Friday, February 22, 2013

ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ ബദല്‍ രൂപപ്പെടുത്തുക ലക്ഷ്യം: കാരാട്ട്


കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ജനകീയ ബദല്‍ രൂപീകരിക്കുകയാണ് സിപിഐ എം സംഘടിപ്പിക്കുന്ന അഖിലേന്ത്യാ ജാഥയുടെ ലക്ഷ്യമെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങക്കെതിരെ സിപിഐ എമ്മിന്റെ വിയോജിപ്പ് അറിയിക്കലും പാര്‍ട്ടി നിലപാട് വ്യക്തമാക്കലും "സംഘര്‍ഷ് സന്ദേശ് ജാഥ" യുടെ ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. പോളിറ്റ് ബ്യൂറോ അംഗങ്ങളായ സീതാറാം യെച്ചൂരി, ബൃന്ദ കാരാട്ട്, എസ് രാമചന്ദ്രന്‍ പിള്ള എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. എസ് രാമചന്ദ്രന്‍ പിള്ള നയിക്കുന്ന ജാഥ ഫെബ്രുവരി 24ന് ആരംഭിക്കും. ജാഥ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും. മറ്റ് ജാഥകള്‍ ഫെബ്രുവരി 25ന് പര്യടനം തുടങ്ങും. ഉത്തര, ദക്ഷിണ, പൂര്‍വ, പശ്ചിമ മേഖലകളില്‍നിന്ന് പൊളിറ്റ്ബ്യൂറോ അംഗങ്ങള്‍ നേതൃത്വം നല്‍കുന്ന നാല് പ്രധാന ജാഥകളോടൊപ്പം അനുബന്ധ ജാഥകളും പ്രയാണം നടത്തും.

ആറ് വിഷയങ്ങളാണ് ജാഥയില്‍ പ്രധാനമായും ഉയര്‍ത്തിക്കാട്ടുക. ഭൂരഹിതര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും ഉറപ്പുവരുത്തുക, വിലക്കയറ്റം തടയുക-ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക, തൊഴിലും വിദ്യാഭ്യാസവും ആരോഗ്യവും ഉറപ്പ് വരുത്തുക, തൊഴില്‍ രഹിതര്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക, സാമൂഹ്യനീതി നടപ്പാക്കുക, അഴിമതി അവസാനിപ്പിക്കുക എന്നീ വിഷയങ്ങളാണ് ജാഥയില്‍ സിപിഐ എം ഉയര്‍ത്തിക്കാണിക്കുക. രാജ്യവും സാധാരണ ജനങ്ങളും യുപിഎ സര്‍ക്കാരിന്റെ നയങ്ങള്‍ മൂലം വന്‍ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു.

ഫെബ്രുവരി 25നും മാര്‍ച്ച് ആദ്യവാരവുമായി തുടങ്ങുന്ന അഖിലേന്ത്യാ ജാഥകള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും സഞ്ചരിച്ച് മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ നടക്കുന്ന വന്‍ റാലിയില്‍ സംഗമിക്കും. കൊല്‍ക്കത്തയില്‍നിന്ന് ആരംഭിക്കുന്ന പൂര്‍വമേഖലാ ജാഥ പാര്‍ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നയിക്കും. മുംബൈയില്‍നിന്ന് തുടങ്ങുന്ന പശ്ചിമജാഥയ്ക്ക് സീതാറാം യെച്ചൂരിയും കന്യാകുമാരിയില്‍നിന്ന് പുറപ്പെടുന്ന ദക്ഷിണ ജാഥയ്ക്ക് എസ് രാമചന്ദ്രന്‍പിള്ളയും പഞ്ചാബിലെ അമൃതസറില്‍നിന്നുള്ള ഉത്തരമേഖലാ ജാഥയ്ക്ക് വൃന്ദ കാരാട്ടും നേതൃത്വംനല്‍കും. ശ്രീനഗര്‍, ഗുവാഹത്തി, അഹമ്മദാബാദ്, ഒഡിഷയിലെ പാര്‍ലക്കേമുണ്ഡി എന്നിവിടങ്ങളില്‍നിന്നാകും അനുബന്ധജാഥകള്‍. ഇവയ്ക്ക് മറ്റ് പിബി, കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ നേതൃത്വം നല്‍കും. മുഴുവന്‍ സംസ്ഥാനങ്ങളിലൂടെയും ജാഥ കടന്നുപോകും.

deshabhimani

No comments:

Post a Comment