Tuesday, February 26, 2013

മമതയെ വിമര്‍ശിച്ച സിനിമയ്ക്ക് വിലക്ക്


 മമത ബാനര്‍ജിയെ വിമര്‍ശിക്കുന്ന ബംഗാളി ചിത്രത്തിന് സെന്‍സര്‍ബോര്‍ഡിന്റെ വിലക്ക്. തൃണമൂല്‍ വിമതനും പാര്‍ലമെന്റ് അംഗവുമായ കബീര്‍സുമന്‍ അഭിനയിച്ച "കങ്കല്‍ മല്‍സാത്" (പാവങ്ങളുടെ യുദ്ധപ്രഖ്യാപനം) എന്ന സിനിമയ്ക്കാണ് സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. പ്രശസ്ത എഴുത്തുകാരി മഹാശ്വേതാ ദേവിയുടെ മകന്‍ നബാറുണ്‍ ഭട്ടാചാര്യയുടെ പുസ്തകത്തെ അധികരിച്ച് സുമന്‍ മുഖോപാധ്യായയാണ് ചിത്രം ഒരുക്കിയത്. സിംഗൂര്‍ സമരക്കാരെയും മുഖ്യമന്ത്രിയെയും കളിയാക്കുന്ന രംഗം ഉള്‍പ്പെടുത്തിയതുകൊണ്ടാണ് വിലക്കേര്‍പ്പെടുത്തുന്നതെന്ന് സംസ്ഥാന സെന്‍സര്‍ ബോര്‍ഡ് അറിയിച്ചു.

ടാറ്റാ നാനോ കാര്‍ ഫാക്ടറിയെ സിംഗൂരില്‍നിന്ന് തുരത്തിയ മമത ബാനര്‍ജി, മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്യുന്ന സമയത്ത് കൊല്‍ക്കത്തയെ ലണ്ടനാക്കുമെന്നു പ്രഖ്യാപിച്ചതിനെ ചിത്രത്തില്‍ കളിയാക്കുന്നുണ്ട്. ഈ രംഗമാണ് സെന്‍സര്‍ ബോര്‍ഡിനെ ചൊടിപ്പിച്ചത്. തന്റെ സിനിമയെ വിലക്കുന്നതിനു പിന്നില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ വിവേചനമാണെന്ന് സംവിധായകന്‍ സുമന്‍ മുഖോപാധ്യായ പ്രതികരിച്ചു. മമത ബാനര്‍ജിയുടെ സാംസ്കാരിക ഉപദേഷ്ടാക്കളില്‍ പ്രമുഖനായ ഹരാനാഥ് ചക്രവര്‍ത്തി സെന്‍സര്‍ ബോര്‍ഡിലെ പ്രധാനിയാണ്. ആരുടെ നിര്‍ദേശപ്രകാരമാണ് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തുന്നതെന്ന് വ്യക്തമാണെന്നും സുമന്‍ പറഞ്ഞു.

deshabhimani 260213

No comments:

Post a Comment