സംസ്ഥാന മന്ത്രിസഭ സകല വൃത്തികേടുകളുടെയും അഴിമതിയുടെയും കൂടാരമായതിനാലാണ് ഐഎഎസുകാര്‍ സഹികെട്ട് പൊട്ടിത്തെറിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഐഎഎസ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ്. ഇത് കേരള ചരിത്രത്തിലെ ആദ്യ അനുഭവമാണ്.
മന്ത്രിമാര്‍ അഴിമതിക്ക് സമ്മര്‍ദം ചെലുത്തുന്നുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ അവരുടെ യോഗത്തില്‍ വെളിപ്പെടുത്തുകയും ഇനിമുതല്‍ മന്ത്രിസഭായോഗ നോട്ടില്‍ വിയോജനക്കുറിപ്പ് രേഖപ്പെടുത്താന്‍ ചീഫ് സെക്രട്ടറി ഉപദേശിക്കുകയും ചെയ്തു. ഈ നിലയില്‍ അഴിമതി വളര്‍ന്നിരിക്കുന്നു. ഇതില്‍ പൊറുതിമുട്ടി കഴിയുന്ന ഉദ്യോഗസ്ഥര്‍ അഴിമതിയുടെ ദുഷ്പ്പേര് തങ്ങളും പേറേണ്ടിവരുമെന്ന ഭയപ്പാടിലാണ്. അഴിമതിക്ക് കൂട്ടുനില്‍ക്കാതെ സര്‍വീസില്‍ തുടരാനാകാത്ത അവസ്ഥയാണ്. മുഖ്യമന്ത്രി അടക്കം ഒരുകൂട്ടം മന്ത്രിമാര്‍ വിജിലന്‍സ് അന്വേഷണം നേരിടുകയാണ്. പക്ഷേ, ഓരോരുത്തര്‍ക്കും മേല്‍ ആരോപിക്കപ്പെട്ട കുറ്റം മരവിപ്പിക്കാനും അവരെ കുറ്റവിമുക്തരാക്കാനുമുള്ള ശ്രമമാണ് നടക്കുന്നത്.
ഭക്ഷ്യമന്ത്രി രണ്ട് വിജിലന്‍സ് അന്വേഷണം നേരിടുന്നു. ഈ വകുപ്പില്‍ മറയില്ലാത്ത വൃത്തികേടാണ് നടക്കുന്നത്. മറ്റേതെല്ലാം വകുപ്പില്‍ കൊള്ളരുതായ്മ നടക്കുന്നുവെന്ന് ഐഎഎസ് ഉദ്യോഗസ്ഥര്‍ അവരുടെ യോഗത്തെ ധരിപ്പിച്ചിട്ടുണ്ട്. സെക്രട്ടറിമാര്‍ അറിയാതെ അവരുടെ വകുപ്പില്‍ മന്ത്രിമാര്‍ അഴിമതി നടത്താന്‍ ഉത്തരവിറക്കുന്നു. എസ്എസ്എല്‍സി പാസാകാത്തയാളെ ഹെഡ്മാസ്റ്ററാക്കാന്‍ പോലും ഉത്തരവുണ്ടാകുന്നു. ഐഎഎസ് ഉദ്യോഗസ്ഥരുടേത് ഏറെക്കുറെ പരസ്യമായ പ്രതികരണമാണ്. അഴിമതി നടത്തുന്നതില്‍ കേന്ദ്രവുമായി സംസ്ഥാന സര്‍ക്കാര്‍ മത്സരിക്കുകയാണ്. ഇത് അവസാന അവസരമാണ്. ഇപ്പോള്‍ കിട്ടുന്നതെല്ലാം അടിച്ചുമാറ്റാമെന്ന ചിന്തയോടെയാണ് ഭരണക്കാര്‍ അഴിമതി നടത്തുന്നതെന്നും പിണറായി ചൂണ്ടിക്കാണിച്ചു. ദേശീയജാഥ 8 ജില്ലയില്‍- പേജ് 5
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് ആയുസ്സില്ല
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ചുവര്‍ഷം തികയ്ക്കില്ലെന്ന് തീര്‍ച്ചയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ ലേഖകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കുമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അഭിപ്രായം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, താഴെ പോകാന്‍ നില്‍ക്കുന്ന ഭരണമാണെന്ന വേവലാതികൊണ്ടാണ് ഉമ്മന്‍ചാണ്ടി അതു പറഞ്ഞതെന്ന് പിണറായി വ്യക്തമാക്കി. സര്‍ക്കാരിനെ താഴെയിറക്കാന്‍ ക്രിയാത്മകമായ എന്തെങ്കിലും നടപടി എല്‍ഡിഎഫും സിപിഐ എമ്മും സ്വീകരിക്കുമോ എന്നു ചോദിച്ചപ്പോള്‍, പാര്‍ലമെന്ററി ഉപജാപത്തിലൂടെ ഈ സര്‍ക്കാരിനെ ഇല്ലാതാക്കാന്‍ തങ്ങളില്ലെന്നായിരുന്നു പ്രതികരണം. ഇതിനര്‍ഥം ഈ സര്‍ക്കാരിനെ തങ്ങള്‍ താങ്ങുകൊടുത്ത് നിര്‍ത്തും എന്നല്ല. വീഴുന്ന അവസ്ഥയുണ്ടാകുമ്പോള്‍ എന്തു വേണമെന്ന് ആലോചിക്കും. ഈ സര്‍ക്കാര്‍ ഇപ്പോള്‍തന്നെ താഴേക്കു പോയിക്കൊണ്ടിരിക്കയാണ്. ഇത്തരമൊരു കൂട്ടരെയാണല്ലോ അധികാരത്തിലേറ്റിയതെന്ന് ഒപ്പമുണ്ടായിരുന്നവര്‍ പശ്ചാത്തപിക്കുന്നു.
സ്വയം നശിച്ച് ഈ സര്‍ക്കാര്‍ ഇല്ലാതാകും. അതുകൊണ്ട് ഏതെങ്കിലും വിധത്തില്‍ തട്ടിക്കൂട്ടി ഒരു മന്ത്രിസഭയുണ്ടാക്കി ഭരണത്തെ താഴെയിറക്കാന്‍ തങ്ങളില്ല. പക്ഷേ, ഈ സര്‍ക്കാര്‍ താഴെയിറങ്ങണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. യുഡിഎഫ് ഘടകകക്ഷികളില്‍ പലരും അസംതൃപ്തരാണെന്നും അവര്‍ എല്‍ഡിഎഫിലേക്കു വരാന്‍ തയ്യാറാണെന്നും ഒരു ലേഖകന്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, അങ്ങനെ ഒരു കക്ഷിയും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്ന് പിണറായി മറുപടി നല്‍കി. മുമ്പ് എല്‍ഡിഎഫില്‍ ഉണ്ടായിരുന്നതടക്കം ഏതെങ്കിലും കക്ഷികള്‍ യുഡിഎഫ് വിട്ടുവരാന്‍ തയ്യാറായാല്‍ സ്വീകരിക്കുമോ എന്നായി ചോദ്യം. ഇടതുപക്ഷ ജനാധിപത്യ സ്വഭാവമുള്ള കക്ഷികളുടെ കൂട്ടായ്മയാണ് എല്‍ഡിഎഫെന്നും ആ സ്വഭാവം നിലനിര്‍ത്തുന്ന തീരുമാനങ്ങളേ ഉണ്ടാകൂ എന്നും ഉത്തരം നല്‍കി. ഇതിനര്‍ഥം ഏതെങ്കിലും കക്ഷികള്‍ക്കു മുന്നില്‍ വാതില്‍ അടയ്ക്കുന്നുവെന്നല്ല. തങ്ങള്‍ വിശാലഹൃദയരാണ്. യുഡിഎഫും എല്‍ഡിഎഫും രണ്ട് വ്യത്യസ്ത രാഷ്ട്രീയമുന്നണികളാണ്. യുഡിഎഫ് ദുര്‍ബലമാകുകയും എല്‍ഡിഎഫ് ശക്തമാകുകയുമാണ്. ഈ പ്രക്രിയ ശക്തിപ്പെടുത്തുന്ന രാഷ്ട്രീയ തീരുമാനങ്ങളുമായേ മുന്നോട്ടു പോകൂവെന്നും പിണറായി വ്യക്തമാക്കി.
deshabhimani 230213
No comments:
Post a Comment