Sunday, February 24, 2013

വാക്ക് പാലിച്ച് രക്തസാക്ഷിത്വം വരിച്ച കാക്കാ സിംഗ്


അംബാല: ''ഈ പണിമുടക്ക് വന്‍ വിജയമാകും. ഇത് വിജയിപ്പിക്കാനുള്ള പരിശ്രമങ്ങളില്‍ ഈ സര്‍ദാര്‍ മുന്‍നിരയിലുണ്ടാവും'' ഫെബ്രുവരി 20-21 ന് നടന്ന ദേശീയ പണിമുടക്കില്‍ രക്തസാക്ഷിത്വം വരിച്ച എ ഐ ടി യു സി നേതാവ് നരേന്ദ്രസിംഗ് തന്റെ ജീവന്‍ ബലിയര്‍പ്പിക്കുന്നതിന് ഏതാനും മിനിട്ടുകള്‍ക്ക് മുമ്പ് 'ദൈനിക ടിബ്യൂണ്‍' ലേഖകനോട് പറഞ്ഞ വാക്കുകളാണിവ. നരേന്ദ്രസിംഗ് തന്റെ വാക്കുപാലിച്ചു. ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ ചരിത്ര പണിമുടക്ക് വിജയിപ്പിക്കാന്‍ ആ ധീര സഖാവ് തന്റെ വാഗ്ദാനം നിറവേറ്റി.

കാക്കാ സിംഗ് എന്ന് അറിയപ്പെടുന്ന 55 കാരനായ സഖാവ് നരേന്ദ്രസിംഗ് എ ഐ ടി യു സിയില്‍  അഫിലിയേറ്റ് ചെയ്ത ഹരിയാന റോഡ്‌വെയ്‌സ് കര്‍മചാരി യൂണിയന്റെ ഉജ്വല പ്രവര്‍ത്തകനായിരുന്നു. പണിമുടക്ക് പൊളിക്കാന്‍ റോഡ്‌വെയ്‌സ് മാനേജ്‌മെന്റും ഹരിയാന സര്‍ക്കാരും നിയോഗിച്ച കരിങ്കാലികള്‍ അംബാല ഡിപ്പോയില്‍ നിന്നും ബസ് പുറത്തിറക്കുന്നത് തടയവെയാണ് കാക്കാ സിംഗിനെ ബസ് ഓടിച്ചുകയറ്റി കൊലപ്പെടുത്തിയത്. സര്‍വീസില്‍ നിന്നും പരിച്ചുവിടപ്പെട്ട ഒരാളായിരുന്നു ബസ് ഓടിച്ചിരുന്നത്.

കാക്കാ സിംഗിന്റെ കൊലപാതകത്തില്‍ പ്രക്ഷുബ്ദരായ തൊഴിലാളികള്‍ അംബാലയില്‍ ഉടനീളം പൊലീസ് അതിക്രമങ്ങളെ വകവയ്ക്കാതെ തെരുവിലിറങ്ങി. മുന്നൂറ്റമ്പിതിലേറെ തൊഴിലാളികള്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു. തൊഴിലാളികളുടെ രോഷപ്രകടനത്തിനുമുന്നില്‍ അധികൃതര്‍ മുട്ടുമടക്കി. അധികൃതര്‍ പത്തുലക്ഷം രൂപ കാക്കാസിംഗ് കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ മകള്‍ക്ക് ഹരിയാന സര്‍ക്കാര്‍ ജൂനിയര്‍ ലക്ചററായി തൊഴില്‍ നല്‍കും. പരുക്കേറ്റ തൊഴിലാളികള്‍ക്ക് സൗജന്യചികിത്സയും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. തൊഴിലാളികള്‍ക്കെതിരായ എല്ലാ കേസുകളും പിന്‍വലിച്ചു. ഇതിനെ തുടര്‍ന്നാണ് കാക്കാസിംഗിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ നടത്താന്‍ അദ്ദേഹത്തിന്റെ കുടുംബവും സഹപ്രവര്‍ത്തകരും തയ്യാറായത്.

രക്തസാക്ഷി നരേന്ദ്രസിംഗിന്റെ കുടുംബത്തെ സഹായിക്കാന്‍ പത്തുലക്ഷം രൂപ സമാഹരിച്ച് നല്‍കുമെന്ന് എ ഐ ടി യു സി ജനറല്‍ സെക്രട്ടറി ഗുരുദാസ് ദാസ്ഗുപ്ത പ്രഖ്യാപിച്ചു.

janayugom 240213

No comments:

Post a Comment