Tuesday, February 26, 2013

പുതിയ ശക്തിയുടെ ഉദയം

കൊല്ലം: ഇതാ, ചെങ്കൊടിയുടെ പ്രസ്ഥാനത്തെ നെഞ്ചേറ്റിയവരുടെ മഹാസാഗരം. കൊല്ലത്തിന്റെ ചുവന്നചരിത്രത്തിലേക്കു മറ്റൊരു മഹാപ്രവാഹം. തിങ്കളാഴ്ച സായന്തനത്തില്‍ കൊല്ലത്തിന്റെ മണല്‍ത്തരികള്‍പോലും ചുവന്നുതുടുത്തു. അസ്തമനസൂര്യന്റെ പൊന്‍കിരണങ്ങള്‍ അങ്ങുദൂരെ ആകാശത്തു ചുവപ്പിന്റെ ആയിരം വര്‍ണരാജികള്‍ സൃഷ്ടിച്ചപ്പോള്‍ ആശ്രാമം മൈതാനത്തെ പതിനായിരങ്ങളുടെ മനസ്സില്‍ രൂപംകൊണ്ടത് പുതിയൊരു ദേശീയരാഷ്ട്രീയശക്തിയുടെ ഉദയകിരണങ്ങള്‍. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ദേശീയ സമരസന്ദേശജാഥയ്ക്കു കൊല്ലം നല്‍കിയതു ചരിത്രമായിമാറിയ ഉജ്വല വരവേല്‍പ്പ്. സമരഭരിതമായിരുന്ന

പോയകാലത്തിന്റെ ജ്വലിക്കുന്ന പൈതൃകം നെഞ്ചേറ്റിയവരുടെ മഹാപ്രവാഹം കൊല്ലത്തെ നഗരവീഥികളെയും കാലത്തിന്റെ മഹാപ്രവാഹത്തില്‍ കോരിത്തരിച്ചിട്ടുളള ആശ്രാമം മൈതാനത്തെയും ആവേശത്താല്‍ വീണ്ടും വിജ്രംഭിതമാക്കി. സാമ്രാജ്യത്വത്തിന്റെ ആജ്ഞാനുവര്‍ത്തികളും കോര്‍പറേറ്റുകളുടെ നയകോവിദന്മാരുമായ കേന്ദ്രഭരണാധികാരികളുടെ ദ്രോഹനയങ്ങള്‍ തിരുത്തിക്കുമെന്നും ദേശീയരാഷ്ടീയത്തില്‍ ബദല്‍ശക്തിയുടെ ഉദയം സമാഗമമായി എന്നും പ്രഖ്യാപിച്ച് ആശ്രാമം മൈതാനത്തേക്ക് ഒഴുകിയെത്തിയതു പതിനായിരങ്ങള്‍. സിപിഐ എം ദേശീയ സമരസന്ദേശജാഥയെ വരവേല്‍ക്കാന്‍ കൊല്ലം ഇതുവരെ കണ്ടിട്ടില്ലാത്ത ജനസഞ്ചയം. ചെങ്കൊടികളുമേന്തി ജില്ലയുടെ വിവിധഭാഗങ്ങളില്‍നിന്ന് എത്തിയ മഹാജനസഞ്ചയത്തിന്റെ സാന്നിധ്യത്താല്‍ ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനം തിങ്കളാഴ്ച സായാഹ്നത്തില്‍ പ്രകമ്പനംകൊണ്ടു.

