Monday, February 25, 2013

സമരസന്ദേശ ജാഥ ഇന്ന് എത്തും: ചരിത്രത്തിലേക്ക് മറ്റൊരു സുദിനം

കളിയിക്കാവിളയില്‍ ഇന്ന് ഗംഭീര വരവേല്‍പ്പ്

പാറശാല: സിപിഐ എം അഖിലേന്ത്യാ ജാഥയെ സംസ്ഥാന അതിര്‍ത്തിയായ കളിയിക്കാവിളയില്‍ വരവേല്‍ക്കാന്‍ സിപിഐ എമ്മിന്റെയും വിവിധ വര്‍ഗബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ അയ്യായിരത്തോളംപേര്‍ അണിനിരക്കും. വരവേല്‍പ്പ് ചരിത്രമാക്കാന്‍ ഒരുക്കങ്ങള്‍ പാറശാല ഏരിയയില്‍ പൂര്‍ത്തിയായി. പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ദേശീയജാഥയെ തിങ്കളാഴ്ച രാവിലെ 10ന് കളിയിക്കാവിളയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ സംസ്ഥാന- ജില്ലാ കമ്മിറ്റി അംഗങ്ങളടക്കമുള്ളവര്‍ ഗംഭീരസ്വീകരണത്തോടെ സംസ്ഥാനത്തേക്ക് വരവേല്‍ക്കും.

അതിര്‍ത്തിയിലെ വരവേല്‍പ്പ് ഉത്സവമാക്കാനുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായി. പാറശാല ഏരിയയിലെ പരശുവയ്ക്കല്‍, കാരോട്, കുളത്തൂര്‍, പാറശാല, മഞ്ചവിളാകം, ചെങ്കല്‍, ധനുവച്ചപുരം ലോക്കല്‍ കമ്മിറ്റികള്‍ വിപുലമായ പ്രചാരണപ്രവര്‍ത്തനത്തിലൂടെയാണ് വരവേല്‍പ്പ് ഗംഭീരമാക്കുന്നത്. റെഡ് വളന്റിയര്‍മാരുടെ അകമ്പടിക്കുപുറമെ ശിങ്കാരിമേളം, മുത്തുക്കുട, ബാന്റുമേളം തുടങ്ങിയ നാടന്‍കലാരൂപങ്ങള്‍ വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ അണിനിരക്കും. ഏരിയയിലുടനീളം പ്രചാരണബോര്‍ഡുകളും ദേശീയപാതയില്‍ കമാനങ്ങളും കൊടിതോരണങ്ങളും അലങ്കരിച്ചുകഴിഞ്ഞു. ജാഥാ ക്യാപ്റ്റനായ പിബി അംഗം എസ് രാമചന്ദ്രന്‍പിള്ള, എം എ ബേബി, വി ശ്രീനിവാസറാവു, സുധ സുന്ദരരാമന്‍ എന്നിവരെയാണ് വരവേല്‍ക്കുന്നത്.

