Tuesday, February 26, 2013

ചൊരിമണലില്‍ ചരിത്രമെഴുതാന്‍ സമരസന്ദേശജാഥ ഇന്ന് ആലപ്പുഴ ജില്ലയില്‍


ബദല്‍ രാഷ്ട്രീയത്തിന് ജനകീയ ഐക്യനിര പടുത്തുയര്‍ത്തി പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സിപിഐ എം സമരസന്ദേശജാഥ ചൊവ്വാഴ്ച ജില്ലയില്‍ പ്രവേശിക്കും. ആധുനിക കേരളത്തിന് ഊടുംപാവും നല്‍കിയ തൊഴിലാളി പോരാട്ടങ്ങളാല്‍ ചുവന്ന മണ്ണിലെ ജാഥാസ്വീകരണം മറ്റൊരു ജനകീയ മുന്നേറ്റത്തിന് വേദിയാകും. വിദേശ ട്രോളറുകളുടെ കടുന്നുകയറ്റത്തില്‍ വറുതിയിലായ തീരദേശ മത്സ്യത്തൊഴിലാളികള്‍, ചലിക്കാത്ത തറികളില്‍ കണ്ണും നട്ട് ജീവിതം തള്ളി നീക്കുന്ന കയര്‍ തൊഴിലാളികളും ചെറുകിട ഉടമകളും, വിദേശ നിക്ഷേപം ആശങ്കയിലാക്കിയ ചെറുകിട വ്യാപാരികളും വ്യവസായികളും, ഭൂമാഫിയയും റിയല്‍എസ്റ്റേറ്റ് ലോബിയും പുറമ്പോക്കിലേക്ക് തള്ളുന്ന കര്‍ഷകത്തൊഴിലാളികള്‍- പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍, പൂട്ടലിന്റെ വാള്‍മുനയില്‍ നില്‍ക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍- തൊഴിലാളികള്‍, നിത്യോപയോഗ സാധനങ്ങളുടെയും ഇന്ധന- പാചക വാതകത്തിന്റെയും വില വര്‍ധനയില്‍ പൊറുതിമുട്ടിയ സാധാരണക്കാര്‍, ഉപഭോഗ സംസ്കാരം അരക്ഷിതത്വത്തിലാക്കിയ സ്ത്രീകള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി സമസ്ത ജനവിഭാഗങ്ങളും ജാഥയെ വലിയ പ്രതീക്ഷയോടെയാണ് കാണുന്നത്. അതുകൊണ്ടു തന്നെ ഈ ജനവിഭാഗങ്ങളാകെ സമര സജ്ജരായി ജാഥയെ സ്വീകരിക്കാനെത്തും.

ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ലക്ഷത്തിലേറെ പേര്‍ അണിനിരക്കും. ഭക്ഷ്യസുരക്ഷ, വിലക്കയറ്റം, പാര്‍പ്പിടവും ഭൂമിയും, തൊഴില്‍, ദളിത്- ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി തുടങ്ങിയ മുദ്രാവാക്യമുന്നയിച്ച് ചരിത്രത്തിന്റെ ഭാഗമായി തീരുന്ന ജാഥയെ വരവേല്‍ക്കാന്‍ ജില്ല ഒരുങ്ങികഴിഞ്ഞു. ദേശീയപാതയുടെ ഇരുവശങ്ങളും ചെങ്കൊടികളും തോരണങ്ങള്‍കൊണ്ടും ചുവന്നു. ജാഥയുടെ സന്ദേശം വിളിച്ചോതുന്ന കൂറ്റന്‍ ബോര്‍ഡുകളും ബാനറുകളും വിവിധകേന്ദ്രങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ജാഥയുടെ രാഷ്ട്രീയം ജനങ്ങളുമായി സംവദിക്കാന്‍ ജില്ലയില്‍ 17 ഏരിയാ ജാഥകള്‍ പല ദിവസങ്ങളിലായി സംഘടിപ്പിച്ചിരുന്നു. വിവിധ ഏരിയകളില്‍ സെമിനാറുകളും സംഘടിപ്പിച്ചു. രാവിലെ 9.30ന് കായംകുളം മുക്കട ജങ്ഷനില്‍നിന്ന് വാദ്യമേളങ്ങളുടെയും കലാപരിപാടികളുടെയും അകമ്പടിയോടെ എതിരേല്‍ക്കും. തുടര്‍ന്ന് 100 ചുവപ്പു വളണ്ടിയര്‍മാര്‍ മോട്ടോര്‍ ബൈക്കില്‍ രക്തപതാകയുമേന്തി അനുധാവനം ചെയ്യും. ആലപ്പുഴയിലെ സ്വീകരണശേഷം കോട്ടയത്തേയ്ക്ക് പ്രയാണം തുടരുന്ന ജാഥയെ ചങ്ങനാശേരി വരെ ചുവപ്പ് വളണ്ടിയര്‍മാര്‍ അനുധാവനം ചെയ്യും.

deshabhimani 260213

No comments:

Post a Comment