Saturday, February 23, 2013

പണിമുടക്ക്: മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്റെ നിലപാട് നിന്ദ്യം- എളമരം കരീം


തൊഴിലാളികള്‍ നടത്തിയ ദേശീയ പണിമുടക്കിനെ അധിക്ഷേപിച്ച സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ ചെയര്‍മാന്‍ ജെ ബി കോശിയുടെ നിലപാട് രാജ്യത്തിന് അപമാനമാണെന്ന് സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം എംഎല്‍എ പ്രസ്താവനയില്‍ പറഞ്ഞു.

മനുഷ്യാവകാശ സംരക്ഷണത്തിന്റെ പരിധിയില്‍നിന്ന് തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്ന ജനങ്ങളെ ഒഴിച്ചുനിര്‍ത്താന്‍ ഇദ്ദേഹത്തിനുണ്ടായ വികാരം നിന്ദ്യവും നീചവുമാണ്. ജനസംഖ്യയില്‍ പകുതിയിലേറെവരുന്ന തൊഴിലാളികളെ റൗഡികളെന്നും അക്രമികളെന്നും മുദ്രകുത്തുന്ന ജെ ബി കോശി ആരുടെ മനുഷ്യാവകാശമാണ് സംരക്ഷിക്കുന്നത്.

ഇന്ത്യയിലെ തൊഴിലാളികള്‍ 20, 21 തീയതികളില്‍ നടത്തിയ പണിമുടക്ക് മിന്നല്‍ പണിമുടക്കായിരുന്നില്ല. ദിവസംമുഴുവന്‍ കഠിനാധ്വാനം ചെയ്താലും ജീവിതവൃത്തിക്കുള്ള വക കൂലിയായി ലഭിക്കാത്ത പട്ടിണിപ്പാവങ്ങളാണ് വിലക്കയറ്റം തടയുക, മിനിമം കൂലി ഉയര്‍ത്തുക തുടങ്ങിയ മുദ്രാവാക്യം ഉയര്‍ത്തി പണിമുടക്കിയത്. 2012 ഫെബ്രുവരി 28ന് 24 മണിക്കൂര്‍ സൂചനാപണിമുടക്ക് നടത്തിയിട്ടും കേന്ദ്രസര്‍ക്കാര്‍ തിരിഞ്ഞുനോക്കാതിരുന്നപ്പോഴാണ് 48 മണിക്കൂര്‍ പൊതു പണിമുടക്കിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നോട്ടീസ് നല്‍കിയത്. സമ്പത്തുല്‍പാദനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന തൊഴിലാളികളുടെ പ്രശ്നങ്ങള്‍ തീര്‍ത്തും അവഗണിച്ചതില്‍ ഒരു മനുഷ്യാവകാശ ലംഘനവും ചെയര്‍മാന്‍ കണ്ടില്ല. ഐഎല്‍ഒ അംഗീകരിച്ച തത്വങ്ങള്‍ കാറ്റില്‍പ്പറത്തിയും പാര്‍ലമെന്റ് പാസ്സാക്കിയ തൊഴില്‍നിയമങ്ങള്‍ ലംഘിച്ചും തങ്ങളുടെ ലാഭം വര്‍ധിപ്പിക്കുന്നതില്‍മാത്രം ശ്രദ്ധിക്കുന്ന കോര്‍പറേറ്റുകളുടെ മനുഷ്യത്വരഹിതമായ കൊടുംചൂഷണത്തോട് മുന്‍ ന്യായാധിപന് അനിഷ്ടം തോന്നുന്നില്ല. സൂര്യനെല്ലിയിലെ പെണ്‍കുട്ടിയും മറ്റ് അനേകം പെണ്‍കുട്ടികളും അനുഭവിക്കേണ്ടിവന്ന യാതനകളും ജസ്റ്റിസിനെ വേവലാതിപ്പെടുത്തുന്നില്ല. പണിമുടക്ക് ദിവസം ജനങ്ങള്‍ക്കുണ്ടായ പ്രയാസങ്ങളാണ് അദ്ദേഹത്തെ നൊമ്പരപ്പെടുത്തിയത്.

കേരളത്തിലെ ഒരു കോടി 30 ലക്ഷം പേരാണ് പണിമുടക്കിയത്. അവരും കുടുംബാംഗങ്ങളുമടങ്ങുന്ന സമൂഹം ജസ്റ്റിസിന്റെ കണക്കില്‍ ജനങ്ങളല്ല. ദീര്‍ഘകാലം ന്യായാധിപകസേരയില്‍ ഇരുന്നും ശിഷ്ടകാലം കമീഷന്‍ തലപ്പത്ത് ഇരിക്കാനും ഭാഗ്യം സിദ്ധിച്ച ജസ്റ്റിസ് കോശിയെപ്പോലെയുള്ളവര്‍ക്ക് പാവപ്പെട്ടവന്റെ പ്രതിഷേധത്തിന്റെ അര്‍ഥം മനസ്സിലാവില്ല. പണിമുടക്കിന് ശേഷവും വിലകയറി എന്ന് ജസ്റ്റിസ് പറയുമ്പോള്‍ വിലകയറുന്ന നയം മുറുകെപിടിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് ഇദ്ദേഹത്തിന് ഒരു പരാതിയുമില്ല. അധ്വാനിക്കുന്ന വര്‍ഗം കഷ്ടപ്പെട്ടും അഭിമാനത്തോടെ ജീവിക്കുന്നവരാണ്. അവരുടെ അത്മാഭിമാനത്തെ ചോദ്യംചെയ്യുന്നവര്‍ ആരാണെങ്കിലും അത് തീക്കളിയാണെന്ന് ഓര്‍മപ്പെടുത്തുന്നതായും കരീം പറഞ്ഞു.

deshabhimani

No comments:

Post a Comment