മലയോര ഗ്രാമം ചെങ്കൊടി പ്രസ്ഥാനത്തിന് ഐക്യദാര്‍ഢ്യം ഉറപ്പിച്ചപ്പോള്‍ എല്‍ഡിഎഫിന് ഉജ്വല വിജയം. കാവിലുംപാറ പഞ്ചായത്തിലെ കാരിമുണ്ട വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ വെള്ളിയാഴ്ച രാവിലെ നടന്നു. എല്‍ഡിഎഫ് വിജയം ആവര്‍ത്തിച്ചപ്പോള്‍ നാടിന് ആഹ്ലാദമായി. സിപിഐ എം കാവിലുംപാറ വെസ്റ്റ് ലോക്കല്‍ കമ്മിറ്റി അംഗവും ബ്രാഞ്ച് സെക്രട്ടറിയുമായ എ കെ രാജനാണ് തിളക്കമാര്‍ന്ന വിജയം നേടിയത്. ജനകീയനായ സ്ഥാനാര്‍ഥിക്ക് മുന്നില്‍ മൂന്നാംമൂഴവും കോണ്‍ഗ്രസ്സിലെ വി പി സുരേഷ് പരാജയം അറിഞ്ഞു. ദേശാഭിമാനിയുടെ ഏജന്റുകൂടിയാണ് രാജന്‍. വോട്ടെണ്ണല്ലിന് ശേഷം എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.
വെച്ചൂരില്‍ എല്‍ഡിഎഫിന് ഉജ്വല വിജയം എല്‍ഡിഎഫും യുഡിഎഫും സീറ്റ് നിലനിര്‍ത്തി
കോട്ടയം: ജില്ലയില്‍ രണ്ട് പഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും സിറ്റിങ് സീറ്റുകള്‍ നിലനിര്‍ത്തി. വെച്ചൂര്‍ പഞ്ചായത്ത് ആറാംവാര്‍ഡില്‍ എല്‍ഡിഎഫും കുറവിലങ്ങാട് ഇന്ദിരഗിരി 13-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എമ്മുമാണ് വിജയിച്ചത്. വെച്ചൂര്‍ ആറാംവാര്‍ഡില്‍ സിപിഐ എമ്മിലെ പി ഒ വിനയചന്ദ്രന്‍ 107 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. പോള്‍ ചെയ്ത 821 വോട്ടില്‍ വിനയചന്ദ്രന് 462 വോട്ട് ലഭിച്ചു. എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസ് ഐ യിലെ സജീവന് 355 വോട്ടാണ് ലഭിച്ചത്. നാല് വോട്ട് അസാധുവായി. പഞ്ചായത്ത് പ്രസിഡന്റുകൂടിയായിരുന്ന സിപിഐ എമ്മിലെ കെ പവിത്രന്റെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചതിനേക്കാള്‍ 103 വോട്ട് അധിക ഭൂരിപക്ഷം ഇക്കുറി എല്‍ഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് പ്രവര്‍ത്തകര്‍ പ്രകടനവും നടത്തി. കുറവിലങ്ങാട് പഞ്ചായത്തിലെ പട്ടികജാതി സംവരണ സീറ്റായ ഇന്ദിരഗിരി 13-ാം വാര്‍ഡില്‍ കേരള കോണ്‍ഗ്രസ് എമ്മിലെ കെ ശ്രീനിവാസന് 134 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചു. ശ്രീനിവാസന് 430 വോട്ടും എല്‍ഡിഎഫ് സ്വതന്ത്ര എ കെ ശ്യാമളയ്ക്ക് 296 വോട്ടും ലഭിച്ചു. നാല് വോട്ട് അസാധുവായി. കേരള കോണ്‍ഗ്രസ് എമ്മിലെ കെ ആര്‍ ശശിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോര്‍പറേഷന്‍, പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന് ഉജ്വലനേട്ടം
കൊല്ലം: കൊല്ലം കോര്‍പറേഷന്‍ ഡിവിഷന്‍, ജില്ലയിലെ മൂന്നു പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടെ നാലിടത്തു നടന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്നിടത്ത് എല്‍ഡിഎഫിനു ഉജ്വലവിജയം. കോര്‍പറേഷന്‍ ഡിവിഷന്‍ ഉള്‍പ്പടെ രണ്ടു സീറ്റുകള്‍ എല്‍ഡിഎഫ് നിലനിര്‍ത്തി. പഞ്ചായത്തു വാര്‍ഡുകളില്‍ ഒന്ന് യുഡിഎഫില്‍നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എല്‍ഡിഎഫില്‍നിന്നു യുഡിഎഫും ഒരു സീറ്റ് പിടിച്ചെടുത്തു. കോര്‍പറേഷനിലെ അറുനൂറ്റിമംഗലം ഡിവിഷന്‍, മൈലം പഞ്ചായത്തിലെ പള്ളിക്കല്‍ 11-ാം വാര്‍ഡ് എന്നിവയാണ് എല്‍ഡിഎഫ് നിലനിര്‍ത്തിയത്. തൃക്കോവില്‍വട്ടം കുറുമണ്ണ 11-ാം വര്‍ഡാണ് യുഡിഎഫില്‍നിന്നു എല്‍ഡിഎഫ് പിടിച്ചെടുത്തത്. തഴവ പഞ്ചായത്ത് 18-ാം വാര്‍ഡ് എല്‍ഡിഎഫില്‍നിന്നു യുഡിഎഫ് പിടിച്ചെടുത്തു. അറുന്നൂറ്റിമംഗലം ഡിവിഷനില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ ആശാബിജു 334 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ഥി സബീനയെ പരാജയപ്പെടുത്തിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 1565 വോട്ടും യുഡിഎഫിന് 1231 വോട്ടും ലഭിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ കൂടുതല്‍ വോട്ട് എല്‍ഡിഎഫ് ഇത്തവണ നേടി. എസ്ഡിപിഐ സ്ഥാനാര്‍ഥിക്ക് 131 വോട്ട് നേടാനെ കഴിഞ്ഞുള്ളു. നിലവിലെ കൗണ്‍സിലര്‍ മഞ്ജു അനില്‍ അധ്യാപികയായി ജോലി കിട്ടയതിനെ തുടര്‍ന്നു രാജിവച്ച ഒഴിവിലായിരുന്നു ഉപതെരഞ്ഞെടുപ്പ്.