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലിലെ സ്വീകരണത്തിനുശേഷം കൊല്ലം ജില്ലാതിര്‍ത്തിയായ പാരിപ്പള്ളിയില്‍ വൈകിട്ട് ആറോടെ എത്തി. സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം കെ ഭാസ്കരന്‍, പി രാജേന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ജയമോഹന്‍, ജോര്‍ജ് മാത്യു, മഹിളാ അസോസിയേഷന്‍ നേതാവ് രാജമ്മാ ഭാസ്കരന്‍, സിപിഐ എം ജില്ലാകമ്മിറ്റി അംഗങ്ങളായ കെ പി കുറുപ്പ്, ബി തുളസീധരക്കുറുപ്പ്, എസ് പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഇവിടെവച്ച് ജാഥയെ ജില്ലയിലേക്ക് സ്വീകരിച്ചു. പഞ്ചവാദ്യത്തിന്റെയും മുത്തുക്കുടകളുടെയും പുഷ്പവൃഷ്ടിയുടെയും അകമ്പടിയോടെയാണ് ജാഥയെ ജില്ലയിലേക്ക് വരവേറ്റത്. ആശ്രാമം മൈതാനത്ത് പ്രത്യേകം സജ്ജമാക്കിയ സമ്മേളനവേദിയില്‍ ജില്ലയിലെ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു ജാഥാ ക്യാപ്റ്റനെയും മറ്റ് അംഗങ്ങളെയും സ്വീകരിച്ചത്. സിപിഐ എം ജില്ലാകമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ രാജഗോപാല്‍ എസ് ആര്‍ പിയെയും ജാഥാംഗങ്ങളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസനും ക്യാപ്റ്റനെയും ജാഥാംഗങ്ങളെയും സ്വീകരിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിക്കുവേണ്ടി തയ്യാറാക്കിയ ഇ എം എസിന്റെ ഛായാചിത്രം ഉള്‍പ്പെടുന്ന മെമന്റോ സംസ്ഥാനകമ്മിറ്റി അംഗം എം കെ ഭാസ്കരന്‍ ജാഥാക്യാപ്റ്റനും മറ്റ് അംഗങ്ങള്‍ക്കും സമ്മാനിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളും ജാഥാംഗങ്ങളെ സ്വീകരിച്ചു. ജില്ലയിലെ 17 ഏരിയസെക്രട്ടറിമാര്‍, 139 ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവരും ജാഥാക്യാപ്റ്റനെ സ്വീകരിച്ചു.

ആശ്രാമം മൈതാനം നേതൃസംഗമ വേദിയായി

കൊല്ലം: സിപിഐ എം ദേശീയ സമരസന്ദേശജാഥയെ വരവേല്‍ക്കാന്‍ ആശ്രാമം മൈതാനത്ത് എത്തിയത് സിപിഐ എം കേന്ദ്ര-സംസ്ഥാന നേതാക്കളുടെ നീണ്ടനിര. സ്വീകരണസമ്മേളനത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ കെ ബാലന്‍, തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ എന്നിവരും സംബന്ധിച്ചു. പി കെ ഗുരുദാസന്‍ എംഎല്‍എ അധ്യക്ഷനായി. കെ രാജഗോപാല്‍ സ്വാഗതം പറഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരിം, ജാഥാക്യാപ്റ്റന്‍ എസ് ആര്‍ പി, ജാഥാംഗങ്ങളായ എം എ ബേബി, ശ്രീനിവാസറാവു, സുധാ സുന്ദര്‍രാമന്‍ എന്നിവരും സംസാരിച്ചു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എം കെ ഭാസ്കരന്‍, പി രാജേന്ദ്രന്‍, കെ വരദരാജന്‍, എസ് രാജേന്ദ്രന്‍, ബി രാഘവന്‍, കെ എന്‍ ബാലഗോപാല്‍ എംപി, ജെ മേഴ്സിക്കുട്ടിയമ്മ, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങള്‍ എന്നിവരും സ്വീകരണസമ്മേളനത്തില്‍ സന്നിഹിതരായി. ജില്ലാകമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ രാജഗോപാല്‍ എസ് ആര്‍ പിയെയും ജാഥാംഗങ്ങളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസനും ക്യാപ്റ്റനെയും ജാഥാംഗങ്ങളെയും സ്വീകരിച്ചു. സിപിഐ എം ജില്ലാകമ്മിറ്റിക്കുവേണ്ടി ആര്‍ട്ടിസ്റ്റ് സുലൈമാന്‍ വൈക്കോലില്‍ തയ്യാറാക്കിയ ഇ എം എസിന്റെ ഛായാചിത്രം ഉള്‍പ്പെടുന്ന മെമന്റോ സംസ്ഥാനകമ്മിറ്റി അംഗം എം കെ ഭാസ്കരന്‍ ജാഥാക്യാപ്റ്റനും മറ്റ് അംഗങ്ങള്‍ക്കും സമ്മാനിച്ചു. രക്തസാക്ഷി കുടുംബാംഗങ്ങളും ജാഥാംഗങ്ങളെ സ്വീകരിച്ചു. ജില്ലയിലെ 17 ഏരിയ സെക്രട്ടറിമാര്‍, 139 ലോക്കല്‍കമ്മിറ്റി സെക്രട്ടറിമാര്‍ എന്നിവരും ജാഥാക്യാപ്റ്റന്‍ എസ് ആര്‍ പിയെ സ്വീകരിച്ചു.

രക്തസാക്ഷി സ്മരണയിരമ്പി സ്വീകരണസമ്മേളനം

കൊല്ലം: പിന്തിരിപ്പന്‍ ശക്തികളുടെ ആക്രമണത്തിനിരയായി രക്തസാക്ഷിത്വം വരിച്ച ധീരസഖാക്കളുടെ സ്മരണകളിരമ്പിനിന്നു സമരസന്ദേശ ജാഥയുടെ സ്വീകരണസമ്മേളനവേദിയില്‍. കോണ്‍ഗ്രസ് - ആര്‍എസ്എസ് സംഘങ്ങളുടെ കൊലക്കത്തിക്കിരയായ ധീരരക്തസാക്ഷികളുടെ കുടുംബങ്ങള്‍ സിപിഐ എം അഖിലേന്ത്യ തെക്കന്‍ മേഖലാജാഥയെ സ്വീകരിക്കാന്‍ ആശ്രാമം മൈതാനിയില്‍ എത്തിയത് പതിനായിരങ്ങളെ ആവേശഭരിതരാക്കി. ജാഥ എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പേ രക്തസാക്ഷി കുടുംബാംഗങ്ങള്‍ സ്വീകരണവേദിയിലെത്തിയിരുന്നു. വിദ്യാര്‍ഥിപ്രസ്ഥാനത്തിന്റെ പോരാളി അജയപ്രസാദിന്റെ അമ്മ തങ്കച്ചി, സഹോദരി ആര്യാ പ്രസാദ്, പുത്തൂരിലെ ബാബുവിന്റെ ഭാര്യ സുഗന്ധി, കൊട്ടാരക്കരയിലെ തങ്ങള്‍കുഞ്ഞിന്റെ മകന്‍ ബഷീര്‍, കശുവണ്ടിത്തൊഴിലാളി സമരത്തിന്റെ പോരാളിയായ പരമേശ്വരന്റെ സഹോദരന്‍ നാരായണന്‍, പി ആര്‍ പൊന്നപ്പന്റെ സഹോദരന്‍ പി ആര്‍ രാജപ്പന്‍, ഡിവൈഎഫ്ഐ നേതാവായിരുന്ന സുനില്‍കുമാറിന്റെ അമ്മ മൃദുല, ഭാസ്കരന്റെ ഭാര്യ ചെല്ലമ്മ എന്നിവരാണ് വേദിയിലെത്തി ജാഥാക്യാപ്റ്റന്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ളയെ സ്വീകരിച്ചത്. രക്തസാക്ഷി കുടുംബാംഗങ്ങളെ ജാഥാക്യാപ്റ്റന്‍ ഷാളണിയിച്ച് ആദരിച്ചു.

