Wednesday, February 27, 2013

റെയില്‍‌വേ വില്‍പ്പനയ്ക്ക്; പാളംതെറ്റി കേരളം


ഭ്രാന്തുപിടിച്ച സ്വകാര്യവത്ക്കരണത്തിന് പച്ചക്കൊടി വീശുന്ന കേന്ദ്ര റയില്‍വേ ബജറ്റ് ഇന്നലെ അവതരിപ്പിച്ചു. പതിനേഴ് വര്‍ഷത്തിനിടയില്‍ ഒരു കോണ്‍ഗ്രസ് മന്ത്രി ആദ്യമായി അവതരിപ്പിച്ച റയില്‍ ബജറ്റ് കോണ്‍ഗ്രസിന്റെ കോര്‍പ്പറേറ്റ് പ്രീണനനയങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ്. വികസനത്തിനായി സ്വകാര്യപങ്കാളിത്തത്തോടെ ഒരു ലക്ഷം കോടി രൂപ സമാഹരിക്കുമെന്ന മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന്റെ പ്രസ്താവന രാജ്യത്തെ പ്രമുഖ പൊതുമേഖലാ സ്ഥാപനത്തെ തീറെഴുതാനുള്ള സത്യവാങ്മൂലമായി. പ്രത്യക്ഷത്തില്‍ യാത്രാനിരക്ക് വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും റിസര്‍വേഷന്‍ നിരക്ക് കൂട്ടി യാത്രക്കാരുടെ കീശയില്‍ കൈയിട്ടുവാരുന്നു. ചരക്ക് കൂടി കൂട്ടിയത് വിലക്കയറ്റത്തിന് ആക്കംകൂട്ടും. യാത്രാ നിരക്കില്‍ ഇപ്പോള്‍ വര്‍ധന വരുത്തുന്നില്ലെന്ന് മന്ത്രി പറഞ്ഞെങ്കിലും എല്ലാവര്‍ഷവും അഞ്ചു മുതല്‍ ആറു ശതമാനം വരെ യാത്രാനിരക്ക് കൂടും. ചരക്ക് കൂലി അഞ്ചു ശതമാനം വര്‍ധിക്കും. ഏപ്രില്‍ ഒന്നിനു ഇത് നിലവില്‍ വരും.

ലോക്‌സഭയില്‍ ഇന്നലെ അവതരിപ്പിച്ച ബജറ്റില്‍ യാത്രാനിരക്കില്‍ പ്രത്യക്ഷ വര്‍ധന വരുത്തിയില്ലെങ്കിലും പ്രതിവര്‍ഷം 6,600 കോടി രൂപ അധിക വരുമാനം ലഭിക്കും. കഴിഞ്ഞ ജനുവരിയില്‍ ബന്‍സല്‍ യാത്രാനിരക്ക്  വര്‍ധിപ്പിച്ചിരുന്നു.

