സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യനെ ന്യായീകരിച്ച് രംഗത്തുവന്ന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയ്ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരിച്ച രണ്ടായിരത്തഞ്ഞൂറിലേറെ പേര്‍ക്കെതിരെ സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന കൊല്ലം സ്വദേശി ദിലീപ്ദാസ് നല്ലിലയെ ഒന്നാം പ്രതിയാക്കി ഐടി നിയമപ്രകാരമാണ് കേസെടുത്തത്. ബിന്ദുകൃഷ്ണയ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് പരാതി.
സൂര്യനെല്ലിക്കേസില്‍ പി ജെ കുര്യന് നിരപരാധിയാണെന്ന ബിന്ദുകൃഷ്ണയുടെ അഭിപ്രായത്തിന് എതിരെയാണ് ഫേസ്ബുക്കില്‍ വ്യാപകമായ പ്രതികരണമുണ്ടായത്. ആദ്യ പോസ്റ്റിങ് നടത്തിയത് ദിലീപ് ആയിരുന്നു. ആയിരക്കണക്കിന് ഫേസ്ബുക്ക് വരിക്കാര്‍ ഇത് ഷെയര്‍ ചെയ്തു. ഇവരെയെല്ലാം കേസില്‍ പ്രതിചേര്ത്തിരിക്കയാണ്. ബിന്ദുകൃഷ്ണയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രാഥമികാന്വേഷണം നടത്തിയ ഹൈടെക് സെല്ലിന്റെ നിര്‍ദേശപ്രകാരമാണ് സൈബര്‍ പൊലീസ് കേസെടുത്തത്. പരാതിയിന്മേല് വിശദമായ അന്വേഷണം നടത്തണമെന്നായിരുന്നു ഹൈടെക് സെല്ലിന്റെ ശുപാര്‍ശ.
സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ മസ്കത്തില് വാര്‍ത്താസമ്മേളനത്തില്‍ മോശം പരാമര്‍ശം നടത്തിയ കെ സുധാകരനെതിരെയും പി സി ജോര്‍ജിനെതിരെയും നടപടി എടുക്കാതിരിക്കെയാണ് ഫേസ്ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയവരെ കൂട്ടത്തോടെ പ്രതിയാക്കി കേസെടുത്തത്. കുര്യനില്‍ നിന്നും മുന്നനുഭവം ഉണ്ടായിട്ടുണ്ടോയെന്ന് വനിതാ മാധ്യമപ്രവര്‍ത്തകയെ കേന്ദ്രമന്ത്രി വയലാര്‍ രവി അധിക്ഷേപിച്ചതിന് എതിരെയും നടപടി ഉണ്ടായില്ല.
deshabhimani 240213
No comments:
Post a Comment