സമരസന്ദേശ ജാഥ ഇന്ന് എത്തും: ചരിത്രത്തിലേക്ക് മറ്റൊരു സുദിനം

കൊല്ലം: ചരിത്രമുറങ്ങുന്ന കൊല്ലം ചുവപ്പണിഞ്ഞു നില്‍ക്കുന്നു. സിപിഐ എം ദേശീയ സമരസന്ദേശജാഥയ്ക്കു വരവേല്‍പ്പു നല്‍കാന്‍ ദേശിങ്ങനാട്ടിലെങ്ങും ഉത്സവച്ഛായ പകരുന്ന പ്രചാരണപ്രവര്‍ത്തനങ്ങള്‍. നാടും ജനങ്ങളും നേരിടുന്ന ഭരണവര്‍ഗ ആക്രമണത്തിനെതിരെ യഥാര്‍ഥ ജനശക്തി ഉണര്‍ത്താനുള്ള പോരാട്ടങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന് സിപിഐ എം സംഘടിപ്പിക്കുന്ന ദേശീയ ജാഥയുടെ സ്വീകരണം ഉജ്വലമാക്കാന്‍ വീറുംവാശിയും നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്കാണ് കൊല്ലം നഗരം സാക്ഷ്യം വഹിക്കുന്നത്. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന സമരസന്ദേശജാഥ തിങ്കളാഴ്ച വൈകിട്ട് അഞ്ചിനാണ് കൊല്ലത്തെത്തുക. ആശ്രാമം മൈതാനത്തു നടക്കുന്ന സ്വീകരണസമ്മേളനത്തില്‍ ഒരുലക്ഷം പേര്‍ പങ്കെടുക്കും. ജാഥയുടെ സ്വീകരണം സമുജ്വലമാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലാണ്. പൊളിറ്റ്ബ്യൂറോ അംഗങ്ങളായ എം എ ബേബി, കെ വരദരാജന്‍, കേന്ദ്രസെക്രട്ടറിയറ്റ് അംഗം ശ്രീനിവാസറാവു, കേന്ദ്രകമ്മിറ്റി അംഗം സുധാ സുന്ദര്‍രാമന്‍ എന്നിവരും ജാഥാംഗങ്ങളാണ്.

അതിരൂക്ഷമായ വിലക്കയറ്റം തടയാന്‍ അടിയന്തര നടപടി എടുക്കുക, പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തി സാര്‍വത്രികമാക്കുക, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുക, ഭൂപരിഷ്കരണം സമഗ്രമായി നടപ്പാക്കുക, വിദ്യാഭ്യാസം സാര്‍വത്രികമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു സംഘടിപ്പിക്കുന്ന നാല് അഖിലേന്ത്യ ജാഥകളിലൊന്നാണ് കൊല്ലത്ത് എത്തുന്നത്. കന്യാകുമാരിയില്‍ സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് ഞായറാഴ്ച ഉദ്ഘാടനംചെയ്ത ജാഥയുടെ പര്യടനം ചരിത്രസംഭവവും അവിസ്മരണീയവുമാക്കാനാണ് കൊല്ലം അണിഞ്ഞൊരുങ്ങുന്നത്. പുതിയ ഭൂമിയും പുതിയ ആകാശവും കെട്ടിപ്പടുക്കാനും പതിതന്റെയും നിസ്വന്റെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ജീവിതദുരിതങ്ങള്‍ക്കു പരിഹാരം കാണാനുമുള്ള രാഷ്ട്രീയദൗത്യം ഏറ്റെടുക്കുന്ന സിപിഐ എം എന്ന മഹാപ്രസ്ഥാനത്തിനു പിന്നില്‍ നാടും നാട്ടാരും ആവേശത്തോടെ അണിചേരുന്ന കാഴ്ചയാണെങ്ങും.

വരവേല്‍ക്കാന്‍ രക്തസാക്ഷി കുടുംബങ്ങളും

കൊല്ലം: ആശ്രാമം മൈതാനത്ത് ജാഥാംഗങ്ങള്‍ക്കു നല്‍കുന്ന സ്വീകരണത്തില്‍ പങ്കെടുക്കാന്‍ ജില്ലയിലെ രക്തസാക്ഷി കുടുംബാംഗങ്ങളും ബന്ധുക്കളും എത്തിച്ചേരും. രക്തസാക്ഷി കുടുംബാംഗങ്ങള്‍ ജാഥാംഗങ്ങളെ ഹാരമണിയിച്ച് സ്വീകരിക്കും.

