Tuesday, February 26, 2013

സംസ്കാര സമയത്തും ആര്‍എസ്എസ് അക്രമം


സനല്‍രാജിന്റെ മരണം: മനുഷ്യാവകാശ കമീഷന് പരാതി നല്‍കും

പയ്യോളി: ക്രൈംബ്രാഞ്ചിന്റെ പീഡനത്തിനിരയായി മകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവം സമഗ്രമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമീഷനെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും സമീപിക്കാന്‍ സനല്‍രാജിന്റെ രക്ഷിതാക്കള്‍ തീരുമാനിച്ചു. റെയില്‍ പാളത്തില്‍ മരിച്ച നിലയില്‍ കാണപ്പെട്ട സിപിഐ എം പ്രവര്‍ത്തകനായ അയനിക്കാട് ചൊറിയന്‍ചാലില്‍ സനല്‍രാജിന്റെ അച്ഛന്‍ സി സി രാജനും അമ്മയുമാണ് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കുന്നത്. കഴിഞ്ഞ കുറെ നാളുകളായി പ്രദേശത്തെ ആര്‍എസ്എസുകാരും സനല്‍രാജിനെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ട ബിഎംഎസുകാരന്‍ മനോജിന്റെ കേസില്‍ തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്യാന്‍ വിളിച്ചുവരുത്തി സനല്‍രാജിനെ പീഡിപ്പിച്ചിരുന്നതായി അച്ഛന്‍ രാജന്‍ പറഞ്ഞു. ആര്‍എസ്എസ് ഭീഷണിമൂലം ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയിലായിരുന്നു സനല്‍രാജിന്റെ സ്ഥിതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു. മരണപ്പെട്ടതിന്റെ തലേന്നാള്‍ ഇക്കാര്യങ്ങളെല്ലാം സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

സംസ്കാര സമയത്തും ആര്‍എസ്എസ് അക്രമം

പയ്യോളി: സനല്‍രാജിന്റെ മൃതദേഹം സംസ്ക്കരിക്കുന്ന സമയത്തും പ്രദേശത്ത് ആര്‍എസ്എസ് സംഘം അക്രമം അഴിച്ചുവിട്ടു. സംസ്കാരത്തിനു ശേഷം മൗനജാഥയും അനുശോചന യോഗവും നടത്തുമ്പോഴാണ് സിപിഐ എം പ്രവര്‍ത്തകരെ ആക്രമിച്ചത്. ആവിത്താരേമ്മല്‍ റിജിന്‍ലാല്‍ (21)നെയാണ് ആര്‍എസ്എസ് സംഘം വളഞ്ഞുവെച്ച് മര്‍ദിച്ചത്. രജിലിനെ പയ്യോളി പൊലീസ് സ്ഥലത്തെത്തിയാണ് രക്ഷപ്പെടുത്തിയത്. കമ്പിവളപ്പില്‍ ഭരതന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്രമം നടത്തിയത്. സംഭവത്തില്‍ സിപിഐ എം പയ്യോളി ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പോസ്റ്റുമോര്‍ട്ടത്തിനുശേഷം വീട്ടിലെത്തിച്ച സനല്‍രാജിന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ കെ ഹനീഫ, ബ്ലോക്ക് നേതാക്കളായ എം പി ഷിബു, കെ രാജേന്ദ്രന്‍, വി വി സുരേഷ്, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് കെ ജീവാനന്ദന്‍ എന്നിവര്‍ അന്ത്യോപചാരമര്‍പ്പിച്ചു. ആര്യന്‍മാസ്റ്റര്‍ മന്ദിരത്തിനു സമീപം നടന്ന അനുശോചനയോഗത്തില്‍ കെ ദാസന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എം ഭാസ്കരന്‍, എം മെഹബൂബ്, ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ കെ ഹനീഫ, ഏരിയാ സെക്രട്ടറി ടി ചന്തു, വാര്‍ഡ്മെമ്പര്‍ മൂലയില്‍ ഷൈബു, കെ ടി വിനോദന്‍, പി വി രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. എന്‍ ടി രാജന്‍ സ്വാഗതം പറഞ്ഞു.

സമഗ്രാന്വേഷണം വേണം-സിപിഐ എം

കോഴിക്കോട്: പയ്യോളിയിലെ സജീവ ഡിവൈഎഫ്ഐ പ്രവര്‍ത്തകനായിരുന്ന ചൊറിയന്‍ചാലില്‍ സനല്‍രാജ് ദുരൂഹ സാഹചര്യത്തില്‍ മരിക്കാനിടയായ സംഭവത്തെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. മാസങ്ങള്‍ക്കുമുമ്പ് പയ്യോളിയില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം പൂര്‍ത്തിയായതാണ്. എന്നാല്‍, ഈ കേസ് വീണ്ടും അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കയാണ്. അന്വേഷണം ആരംഭിച്ചശേഷം മൂന്നുതവണ സനല്‍രാജിനെ ക്രൈബ്രാഞ്ച് സംഘം ആസ്ഥാനത്തേക്ക് വിളിപ്പിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ ക്രൂരമായി പീഡിപ്പിക്കുകയും ചെയ്തതായാണ് മനസ്സിലാകുന്നത്. ആര്‍എസ്എസിന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് സനല്‍രാജിനെ പീഡിപ്പിച്ചത്. നിന്റെയും നിന്റെ പാര്‍ടിയുടെയും എല്ലാം ഇവിടെ അവസാനിപ്പിക്കുമെന്ന് സനല്‍രാജനോട് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. ബുധനാഴ്ച രാവിലെ വീണ്ടും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകുവാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതിനിടെയാണ് മരണം. തിങ്കളാഴ്ച രാവിലെയാണ് അയനിക്കാടിനടുത്ത റെയില്‍പാളത്തില്‍ സനല്‍രാജിന്റെ മൃതദേഹം കണ്ടത്. മരണം സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സത്യസന്ധവും സമഗ്രവുമായ അന്വേഷണം നടത്തി വസ്തുതകള്‍ പുറത്തുകൊണ്ടുവരണം- ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു.

കുറ്റക്കാരെ കണ്ടെത്തണം: ഡിവൈഎഫ്ഐ

കോഴിക്കോട്: പയ്യോളിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ സനല്‍രാജിന്റെ മരണം സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. പയ്യോളിയിലെ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം നിരവധി തവണ ചോദ്യംചെയ്യുന്നതിന് സനല്‍രാജിനെ വിളിപ്പിച്ചിരുന്നു. നിരപരാധിയായ സനല്‍രാജിനെ കേസില്‍ പ്രതിയാക്കുമെന്നും പയ്യോളിയിലെ ഡിവൈഎഫ്ഐയെയും സിപിഐ എമ്മിനെയും നാമാവശേഷമാക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നതുമാണ്. ക്രൈംബ്രാഞ്ച് സംഘം ഈ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വിളിപ്പിക്കുന്നവരെയെല്ലാം മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്. ഈ കേസിന്റെ അന്വേഷണവുമായി ഒരു ബന്ധവുമില്ലാത്ത ഒരു ഡിവൈഎസ്പിയും ചേര്‍ന്നാണ് ഭീഷണി മുഴക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍ സനല്‍രാജിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. സനല്‍രാജിന്റെ ദുരൂഹ മരണത്തില്‍ പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്ഐ പയ്യോളി ബ്ലോക്ക് കമ്മറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ മഞ്ഞോളി അനീഷ് അധ്യക്ഷനായി. സെക്രട്ടറി എം പി ഷിബു, വി വി സുരേഷ് എന്നിവര്‍ സംസാരിച്ചു.

deshabhimani 260213

No comments:

Post a Comment