ചെങ്കടലായി ആശ്രാമം മൈതാനം

കൊല്ലം: ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനത്തെ മണ്‍തരികള്‍ തിങ്കളാഴ്ച മറ്റൊരു ചരിത്രമെഴുതി. പ്രക്ഷോഭത്തിന്റെ ചുവപ്പന്‍ ചരിത്രം. വിശാലമായ മൈതാനം മനുഷ്യസാഗരമായി. തൊഴിലാളികളും ജീവനക്കാരും സ്ത്രീകളും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവര്‍ സംഘശക്തിയുടെ ചെങ്കൊടികളുമായി മൈതാനത്തേക്ക് ഒഴുകിയെത്തി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വരാന്‍പോകുന്ന പ്രക്ഷോഭത്തിന്റെ വിളംബരമായി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സിപിഐ എം സമരസന്ദേശജാഥയ്ക്ക് പതിനായിരങ്ങള്‍ വിപ്ലവാഭിവാദ്യമേകി. വൈകിട്ട് അഞ്ചിനാണ് സ്വീകരണ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍, വൈകിട്ട് നാലുമുതല്‍ തന്നെ നഗരത്തിലെ ഇടറോഡുകളെല്ലാം ആശ്രാമം മൈതാനത്തേക്കായിരുന്നു. ജില്ലയിലെ 17 ഏരിയകളില്‍നിന്നുള്ളവര്‍ ഉച്ചയോടെ വാഹനങ്ങളില്‍ മൈതാനത്ത് എത്തി. ചെങ്കൊടികളാല്‍ അലംകൃതമായ മൈതാനത്ത് നിരത്തിയിട്ട പതിനായിരത്തോളം കസേരകളില്‍ നേരത്തെതന്നെ ജനം ഇടംപിടിച്ചു. സമ്മേളനത്തിനു മുന്നോടിയായി തിരുവനന്തപുരം കൈരളി ഓര്‍ക്കസ്ട്ര ഗാനമേള അവതരിപ്പിച്ചു. കൈരളി സ്വരലയ ഗന്ധര്‍വസംഗീതം മത്സരവിജയി ബിജു മാങ്കോട്, ചാള്‍സ് ഗോമസ്, സംഗീത വിനോദ് എന്നിവര്‍ വിപ്ലവഗാനങ്ങളും പഴയകാല നാടകഗാനങ്ങളും അവതരിപ്പിച്ചു. 5.30ന് യോഗം തുടങ്ങിപ്പോഴേക്കും മൈതാനം നിറഞ്ഞുകവിഞ്ഞിരുന്നു.

സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എളമരം കരിം സമ്മേളനത്തെ അഭിവാദ്യംചെയ്തുകൊണ്ടിരിക്കെ ആറോടെ പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍, ജാഥാംഗങ്ങളായ എം എ ബേബി, സുധ സുന്ദരരാമന്‍ എന്നിവര്‍ എത്തി. ജനം ഹര്‍ഷാരവത്തോടെ നേതാക്കളെ വരവേറ്റു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹനയങ്ങളിലേക്ക് വെളിച്ചംവീശിയ സുധ സുന്ദരരാമന്റെ തമിഴിലുള്ള പ്രസംഗം ജനം ശരിക്കും ആസ്വദിച്ചു. ആഗോളകുത്തകകള്‍ക്ക് രാജ്യത്തെ അടിയറവയ്ക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കേണ്ടതിന്റെ അനിവാര്യത കോടിയേരിയും എം എ ബേബിയും ചുരുങ്ങിയ വാക്കുകളില്‍ വിശദീകരിച്ചു. തുടര്‍ന്ന് ജാഥാ ക്യാപ്റ്റന്‍ എസ് ആര്‍ പി, ജാഥാംഗം ശ്രീനിവാസ റാവു, സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ എന്നിവര്‍ വേദിയിലെത്തി. നേതാക്കളെ മൈതാനത്തെ സമ്മേളന കവാടത്തില്‍നിന്ന് പ്രവര്‍ത്തകര്‍ സ്വീകരിച്ച് ആനയിച്ചാണ് ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റ് പശ്ചാത്തലമാക്കിയ വേദിയിലേക്ക് എത്തിച്ചത്. ജില്ലാ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി കെ രാജഗോപാല്‍ ജാഥാക്യാപ്റ്റനെയും ജാഥാ അംഗങ്ങളെയും ഷാള്‍ അണിയിച്ച് സ്വീകരിച്ചു. നവകേരള ശില്‍പ്പിയും കമ്യൂണിസ്റ്റ് ആചാര്യനുമായ ഇ എം എസിന്റെ കച്ചിത്തുരുമ്പില്‍ രൂപപ്പെടുത്തിയ ചിത്രങ്ങള്‍ ഉപഹാരമായി നല്‍കി.

ആവേശം തിരതല്ലിയ സ്വീകരണം

കൊല്ലം: ചുവപ്പിന്റെ ശബളിമയില്‍ മുങ്ങിനിന്ന ആശ്രാമം മൈതാനത്തിന്റെ കവാടത്തില്‍ വാദ്യഘോഷങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും പെരുക്കത്തില്‍ സിപിഐ എം ദേശീയ സമരസന്ദേശ ജാഥയ്ക്ക് ആവേശോജ്വലമായ വരവേല്‍പ്പ് നല്‍കി. വൈകിട്ട് ആറരയോടെയാണ് കൊല്ലത്തെ സ്വീകരണകേന്ദ്രമായ ആശ്രാമം മൈതാനത്ത് ജാഥയെത്തിയത്. സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയനും കൂടി ജാഥാ അംഗങ്ങള്‍ക്കൊപ്പം എത്തിച്ചേര്‍ന്നതോടെ പ്രവര്‍ത്തകരുടെ സമരാവേശം അണപൊട്ടിയൊഴുകി. സെക്രട്ടറിയറ്റ്അംഗം എ കെ ബാലനും പിണറായിക്കൊപ്പം ഉണ്ടായിരുന്നു. ജാഥാ ക്യാപ്റ്റന്‍ റെഡ്വളന്റിയേഴ്സിന്റെ സല്യൂട്ട് സ്വീകരിച്ചശേഷം നേരത്തെതന്നെ മൈതാനത്തിന്റെ പ്രവേശനകവാടത്തില്‍ കാത്തുനിന്ന ജില്ലാസെക്രട്ടറി കെ രാജഗോപാല്‍, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍, കെ എന്‍ ബാലഗോപാല്‍, ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എന്‍ എസ് പ്രസന്നകുമാര്‍, പി ആര്‍ വസന്തന്‍ എന്നിവര്‍ ചേര്‍ന്ന് നേതാക്കളെ വേദിയിലേക്ക് ആനയിച്ചു. പഞ്ചവാദ്യത്തിന്റെ നാദലഹരിയില്‍ ഉത്സവത്തിമിര്‍പ്പിലായ വരവേല്‍പ്പില്‍ മേളപ്പദങ്ങളേക്കാള്‍ ഉച്ചസ്ഥായിയില്‍ മുഴങ്ങിയത് പ്രവര്‍ത്തകരുടെ സമരാവേശം ഉണര്‍ത്തുന്ന മുദ്രാവാക്യങ്ങളായി. മൈതാനത്തിന്റെ അങ്ങേത്തലയ്ക്കലുള്ള വേദിയിലേക്ക് നടന്നുനീങ്ങിയ നേതാക്കളെ റെഡ്വളന്റിയേഴ്സും പ്രവര്‍ത്തകരും അനുധാവനം ചെയ്തു. പാരിപ്പള്ളിയില്‍നിന്നു കൊല്ലത്തേക്ക് പ്രയാണം നടത്തിയ ജാഥയെ തിരുവനന്തപുരം ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ നേതാക്കളും നൂറുകണക്കിന് ഇരുചക്രവാഹനങ്ങളില്‍ ചെങ്കൊടികളേന്തിയ റെഡ്വളന്റിയേഴ്സും അനുഗമിച്ചു.


