Friday, February 22, 2013
അന്വേഷണ ഉദ്യോഗസ്ഥനെ പുറത്താക്കി
ഓസ്കാര്‍ പിസ്റ്റോറിയസിനെതിരായ കൊലപാതകക്കുറ്റം അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന് ഏഴുപേരെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ പ്രതി. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ഇയാളെ അന്വേഷണസംഘത്തില്‍നിന്ന് ഒഴിവാക്കി. അതേസമയം, പിസ്റ്റോറിയസിനെതിരായ കേസന്വേഷണത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഗുരുതരമായ പാളിച്ച ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ബുധനാഴ്ച ജാമ്യാപേക്ഷയില്‍ വാദം നടക്കവെ പിസ്റ്റോറിയസിന്റെ അഭിഭാഷകന് ഇവ കോടതിയില്‍ അക്കമിട്ട് നിരത്തി. ജാമ്യാപേക്ഷയില്‍ അന്തിമവാദം ഇന്നു നടക്കും.
കാമുകി റീവ സ്റ്റീന്‍കാമ്പിനെ പിസ്റ്റോറിയസ് വെടിവച്ചുകൊന്നു എന്ന കേസില്‍ ഡിക്ടറ്റീവ് ഹില്‍ട്ടണ്‍ ബോത്തയെയാണ് അന്വേഷണസംഘത്തില്‍നിന്ന് ഒഴിവാക്കിയത്. 2009ല്‍ മദ്യപിച്ച് മദോന്മത്തനായ ബോത്തയും മറ്റ് രണ്ടുപേരും ചേര്‍ന്ന് ഒരു ടാക്സിക്കാറില്‍ സഞ്ചരിക്കുകയായിരുന്ന ഏഴുപേരെ വെടിവച്ചുകൊല്ലാന്‍ ശ്രമിച്ചു എന്ന കേസ് നിലവിലുണ്ട്. പിസ്റ്റോറിയസിനെതിരായ കേസില്‍ ബോത്തയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ഗുരുതരമായ പാളിച്ചയാണ് സംഭവിച്ചത്. പ്രതിഭാഗം അഭിഭാഷകന്റെ ക്രോസ്വിസ്താരത്തില്‍ ബോത്ത പലപ്പോഴും പരസ്പരവിരുദ്ധമായി മറുപടി നല്‍കിയത് കോടതിയില്‍ പലപ്പോഴും കൂട്ടച്ചിരിക്ക് ഇടയാക്കി. അബദ്ധത്തിലാണ് കാമുകിയെ വെടിവച്ചതെന്ന പിസ്റ്റോറിയസിന്റെ വാദം ഖണ്ഡിക്കാന്‍ വേണ്ട തെളിവുകള്‍ പൊലീസിന്റെ പക്കലില്ല എന്നുപോലും ബോത്ത വിസ്താരത്തിനിടെ പറഞ്ഞു. പിസ്റ്റോറിയസിന്റെ തോക്കില്‍നിന്ന് എത്രതവണ വെടിയുതിര്‍ത്തു എന്ന കാര്യത്തില്‍പോലും പൊലീസിന് തെറ്റുപറ്റി. പൊലീസിന്റെ സ്ഥലപരിശോധനയില്‍ കാണാതെപോയ ഒരു ബുള്ളറ്റ് നാലുദിവസത്തിനുശേഷം പ്രതിഭാഗം ഫോറന്‍സിക് പരിശോധകരാണ് കണ്ടെത്തിയത്.
കേസില്‍ ദൃക്സാക്ഷികളായി ഉള്‍പ്പെടുത്തിയവരുടെ കാര്യത്തിലും പിഴവുണ്ടായി. സംഭവദിവസം പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയില്‍ പിസ്റ്റോറിയസിന്റെ വീട്ടില്‍നിന്ന് വാഗ്വാദം കേട്ടെന്ന് ഈ ഹൗസിങ് കോളനിയില്‍തന്നെ താമസിക്കുന്ന ഒരു സ്ത്രീ മൊഴി നല്‍കിയതായി പൊലീസ് കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, പിസ്റ്റോറിയസിന്റെ വീട്ടില്‍നിന്ന് ആയിരത്തിലേറെ അടി ദൂരെയാണ് ഇവരുടെ വീട്. വെടിയൊച്ച കേട്ടെന്നു പറഞ്ഞ മറ്റൊരു ദൃക്സാക്ഷിക്കാകട്ടെ എത്ര വെടിയൊച്ച കേട്ടു എന്ന കാര്യത്തില്‍ പിഴച്ചു. പിസ്റ്റോറിയസിന്റെ വീട്ടില്‍നിന്ന് കണ്ടെടുത്ത നാലു ഫോണുകളില്‍ ഒന്നില്‍നിന്നുപോലും അടിയന്തര സന്ദേശങ്ങള്‍ പോയിട്ടില്ലെന്ന പൊലീസിന്റെ കണ്ടെത്തലും പ്രതിഭാഗം അഭിഭാഷകന് തള്ളി. അഞ്ചാമതൊരു ഫോണ്‍കൂടി ആ വീട്ടില്‍ ഉണ്ടായിരുന്നെന്നും അതില്‍നിന്ന് പിസ്റ്റോറിയസ് ഹൗസിങ് കോളനിയുടെ വാച്ചറെയും നെറ്റ്വര്‍ക്ക് ആശുപത്രിശൃംഖലയുടെ അത്യാഹിതവിഭാഗത്തിലേക്കും വിളിച്ചതിന് തെളിവുണ്ടെന്ന് അഭിഭാഷകന് പറഞ്ഞു.
deshabhimani
Labels:
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment