കേരളത്തില്‍നിന്ന് റെയില്‍വേയ്ക്ക് ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായി എന്തെങ്കിലും വാങ്ങിയെടുക്കാനുള്ള കഴിവില്ലായ്മ വിളിച്ചുകൂവുകയാണ് മന്ത്രി. കെഎസ്ആര്‍ടിസി താനേ പൂട്ടിപ്പോകുമെന്നു പ്രവചിച്ച വകുപ്പുമന്ത്രിയാണ് അദ്ദേഹം. പ്രതിസന്ധിയില്‍നിന്ന് കെഎസ്ആര്‍ടിസിയെ കരകയറ്റാനല്ല, പൂട്ടിയിടാന്‍ എന്തുണ്ട് വഴി എന്നാണ് മന്ത്രിയുടെ നോട്ടം. ഡീസല്‍പ്രശ്നം ചര്‍ച്ചചെയ്ത് ഉടന്‍ പരിഹാരമെന്നു പ്രഖ്യാപിച്ച് മന്ത്രി ഡല്‍ഹിക്ക് പറന്നിരുന്നു. അവിടെ ചെന്നപ്പോള്‍ പെട്രോളിയംമന്ത്രി വിദേശത്ത്. ധനമന്ത്രി കാണാന്‍ അനുവാദം നല്‍കിയതുമില്ല. കേന്ദ്രത്തില്‍ മന്ത്രിമാര്‍ പണിയില്ലാതെ നടക്കുകയല്ല എന്നായിരുന്നു കേന്ദ്രമന്ത്രിമാരെ കാണാന്‍ കഴിയാത്തതിനെക്കുറിച്ച് മുഖ്യമന്ത്രിയുടെ പ്രതികരണം. വൈദ്യുതി ഇല്ലാത്തതും പവര്‍കട്ടുമൊന്നും വൈദ്യുതിമന്ത്രിയെ അലട്ടുന്നേയില്ല. ഒരു യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നില്ല, ഉല്‍പ്പാദിപ്പിക്കാന്‍ വെള്ളമില്ല, നിരക്ക് കൂട്ടാതെ വഴിയില്ല, ഇരുട്ടില്‍ കഴിയാന്‍ ശീലിക്കണം... ഇതൊക്കെയാണ് അദ്ദേഹത്തിന്റെ ഉപദേശം.
വൈദ്യുതി ഉപയോഗം കുറയ്ക്കാന്‍ ജനങ്ങളെ ആഹ്വാനംചെയ്യുന്ന മന്ത്രിയുടെ ഔദ്യോഗികവസതിയിലെ കഴിഞ്ഞ രണ്ടുമാസത്തെ വൈദ്യുതിബില്‍ കാല്‍ ലക്ഷം രൂപ. റെയില്‍ബജറ്റില്‍ വല്ലതും നേടാന്‍ യുഡിഎഫ് സര്‍ക്കാര്‍ ഒരു ശ്രമവും നടത്തിയിരുന്നില്ല. ബജറ്റ് പൂര്‍ത്തിയായശേഷമാണ് ഇവിടെ എംപിമാരുടെ യോഗം വിളിച്ചത്. പേരിന് നിവേദനം നല്‍കി. റെയില്‍വേമന്ത്രാലയത്തില്‍ സമ്മര്‍ദം ചെലുത്താനുള്ള ശേഷി തങ്ങള്‍ക്കില്ലെന്ന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും തെളിയിച്ചു. ആവശ്യങ്ങള്‍ സംബന്ധിച്ച് തീരുമാനമെടുക്കാനോ അത് നേടിയെടുക്കാനോ ഉള്ള ഇച്ഛാശക്തി യുഡിഎഫ് സര്‍ക്കാരിനില്ലെന്നും വ്യക്തമായി. റെയില്‍ബജറ്റില്‍ സംസ്ഥാനത്തിന്റെ ആവശ്യം നേടിയെടുക്കാന്‍ മാര്‍ച്ച് നാലിന് ഡല്‍ഹിക്ക് പോകുമെന്നാണ് ആര്യാടന്‍ അറിയിച്ചത്. ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ഈ പ്രഖ്യാപനം മന്ത്രിയെ വീണ്ടും പരിഹാസ്യനാക്കി. ബജറ്റ് അവതരണത്തിനുമുമ്പ് കാല്‍ക്കാശ് നേടാന്‍ കഴിയാത്തവരാണ് ചര്‍ച്ചാവേളയില്‍ അവകാശം നേടാന്‍ പറക്കുന്നത്.