തൃക്കോവില്‍വട്ടം പഞ്ചായത്തിലെ കുറുമണ്ണയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ ജെ മോളി തിളക്കമാര്‍ന്ന വിജയം നേടി. കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റ് സിപിഐ എം പിടിച്ചെടുക്കുകയായിരുന്നു. 73 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മോളി വിജയിച്ചത്. ആകെ പോള്‍ചെയ്ത 1336ല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 675 വോട്ടും യുഡിഎഫിന് 602, ഡിഎച്ച്ആര്‍എം സ്ഥാനാര്‍ഥിക്ക് 47ഉം വോട്ടുകള്‍ നേടി. 12 വോട്ട് അസാധുവായി. വാര്‍ഡ് പ്രതിനിധിയായിരുന്ന കോണ്‍ഗ്രസിലെ അനൂജയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചതിനെതുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ്. മൈലം പഞ്ചായത്തിലെ പള്ളിക്കല്‍ വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. 18 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥിയെ പിന്തള്ളിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് ഷീബ ജയിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി മൈലം പഞ്ചായത്ത് പ്രസിഡന്റായ മിനിമോള്‍ സര്‍ക്കാര്‍ ജോലി കിട്ടിയതിനെതുടര്‍ന്ന് രാജിവച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് നടത്തിയത്. ബിജെപിയെയാണ് മിനിമോള്‍ തോല്‍പ്പിച്ചത്. യുഡിഎഫ് മൂന്നാംസ്ഥാനത്തായി. വോട്ടുനില: എല്‍ഡിഎഫ്-502, ബിജെപി-484, യുഡിഎഫ്-184. എഡിഎസ് ചെയര്‍പേഴ്സണും സിഡിഎസ് അംഗവുമാണ് ജയിച്ച ഷീബ. തഴവ പഞ്ചായത്തിലെ 18-ാം വാര്‍ഡില്‍ കോണ്‍ഗ്രസിലെ പാപ്പന്‍കുളങ്ങര സലിം ജയിച്ചു. സിപിഐയിലെ ഇയ്യാനത്ത് അജിത്കൃഷ്ണനായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി. സലീമിന്റെ ഭൂരിപക്ഷം 277 വോട്ട്. പഞ്ചായത്ത് പ്രസിഡന്റ് സിപിഐയിലെ ചെറുതിട്ട രാധാകൃഷ്ണപിള്ളയുടെ നിര്യാണത്തെതുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്.
മേയര്‍ നന്ദി പറഞ്ഞു
കൊല്ലം: അറുന്നൂറ്റിമംഗലം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആശാബിജുവിനെ വിജയിപ്പിച്ച സമ്മതിദായകര്‍ക്കും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും മേയര്‍ പ്രസന്ന ഏണസ്റ്റ് നന്ദി പറഞ്ഞു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതടക്കം യുഡിഎഫ് നേതൃത്വം വഴിവിട്ട ഇടപെടലുകളാണ് ഉപതെരഞ്ഞെടുപ്പില്‍ നടത്തിയത്. കോര്‍പറേഷന്‍ സെക്രട്ടറിയെ ആയുധമാക്കി ഡിസിസി പ്രസിഡന്റും കൊല്ലത്തെ ചില കടലാസ് സംഘടനകളും നടത്തിയ കള്ളപ്രചാരണത്തെ അറുന്നൂറ്റിമംഗലത്തെ പ്രബുദ്ധരായ ജനങ്ങള്‍ പുച്ഛിച്ചുതള്ളി. കൊല്ലത്തിന്റെ സമഗ്രവികസനത്തിന് ദീര്‍ഘവീക്ഷണത്തോടെ മുന്നോട്ടുപോകുന്ന കോര്‍പറേഷന്‍ ഭരണമിതിക്ക് ജനങ്ങള്‍ നല്‍കിയ അംഗീകാരമാണ് ഈ വിജയം. ഭരണസമിതി തുടങ്ങിവച്ച പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യപ്രാപ്തിയിലെത്തിക്കാന്‍ ജനങ്ങളുടെ സഹകരണം ഇനിയുമുണ്ടാകണമെന്ന് മേയര്‍ അഭ്യര്‍ഥിച്ചു.
തൊളിക്കോട്ടും മംഗലപുരത്തും എല്‍ഡിഎഫിന് ഉജ്വലവിജയം
വിതുര/കഴക്കൂട്ടം: തൊളിക്കോട് -മംഗലപുരം പഞ്ചായത്തുകളിലെ വാര്‍ഡ് ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ഉജ്വലവിജയം. തൊളിക്കോട് പഞ്ചായത്തിലെ വിനോബ നികേതന്‍ വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി ജയകുമാര്‍ (ജോയ്) 267 വോട്ടിന്റെ ചരിത്ര ഭൂരിപക്ഷത്തിലും, മംഗലപുരം പഞ്ചായത്തിലെ കുടവൂര്‍ വാര്‍ഡില്‍ 73 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ കരുണാകരനുമാണ് വിജയിച്ചത്. വിനോബ നികേതന്‍ വാര്‍ഡില്‍ യുഡിഎഫിന്റെ സീറ്റായിരുന്നു തിരികെ പിടിച്ചത്. വിനോബ നികേതന്‍ വാര്‍ഡില്‍ ആകെ 667 വോട്ട് പോള്‍ ചെയ്തപ്പോള്‍ 455 വോട്ടും ജയകുമാര്‍ കരസ്ഥമാക്കി. യുഡിഎഫ് വാര്‍ഡ് അംഗമായിരുന്ന രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഇതോടെ പഞ്ചായത്തിലെ കക്ഷിനില എല്‍ഡിഎഫിന് പത്തും യുഡിഎഫിന് മൂന്നും, മൂന്ന് സ്വതന്ത്രനുമായി. പുതിയ കക്ഷിനില അനുസരിച്ച് പഞ്ചായത്തിലെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനവും ഇനി എല്‍ഡിഎഫിന് ലഭിക്കും. കുടവൂര്‍ വാര്‍ഡില്‍ ആകെ പോള്‍ ചെയ്ത 1092 വോട്ടില്‍ 525 വോട്ട് എല്‍ഡിഎഫും 452 യുഡിഎഫും 107 ബിജെപിയും നേടി. ഇതോടെ മംഗലപുരം പഞ്ചായത്തില്‍ 20ല്‍ 11 സീറ്റ് എല്‍ഡിഎഫിനായി. കെ കരുണാകരന്‍ മംഗലപുരം മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ്. കടവൂര്‍ വാര്‍ഡ് അംഗമായിരുന്ന പ്രഭുലന് സര്‍ക്കാര്‍ ജോലി ലഭിച്ചതിനാലാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
ചരിത്രവിജയത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം
വിതുര: തൊളിക്കോട് പഞ്ചായത്തിലെ വിനോബ നികേതന്‍ വാര്‍ഡിലെ ചരിത്രവിജയത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനം നടത്തി. തൊളിക്കോട് ടൗണിലും വാര്‍ഡ് കേന്ദ്രങ്ങളിലും ആഹ്ലാദപ്രകടനം നടന്നു. പഞ്ചായത്ത് പ്രസിഡന്റ് എസ് എസ് പ്രേംകുമാര്‍, എന്‍ എം സാലി, റിയാസ്, ജി ശശി എന്നിവര്‍ സംസാരിച്ചു. സഹതാപവോട്ട് നേടാന്‍ രാജേന്ദ്രന്റെ സഹോദരി രജനിയെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജി ജയകുമാറിനെതിരെ മത്സര രംഗത്തെത്തിച്ചെങ്കിലും യുഡിഎഫിനെ തുണച്ചില്ല. കോണ്‍ഗ്രസ് ബാനറില്‍ മത്സരിച്ച രജനിക്ക് 179 വോട്ടേ നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി ബാബുരാജിന് 26 വോട്ട് ലഭിച്ചു. ഏഴ് വോട്ട് അസാധുവായി. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ജനദ്രോഹ ജനവഞ്ചനാ നിലപാടുകള്‍ക്കെതിരെയുള്ള താക്കീതായി തെരഞ്ഞെടുപ്പ് മാറി. കഴിഞ്ഞ തവണ യുഡിഎഫ് സ്ഥാനാര്‍ഥി രാജേന്ദ്രന് ലഭിച്ച 16 വോട്ടിന്റെ ഭൂരിപക്ഷം തകര്‍ത്ത് 267 വോട്ടിന്റെ മൃഗീയ ഭൂരിപക്ഷമാണ് ജയകുമാര്‍ നേടിയെടുത്തത്.
deshabhimani 230213
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment