Sunday, February 24, 2013

ബദലിനുള്ള സമരസന്ദേശവുമായി ജാഥകള്‍ക്ക് ഇന്നു തുടക്കം


രാജ്യത്തിന്റെ സിരാപടലങ്ങളില്‍ സമരത്തിന്റെ തീച്ചൂട് പകരാന്‍ സിപിഐ എം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ജാഥകള്‍ക്ക് ഞായറാഴ്ച തുടക്കം. ദരിദ്രജനകോടികള്‍ക്ക് അന്നവും അഭയവും നല്‍കേണ്ട ഭരണക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടില്‍ തിമിര്‍ക്കുമ്പോള്‍ അതിനെതിരെ ജനവികാരം ഉണര്‍ത്താനും ജനങ്ങളെ സമരസജ്ജരാക്കാനുമാണ് നാലു ജാഥകളും അനുബന്ധജാഥകളും രാജ്യത്തുടനീളം പ്രയാണം നടത്തുക. കന്യാകുമാരിയില്‍നിന്ന് പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥ വൈകിട്ട് മൂന്നിന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഫ്ളാഗ് ഓഫ് ചെയ്യും. പിബി അംഗങ്ങളായ കെ വരദരാജന്‍, എം എ ബേബി, കേന്ദ്ര സെക്രട്ടറിയറ്റ് അംഗം വി ശ്രീനിവാസ് റാവു, കേന്ദ്രകമ്മിറ്റി അംഗം സുധ സുന്ദരരാമന്‍ എന്നിവര്‍ ജാഥാംഗങ്ങളാണ്. അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും സംഗമിക്കുന്ന ഇന്ത്യന്‍ മഹാസമുദ്ര മുനമ്പിലെ ഗാന്ധിസ്മാരകത്തിനു സമീപത്തുനിന്നാണ് ജാഥ പ്രയാണം തുടങ്ങുക. കന്യാകുമാരി ജില്ലയിലെയും സമീപജില്ലകളിലെയും പാര്‍ടിപ്രവര്‍ത്തകര്‍ ഫ്ളാഗ് ഓഫ് ചടങ്ങിനെത്തും. കന്യാകുമാരിയില്‍നിന്ന് 18 കിലോമീറ്റര്‍ സഞ്ചരിച്ച് വൈകിട്ട് അഞ്ചോടെ ജാഥ ജില്ലാ ആസ്ഥാനമായ നാഗര്‍കോവിലില്‍ എത്തും. നാഗര്‍കോവിലില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന പൊതുയോഗത്തില്‍ ജാഥാംഗങ്ങളും തമിഴ്നാട് സംസ്ഥാന സെക്രട്ടറി ജി രാമകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും പങ്കെടുക്കും.

തിങ്കളാഴ്ച പകല്‍ 11ന് കേരള- തമിഴ്നാട് അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ ജാഥയെ വരവേല്‍ക്കും. പകല്‍ മൂന്നിന് ആറ്റിങ്ങലില്‍ ജാഥയ്ക്ക് സ്വീകരണം നല്‍കും. പതിനായിരങ്ങള്‍ പങ്കെടുക്കുന്ന റാലി ആറ്റിങ്ങല്‍ മാമം മൈതാനത്ത് നടക്കും. തുടര്‍ന്ന് വൈകിട്ട് കൊല്ലത്ത് തിങ്കളാഴ്ചത്തെ പര്യടനം സമാപിക്കും. തിരുവനന്തപുരം, കൊല്ലം എന്നിവ കൂടാതെ ആറു ജില്ലകളില്‍ ജാഥ പ്രയാണം നടത്തും. 26ന് ആലപ്പുഴയിലും കോട്ടയത്തും എറണാകുളത്തും സ്വീകരണം ഏറ്റുവാങ്ങുന്ന ജാഥ 27ന് തൃശൂരിലെയും മലപ്പുറം ജില്ലയിലെ എടപ്പാളിലെയും പാലക്കാട്ടെയും സ്വീകരണത്തിനുശേഷം വീണ്ടും വാളയാര്‍ അതിര്‍ത്തിവഴി തമിഴ്നാട്ടിലേക്ക് കടക്കും. 27ന് വൈകിട്ട് ഏഴിന് കോയമ്പത്തൂരിലാണ് സ്വീകരണം. ഇരുപത്തെട്ടിന് തിരുപ്പൂരും ഈറോഡും സേലവും പിന്നിട്ട് മാര്‍ച്ച് ഒന്നിന് ധര്‍മപുരിയിലെത്തും. ഹൊസൂരിലെ സ്വീകരണത്തോടെ തമിഴ്നാട്ടിലെ പര്യടനം പൂര്‍ത്തിയാകും.

മാര്‍ച്ച് ഒന്നിന് രാത്രി ബംഗളൂരുവില്‍. പിറ്റേന്ന് ദൊഡ്ഡബല്ലാപുര, ഗുഡിബന്ദ, ബാഗേപ്പള്ളി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആന്ധ്രപ്രദേശിലെ പെനുഗൊണ്ടയില്‍ രാത്രി തങ്ങും. മാര്‍ച്ച് മൂന്നിന് വീണ്ടും കര്‍ണാടകയിലെ പാവഗഡ, ചില്ലക്കേരെ, ബെല്ലാരി എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം ആന്ധ്രപ്രദേശിലെ ഗുണ്ടക്കലില്‍ വിശ്രമിക്കും. മാര്‍ച്ച് 4, 5, 6, 7 തീയതികളില്‍ ആന്ധ്രപ്രദേശില്‍ പര്യടനം നടത്തിയശേഷം മഹാരാഷ്ട്രയില്‍ പ്രവേശിക്കും. തുടര്‍ന്ന് 10 വരെ സംസ്ഥാനത്ത് പര്യടനം നടത്തും. മാര്‍ച്ച് 11, 12 തീയതികളില്‍ മധ്യപ്രദേശില്‍ തുടരുന്ന ജാഥ വൈകിട്ട് നാലിന് ഭോപാലിലെത്തി മുംബൈ ജാഥയുമായി സംഗമിക്കും. കൊല്‍ക്കത്തയില്‍നിന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കുന്ന ജാഥ മാര്‍ച്ച് ഒന്നിനാരംഭിക്കും. കൊല്‍ക്കത്ത ജാഥയില്‍ സംഗമിക്കുന്ന ഗുവാഹത്തി ഉപജാഥ പിബി അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ അസമിലെ ഗുവാഹതിയില്‍ ശനിയാഴ്ച രാവിലെ ഉദ്ഘാടനംചെയ്തു. ജാഥ ബാര്‍പേട ജില്ലയില്‍ എത്തി. ഒഡിഷയിലെ പര്‍ലമാതുണ്ടിയില്‍നിന്ന് ഞായറാഴ്ച പ്രയാണം തുടരും. സീതാറാം യെച്ചൂരി നയിക്കുന്ന മുംബൈ ജാഥ മാര്‍ച്ച് എട്ടിനും വൃന്ദ കാരാട്ട് നയിക്കുന്ന അമൃത്സര്‍ ജാഥ മാര്‍ച്ച് നാലിനും തുടങ്ങും.

മുന്നണി വിടുന്നവരെ നിലപാട് നോക്കി സ്വീകരിക്കും: എസ് ആര്‍ പി

തിരു: യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പ് പരുങ്ങലിലാണെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. യുഡിഎഫിലെ ചില കക്ഷികള്‍ പല കാര്യങ്ങളിലും അസംതൃപ്തരാണ്. ഇതവര്‍ പരസ്യമാക്കുന്നുമുണ്ട്. എന്നാല്‍,അസംതൃപ്തി എന്ന കാരണത്താല്‍ മാത്രം മുന്നണി വിടുന്നവരെ എല്‍ഡിഎഫ് സ്വീകരിക്കണമെന്നില്ല. ഓരോ കക്ഷിയും സ്വീകരിക്കുന്ന രാഷ്ട്രീയനിലപാട് പരിഗണിച്ചാവും തീരുമാനമെന്ന് മാധ്യമങ്ങളോട് എസ്ആര്‍പി പറഞ്ഞു. യുഡിഎഫിലെ ചില കക്ഷികളോട് തൊട്ടുകൂടായ്മയുണ്ടെന്നാണോ അര്‍ഥമാക്കുന്നതെന്ന് ലേഖകര്‍ ചോദിച്ചപ്പോള്‍ രാഷ്ട്രീയത്തില്‍ തൊട്ടുകൂടായ്മയില്ലെന്ന് ഇഎംഎസ് തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്ന് എസ്ആര്‍പി ഓര്‍മിപ്പിച്ചു. മുന്നണി വിടുന്ന കക്ഷികള്‍ സ്വീകരിക്കുന്ന രാഷ്ട്രീയനിലപാട് ഞങ്ങള്‍ കണക്കിലെടുക്കും. എല്‍ഡിഎഫ് നയങ്ങളുമായി യോജിക്കുന്ന ഏതു കക്ഷി വന്നാലും എതിര്‍ക്കില്ല. സിപിഐ എമ്മിനും എല്‍ഡിഎഫിനും വ്യക്തമായ നയവും നിലപാടുമുണ്ട്. യുഡിഎഫിലെ ഘടകകക്ഷികള്‍ അവരുടെ നിലപാട് വ്യക്തമാക്കട്ടെ. ഇപ്പോള്‍ പ്രചരിക്കുന്നത് അഭ്യൂഹങ്ങളാണ്.