യാഥാര്‍ഥ്യം കാണാത്ത ബജറ്റ് പ്രസംഗം
ന്യൂഡല്‍ഹി: പുതിയ പദ്ധതികള്‍ നടപ്പാക്കുന്നതിനായി 63,000 കോടിയുടെ നിക്ഷേപമാണ് റെയില്‍വേ ബജറ്റില്‍ വിഭാവനംചെയ്യുന്നത്. ഇതില്‍ 50,000 കോടിയും ബാഹ്യമായി സ്വരൂപിക്കുമെന്നാണ് പറയുന്നത്. പൊതു- സ്വകാര്യ പങ്കാളിത്തത്തിലൂടെയാണിത്. കഴിഞ്ഞ പത്തുവര്‍ഷത്തിലെ ബജറ്റിലും പൊതു- സ്വകാര്യ പങ്കാളിത്തത്തെക്കുറിച്ച് പറഞ്ഞെങ്കിലും ഒരു പദ്ധതിപോലും നടപ്പാക്കിയില്ല. റെയില്‍വേയില്‍ പിപിപി മാതൃക ആരംഭിച്ച ബ്രിട്ടനില്‍ 26 പദ്ധതികളില്‍ 22ലും ഈ മാതൃക പിന്‍വലിച്ച കാര്യം യുപിഎ സര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് സിപിഐ എം രാജ്യസഭാ നേതാവ് സീതാറാം യെച്ചൂരി പറഞ്ഞു. റെയില്‍വേയുടെ വികസനവും വ്യാപനവും നടക്കണമെങ്കില്‍ പൊതുബജറ്റില്‍ അരലക്ഷം കോടി വകയിരുത്തണം. എന്നാല്‍, ഉദാരവല്‍ക്കരണനയത്തിലൂടെ മുന്നേറുന്ന പി ചിദംബരം ഇത്രയും തുക റെയില്‍വേക്ക് നല്‍കാന്‍ സാധ്യതയില്ല. കഴിഞ്ഞ ബജറ്റില്‍ റെയില്‍വേക്ക് ആവശ്യമായ തുക നല്‍കിയിട്ടില്ലെന്നും ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ പറഞ്ഞു.
സ്വയം സൃഷ്ടിച്ച സാമ്പത്തികപ്രതിസന്ധി കാരണം പ്രഖ്യാപിച്ച പദ്ധതികളെല്ലാം കടലാസില്‍ ഒതുങ്ങുന്നു. രണ്ടാം യുപിഎ സര്‍ക്കാര്‍ പ്രഖ്യാപിച്ച 90 ശതമാനം പദ്ധതികളും കല്ലിടലില്‍ അവസാനിച്ചു. പദ്ധതിപ്രഖ്യാപനത്തിനുശേഷം പണം വകയിരുത്താത്തതാണ് ഇതിന് കാരണം. 1034 ടണ്‍ ചരക്കുഗതാഗതം വര്‍ധിപ്പിക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുസരിച്ചുള്ള വാഗണുകള്‍ റെയില്‍വേ വാങ്ങുന്നില്ല. അതിനാല്‍ ബജറ്റിലെ ലക്ഷ്യം നേടുക അസാധ്യമാണ്. 35 വര്‍ഷം ഉപയോഗിച്ച വാഗണുകള്‍ മാറ്റണമെന്നാണ് ചട്ടം. നിരവധി വാഗണ്‍ ഉപയോഗശൂന്യമാകുന്നുണ്ടെങ്കിലും പുതിയത് വരുന്നുമില്ല. നേരത്തേ ചരക്കുകടത്തിന്റെ 70 ശതമാനവും റെയില്‍വേവഴിയായിരുന്നു. എന്നാലിപ്പോള്‍ 35 ശതമാനമായി. റെയില്‍വേക്ക് ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ഈ മേഖലയെയും തീര്‍ത്തും അവഗണിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. യാത്രക്കാരുടെ സുരക്ഷയ്ക്ക് ആവശ്യമായ ഒരു സംവിധാനവും ബജറ്റ് മുന്നോട്ടുവയ്ക്കുന്നില്ല. 2001ല്‍ 17,000 കോടി രൂപയുടെ സുരക്ഷാനിധി രൂപീകരിച്ചിരുന്നു. ഇതിനായി അഞ്ചുവര്‍ഷം സുരക്ഷാ സര്‍ചാര്‍ജ് പിരിച്ചെടുത്തു. അഞ്ചുവര്‍ഷം കഴിഞ്ഞപ്പോള്‍ വികസന സര്‍ചാര്‍ജായി മാറ്റി പിരിവ് തുടര്‍ന്നു. അപകടം തടയുന്ന ആന്റി കൊളീഷന്‍ ഡിവൈസുകളെപ്പറ്റി ഇത്തവണയും മിണ്ടാട്ടമില്ല.
(വി ബി പരമേശ്വരന്‍)
പാലക്കാട് കോച്ച് ഫാക്ടറിക്ക് 54 കോടി മാത്രം
2008-09ലെ റെയില്‍വേ ബജറ്റില്‍ മന്ത്രി ലാലുപ്രസാദ് യാദവാണ് പാലക്കാടിന് പുതിയ കോച്ച് ഫാക്ടറി പ്രഖ്യാപിച്ചത്. ഒപ്പം പ്രഖ്യാപിച്ച റായ്ബറേലി ഫാക്ടറിയില്‍ ഉല്‍പ്പാദനം തുടങ്ങി. റെയില്‍വേ സ്വന്തം നിലയില്‍ ഭൂമി കണ്ടെത്തി ഏറ്റെടുത്താണ് റായ്ബറേലിയില്‍ നിര്‍മാണപ്രവൃത്തി ആരംഭിച്ചത്. എന്നാല്‍, പാലക്കാടിന്റെ കാര്യത്തില്‍ ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിനെ ചുമതലയേല്‍പ്പിച്ചു. ഇതിനകം 430.59 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. 239 ഏക്കര്‍ റെയില്‍വേക്ക് കൈമാറി. റൈറ്റ്സ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ടും തയ്യാറാക്കി. ഇനി കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം വേണം. സ്വകാര്യ പങ്കാളിത്തമാണ് കേന്ദ്ര സര്‍ക്കാര്‍ താല്‍പ്പര്യപ്പെടുന്നത്. റായ്ബറേലിയില്‍ പൂര്‍ണമായും പൊതുമേഖലയില്‍ത്തന്നെ ഫാക്ടറി സ്ഥാപിച്ചു. കേരളത്തില്‍ സ്വകാര്യ പങ്കാളിത്തത്തോടെയേ നടപ്പാക്കൂ എന്നാണ് വാശി. പൊതു-സ്വകാര്യപങ്കാളിത്തത്തിന് കമ്പനി രൂപീകരിക്കാനാണ് ശ്രമം. പൊതുമേഖലയില്‍ പാലക്കാട് കോച്ച് ഫാക്ടറി സ്ഥാപിക്കണമെന്ന താല്‍പ്പര്യമാണ് ഇടതുപക്ഷപാര്‍ടികള്‍ ഉയര്‍ത്തിപ്പിടിക്കുന്നത്.
ഇത്തവണ പാലക്കാട് കോച്ച് ഫാക്ടറിക്ക് മതിയായ ഫണ്ട് നീക്കിവയ്ക്കണമെന്ന് പരക്കെ ആവശ്യമുയര്‍ന്നിരുന്നു. റായ്ബറേലിയില്‍ കോച്ച് ഫാക്ടറിക്കുപുറമെ വീല്‍ ഫാക്ടറിയും സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്നു. പാലക്കാട് കോച്ച് ഫാക്ടറിക്കായി കേരളത്തില്‍നിന്നുള്ള ക്യാബിനറ്റ് മന്ത്രിമാരുടെ സമ്മര്‍ദമുണ്ടായില്ല. കോച്ച് ഫാക്ടറിക്കായി നീക്കിവച്ച തുക അപര്യാപ്തമാണെന്നും കൂടുതല്‍ തുക വകയിരുത്തണമെന്നും എം ബി രാജേഷ് എംപി ആവശ്യപ്പെട്ടു. ഇപ്പോള്‍ അനുവദിച്ച തുക കൊണ്ട് നിര്‍മാണപ്രവൃത്തി ഉടന്‍ ആരംഭിക്കണം. കൂടുതല്‍ തുക അനുവദിച്ച് പദ്ധതി യാഥാര്‍ഥ്യമാക്കണം. പൊതുമേഖലയിലായിരിക്കണം ഫാക്ടറിയെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഒന്നും കിട്ടാത്തത് സാമ്പത്തികപ്രയാസത്താല്‍: മുഖ്യമന്ത്രി
റെയില്‍വേ ബജറ്റില്‍ പുതിയ പ്രഖ്യാപനങ്ങള്‍ കുറവായതുകൊണ്ടാണ് കേരളത്തിന് ഒന്നും കിട്ടാതെ പോയതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. റെയില്‍വേ സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്നതുകൊണ്ടാണ് പുതിയ പ്രഖ്യാപനങ്ങള്‍ കുറഞ്ഞത്. മുന്‍ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കണം എന്നതിനാണ് സംസ്ഥാനം ഇത്തവണ ഊന്നല്‍ നല്‍കിയതെന്നും റെയില്‍മന്ത്രിയെ കണ്ട് ഇക്കാര്യം ഉന്നയിച്ചിരുന്നതായും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുന്‍ ബജറ്റുകളിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയാല്‍ സംതൃപ്തരാകും. കേന്ദ്രത്തിനുമുമ്പില്‍ ഇക്കാര്യം വീണ്ടും ഉന്നയിക്കും. പുതിയ റെയില്‍മന്ത്രി ചുമതലയേറ്റ ഉടന്‍ കണ്ടിരുന്നു. ചെയര്‍മാന്‍ അടക്കമുള്ളവരുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയെന്നും സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ബോധ്യപ്പെടുത്തിയെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
സര്‍വകക്ഷിസംഘം പ്രധാനമന്ത്രിയെ കാണണം: പിണറായി
ഇന്ത്യന്‍ റെയില്‍വേ ഭൂപടത്തില്‍ കേരളത്തിന് സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ച റെയില്‍വേ ബജറ്റ് പാസാക്കുംമുമ്പ് കേരളത്തിന്റെ അടിയന്തര ആവശ്യങ്ങളുമായി സര്‍വകക്ഷി പ്രതിനിധിസംഘം പ്രധാനമന്ത്രിയെ കാണണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന് പുതിയ ലൈനും സര്‍വേയുമില്ല. വൈദ്യുതീകരണവും പാതയിരട്ടിപ്പിക്കലുമില്ല. സമയബന്ധിതമായ ഗേജ് മാറ്റവുമില്ല, പാലക്കാട് കോച്ച് ഫാക്ടറി പൂര്‍ത്തിയാകാന്‍ പണം അനുവദിക്കാതെ ചെറിയ തുക നീക്കിവച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ചചെയ്യുമെന്ന പരാമര്‍ശം ഉള്‍പ്പെടുത്തുകമാത്രമാണ് ചെയ്തത്. യാത്രക്കൂലി, ചരക്കുകൂലി എന്നിവയിലൂടെ റെയില്‍വേ ഖജനാവിന് ഏറ്റവുമധികം സംഭാവന നല്‍കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടുതന്നെ യാത്രക്കൂലി, ചരക്കുകൂലി എന്നിവ കൂട്ടിയത് കൂടുതല്‍ ആഘാതമേല്‍ക്കുന്നത് കേരളത്തിനാണ്. കേരളം ആസ്ഥാനമായ റെയില്‍വേ സോണ്‍, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, ശബരി പാത, വൈദ്യുതീകരണം, പാതയിരട്ടിപ്പിക്കല്‍ തുടങ്ങി കേരളം മുന്നോട്ടുവച്ച ആവശ്യങ്ങളൊക്കെ നിരാകരിക്കപ്പെട്ടു. ഈ അവഗണനയ്ക്ക് യുപിഎ മന്ത്രിസഭയും കേരളത്തിനുവേണ്ടി ഒന്നുംചെയ്യാതിരുന്ന കേരളത്തില്‍നിന്നുള്ള മന്ത്രിമാരും ഉത്തരവാദികളാണ്. അവധാനതയോടെ പദ്ധതിനിര്‍ദേശങ്ങള്‍ തയ്യാറാക്കാനോ ബജറ്റ് പ്രക്രിയ തുടങ്ങുന്നതിനുമുമ്പുതന്നെ അത് സമര്‍പ്പിക്കാനോ തയ്യാറാകാതിരുന്ന കേരളത്തിലെ ഉമ്മന്‍ചാണ്ടി മന്ത്രിസഭയും കൂട്ടുത്തരവാദികളാണ്.
സംസ്ഥാന ഭരണം വരുത്തിയ വീഴ്ചയെക്കുറിച്ച് ബോധ്യമുള്ളതിനാലാണ് മന്ത്രി ആര്യാടന്‍ റെയില്‍വേ ബജറ്റില്‍ പ്രതീക്ഷയില്ലെന്ന് നേരത്തെതന്നെ പ്രഖ്യാപിച്ചത്. ബജറ്റിനെ മറികടക്കുംവിധം എക്സിക്യൂട്ടീവ് ഉത്തരവിറക്കി 12,000 കോടി രൂപയുടെ അധിക യാത്രക്കൂലിഭാരം അടിച്ചേല്‍പ്പിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ അവതരിപ്പിക്കുന്ന ബജറ്റില്‍ യാത്രക്കൂലി കുട്ടിയിട്ടില്ല എന്നുപറയുന്നത് വഞ്ചനയാണ്. ചരക്കുകൂലി ഡീസല്‍ വിലയ്ക്കനുസരിച്ച് കൂട്ടും എന്ന പ്രഖ്യാപനത്തിലൂടെ ആഴ്ചതോറും ചരക്കുകൂലി കൂട്ടാനുള്ള പഴുതുണ്ടാക്കുകകൂടിയാണ് ഈ ബജറ്റിലൂടെ കേന്ദ്രം. സ്വകാര്യ പങ്കാളിത്തം, സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് എന്നിവയില്ലാതെ റെയില്‍വേപദ്ധതികള്‍ ഏറ്റെടുക്കില്ലെന്ന ബജറ്റ് പരാമര്‍ശം ഉദാരവല്‍ക്കരണനയങ്ങളുടെ സ്ഥിരീകരണമാണ്. ഈ ജനവിരുദ്ധ ബജറ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.
ബജറ്റില്‍ കേരളത്തെ അവഹേളിച്ചു: വി എസ്
കൊച്ചി: ഇത്തവണത്തെ റെയില്‍വേ ബജറ്റ് കേരളത്തെ അവഹേളിക്കുന്നതും അവഗണിക്കുന്നതുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍. ഇതിന് കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമാധാനം പറയണം. ബജറ്റിനുമുമ്പ് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രത്തിനുമുന്നില്‍ അവതരിപ്പിക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ ബജറ്റിനുശേഷം വീണ്ടും കാലുപിടിക്കാന്‍ പോവുന്നതെന്നും വി എസ് ആലുവ പാലസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ബജറ്റ് തയ്യാറാക്കിയശേഷമാണ് കേരളത്തില്‍നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചത്. അതുകൊണ്ടാണ് ഇത്തവണ നമുക്കൊന്നും കിട്ടാന്‍ ഇടയില്ലെന്ന് ആര്യാടന്‍ മുന്‍കൂര്‍ ജാമ്യമെടുത്തതെന്നും വി എസ് പറഞ്ഞു. റെയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുന്നതിന് പച്ചക്കൊടി കാണിച്ചിരിക്കുകയാണ് മന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍. നവീകരണത്തിനും മൂലധനിക്ഷേപത്തിനുമായി ഒരു ലക്ഷം കോടി രൂപ പൊതുവിപണിയില്‍നിന്ന് കണ്ടെത്തുമെന്ന പ്രഖ്യാപനത്തിന് അര്‍ഥം സ്വകാര്യവല്‍ക്കരണം തന്നെയാണ്. ഒമ്പതുശതമാനം ചരക്കുകൂലി വര്‍ധിപ്പിച്ചതിലൂടെ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമാവുമെന്നും വി എസ് സൂചിപ്പിച്ചു.
