Thursday, February 28, 2013
മന്ത്രി അനൂപിനെതിരെ വീണ്ടും വിജിലന്‍സ് അന്വേഷണം
വ്യാജ ആധാരം ചമച്ച് സ്ഥലം രജിസ്റ്റര്‍ ചെയ്തതിന് സസ്പെന്‍ഷനിലായ സബ്രജിസ്ട്രാറെ അനധികൃത ഇടപെടലിലൂടെ തിരിച്ചെടുത്തുവെന്ന പരാതിയില്‍ മന്ത്രി അനൂപ് ജേക്കബ്ബിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്. ജൂണ്‍ 26നകം അന്വേഷണറിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് തൃശൂര്‍ വിജിലന്‍സ് സ്പെഷ്യല്‍ ജഡ്ജി വി ഭാസ്കരന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഭക്ഷ്യ-രജിസ്ട്രേഷന്‍ വകുപ്പുകളിലെ അഴിമതിക്കേസില്‍ മൂന്നാംതവണയാണ് അനൂപ് അന്വേഷണം നേരിടുന്നത്. ഓള്‍ ഇന്ത്യ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ദേശീയ സെക്രട്ടറി ബേബിച്ചന്‍ മുക്കാടന്‍ നല്‍കിയ പരാതിയിലാണ് നടപടി. ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂരാണ് കേസില്‍ ഒന്നാംപ്രതി. എട്ടാംപ്രതിയാണ് മന്ത്രി. രജിസ്ട്രേഷന്‍ വകുപ്പ് ഐജി സി രഘു, ഉള്ളിയ്ക്കല്‍ സബ്രജിസ്ട്രാര്‍ എ ദാമോദരന്‍ എന്നിവര്‍ രണ്ടും മൂന്നും പ്രതികളാണ്. ദാമോദരന്‍ സര്‍വീസില്‍നിന്ന് വ്യാഴാഴ്ച വിരമിക്കാനിരിക്കുകയാണ്.
2003 നവംബറില്‍, മരണക്കിടക്കയിലായിരുന്ന കാസര്‍കോട് നീലേശ്വരം സ്വദേശിനി ഉച്ചിരിയമ്മയുടെ ഭൂമി, വന്‍തുക കൈക്കൂലി വാങ്ങി രണ്ട് വ്യാജ ആധാരമുണ്ടാക്കി നീലേശ്വരം സബ്രജിസ്ട്രാറായിരുന്ന ദാമോദരന്‍ രജിസ്റ്റര്‍ ചെയ്തു നല്‍കി. ഉച്ചിരിയമ്മയുടെ മരണശേഷം സ്വത്ത് ഭാഗം വച്ചപ്പോള്‍ അപാകം തോന്നിയ മൂത്തമകന്‍ രാമകൃഷ്ണന്‍ രജിസ്ട്രേഷന്‍ വകുപ്പിനു നല്‍കിയ പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ രണ്ട് ആധാരങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തി. 2012 മാര്‍ച്ചില്‍ രജിസ്ട്രേഷന്‍ ഐജി കെ ആര്‍ ദേവാനന്ദ് ദാമോദരനെ സസ്പെന്‍ഡ് ചെയ്തു. ആധാരങ്ങള്‍ റദ്ദാക്കി. എന്നാല്‍, മന്ത്രി അനൂപ് ഇടപെട്ട് ദേവാനന്ദിനെ തല്‍സ്ഥാനത്തുനിന്നു മാറ്റി. ദാമോദരന്റെ സസ്പെന്‍ഷന്‍ റദ്ദാക്കി ഉള്ളിക്കല്‍ സബ്രജിസ്ട്രാറായി തിരിച്ചെടുത്തു. ജോണി നെല്ലൂര്‍ മന്ത്രിയെക്കൊണ്ട് അനധികൃത ഇടപെടല്‍ നടത്തിക്കുകയായിരുന്നു. ഇതില്‍ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബേബിച്ചന്‍ മുക്കാടന്‍ ഹര്‍ജി നല്‍കിയത്.
ഭക്ഷ്യ-രജിസ്ട്രേഷന്‍ വകുപ്പുകളിലെ അഴിമതിക്ക് അനൂപിനെതിരെ തൃശൂര്‍ വിജിലന്‍സ് കോടതി രണ്ടു കേസില്‍ നേരത്തേ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ആദ്യകേസില്‍ ജനുവരി പത്തിനാണ് ഉത്തരവിട്ടത്. ഇതില്‍ ഏപ്രില്‍ 17ന് വിജിലന്‍സ് ഡയറക്ടര്‍ റിപ്പോര്‍ട്ട് നല്‍കും. ഭക്ഷ്യവകുപ്പിലെ അഴിമതിയാണ് അന്വേഷണത്തിന് ആധാരം. രജിസ്ട്രേഷന്‍ വകുപ്പിലെ അഴിമതിയിലൂടെ പൊതുഖജനാവിന് ഒന്നരക്കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണത്തിലാണ് രണ്ടാമത്തെ കേസ്. ഫെബ്രുവരി രണ്ടിനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ജൂണ്‍ രണ്ടിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.
deshabhimani 280213
Labels:
അഴിമതി
Subscribe to:
Post Comments (Atom)
No comments:
Post a Comment