ബാങ്ക് ദേശസാല്‍ക്കൃതനിയമം കേന്ദ്രം അട്ടിമറിക്കുന്നു: എം എ ബേബി

കൊല്ലം: യുപിഎ സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന സോണിയഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും ചേര്‍ന്ന് ഇന്ദിരാഗാന്ധി ആവിഷ്കരിച്ച ബാങ്ക് ദേശസാല്‍ക്കരണ നിയമം അട്ടിമറിക്കുകയാണെന്ന് ജാഥാംഗം എം എ ബേബി പറഞ്ഞു. സിപിഐ എം സമരസന്ദേശ ജാഥയ്ക്ക് സ്വീകരണം നല്‍കാനായി ആശ്രാമം മൈതാനത്തുചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു എം എ ബേബി. ബാങ്ക് ദേശസാല്‍ക്കരണ നിയമത്തിന്റെ എല്ലാ നല്ലവശവും ഇല്ലാതാക്കാനുള്ള നിയമഭേദഗതിയാണ് കേന്ദ്രം നടപ്പാക്കുന്നത്. രാജ്യത്തെ ബാങ്കിങ് മേഖലയിലുള്ള 70 ലക്ഷം കോടിയുടെ നിക്ഷേപം സ്വകാര്യ മുതലാളിമാരുടെ കൈകളിലെത്തിക്കാനാണ് ശ്രമം. ബൂര്‍ഷ്വാ പാര്‍ടികളുടെ അംഗങ്ങളുടെ നാമമാത്രമായ പിന്തുണയില്‍ പാര്‍ലമെന്റിനെ നോക്കുകുത്തിയാക്കി നിയമം ഭേദഗതിചെയ്യാനാണ് നീക്കം. സാമ്രാജ്യത്വത്തിന്റെ അദൃശ്യമായ നിയന്ത്രണത്തിലാണ് മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. ചൂഷക വര്‍ഗ താല്‍പ്പര്യം സംരക്ഷിക്കുന്ന സാമ്പത്തികനയങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. കഴിഞ്ഞ രണ്ടുദിവസം ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കില്‍ ഐഎന്‍ടിയുസി ഉള്‍പ്പെടെ പങ്കെടുത്തു. സര്‍ക്കാരിനെ അനുകൂലിക്കുന്ന അവര്‍ക്കും മുതലാളിത്ത സാമ്പത്തിക നയങ്ങളോട് പൊരുത്തപ്പെടാനാകുന്നില്ല- എം എ ബേബി പറഞ്ഞു.

രാജ്യത്തിന്റെ സ്വാതന്ത്ര്യം അടിയറ വയ്ക്കുന്നു: സുധ സുന്ദരരാമന്‍

കൊല്ലം: ആയിരങ്ങള്‍ രക്തംചീന്തി നേടിയ രാജ്യത്തിന്റെ സ്വാതന്ത്ര്യം യുപിഎ സര്‍ക്കാര്‍ കുത്തകകള്‍ക്ക് അടിയറ വയ്ക്കുകയാണെന്ന് ജാഥാംഗം സുധ സുന്ദരരാമന്‍ പറഞ്ഞു. സിപിഐ എം സമരസന്ദേശ ജാഥയ്ക്ക് സ്വീകരണം നല്‍കാനായി ആശ്രാമം മൈതാനത്തുചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവര്‍. ജാഥ യുപിഎ സര്‍ക്കാരിനു ശക്തമായ താക്കീതാകും. ജനവികാരം മറന്നുള്ള ഭരണമാണ് കേരളത്തിലും കേന്ദ്രത്തിലും. വന്‍കിട മുതലാളിമാരുടെയും കുത്തകക്കമ്പനികളുടെയും താല്‍പ്പര്യമാണ് കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുന്നത്. മന്‍മോഹന്‍ സിങ്ങും ചിദംബരവും അലുവാലിയയും ചേര്‍ന്ന് രാജ്യത്തെ വിറ്റുതുലയ്ക്കുകയാണ്. ജനത്തിന്റെ പട്ടിണി മാറ്റാന്‍ ഉത്തരവാദപ്പെട്ടവര്‍ അതില്‍നിന്നെല്ലാം ഒളിച്ചോടുന്നു. നാലുദിവസം കൂടുമ്പോള്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടുന്നു. ഇടതുപക്ഷം പിന്തുണച്ചപ്പോള്‍ ജനവിരുദ്ധമായ ഒന്നും നടപ്പാക്കാന്‍ യുപിഎ സര്‍ക്കാരിനെ അനുവദിച്ചിരുന്നില്ല.