2009ല്‍ പ്രഖ്യാപിച്ചതും കഴിഞ്ഞവര്‍ഷം തറക്കല്ലിട്ടതുമായ പാലക്കാട് കോച്ച് ഫാക്ടറിയുടെ നിര്‍മാണംസംബന്ധിച്ച് സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന പരിഹാസ്യമായ പ്രസ്താവനയാണ് ബന്‍സല്‍ നടത്തിയത്. ചേര്‍ത്തല ബോഗി നിര്‍മാണയൂണിറ്റിനെക്കുറിച്ചും മംഗലാപുരം-ഷൊര്‍ണൂര്‍ പാത നവീകരിക്കുന്നതിനെക്കുറിച്ചും ബജറ്റില്‍ പരാമര്‍ശമില്ല. കേരളം ആവശ്യപ്പെട്ട പുതിയ പാതകള്‍ അംഗീകരിക്കാനോ പുതിയ ട്രെയിനുകള്‍ അനുവദിക്കാനോ തയ്യാറായിട്ടില്ലെന്നും വി എസ് പറഞ്ഞു.
പാടെ അവഗണിച്ചു: എം വിജയകുമാര്‍
തിരു: റെയില്‍വേ ബജറ്റില്‍ കേന്ദ്രം കേരളത്തെ പാടെ അവഗണിച്ചെന്ന് റെയില്‍വേയുടെ ചുമതല വഹിച്ചിരുന്ന മുന്‍ മന്ത്രി എം വിജയകുമാര്‍ പറഞ്ഞു. ഇതുപോലെ സംസ്ഥാനത്തെ അവഗണിച്ച മറ്റൊരു ബജറ്റ് ഉണ്ടായിട്ടില്ല. 25 ട്രെയിനുകള്‍ ആവശ്യപ്പെട്ടതില്‍ ഒന്നും അനുവദിച്ചില്ല. ആവശ്യപ്പെടാത്ത രണ്ട് ട്രെയിനുകളും മൂന്ന് പാസഞ്ചറുകളുമാണ് ആകെ അനുവദിച്ചത്. കഴിഞ്ഞ ബജറ്റിലെ പ്രഖ്യാപനങ്ങള്‍ പാടെ മറന്നു. പാതയിരട്ടിപ്പിക്കലിനും വൈദ്യുതീകരത്തിനും പുതുതായി പാതകള്‍ക്കും പരിഗണന ലഭിച്ചില്ല. കഞ്ചിക്കോട് കോച്ച് ഫാക്ടറി, ചേര്‍ത്തല വാഗണ്‍ ഫാക്ടറി, നേമം, കോട്ടയം കോച്ച് ടെര്‍മിനലുകള്‍, പേട്ട മെഡിക്കല്‍ കോളേജ്, നേമത്തെ വാട്ടര്‍ ബോട്ടിലിങ് പ്ലാന്റ് തുടങ്ങിയ മുന്‍ പ്രഖ്യാപനങ്ങളൊന്നും പരിഗണിച്ചില്ല. കേരളത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ മുഖ്യമന്ത്രിയും കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും മറ്റ് എംപിമാരും പ്രധാനമന്ത്രിയെ കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിരാശാജനകം: ആര്യാടന്‍
തിരു: കേന്ദ്ര റെയില്‍വേ ബജറ്റ് കേരളത്തിന് നിരാശാജനകമാണെന്ന് റെയില്‍വേയുടെ ചുമതലയുള്ള മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. ബജറ്റില്‍ നേരത്തെതന്നെ വലിയ പ്രതീക്ഷയില്ലായിരുന്നെങ്കിലും ഇത്ര നിരാശ പ്രതീക്ഷിച്ചില്ല. പുതിയ പദ്ധതികളില്ലെങ്കിലും നേരത്തെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പാക്കാനുള്ള നിര്‍ദേശങ്ങളെങ്കിലും പ്രതീക്ഷിച്ചിരുന്നു. അടുത്ത മാസം നാലിന് ഡല്‍ഹിയിലെത്തി കേരളത്തിന്റെ പ്രതിഷേധം അറിയിക്കുമെന്നും ആര്യാടന്‍ പറഞ്ഞു.
deshabhimani 270213
No comments:
Post a Comment