Friday, February 22, 2013

ഐഎഎസുകാരുടെ വെളിപ്പെടുത്തല്‍ ഞെട്ടലുളവാക്കുന്നത്: പിണറായി


മിക്ക മന്ത്രിമാരും അഴിമതി നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി ഉയര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയത് ഞെട്ടലും ആശങ്കയും ഉളവാക്കുന്നതാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സിപിഐ എം അഖിലേന്ത്യാ ജാഥയ്ക്ക് കേരളത്തില്‍ നല്‍കുന്ന സ്വീകരണത്തെക്കുറിച്ച് വിശദീകരിക്കാനായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഐഎഎസ് ഉദ്യോഗസ്ഥര്‍ യുഡിഎഫ് ഭരണത്തില്‍ വീര്‍പ്പുമുട്ടി കഴിയുകയാണ്. അതാത് വകുപ്പുകളിലെ സെക്രട്ടറിമാര്‍ അറിയാതെ മന്ത്രിമാര്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള ഉത്തരവുകള്‍ പുറത്തിറക്കുകയാണ്. ഭക്ഷ്യ സിവില്‍ സര്‍വീസ് വകുപ്പിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗൗരവമുള്ളതാണ്. ഭക്ഷ്യവകുപ്പ് മന്ത്രിക്കെതിരെ രണ്ട് വിജിലന്‍സ് അന്വേഷണങ്ങളാണ് നടക്കുന്നത്. ഇത് വിരല്‍ചൂണ്ടുന്നത് വകുപ്പിലെ നഗ്നമായ അഴിമതിയിലേക്കാണ്. മന്ത്രിസഭയിലെ ഏത് വകുപ്പിലാണ് അഴിമതി നടക്കാത്തത് എന്നകാര്യത്തിലാണ് സംശയം. അഴിമതിയുടെ കാര്യത്തില്‍ കേന്ദ്രമാതൃക പിന്‍തുടര്‍ന്നാണ് സംസ്ഥാനം മുന്നേറുന്നത്. സംസ്ഥാന സര്‍ക്കാര്‍ താഴെ ഇറങ്ങണമെന്നാണ് ജനങ്ങളുടെ താല്‍പര്യമെന്നും പിണറായി പറഞ്ഞു.

സര്‍ക്കാരിന്റെ പതനത്തിന് വേഗം കൂട്ടുന്ന നടപടികളാണ് മന്ത്രിമാരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. തട്ടിക്കൂട്ട് മന്ത്രിസഭയുണ്ടാക്കാന്‍ തയ്യാറല്ലെന്ന് എല്‍ഡിഎഫ് നേതൃത്വം നേരത്തെ വ്യക്തമാക്കിയതാണ്. യുഡിഎഫ് സര്‍ക്കാരിന് അധികം ആയുസില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് കിട്ടുന്നത് പോരട്ടെ എന്ന നിലയില്‍ മന്ത്രിമാര്‍ അഴിമതി നടത്താന്‍ മല്‍സരിക്കുന്നതെന്നും പിണറായി ചൂണ്ടിക്കാട്ടി.

deshabhimani

No comments:

Post a Comment