Monday, February 25, 2013
ഗര്‍ഭിണിയുടെ വയറ്റില്‍ ബൂട്ടിട്ട് ചവിട്ടി
ചെറുവത്തൂര്‍ (കാസര്‍കോട്): പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ചു കയറിയ പൊലീസ് സംഘം ഗര്‍ഭിണിയുടെ വയറ്റില്‍ ബൂട്ടിട്ട് ചവിട്ടി. നിസ്കരിക്കുകയായിരുന്ന ഉമ്മയുടെ കൈ തല്ലിയൊടിച്ചു. ചെറുവത്തൂര്‍ ചെമ്പ്രകാനത്ത് അബ്ദുള്നസീറിന്റെ ഭാര്യ ഫൗസിയ (30), ഉമ്മ ഫാത്തിമ (52) എന്നിവരെ ഗുരുതരപരിക്കുകളോടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ നാലോടെയാണ് സംഭവം. അബ്ദുള്‍ നസീറിന്റെ സഹോദരീ ഭര്‍ത്താവ് റഫീഖിനെ അന്വേഷിച്ച് നീലേശ്വരത്തുനിന്നെത്തിയ പൊലീസ് സംഘമാണ് പരാക്രമം കാട്ടിയത്.
വീട്ടിലെത്തിയയുടന്‍ ജനല്‍ചില്ലുകള്‍ തല്ലി തകര്‍ത്ത് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ശബ്ദംകേട്ട് പുറത്തിറങ്ങിയ അബ്ദുള്‍നസീറിനെ മര്‍ദിച്ച് ജീപ്പിലേക്ക് വലിച്ചിഴച്ചു. നിലവിളികേട്ട് പുറത്തിറങ്ങിയപ്പോഴാണ് ഗര്‍ഭിണിയായ ഫൗസിയയെ ആക്രമിച്ചത്. ബൂട്ടിട്ട കാലുകൊണ്ട് ഫൗസിയയുടെ വയറ്റില്‍ ചവിട്ടിയ സംഘം വീട്ടിനുള്ളില്‍ നിസ്കരിക്കുകയായിരുന്ന ഫാത്തിമയുടെ കൈ തല്ലിയൊടിച്ചു. മെക്ക തീര്‍ഥാടനം കഴിഞ്ഞ് ഫാത്തിമ വെള്ളിയാഴ്ച വൈകിട്ടാണ് എത്തിയത്. മര്‍ദനമേറ്റ ഇരുവരും ബോധരഹിതരായി. കരഞ്ഞുകൊണ്ട് ഓടിവന്ന അഞ്ചുവയസുള്ള മകനെ അബ്ദുള്‍ നസീര്‍ എടുത്തപ്പോള്‍ പൊലീസ് പിടിച്ചുവാങ്ങി കട്ടിലിലേക്ക് എറിഞ്ഞു. കുട്ടികളുടെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയെത്തിയപ്പോഴാണ് അക്രമത്തില്‍നിന്ന് പൊലീസ് പിന്തിരിഞ്ഞത്.
സഹോദരിയും ഭര്‍ത്താവ് റഫീഖും തൈക്കടപ്പുറത്താണ് താമസമെന്നും റഫീഖിനെ അന്വേഷിച്ച് തന്റെ വീട്ടില്‍ പൊലീസ് എന്തിനാണ് വന്നതെന്നറിയില്ലെന്നും അബ്ദുള്‍ നസീര്‍ പറഞ്ഞു. രണ്ടുദിവസം മുമ്പ് അബ്ദുള്‍ നസീറിന്റെ മറ്റൊരു സഹോദരി റംലയുടെ നിടുംബയിലെ വീട്ടിലും പൊലീസെത്തി പരാക്രമം കാട്ടിയിരുന്നു. തൈക്കടപ്പുറത്തെ ഒരു സ്ത്രീയുടെ വീട്ടില്‍ അസമയത്ത് സന്ദര്‍ശകരായെത്തുന്നവരെ റഫീഖും നാട്ടുകാരും ചേര്‍ന്ന് വിരട്ടിയോടിച്ചിരുന്നു. ഇതില്‍ ചില പൊലീസുകാരുമുണ്ടായിരുന്നു. ഇതിന്റെ പകപോക്കലിന്റെ ഭാഗമായാണ് അക്രമമെന്നാണ് സൂചന.
deshabhimani 250213
Labels:
പോലീസ്,
വലതു സര്‍ക്കാര്‍,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment