Sunday, February 24, 2013

മുഖ്യമന്ത്രിക്കും പൊലീസ് ചീഫിനും പെണ്‍കുട്ടി കത്തയച്ചു


സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി കോട്ടയം ജില്ലാ പൊലീസ് ചീഫിന് കത്തയച്ചു. കേസ് ഹൈക്കോടതിയില്‍ പുനര്‍വിചാരണ ചെയ്യുന്ന സാഹചര്യത്തില്‍, മുമ്പ് ഹാജരായ അഭിഭാഷകരെ തന്നെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കത്തയച്ചു. തന്റെയൊപ്പമാണ് കുര്യന്‍ കുമളി റസ്റ്റ്ഹൗസില്‍ എത്തിയതെന്ന മൂന്നാംപ്രതി ധര്‍മരാജന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് പെണ്‍കുട്ടി വീണ്ടും പൊലീസ് ചീഫിന് പരാതി നല്‍കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയല്‍ ഓര്‍ഡിനന്‍സ് 166 എ വകുപ്പു പ്രകാരമാണ് കുര്യനെതിരെ അന്വേഷണം ആവശ്യപ്പെടുന്നത്. 1996 ഫെബ്രുവരി 19ന് കുമളി റസ്റ്റ്ഹൗസില്‍ പി ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചെന്നാണ് പരാതി. കുര്യന്‍ നാലാം എതിര്‍കക്ഷിയാണ്.
അതിനിടെ, പെണ്‍കുട്ടി വെള്ളിയാഴ്ച ചിങ്ങവനം പൊലീസില്‍ നല്‍കിയ പരാതിയില്‍ തിങ്കളാഴ്ച നിയമോപദേശം ലഭിക്കുമെന്ന് ജില്ലാ പൊലീസ്ചീഫ് സി രാജഗോപാല്‍ പറഞ്ഞു. പെണ്‍കുട്ടി പൊലീസ് സ്റ്റേഷനില്‍ കുര്യനെതിരെ നേരിട്ട് നല്‍കിയ പരാതിയില്‍ ഇതുവരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നാണ് നിയമോപദേശം തേടിയത്. ഔദ്യോഗികമായി ഡിജിപിയുടെ നിയമോപദേശമാണ് സ്വീകരിക്കുക. കേസില്‍ മുമ്പ് ഹാജരായ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ അഡ്വ. സുരേഷ്ബാബു തോമസിനെയും അഡ്വ. സി എസ് അജയനെയും നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പെണ്‍കുട്ടി കത്തയച്ചത്. നേരത്തെ വിചാരണകോടതിയില്‍ പെണ്‍കുട്ടിക്കുവേണ്ടി ഈ അഭിഭാഷകരാണ് ഹാജരായത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കത്ത് അയച്ചിട്ടുണ്ട്.

deshabhimani

No comments:

Post a Comment