യാത്രാനിരക്കില്‍ വര്‍ധന വരുത്തിയില്ലെങ്കിലും റിസര്‍വേഷന്‍, തത്കാല്‍ നിരക്കുകളില്‍ വര്‍ധന വരുത്തിയിട്ടുണ്ട്. അതിനാല്‍ റിസര്‍വ് ചെയ്തു യാത്ര ചെയ്യുന്നവര്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. റിസര്‍വേഷന്‍, സപ്ലിമെന്ററി നിരക്കുകളില്‍ 5 മുതല്‍ 25 രൂപവരെയാണ് വര്‍ധന വരുത്തിയിരിക്കുന്നത്. രണ്ടാം ക്ലാസില്‍ റിസര്‍വേഷന്‍ നിരക്ക് 15 രൂപയായി നിലനിര്‍ത്തിയെങ്കിലും  സപ്ലിമെന്ററി നിരക്ക് 5 മുതല്‍ 15 രൂപവരെയായി ഉയര്‍ത്തി. സ്ലീപ്പര്‍ ക്ലാസില്‍ റിസര്‍വേഷന്‍ നിരക്കില്‍ കൈവെച്ചിട്ടില്ലെങ്കിലും സപ്ലിമെന്ററി നിരക്ക് 10 മുതല്‍ 30 രൂപവരെ ഉയര്‍ത്തി. എ സി ഫസ്റ്റ്, എക്‌സിക്യൂട്ടീവ് ക്ലാസിന്റെ റിസര്‍വേഷന്‍ നിരക്ക് 25 മുതല്‍ 60 രൂപവരെയും സപ്ലിമെന്ററി നിരക്ക് 25 മുതല്‍ 75 രൂപവരെയും കൂട്ടി. അതുപോലെ തത്കാല്‍ നിരക്ക് 100 രൂപവരെ വര്‍ധിക്കും. സ്ലീപ്പര്‍, എ സി ചെയര്‍ കാറിലെ തത്കാല്‍ നിരക്ക് യഥാക്രമം 25, 50 ആയിരുന്നത് 175, 200 ആയി കൂടും. റദ്ദാക്കല്‍ നിരക്ക് 50 രൂപവരെ വര്‍ധിക്കും. ഇന്ധന വിലയ്ക്ക് അനുസരിച്ചു ചരക്കു കൂലി കൂടും. ഇന്ധനവില കുറഞ്ഞാല്‍ കുറയും.

കഴിഞ്ഞ വര്‍ഷം യാത്രാനിരക്കില്‍ വര്‍ധന വരുത്തിയതിനാലാണ് ഈ വര്‍ഷം വര്‍ധന വരുത്താത്തതെന്ന് അദ്ദേഹം റയില്‍വേ ബജറ്റ് അവതരിപ്പിച്ചു പറഞ്ഞു. ഈ വര്‍ഷം റയില്‍വേ യാത്രക്കാരുടെ എണ്ണത്തില്‍ 5% വര്‍ധനയുണ്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

    സമാഹരണ ലക്ഷ്യം ഒരുലക്ഷം കോടി
    റിസര്‍വേഷന്‍ ചാര്‍ജ് വര്‍ധിക്കും
    ചരക്കുകൂലിയില്‍ നിന്നുള്ള വരുമാനം 93,554 കോടി
    ഇന്ധനവിലയ്ക്ക് അനുസരിച്ചു ചരക്കു കൂലി കൂടും
    പുതുതായി 67 എക്‌സ്പ്രസ്, 27 പാസഞ്ചര്‍ തീവണ്ടികള്‍
    57 വണ്ടികള്‍ നീട്ടും
    ഇ-ടിക്കറ്റ് സംവിധാനം നവീകരിക്കും
    വനിതാ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കും
    ആര്‍പിഎഫില്‍ 10 ശതമാനം വനിതാസംവരണം

ബജറ്റിലെ മറ്റ് പ്രഖ്യാപനങ്ങള്‍

    സെക്കന്തരാബാദില്‍ ദേശീയ റെയില്‍വേ പരിശീലന കേന്ദ്രം
    500 കി.മീ പുതിയ റെയില്‍പാത
    22 പുതിയ റെയില്‍വേ ലൈനുകള്‍
    450 മീറ്റര്‍ ഗെയ്ജ് പാതകള്‍ ബ്രോഡ് ഗെയ്ജാക്കും
    57 ട്രെയിന്‍ സര്‍വീസുകള്‍ ദീര്‍ഘിപ്പിച്ചു
    രാജസ്ഥാനില്‍ മെമു ഫാക്ടറി
    750 കി.മീ പാത ഇരട്ടിപ്പിക്കും
    ലേഡീസ് കമ്പാര്‍ട്ട്‌മെന്റുകളില്‍ വനിത ആര്‍ പി എഫുമാരുടെ എണ്ണം വര്‍ധിപ്പിക്കും
    നാല് വനിത ആര്‍.പി.എഫ് കമ്പനികള്‍ രൂപീകരിക്കും
    ആര്‍.പി.എഫ് ജീവനക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കും
    ട്രെയിനുകളുടെയും കോച്ചുകളുടെയും ശുചിത്വത്തിനായി ബയോടോയ്‌ലെറ്റുകള്‍ സ്ഥാപിക്കും
    ട്രെയിനുകളിലെ വൃത്തിയും യാത്രാസൗകര്യങ്ങളും ഉറപ്പുവരുത്തുന്നതിന് കൂടുതല്‍ ശാസത്രീയ പദ്ധതികള്‍  കൊണ്ടുവരും
    സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന 1000 ലെവല്‍ക്രോസുകള്‍
    അഗ്‌നിശമനസംവിധാനങ്ങള്‍ തീവണ്ടികളില്‍ വ്യാപിപ്പിക്കും
    ആക്‌സിഡന്റ് റിലീഫ് ട്രെയിനുകളും ട്രെയിന്‍ കൊളീഷന്‍ അവോയിഡന്‍സ് സിസ്റ്റവും കൊണ്ടുവരും
    അപകടനിലയിലായ 17 പാലങ്ങള്‍ പുനര്‍നിര്‍മിക്കും
    ശതാബ്ദി, രാജധാനി ട്രെയിനുകളില്‍ ആധുനിക സൗകര്യങ്ങളോട് കൂടിയുള്ള അനുഭൂതി കോച്ചുകള്‍  കൊണ്ടുവരും
    മുതിര്‍ന്ന പൗരന്മാര്‍ക്കായി പ്രധാന സ്‌റ്റേഷനുകളില്‍ ലിഫ്റ്റ്, എസ്‌കലേറ്റര്‍ സംവിധാനങ്ങള്‍                 ഏര്‍പ്പെടുത്തും
    ശാരീരിക അവശതയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും
    ഇ-ടിക്കറ്റിങ് സൗകര്യം മെച്ചപ്പെടുത്തും
    മൊബൈല്‍ വഴി ഇടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏര്‍പ്പെടുത്തും
    ഇ-ടിക്കറ്റ് ബുക്കിങ് സമയം പുലര്‍ച്ചെ 12.30മുതല്‍ രാത്രി 11.30വരെയാക്കും
    ഒരേ സമയം ഒരുലക്ഷം പേര്‍ക്ക് ഇടിക്കറ്റ് ബുക്കിങ് ചെയ്യാവുന്ന സൗകര്യം കൊണ്ടുവരും
    ഒരു മിനിറ്റില്‍ 7260 ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സൗകര്യം
    ട്രെയിനുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാര മാനദണ്ഡം ഉറപ്പുവരുത്തും
    ട്രെയിനുകളിലെ അടുക്കളകള്‍ക്ക് ഐഎസ്ഒ അംഗീകാരം നിര്‍ബന്ധമാക്കും
    ഭക്ഷണവിതരണത്തിന് പ്ലാസ്റ്റിക് നിരോധിക്കും
    വിദ്യാര്‍ഥികള്‍ക്ക് 'ആസാദി' ട്രെയിനുകള്‍ ഏര്‍പ്പെടുത്തും
    സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലേക്ക് 'ആസാദി എക്‌സ്പ്രസ്' ട്രെയിനുകള്‍ വ്യാപിപ്പിക്കും
    സ്വാതന്ത്ര്യസമരസേനാനികള്‍ക്ക് മൂന്ന് വര്‍ഷത്തിലൊരിക്കല്‍ ട്രെയിന്‍ പാസുകള്‍ പുതുക്കിയാല്‍ മതി
    തെരഞ്ഞെടുക്കപ്പെടുന്ന സ്‌റ്റേഷനുകളില്‍ വൈഫൈ സംവിധാനം, ഇലക്ട്രോണിക് ഡിസ്‌പ്ലേ            ബോര്‍ഡുകള്‍          
    ഛണ്ഡീഗഡില്‍ ആധുനിക സിഗ്‌നല്‍ സംവിധാന നിര്‍മാണ യൂണിറ്റ്
    സ്വകാര്യപങ്കാളിത്തം കൂട്ടാന്‍ പുതിയ പദ്ധതികള്‍
    പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ഒരു ലക്ഷംകോടി രൂപയുടെ നിക്ഷേപം സമാഹരിക്കും
    റെയില്‍വേയില്‍ കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികളെടുക്കും
    റെയില്‍വേയില്‍ 40,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
    റെയില്‍വേയുമായി ബന്ധപ്പെട്ട ഉന്നത പഠനത്തിന് ഫെലോഷിപ്പുകള്‍ ഏര്‍പ്പെടുത്തും
    രാജ്യത്തെ അഞ്ച് സര്‍വകലാശാലകളിലായാണ് ഫെലോഷിപ്പ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുക
    പിന്നോക്കവിഭാഗക്കാര്‍ക്കും ശാരീരിക അവശതകളുള്ളവര്‍ക്കും തൊഴിലവസരങ്ങള്‍
    ഡല്‍ഹി, ന്യൂഡല്‍ഹി, നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനുകളുടെ നവീകരണത്തിന് 1000 കോടി രൂപ
    നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന 347 പദ്ധതികള്‍ക്ക് മുന്‍ഗണന
    പരാതി പരിഹരിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍
    വിനോദ തീര്‍ത്ഥാടന കേന്ദ്രങ്ങളിലെ സ്‌റ്റേഷനുകള്‍ക്ക് പ്രത്യേക പരിഗണന
    ആധാര്‍ പദ്ധതി റെയില്‍വേ പ്രയോജനപ്പെടുത്തും
    റയ്ബറേലി, ബില്‍വാര, സോനേപഥ്, കല്‍ഹന്തി, കോളാര്‍, പാലക്കാട് പ്രതാപ്ഘണ്ഡ്         എന്നിവിടങ്ങളില്‍ കോച്ച്ഫാക്ടറി
    രാജ്യാന്തര സ്‌പോര്‍ട്‌സ് മെഡല്‍ ജേതാക്കള്‍ക്ക് സൗജന്യ ട്രെയിന്‍ യാത്രാ സൗകര്യം

പാളംതെറ്റി കേരളം

ന്യൂഡല്‍ഹി: റയില്‍വേ ബജറ്റില്‍ കേരളത്തെ പാടെ തഴഞ്ഞു. ഇല്ലായ്മയുടെ പട്ടികയാണ് കേരളത്തിന്. പേരിന് ആശ്വസിക്കാവുന്നത് രണ്ട് പുതിയ എക്‌സ്പ്രസ് തീവണ്ടികളും മൂന്ന് പാസഞ്ചറുകളും അനുവദിച്ചതാണ്. പുതിയ പദ്ധതികളോ പാതകളോ ബജറ്റിലില്ല.

പുനലൂര്‍-കൊല്ലം പ്രതിദിന പാസഞ്ചര്‍ തീവണ്ടി, ഷൊര്‍ണൂര്‍-കോഴിക്കോട് പ്രതിദിന പാസഞ്ചര്‍, തുശൂര്‍- ഗുരുവായൂര്‍ പ്രതിദിന പാസഞ്ചര്‍, വിശാഖപട്ടണം-കൊല്ലം പ്രതിവാര എക്‌സ്പ്രസ്, ലോകമാന്യ തിലക് -കൊച്ചുവേളി പ്രതിവാര എക്‌സ്പ്രസ് എന്നിവയാണു കേരളത്തിന് പുതുതായി അനുവദിച്ചത്. കൊച്ചുവേളി- ചണ്ഡീഗഡ് പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ ആഴ്ചയില്‍ രണ്ടു ദിവസമാക്കി.  ഗുവാഹത്തി-എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെയും എറണാകുളം- തൃശൂര്‍ മെമു പാലക്കാട്ടേക്കും നീട്ടി. കൊല്ലം-നാഗര്‍കോവില്‍ മെമു കന്യാകുമാരിയിലേക്കും മധുര-കൊല്ലം പാസഞ്ചര്‍ പുനലൂരിലേക്കും നീട്ടി. ഷൊര്‍ണൂര്‍ - മംഗലാപുരം മൂന്നാം പാതയ്ക്ക് സര്‍വേ നടത്താന്‍ നിര്‍ദേശമുണ്ട്.  അതേസമയം, കേരളത്തിന് പുതിയ റയില്‍വേ ലൈനുകളില്ല.    ഷൊര്‍ണ്ണൂര്‍- ഇലത്തൂര്‍ ലൈന്‍ വൈദ്യുതീകരിക്കും. ഇടമണ്‍-പുനലൂര്‍ ഗേജ് മാറ്റവും പാലക്കാട്-മീനാക്ഷിപുരം ഗേജ്മാറ്റവും അങ്കമാലി-കാലടി ലൈനും ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെങ്ങന്നൂര്‍- തിരുവല്ല, പിറവംറോഡ്-കുറുപ്പുന്തറ ഇരട്ടപ്പാത ഈ വര്‍ഷം പൂര്‍ത്തിയാകും.(പുനലൂര്‍-കൊല്ലം, തൃശൂര്‍-ഗുരുവായൂര്‍ എന്നിങ്ങനെ രണ്ട് വണ്ടി ഇല്ലെന്നും പുനലൂര്‍-ഗുരുവായൂര്‍ എന്ന ഒറ്റ വണ്ടിയാണെന്നും റേയില്വെയുടെ തിരുത്ത് വന്നിട്ടുണ്ട്. അച്ചടിപ്പിശാചായിരുന്നെന്ന്)

പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിയെപ്പറ്റി ഒരു പരാമര്‍ശം ബജറ്റ് പ്രസംഗത്തില്‍ വന്നെങ്കിലും സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നു മാത്രമാണു മന്ത്രി പറഞ്ഞത്. കഞ്ചിക്കോട് കോച്ച് ഫാക്ടറിക്കു തറക്കല്ലിടല്‍ മാത്രമാണ് ഇതുവരെ നടത്തിയിട്ടുള്ളത്. പദ്ധതി അനിശ്ചിതത്വത്തില്‍ തന്നെ തുടരുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. അതേസമയം, കോച്ച് ഫാക്ടറിക്കായി ബജറ്റില്‍ പണം വകയിരുത്തിയിട്ടില്ല. നിര്‍മാണം നടപ്പാക്കുമെന്ന പരാമര്‍ശം മാത്രമാണ് ഉണ്ടായിരുന്നത്. കു പിറവം റോഡ് മുതല്‍ കുറുപ്പുന്തറ വരെ പാതയിരട്ടിപ്പിക്കലിനും നിര്‍ദേശമുണ്ട്. ഷൊര്‍ണൂര്‍-മംഗലാപുരം പാതയില്‍ മൂന്നാമതൊരു ലൈന്‍കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലത്ത് റെയില്‍വേയുടെ സ്‌കില്‍ ഡെവലപ്‌മെന്റ് കേന്ദ്രം സ്ഥാപിക്കുമെന്ന വാഗ്ദാനമുണ്ട്.

കേരളത്തിലെ കോച്ച്ഫാക്ടറികള്‍ ഇനി ഓര്‍മയില്‍ മാത്രം

കൊച്ചി: കേന്ദ്രമന്ത്രിസഭയിലെ രണ്ട് ഉന്നതരും ഒരു സഹമന്ത്രിയും പ്രതിനിധീകരിക്കുന്ന മണ്ഡലത്തില്‍ അനുവദിക്കുമെന്ന് പ്രഖ്യാപിച്ച ചേര്‍ത്തലയിലെ റെയില്‍വേ അനുബന്ധ കോച്ച് ഫാക്ടറിയെക്കുറിച്ച് ഇനി കേരളീയര്‍ക്ക് മറക്കാം. കഴിഞ്ഞദിവസം സംസ്ഥാനം സന്ദര്‍ശിച്ച റെയില്‍വേ പാര്‍ലമെന്ററി സമിതി ഇത്തരമൊരു ഫാക്ടറിയെക്കുറിച്ച് അജ്ഞത പ്രകടിപ്പിച്ചപ്പോഴും ബജറ്റില്‍ രണ്ട് കോച്ച്ഫാക്ടറികള്‍ സംബന്ധിച്ച് വ്യക്തത വരുത്തുമെന്നാണ് കേന്ദ്രമന്ത്രിമാരടക്കം പറഞ്ഞത്.

പാലക്കാട്ടെ ഇന്റഗ്രല്‍ കോച്ച്ഫാക്ടറി ഈ ബജറ്റിലും പരാമര്‍ശവിധേയമായില്ല. കഞ്ചിക്കോട്ടെ ഇന്റഗ്രല്‍ കോച്ച്ഫാക്ടറിക്ക് അനുബന്ധമായി അലൂമിനിയം ബോഡിയുടെ ഫ്രെയിം അടക്കമുള്ള സാധനങ്ങള്‍ ഉത്പാദിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു ചേര്‍ത്തലയിലെ ഫാക്ടറി. 2007-ല്‍ റെയില്‍വേമന്ത്രിയായിരുന്ന ലാലുപ്രസാദ് യാദവ് ആണ് പാലക്കാട്, ചേര്‍ത്തല ഫാക്ടറികള്‍ ആരംഭിക്കുമെന്ന പ്രഖ്യാപനം നടത്തിയത്.

ഈ ഫാക്ടറികളുടെ നിര്‍മാണപുരോഗതി സംബന്ധിച്ച് എസി സേഥിയുടെ നേതൃത്വത്തില്‍ പാര്‍ലമെന്ററികാര്യ സമിതി ഇത്തരമൊരു പദ്ധതി നിലവിലുള്ളതായി അറിയില്ലെന്ന് പ്രഖ്യാപിച്ചപ്പോഴും കേന്ദ്രമന്ത്രി എ കെ ആന്റണിയടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ലെന്നുവേണം കരുതാന്‍. കേരളത്തിലെ രണ്ട് ഫാക്ടറികള്‍ എങ്ങുമെത്താതെ പോവുമ്പോള്‍ പശ്ചിമബംഗാളില്‍ ഇതിനുശേഷം പ്രഖ്യാപിക്കപ്പെട്ട കമ്പനിയില്‍ ഉത്പാദനം ആരംഭിച്ചുകഴിഞ്ഞു.

പിറവം ഉപതിരഞ്ഞെടുപ്പുകാലത്ത് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനെപോലും അറിയിക്കാതെയാണ് കഞ്ചിക്കോട് ഫാക്ടറിക്ക് തറക്കല്ലിട്ടത്. സംസ്ഥാനസര്‍ക്കാര്‍ ഈ കമ്പനിക്ക് 239 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് നല്‍കിക്കഴിഞ്ഞു. പദ്ധതി സംബന്ധിച്ച് ചര്‍ച്ചകള്‍ തുടങ്ങുമെന്നാണ് ബജറ്റില്‍ പറയുന്നത്.

ചേര്‍ത്തലയിലെ സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ ഓട്ടോകാസ്റ്റ് ലിമിറ്റഡുമായിചേര്‍ന്ന് നിര്‍മിക്കുന്ന ഫാക്ടറി ഇനി പ്രാവര്‍ത്തികമാകുന്ന കാര്യം സംശയത്തിലാണ്.
(ആര്‍ ഗോപകുമാര്‍)

പുതിയ ട്രെയിന്‍ ചോദിച്ചു: നല്‍കിയത് തിരുവനന്തപുരം വരെ നീട്ടല്‍

കൊച്ചി: എറണാകുളത്തുനിന്ന് ഗുവാഹട്ടിക്ക് പുതിയ ട്രെയിന്‍വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ എറണാകുളംവരെ എത്തുന്ന ട്രെയിന്‍ തിരുവനന്തപുരംവരെ നീട്ടി റെയില്‍വേയുടെ പരിഹാസം.
നരകയാത്ര അനുഭവിക്കണമെങ്കില്‍ ഒരുതവണ എറണാകുളം-ഗുവാഹട്ടി ട്രെയിനില്‍ യാത്രചെയ്താല്‍ മതി. റെയില്‍വേയുടെ ഔദ്യോഗിക കണക്കനുസരിച്ച് ഈ ട്രെയിനിന്റെ ജനറല്‍  കമ്പാര്‍ട്ട്‌മെന്റുകളില്‍ 800 യാത്രക്കാരാണ് യാത്രചെയ്യുന്നത്. ഈ  ട്രെയിനിന്റെ റിസര്‍വ്ഡ് കമ്പാര്‍ട്ടുമെന്റുകളില്‍ നൂറിലധികം യാത്രക്കാരാണ് തിങ്ങിനിറഞ്ഞ് പോകുന്നത്. ഈ ട്രെയിന്‍ ചെന്നൈയിലടക്കം ചെല്ലുമ്പോള്‍ ട്രെയിനിന്റെ വരാന്തയില്‍ ഇരുന്ന് യാത്രചെയ്യുന്ന ആളുകളില്‍നിന്ന് കനത്ത പിഴ ഈടാക്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് ജോലിക്കെത്തുന്ന ആസാമില്‍നിന്നുള്ളവരാണ് ഈ ട്രെയിനുകളിലെ ഭൂരിപക്ഷം യാത്രക്കാര്‍.

ചെന്നൈയില്‍നിന്ന് എറണാകുളംവരെ കാലെടുത്തുകുത്താന്‍പോലും സ്ഥലമില്ലാതെ സുരക്ഷാമാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി യാത്ര തുടരുന്ന ട്രെയിനാണ് ഇപ്പോള്‍ തിരുവനന്തപുരം വരെ നീട്ടിയിട്ടുള്ളത്.

റയില്‍വേ പ്രതിസന്ധിയില്‍: ബന്‍സല്‍

ന്യൂഡല്‍ഹി: റയില്‍വേ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റയില്‍വേ മന്ത്രി പവന്‍കുമാര്‍ ബന്‍സല്‍. 22,500 കോടി രൂപയായിരുന്ന നഷ്ടം 24,600 കോടി രൂപയായി ഉയര്‍ന്നു. റയില്‍വേയെ സാമ്പത്തികമായി മെച്ചപ്പെട്ട നിലയില്‍ ആക്കേണ്ടതുണ്ടെന്നും അദ്ദേഹം റയില്‍വേ ബജറ്റ് അവതരിപ്പിച്ച് പറഞ്ഞു. റയില്‍വേയുടെ പല പദ്ധതികള്‍ക്കും വേണ്ട സമയത്ത് പണം ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉയരുന്ന നഷ്ടം യാത്രാ സേവനങ്ങളെ ബാധിച്ചു. ഉപഭോക്താക്കള്‍ക്കു നിലവാരമുള്ള സേവനം നല്‍കണം. റയില്‍ ഓപ്പറേഷനില്‍ നിന്നുള്ള നഷ്ടം ഏറി വരുന്നു. നാലു വര്‍ഷത്തിനിടെ 95,000 കോടിയുടെ വിഭവ സമാഹരണം വേണം. ചെലവുകളുടെ ആധിക്യം നേരിടാന്‍ നടപടികള്‍ വേണ്ടതുണ്ടെന്നും മന്ത്രി വ്യക്തമാക്കി. 1996നു ശേഷമുളള കോണ്‍ഗ്രസിന്റെ ആദ്യ റയില്‍വേ ബജറ്റാണിത്.

janayugom

No comments:

Post a Comment