Monday, February 25, 2013

സമരസന്ദേശ യാത്ര കേരളത്തില്‍


ജനദ്രോഹ നയങ്ങള്‍ക്കെതിരെ രാജ്യത്ത് യഥാര്‍ഥ ബദല്‍ കെട്ടിപ്പടുക്കല്‍ ലക്ഷ്യമിട്ട് സിപിഐ എം നടത്തുന്ന സമരസന്ദേശ യാത്ര കേരളത്തിലേക്ക് കടന്നു. സംസ്ഥാനാതിര്‍ത്തിയായ കളിയിക്കാവിളയില്‍ ഉജ്ജ്വല വരവേല്‍പ്പാണ് ജാഥയ്ക്ക് ലഭിച്ചത്.

കന്യാകുമാരി ഗാന്ധിപാര്‍ക്കില്‍ വന്‍ ജനാവലിയെ സാക്ഷിയാക്കി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഞായറാഴ്ച ഉദ്ഘാടനം ചെയ്ത ജാഥയാണ് കേരളത്തിലേക്ക് കടന്നത്. പൊളിറ്റ് ബ്യൂറോ അംഗമായ എസ് രാമചന്ദ്രന്‍പിള്ളയാണ് ജാഥാക്യാപ്റ്റന്‍. രാജ്യത്ത് പര്യടനം നടത്തുന്ന നാലുജാഥകളില്‍ ആദ്യത്തേതാണ് കന്യാകുമാരിയില്‍ തുടങ്ങിയത്. ജാഥയ്ക്ക് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തക്കലയിലും പത്തിന് മാര്‍ത്താണ്ഡത്തും സ്വീകരണം നല്‍കി. പിന്നീട് കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെയും പൊളിറ്റ്ബ്യൂറോഅംഗം കോടിയേരി ബാലകൃഷ്ണന്റെയും നേതൃത്വത്തില്‍ ജാഥയെ വരവേറ്റു.

ജാഥയെ വരവേല്‍ക്കാന്‍ സിപിഐ എമ്മിന്റെയും വിവിധ വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ അയ്യായിരത്തോളംപേര്‍ അണിനിരന്നു. റെഡ് വളന്റിയര്‍മാരുടെ അകമ്പടിക്കുപുറമെ ശിങ്കാരിമേളം, മുത്തുക്കുട, ബാന്റുമേളം തുടങ്ങിയ നാടന്‍കലാരൂപങ്ങള്‍ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അണിനിരന്നു. ഏരിയയിലുടനീളം പ്രചാരണബോര്‍ഡുകളും ദേശീയപാതയില്‍ കമാനങ്ങളും കൊടിതോരണങ്ങളും അലങ്കരിച്ചു.

കളിയിക്കവിളയില്‍ ചേര്‍ന്ന പൊതുസമ്മേളനത്തില്‍ വി എസ് അച്യുതാനന്ദന്‍. ഇ പി ജയരാജന്‍. പി കെ ശ്രീമതി. കെ കെ ശൈലജ തുടങ്ങിയ നേതാക്കള്‍ സംസാരിച്ചു. വൈകിട്ട് മൂന്നിന് ആറ്റിങ്ങലിലാണ് കേരളത്തിലെ ആദ്യ സ്വീകരണം. മുംബൈയില്‍നിന്ന് മാര്‍ച്ച് എട്ടിന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നയിക്കുന്ന ജാഥയുമായി മധ്യപ്രദേശിലെ ഭോപാലില്‍ സംഗമിച്ചശേഷം ഈ ജാഥ ഡല്‍ഹിക്ക് പ്രയാണം നടത്തും. കേരളത്തിലെ എട്ടു ജില്ലയിലൂടെ സഞ്ചരിച്ച്, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷമാണ് ഭോപാലില്‍ മുംബൈ ജാഥയുമായി സംഗമിക്കുക.

പ്രകാശ് കാരാട്ട് നയിക്കുന്ന കൊല്‍ക്കത്ത ജാഥ മാര്‍ച്ച് ഒന്നിനും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന അമൃത്സര്‍ ജാഥ മാര്‍ച്ച് നാലിനും പര്യടനം ആരംഭിക്കും. നാലു ജാഥകളുടെയും സമാപനംകുറിച്ച് മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ ജനലക്ഷങ്ങളുടെ റാലി നടക്കും. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ബഹുജനങ്ങളാണ് ഫ്ളാഗ് ഓഫിന് കന്യാകുമാരിയിലേക്ക് എത്തിയത്. നാഗര്‍കോവിലില്‍ വിപുലമായ റാലി സംഘടിപ്പിച്ചിരുന്നതിനാല്‍ കന്യാകുമാരിയില്‍ പ്രത്യേകയോഗം തീരുമാനിച്ചിരുന്നില്ലെങ്കിലും വന്‍ ജനാവലി തടിച്ചുകൂടിയപ്പോള്‍ പ്രകാശ് കാരാട്ടും എസ് ആര്‍ പിയും ജനങ്ങളെ അഭിവാദ്യംചെയ്ത് സംസാരിച്ചു. പ്രകാശ് കാരാട്ടിനെയും എസ്ആര്‍പിയെയും ജാഥാംഗങ്ങളായ കെ വരദരാജന്‍, എം എ ബേബി, വി ശ്രീനിവാസ് റാവു, സുധ സുന്ദരരാമന്‍ എന്നിവരെയും നേതാക്കളും ബഹുജനങ്ങളും ചുവപ്പുഹാരമണിയിച്ചു. സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നൂര്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ വരദരാജന്‍ അധ്യക്ഷനായി.

കന്യാകുമാരിമുതല്‍ നാഗര്‍കോവില്‍വരെയുള്ള ഇരുപതു കിലോമീറ്റര്‍ ദൂരം നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അകമ്പടിയേകി. പൂര്‍വമേഖല ജാഥയുടെ ഒഡിഷ ഉപജാഥ ഞായറാഴ്ച ഒഡിഷ-ആന്ധ്ര അതിര്‍ത്തിയായ പാര്‍ലര്‍ മാദുണ്ടിയില്‍നിന്ന് തുടങ്ങി. സിപിഐ എം ഒഡിഷ സംസ്ഥാനസെക്രട്ടറി ജനാര്‍ദന്‍പതിയുടെ നേതൃത്വത്തിലാണ് ജാഥ നടക്കുന്നത്. ഗജതക്ക് ജില്ലാസെക്രട്ടറി എല്‍ റാംകുമാര്‍ റാവു ജനാര്‍ദന്‍പതിക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ജഗന്നാഥ് മിശ്ര, ഹരികിഷന്‍ പട്നായിക്, ശരത്ദാസ് എന്നിവരാണ് ജാഥാംഗങ്ങള്‍. ശനിയാഴ്ച തുടങ്ങിയ അസം ഉപജാഥ രണ്ടാംദിനപര്യടനം ഗോല്‍പാറയില്‍പൂര്‍ത്തിയാക്കി. തിങ്കളാഴ്ച പൊളിറ്റ്ബ്യൂറോ അംഗം നിരുപംസെന്നിന്റെ നേതൃത്വത്തില്‍ ഈ ജാഥയെ ബംഗാളിലേക്ക് നയിക്കും.
(എന്‍ എസ് സജിത്)

deshabhimani

No comments:

Post a Comment