വരാന്‍പോകുന്നത് ശക്തമായ പ്രക്ഷോഭം: ശ്രീനിവാസറാവു

കൊല്ലം: ദേശീയരാഷ്ട്രീയത്തില്‍ ബദല്‍ശക്തിയാകാനുള്ള സിപിഐ എമ്മിന്റെ പോരാട്ടങ്ങള്‍ക്ക് കരുത്തുപകരാന്‍ എല്ലാവിഭാഗം ജനങ്ങളും അണിനിരക്കണമെന്ന് ജാഥാംഗം സിപിഐ എം കേന്ദ്രസെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു അഭ്യര്‍ഥിച്ചു. വര്‍ധിച്ചുവരുന്ന ചൂഷണത്തിനും പെരുകുന്ന അഴിമതിക്കും സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങള്‍ക്കും എതിരെ അതിശക്തമായ പ്രക്ഷോഭത്തിനാണ് സിപിഐ എം തയ്യാറെടുക്കുന്നത്. തൊഴില്‍സുരക്ഷിതത്വം, ഭക്ഷ്യസുരക്ഷ, തൊഴിലില്ലായ്മ തുടങ്ങി ജനങ്ങള്‍ അഭിമുഖീകരിക്കുന്ന ജീവല്‍പ്രശ്നങ്ങള്‍ മുന്‍നിര്‍ത്തി സിപിഐ എം ഏറ്റെടുക്കാന്‍പോകുന്ന പ്രക്ഷോഭങ്ങള്‍ക്ക് കരുത്തുപകരാനും ശ്രീനിവാസറാവു അഭ്യര്‍ഥിച്ചു. ഈ ദിശയില്‍ ദേശീയ സമരസന്ദേശജാഥയ്ക്ക് ചരിത്രപരമായ പ്രാധാന്യം ഉണ്ടെന്നും അദ്ദേഹം ആശ്രാമം മൈതാനത്തെ സ്വീകരണസമ്മേളനത്തില്‍ പറഞ്ഞു.

ഇങ്ങനെ പോയാല്‍ കേരളം സ്വകാര്യകമ്പനികളുടെ കൈകളിലാകും: കോടിയേരി

കൊല്ലം: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ കേരളം സ്വകാര്യകമ്പനികള്‍ ഭരിക്കുന്ന സംസ്ഥാനമായി മാറുമെന്ന് സിപിഐ എം പൊളിറ്റ്ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. സിപിഐ എം സമരസന്ദേശജാഥയ്ക്ക് സ്വീകരണം നല്‍കാനായി ആശ്രാമം മൈതാനത്തു ചേര്‍ന്ന സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കോടിയേരി. ജലഅതോറിറ്റി നിര്‍ത്തലാക്കി കുടിവെള്ളവിതരണം സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കാനാണ് നീക്കം. ജലവിതരണപദ്ധതികള്‍ നടപ്പാക്കുന്നത് 2016 മാര്‍ച്ചോടെ ജല അതോറിറ്റി അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ആഹാരം പാചകംചെയ്യാന്‍ കുപ്പിവെള്ളം വാങ്ങേണ്ടിവരും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒരു മിനിറ്റുപോലും വൈദ്യുതി മുടങ്ങിയില്ല. ഈ പഹയന്മാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുംമുമ്പ് കറന്റ് കട്ട് നടപ്പാക്കി. കെഎസ്ആര്‍ടിസി ദിനംപ്രതി ആയിരക്കണക്കിന് ഷെഡ്യൂള്‍ വെട്ടിക്കുറയ്ക്കുന്നു. ഒരു ലിറ്റര്‍ ഡീസല്‍ 13 രൂപ അധികം നല്‍കിയാണ് കെഎസ്ആര്‍ടിസി വാങ്ങുന്നത്- കോടിയേരി പറഞ്ഞു.


deshabhimani

No comments:

Post a Comment