Friday, February 22, 2013

സെല്ലൂലോയ്ഡ് മികച്ച ചിത്രം; പൃഥ്വി രാജ് നടന്‍, റീമ നടി

കഴിഞ്ഞവര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രമായി കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് തെരഞ്ഞെടുക്കപ്പെട്ടു. അയാളും ഞാനും എന്ന ചിത്രത്തിലൂടെ ലാല്‍ ജോസ് മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടി. അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ് ചിത്രങ്ങളിലെ അഭിനയത്തിന് പൃഥ്വി രാജ് മികച്ച നടനായി. 22 ഫീമെയില്‍ കോട്ടയത്തിലെയും നിദ്രയിലെയും അഭിനയത്തിന് റീമാ കല്ലിങ്കല്‍ മികച്ച നടിയായും തെരഞ്ഞെടുക്കപ്പെട്ടു. മന്ത്രി കെ ബി ഗണേഷ്കുമാറാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

മറ്റ് അവാര്‍ഡുകള്‍: മികച്ച രണ്ടാമത്തെ നടന്‍: മനോജ് കെ ജയന്‍(അര്‍ദ്ധനാരി, കളിയച്ഛന്‍). മികച്ച രണ്ടാമത്തെ നടി: സജിത മഠത്തില്‍(ഷട്ടര്‍). ഹാസ്യനടന്‍: സലീം കുമാര്‍(അയാളും ഞാനും തമ്മില്‍). മികച്ച നവാഗത സംവിധായകന്‍: ഫറൂഖ് അബ്ദുറഹിമാന്‍(കളിയച്ഛന്‍). ബാല താരങ്ങള്‍: മാസ്റ്റര്‍ മിലോണ്‍(101 ചോദ്യങ്ങള്‍), വൈജയന്തി(മഞ്ചാടിക്കുരു). കഥാകൃത്ത്: മനോജ് കാന. തിരക്കഥ: അഞ്ജലി മേനോന്‍(മഞ്ചാടിക്കുരു). ഗാനരചന: റഫീഖ് അഹമ്മദ്(മഴകൊണ്ടുമാത്രം....സ്പിരിറ്റ്). സംഗീത സംവിധായകന്‍: എം ജയചന്ദ്രന്‍(കാറ്റോ കാറ്റേ....സെല്ലുലോയ്ഡ്). പശ്ചാത്തല സംഗീതം: ബിജിപാല്‍(കളിയച്ഛന്‍). ഗായകന്‍: വിജയ് യേശുദാസ്(മഴകൊണ്ടുമാത്രം....സ്പിരിറ്റ്). ഗായിക: സിതാര(സെല്ലുലോയ്ഡ്). മേക്കപ്പ്മാന്‍: എം ജി റോഷന്‍(മായാമോഹിനി). ഛായാഗ്രാഹകന്‍: മധു നീലകണ്ഠന്‍(അന്നയും റസൂലും). എഡിറ്റിങ്: അജിത് കുമാര്‍(അന്നയും റസൂലും). കലാമൂല്യവും ജനപ്രീതിയുമുള്ള ചിത്രം: അയാളും ഞാനും തമ്മില്‍. സെല്ലുലോയ്ഡ് എന്ന ചിത്രത്തിലെ കാറ്റേ കാറ്റേ എന്ന ഗാനത്തിന് ഗായകരായ ശ്രീറാമും വൈക്കം വിജയലക്ഷ്മിയും ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി.

സംവിധായകന്‍ ഐ വി ശശി ചെയര്‍മാനും സംവിധായകന്‍ സിബി മലയില്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഴുത്തുകാരി ജയശ്രീ കിഷോര്‍, നടി സുരേഖ, സംഗീതസംവിധായകന്‍ ആര്‍ സോമശേഖരന്‍, എഡിറ്റര്‍ രമേശ് വിക്രമന്‍ എന്നിവര്‍ അംഗങ്ങളും സംസ്ഥാന ചലച്ചിത്ര അക്കാദമി സെക്രട്ടറി കെ മനോജ്കുമാര്‍ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്.

മികച്ച ചലച്ചിത്ര ഗ്രന്ഥമായി കെ ഗോപിനാഥിന്റെ സിനിമയയുടെ നോട്ടങ്ങള്‍ അര്‍ഹമായി. അജു കെ നാരായണനും കെ ഷെരി ജേക്കബും ചേര്‍ന്നെഴുതിയ "നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങള്‍" ആണ് മികച്ച ചലച്ചിത്ര ലേഖനം. സിനിമാ സംബന്ധമായ രചനാ വിഭാഗം ജൂറി ചെയര്‍മാന്‍ എഴുത്തുകാരന്‍ എസ് ജയചന്ദ്രന്‍ നായരായിരുന്നു. എഴുത്തുകാരി രാധാലക്ഷ്മി, ഫിലിം ജേര്‍ണലിസ്റ്റ് സജില്‍ ശ്രീധര്‍ എന്നിവര്‍ അംഗങ്ങളും കെ മനോജ്കുമാര്‍ മെമ്പര്‍ സെക്രട്ടറിയുമായാണ് ഈ കമ്മിറ്റി പ്രവര്‍ത്തിച്ചത്.

deshabhimani

No comments:

Post a Comment