Friday, February 22, 2013

ഒളിച്ചുകളി വ്യക്തമാക്കി നയപ്രഖ്യാപനം


ആറന്മുള വിമാനത്താവളത്തിന് തത്വത്തില്‍ അംഗീകാരം

ന്യൂഡല്‍ഹി: ആറന്മുളയില്‍ പുതിയ വിമാനത്താവളം നിര്‍മിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അംഗീകാരം നല്‍കിയിട്ടുണ്ടെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി പറഞ്ഞു. കണ്ണൂര്‍, നവിമുംബൈ, ഗോവയിലെ മോപ എന്നിവിടങ്ങളിലും പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കും. വ്യോമയാനരംഗത്ത് ലോകത്തെ ഒമ്പതാമത്തെ വിപണിയാണ് ഇന്ത്യയെന്നും കൊല്‍ക്കത്തയിലും ചെന്നൈയിലും പുതിയ ടെര്‍മിനലുകള്‍ നിര്‍മിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. എന്നാല്‍, പഴയ പ്രഖ്യാപനങ്ങളായ പാലക്കാട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ നിര്‍മാണ യൂണിറ്റ്, ഐഐടി എന്നിവയുടെ കാര്യത്തില്‍ രാഷ്ട്രപതി മൗനം പാലിച്ചു. പാലക്കാടിനൊപ്പം പ്രഖ്യാപിച്ച റായ്ബറേലി കോച്ച് ഫാക്ടറി കമീഷന്‍ ചെയ്തെന്ന് രാഷ്ട്രപതി അറിയിച്ചു.

രാജ്യത്ത് പുതുതായി സ്ഥാപിക്കുന്ന ആറ് ദേശീയ മരുന്ന് പഠന- ഗവേഷണ സ്ഥാപനങ്ങളില്‍ ഒന്ന് റായ്ബറേലിയില്‍ ആയിരിക്കുമെന്ന് രാഷ്ട്രപതി പ്രഖ്യാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. ആണവോര്‍ജരംഗത്ത് പുരോഗതി കൈവരിക്കാനുള്ള ശ്രമങ്ങള്‍ തുടരും. ആണവോര്‍ജകേന്ദ്രങ്ങളില്‍നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനത്തില്‍ 2011-12 വര്‍ഷത്തില്‍ 23 ശതമാനം വര്‍ധന വന്നു. റഷ്യന്‍ സഹകരണത്തോടെയുള്ള കൂടംകുളത്ത് രണ്ടു നിലയം ഈ വര്‍ഷം കമീഷന്‍ചെയ്യും. "ശാസ്ത്ര- സാങ്കേതിക- നൂതനാശയ നയം 2013" സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. സ്കൂളുകളില്‍ ശാസ്ത്ര പ്രചാരണമെന്ന ലക്ഷ്യത്തോടെ 7.30 ലക്ഷം സ്കോളര്‍ഷിപ്പുകള്‍ വിതരണംചെയ്യും. പ്രധാനമന്ത്രിയുടെ ഫെല്ലോഷിപ്പെന്ന നിലയില്‍ പുതിയ ഡോക്ടറല്‍ ഫെല്ലോഷിപ് നടപ്പാക്കിയിട്ടുണ്ടെന്നും നയപ്രഖ്യാപനത്തില്‍ പറയുന്നു.

ഒളിച്ചുകളി വ്യക്തമാക്കി നയപ്രഖ്യാപനം

പത്തനംതിട്ട: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തില്‍ ആറന്മുള വിമാനത്താവളത്തിന് അംഗീകാരം നല്‍കിയതോടെ, വ്യവസായ ലോബിയും കോണ്‍ഗ്രസ് നേതൃത്വവും തമ്മിലുള്ള ഒത്തുകളി വെളിപ്പെട്ടു. വിമാനത്താവള പദ്ധതിയുടെ മുന്നില്‍ നില്‍ക്കുന്ന ചെന്നൈ കെജിഎസ് ഗ്രൂപ്പിന്റെ പിന്നില്‍ റിലയന്‍സ് ഗ്രൂപ്പാണെന്നത് നേരത്തേ പുറത്തുവന്നു. സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട് വധേരയുടെ ബിസിനസ് താല്‍പര്യവും ഇതിനുപിന്നിലുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ്. ഐഎന്‍എസ് ഗരുഡയുടെ ഫ്ള്യിങ് സോണിന് ഉള്ളിലുള്ള ആറന്മുളയില്‍ വിമാനത്താവളത്തിന് അനുമതി കൊടുക്കില്ലെന്ന് പ്രഖ്യാപിച്ച പ്രതിരോധ മന്ത്രി എ കെ ആന്റണി ദിവസങ്ങള്‍ക്കുള്ളില്‍ കരണംമറിഞ്ഞ് അനുമതി കൊടുക്കാമെന്നായി. കേരളത്തിലെ വിമാനത്താവളങ്ങളുടെ ദൂരപരിധി കണക്കിലെടുത്ത് അനുമതി കൊടുക്കാന്‍ കഴിയില്ലെന്ന് പ്രഖ്യാപിച്ച മുന്‍ വ്യോമയാന മന്ത്രി വയലാര്‍ രവിയും പിന്നീട് അനുമതി നല്‍കാന്‍ തയ്യാറായി.

നിയമസഭാ പരിസ്ഥിതി കമ്മിറ്റി സ്ഥലം സന്ദര്‍ശിച്ച് കെജിഎസ് ഗ്രൂപ്പ് അതുവരെ നടത്തിയ എല്ലാ പ്രവര്‍ത്തനങ്ങളും നിയമവിരുദ്ധമാണെന്ന് നിയമസഭയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടും അതവഗണിച്ച് വിമാനത്താവളത്തിന് അനുകൂലമായ നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്. വി എം സുധീരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇതിനു പിന്നിലെ ക്രമസേക്കടുകള്‍ ചൂണ്ടിക്കാട്ടി എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടും കെജിഎസ് ഗ്രൂപ്പിന് അനുകൂലമായി നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. വിമാനത്താവളത്തിനെതിരെ ഉയര്‍ന്ന ജനരോഷം കണക്കിലെടുക്കാതെ സര്‍ക്കാരിന് പങ്കാളിത്തം ഉണ്ടെന്ന് വരുത്താന്‍ 2000 കോടി രുപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ 10 ശതമാനം ഓഹരിയെടുക്കാനും സര്‍ക്കാര്‍ തയ്യാറായി. ഇതുവഴി കെജിഎസ് ഗ്രൂപ്പ് അതുവരെ നടത്തിയ എല്ലാ നിയമ ലംഘനങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. പരിധിയില്‍ കവിഞ്ഞ ഭൂമി സമ്പാദിച്ചിട്ടും ഭൂപരിഷ്കരണ നിയമപ്രകാരമുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ഭൂപരിധിയില്‍ നിയമാനുസൃത ഇളവിന് അപേക്ഷ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലാത്ത കമ്പനിയുടെ മിച്ചഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് കലക്ടര്‍ കഴിഞ്ഞദിവസം ലാന്‍ഡ് ബോര്‍ഡ് കമീഷണര്‍ക്ക് കത്തയച്ചിരുന്നു. ഈ ഘട്ടത്തില്‍തന്നെയാണ്് വിമാനത്താവള കമ്പനിയില്‍ ഓഹരിയെടുക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സാധാരണയില്‍ കവിഞ്ഞ താല്‍പര്യമെടുത്ത് മന്ത്രിസഭാ തീരുമാനം ഉണ്ടാക്കിയത്.
(ഏബ്രഹാം തടിയൂര്‍)

deshabhimani 220213

No comments:

Post a Comment