എല്‍ഡിഎഫ് വിട്ടവര്‍ തിരിച്ചുവരുമെന്നാണ് കരുതുന്നതെന്ന് മറ്റൊരു ചോദ്യത്തിനു മറുപടിയായി എസ്ആര്‍പി പറഞ്ഞു. അവര്‍ തിരിച്ചെത്താന്‍ തയ്യാറായാല്‍ സ്വീകരിക്കുമോയെന്ന് ആരാഞ്ഞപ്പോള്‍ അവര്‍ നിലപാട് മാറ്റുമ്പോള്‍ തങ്ങള്‍ സമീപനം മാറ്റുമെന്ന് വ്യക്തമാക്കി. സിപിഐ എം ദേശീയതലത്തില്‍ നടത്തുന്ന സമരസന്ദേശ ജാഥകളും ഡല്‍ഹി റാലിയും ചരിത്രസംഭവമാകുമെന്ന് എസ്ആര്‍പി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നവ ഉദാരവല്‍ക്കരണനയങ്ങള്‍ക്കും ജനദ്രോഹനയങ്ങള്‍ക്കുമെതിരായ അതിശക്തമായ ജനമുന്നേറ്റമാകുമിത്. ബദല്‍നയങ്ങള്‍ ഉയര്‍ത്തി അതിവിശാലമായ ഐക്യം കെട്ടിപ്പടുക്കുകയാണ് ജാഥയുടെ ലക്ഷ്യം.

പൂര്‍വമേഖലാ ജാഥ മാര്‍ച്ച് ഒന്നിന് തുടങ്ങും

കൊല്‍ക്കത്ത: സിപിഐ എം അഖിലേന്ത്യാതലത്തില്‍ സംഘടിപ്പിക്കുന്ന ജാഥകളുടെ ഭാഗമായുള്ള പൂര്‍വമേഖലാ ജാഥ മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയില്‍നിന്ന് പ്രയാണം തുടങ്ങും. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ്് ജാഥാക്യാപ്റ്റന്‍. പിബി അംഗവും പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ ബിമന്‍ ബസുവും കേന്ദ്രകമ്മിറ്റി അംഗങ്ങളും ജാഥയില്‍ പങ്കാളികളാകും. ഒന്നിന് രാവിലെ 10 ന് എസ്പ്ലനേഡ് റാണി രാഷ്മണി റോഡില്‍ വന്‍ പൊതുയോഗത്തോടെയാണ് ജാഥ തുടങ്ങുക. ഹൗറ, ഹൂഗ്ലി ജില്ലകളിലെ സ്വീകരണങ്ങള്‍ക്കുശേഷം ജാഥ ബര്‍ധ്വാന്‍ ജില്ലയില്‍ പ്രവേശിക്കും. മേമാരി, ബര്‍ദ്വമാന്‍ ടൗണ്‍, ദുര്‍ഗാപുര്‍ എന്നിവിടങ്ങളിലാണ് ജില്ലയിലെ സ്വീകരണങ്ങള്‍. ശേഷം അസന്‍സോളില്‍ ക്യാമ്പ് ചെയ്യും.

രണ്ടിന് പുരുലിയ ജില്ലയില്‍ പ്രവേശിക്കും. ജില്ലയിലെ സ്വീകരണത്തിനുശേഷം മൂന്നിന് രാവിലെ ജാഥ ജാര്‍ഖണ്ഡ് അതിര്‍ത്തിയായ മൂരിയില്‍ എത്തും. നാലിന് രാജോലി വഴി ബിഹാറില്‍ പ്രവേശിക്കും. തുടര്‍ന്ന് രണ്ടാഴ്ചയോളം ബിഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തി 18ന് ഡല്‍ഹിയിലെത്തും. പൂര്‍വമേഖലാ ജാഥയുടെ അനുബന്ധമായി അസം, ഒഡിഷ എന്നിവിടങ്ങളില്‍നിന്ന് ആരംഭിക്കുന്ന രണ്ട് ജാഥ 28 ന് കൊല്‍ക്കത്തയില്‍ എത്തും. 23, 24 തീയതികളില്‍ നല്‍ബാരി, ബാല്‍പെട്ട, കൊക്രജാര്‍, ബൊംഗായ്ഗോണ്‍, ഗോള്‍പാറാ ജില്ലകളില്‍ സഞ്ചരിച്ച ശേഷം 25ന് രാവിലെ ബംഗാള്‍ അതിര്‍ത്തിയായ കൂച്ച് ബിഹാര്‍ ജില്ലയിലെ ബക്സിയില്‍ പ്രവേശിക്കും. പിബി അംഗം നിരുപം സെന്‍ ജാഥയെ സ്വീകരിച്ച് നയിക്കും. അവിടെനിന്ന് ബംഗാളിലെ ജാല്‍പായ്ഗുരി, ഉത്തര ദിനാജ്പുര്‍, ദക്ഷിണ ദിനാജ്പുര്‍, മാള്‍ദ, മൂര്‍ഷിദാബാദ്, നാദിയ, ഉത്തര 24 പര്‍ഗാനാസ് എന്നീ ജില്ലകളിലെ വിവധ ഭാഗങ്ങളില്‍ക്കൂടി സഞ്ചരിച്ച് 28ന് വൈകിട്ട് കൊല്‍ക്കത്തയിലെത്തും. 24ന് ഒഡിഷയിലെ പര്‍ലമാതുണ്ഡിയില്‍നിന്ന് കേന്ദ്ര കമ്മിറ്റിയംഗവും ഒഡിഷ സംസ്ഥാന സെക്രട്ടറിയുമായ ജനാര്‍ദന്‍ പതിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ജാഥ തീരദേശ ജില്ലകളായ ബരാംപുര്‍, ഭുവനേശ്വര്‍, കട്ടക്ക്, കേന്ദ്രപാറ, ജാജ്പുര്‍, ഭദ്രക്, ബാലേസര്‍, നീല്‍ഗിരി, ബംഗാളിലെ ഖരക്പുര്‍ എന്നിവിടങ്ങളില്‍ കൂടി സഞ്ചരിച്ച് 28ന് കൊല്‍ക്കത്തയിലെത്തും. പിബി അംഗവും പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത മിശ്ര ജാലേശ്വറില്‍ ഈ ജാഥയ്ക്കൊപ്പം ചേരും. രണ്ട് ഉപജാഥയും പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള പൂര്‍വ മേഖലാ മുഖ്യജാഥയുമായി സംഗമിക്കും.
(ഗോപി)

ഗുവാഹത്തി ഉപജാഥ തുടങ്ങി

ന്യൂഡല്‍ഹി: സിപിഐ എം സമരസന്ദേശജാഥകളുടെ ഭാഗമായി ഗുവാഹത്തിയില്‍ നിന്നുള്ള ഉപജാഥയുടെ പര്യടനം തുടങ്ങി. ശനിയാഴ്ച സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക് സര്‍ക്കാര്‍ ജാഥ ഉദ്ഘാടനംചെയ്തു. 28ന് കൊല്‍ക്കത്തയില്‍ കിഴക്കന്‍ ജാഥയില്‍ ഈ ഉപജാഥ ചേരും. രാജ്യത്ത് സമ്പന്നരും ദരിദ്രരും തമ്മിലുള്ള വിടവ് ഭീതിദമാംവിധം വളരുകയാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ മണിക് സര്‍ക്കാര്‍ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഹേമന്‍ദാസ് അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ഉദ്ധബ് ബര്‍മന്‍, നൂറുള്‍ ഹുദ എന്നിവരും സംസാരിച്ചു.

deshabhimani 240213

No comments:

Post a Comment