Sunday, February 24, 2013

നെല്ലുല്‍പ്പാദനം കുത്തനെ കുറഞ്ഞു


സംസ്ഥാനത്ത് നെല്ലുല്‍പ്പാദനം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ സീസണുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത്തവണ രണ്ടാംവിളയില്‍ വന്‍ ഇടിവാണുണ്ടാകുക. നെല്ലുല്‍പ്പാദനം വന്‍തോതില്‍ കുറയുകയാണെന്നും വന്‍ അരിക്ഷാമം നേരിടാന്‍ പോകുകയാണെന്നും കൃഷിവകുപ്പ്, സിവില്‍സപ്ലൈസ്, ഇക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പുകള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടും സര്‍ക്കാര്‍ നടപടികളില്ല. ജൂലൈ-ഒക്ടോബര്‍ കാലയളവിലെ ഒന്നാംവിള (വിരുപ്പ്), നവംബര്‍- ഫെബ്രുവരി കാലയളവിലെ രണ്ടാംവിള (മുണ്ടകന്‍), മാര്‍ച്ച്-ജൂണിലെ മൂന്നാംവിള (പുഞ്ച) എന്നിങ്ങനെ മൂന്നു സീസണിലാണ് കേരളത്തില്‍ കൃഷി നടക്കുന്നത്. രണ്ടാംവിളയായ മുണ്ടകനില്‍ ഇത്തവണത്തെ വിളവെടുപ്പ് വന്‍തോതില്‍ കുറയുമെന്നാണ് സിവില്‍ സപ്ലൈസ് റിപ്പോര്‍ട്ട്. 6847.996 മെട്രിക് ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. മാര്‍ച്ചിലാണ് പ്രധാനമായും കുട്ടനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ വിളവെടുപ്പ്. എങ്കിലും കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് ഒരു ലക്ഷത്തിലധികം ടണ്‍ നെല്ല് സംഭരണം കുറയുമെന്നാണ് കരുതുന്നത്.

തൃശൂര്‍, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ സംഭരണത്തില്‍ കനത്ത തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതായി സിവില്‍സപ്ലൈസ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ സീസണില്‍ മുണ്ടകനില്‍ 4,06,354.218 മെട്രിക്ടണ്‍ നെല്ലാണ് സംഭരിച്ചത്. ഇത്തവണ ഇതിന്റെ പകുതിപോലും സംഭരിക്കാനാകില്ല. കഴിഞ്ഞ തവണത്തെ മുണ്ടകന്‍ സീസണിലേതിനേക്കാള്‍ ഒന്നരലക്ഷം ടണ്‍ നെല്ല് ഉല്‍പ്പാദനം ഇത്തവണ കുറയാനാണ് സാധ്യതയെന്ന് സിവില്‍ സപ്ലൈസ് അധികൃതര്‍ പറഞ്ഞു. മാര്‍ച്ച്-ജൂണ്‍ കാലയളവിലെ മൂന്നാംവിളയിലും (പുഞ്ച) കാര്യമായ നെല്‍സംഭരണമുണ്ടാകില്ലെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്.

ഒരു വര്‍ഷം സംസ്ഥാനത്തിന് ആവശ്യം 60 ലക്ഷം മെട്രിക് ടണ്‍ നെല്ലാണ്. ഉല്‍പ്പാദനം ആറുലക്ഷം മെട്രിക്ടണ്ണിനടുത്തുമാത്രം. ബാക്കി അന്യസംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്. ഒന്നാംവിളയില്‍ (വിരുപ്പ്) 2011-12ല്‍ മുഴുവന്‍ ജില്ലകളില്‍നിന്നും സിവില്‍സപ്ലൈസ് നെല്ല് സംഭരിച്ചില്ല. മലപ്പുറം, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, എറണാകുളം, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍നിന്ന് നെല്ലുസംഭരിക്കാനായിരുന്നു തീരുമാനം. എന്നാല്‍, കൃഷിയിറക്കാത്തതുമൂലം എറണാകുളം, മലപ്പുറം, പത്തനംതിട്ട ജില്ലകളില്‍ നെല്ല് സംഭരിക്കാനായില്ല. മറ്റ് അഞ്ചു ജില്ലകളില്‍നിന്ന് 79,843.596 മെട്രിക്ടണ്‍ നെല്ലാണ് 2011-12ല്‍ സംഭരിച്ചത്. 2012-13ല്‍ വിരുപ്പ് കൃഷിയില്‍ മുഴുവന്‍ ജില്ലകളില്‍നിന്നും 1,36,132.975 മെട്രിക് ടണ്‍ നെല്ലാണ് സംഭരിച്ചത്. സംഭരണത്തില്‍ ഒന്നാംവിളയില്‍ തിരിച്ചടിയേറ്റിട്ടും കാര്‍ഷികമേഖലയെ രക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ല. രണ്ടാംവിളയില്‍ കൃഷിയിറക്കാതെ കര്‍ഷകര്‍ പിന്‍വാങ്ങാനും വിളവെടുപ്പ് കുറയാനും ഇത് കാരണമായി. നെല്ലു സംഭരണത്തിലെ ഇടിവ് വിപണിയില്‍ അരിക്ക് ക്ഷാമം സൃഷ്ടിക്കുമെന്ന് ഉറപ്പായി. വിവിധ ഇനം അരിക്ക് 30 മുതല്‍ 40 രൂപവരെയാണ് പൊതുവിപണിയിലെ വില. നെല്ലുസംഭരണം കുറയുന്നത് അരിവില വീണ്ടും കുതിക്കാനിടയാക്കും. എന്നാല്‍, വില നിയന്ത്രിക്കാനും ഉല്‍പ്പാദനം കൂട്ടാനും നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. സംസ്ഥാനത്ത് വന്‍തോതില്‍ നടക്കുന്ന പാടം നികത്തലിന് എതിരെയും നടപടിയില്ല.
(ടി വി വിനോദ്)

deshabhimani 240213

No comments:

Post a Comment