Monday, February 25, 2013

വളം അഴിമതി: ചന്ദ്രശേഖരനെ സിപിഐ എമ്മില്‍നിന്ന് സസ്പെന്‍ഡു ചെയ്തിരുന്നു- രമ


ഏറാമല സഹകരണ ബാങ്കില്‍ വളം വാങ്ങുന്നതുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയതിന്റെ പേരില്‍ ടി പി ചന്ദ്രശേഖരനെ 2001ല്‍ ഒരുവര്‍ഷത്തേക്ക് സിപിഐ എമ്മില്‍നിന്ന് സസ്പെന്‍ഡ് ചെയ്തതായി അറിയാമെന്ന് ഭാര്യ കെ കെ രമ പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കി. പ്രതിഭാഗത്തിന്റെ ക്രോസ് വിസ്താരത്തിലാണ് മൊഴി. പാര്‍ടി നടത്തിയ അന്വേഷണത്തില്‍ ആരോപണം ശരിയാണെന്ന് കണ്ടെത്തിയില്ലേ എന്ന ചോദ്യത്തിന് അറിയില്ലെന്നായിരുന്നു മറുപടി. പാര്‍ടി അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നതാണ് പാര്‍ടി ഭരണഘടനയില്‍ പറയുന്ന ഏറ്റവും വലിയ ശിക്ഷ. രണ്ടാമത്തെ വലിയ ശിക്ഷയാണ് ഒരുവര്‍ഷം സസ്പെന്‍ഷന്‍ എന്നും അവര്‍ പറഞ്ഞു. പാര്‍ടി കണ്‍ട്രോള്‍ കമീഷന്‍ ശിക്ഷ ശരിവച്ചുവോ എന്നറിയില്ല. ഒഞ്ചിയം ഏരിയാ കമ്മിറ്റിയില്‍ കെ കെ കൃഷ്ണന്‍ വളം അഴിമതിയുമായി ബന്ധപ്പെട്ട് ശക്തമായ നിലപാടെടുത്തുവെന്ന് അറിയാം. അഴിമതിയിലൂടെ സമ്പാദിച്ച 4,65,710 രൂപ സ്വന്തം പേരില്‍ സ്ഥിരനിക്ഷേപമായി ഇട്ടോ എന്ന ചോദ്യത്തിന് അറിയില്ലെന്ന് അവര്‍ മൊഴി നല്‍കി. നിക്ഷേപത്തിന്റെ പലിശ സ്വന്തം എക്കൗണ്ടിലേക്ക് മാറ്റിയില്ലേ എന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയുണ്ടായില്ല.

ഒഞ്ചിയം ഏരിയാ കമ്മിറ്റിയില്‍നിന്ന് ചന്ദ്രശേഖരനെ സസ്പെന്‍ഡ് ചെയ്യാന്‍ കമ്മിറ്റിയിലെ 19ല്‍ 18 പേരും ഒരുമിച്ചാണ് തീരുമാനിച്ചത്. ചന്ദ്രശേഖരന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ എന്‍ വേണുവും പാര്‍ടി തീരുമാനത്തിനൊപ്പമായിരുന്നു എന്നു മനസ്സിലാക്കി. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷത്തിനുശേഷം ജനതാദളിന് കൈമാറണമെന്ന് എല്‍ഡിഎഫ് ജില്ലാ കമ്മിറ്റിയില്‍ ധാരണയുണ്ടായിട്ടില്ലെന്നും ക്രോസ് വിസ്താരത്തില്‍ രമ പറഞ്ഞു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷമാണോ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതെന്നറിയില്ല. സംഭവത്തില്‍ സിപിഐ എമ്മിനെ പ്രതിക്കൂട്ടിലാക്കി രാഷ്ട്രീയനിറം നല്‍കാന്‍ ആസൂത്രിത നീക്കമുണ്ടായിരുന്നോ എന്നറിയില്ല. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഒന്നുരണ്ടു പ്രാവശ്യം കാണാന്‍ വന്നിരുന്നു. സംഭവത്തിനുശേഷം ആഭ്യന്തരമന്ത്രിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയിരുന്നു. തീയതി എന്നാണെന്ന് ഓര്‍ക്കുന്നില്ല. സിപിഐ എം പ്രവര്‍ത്തകരെ ആര്‍എംപിക്കാര്‍ ആക്രമിച്ച കേസുകളെക്കുറിച്ച് ചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു പ്രതിഭാഗം വിസ്താരത്തില്‍ മൊഴി നല്‍കിയത്.

ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആര്‍എംപി മത്സരിച്ച വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികളെ നിര്‍ത്തിയോ എന്നറിയില്ല. ഒഞ്ചിയം ഗ്രാമപഞ്ചായത്ത് ആര്‍എംപിയാണ് ഭരിക്കുന്നത്. 17 അംഗ ഭരണസമിതിയില്‍ അഞ്ചുപേരാണ് ആര്‍എംപിക്കുള്ളത്. യുഡിഎഫ് പിന്തുണയോടെയാണ് ആര്‍എംപി ഭരിക്കുന്നതെന്നറിയില്ലെന്നും അവര്‍ മൊഴി നല്‍കി. നേരത്തെ പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ രമയെ വിസ്തരിച്ചു. തെളിവുകള്‍ക്കായി ഹാജരാക്കിയ വസ്ത്രങ്ങള്‍ അവര്‍ തിരിച്ചറിഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, സി ശ്രീധരന്‍ നായര്‍, പി വി ഹരി, കെ പി ദാമോദരന്‍ നമ്പ്യാര്‍, കെ വിശ്വന്‍, കെ അജിത്കുമാര്‍, വിനോദ്കുമാര്‍ ചമ്പളോന്‍, കെ എം രാമദാസ്, വി വി ശിവദാസന്‍ എന്നിവര്‍ ഹാജരായി. രമയുടെ ക്രോസ് വിസ്താരം ചൊവ്വാഴ്ചയും തുടരും.

deshabhimani 260213

No comments:

Post a Comment