സമരസന്ദേശജാഥ: ജാഥാംഗങ്ങള്‍ക്കു സമ്മാനിക്കാന്‍ ഇ എം എസിന്റെ വൈക്കോല്‍ ചിത്രം

അഞ്ചാലുംമൂട്: വൈക്കോല്‍ തുണ്ടുകളില്‍ രൂപപ്പെടുത്തിയ ഇ എം എസിന്റെ ചിത്രങ്ങള്‍ ജാഥാംഗങ്ങള്‍ക്ക് ഉപഹാരമായി നല്‍കും. നീരാവില്‍ സ്വദേശിയും സികെപിയില്‍ പ്രവര്‍ത്തിക്കുന്ന ക്വയിലോണ്‍ ഹാന്‍ഡിക്രാഫ്റ്റ് സൊസൈറ്റിയിലെ കലാകാരനുമായ സുലൈമാനാണ് ഇ എം എസിന്റെ രൂപം വൈക്കോലില്‍ രൂപപ്പെടുത്തിയത്. ജാഥാക്യാപ്റ്റന്‍ എസ് രാമചന്ദ്രന്‍പിള്ളയ്ക്കും ജാഥാംഗങ്ങള്‍ക്കും സിപിഐ എം ജില്ലാകമ്മിറ്റിയാണ് ഉപഹാരം നല്‍കുന്നത്. വൈക്കോലിന്റെ പ്രകൃതിദത്തമായ നിറങ്ങള്‍ വിന്യസിച്ചാണ് വിപ്ലവാചാര്യന്റെ ദീപ്തമായ മുഖഭാവത്തെ സുലൈമാന്‍ ചിത്രത്തിലേക്ക് ആവാഹിച്ചത്. വൈക്കോലിന്റെ പരിമിതികളെ മറികടന്ന് പെയിന്റിങ്ങിന്റെ ഭാവഗരിമയോടെയാണ് ചെറുചിരിയോടുകൂടിയ ഇ എം എസിന്റെ ചിത്രം കൊത്തിയെടുത്തത്. വൈക്കോല്‍ അരിഞ്ഞ് ഒട്ടിച്ചെടുക്കുന്ന ഏറ്റവും സൂക്ഷ്മതയേറിയ സങ്കേതമാണ് സുലൈമാന്‍ സ്വീകരിച്ചത്.

ദേശീയ പ്രക്ഷോഭജാഥയ്ക്ക് ബിന്നിയുടെ കൈമുദ്ര

കൊല്ലം: സിപിഐ എം ദേശീയ പ്രക്ഷോഭജാഥയുടെ സന്ദേശം ഉള്‍ക്കൊണ്ട ലോഗോയ്ക്കു പിന്നില്‍ നീരാവില്‍ സ്വദേശി യു എം ബിന്നിയുടെ കരവിരുത്. രാജ്യത്തെ അരാജകത്വത്തിലേക്ക് നയിക്കുന്ന ഭരണാധികാരികളുടെ പിന്തിരിപ്പന്‍ നയങ്ങള്‍ക്കെതിരെ ജനങ്ങളെ സമരസജ്ജരാക്കാന്‍ പര്യടനം നടത്തുന്ന ജാഥകളുടെ ലക്ഷ്യത്തെ ലളിതമായ വരകള്‍കൊണ്ട് പൂര്‍ണമായി ഉള്‍ക്കൊണ്ടാണ് ലോഗോ രൂപപ്പെടുത്തിയത്. വരാന്‍പോകുന്ന ജനകീയ പ്രക്ഷോഭത്തിന്റെ സൂചകമായി പോരാട്ടവീറിന്റെ ചുവപ്പും കരുത്തിന്റെ കറുപ്പും മാത്രമാണ് ലോഗോയില്‍ ഉപയോഗിച്ചതെന്ന പ്രത്യേകതയുമുണ്ട്. ഇതിനകം ശ്രദ്ധേയമായ അമ്പതോളം ലോഗോ ബിന്നി രൂപപ്പെടുത്തിയിട്ടുണ്ട്. കണ്ണൂരില്‍ ഏപ്രിലില്‍ നടക്കാന്‍ പോകുന്ന സിഐടിയു അഖിലേന്ത്യ സമ്മേളനത്തിന്റെ ലോഗോയും ബിന്നിയുടേതാണ്. ഡല്‍ഹിയില്‍ നടന്ന സിപിഐ എം പാര്‍ടി കോണ്‍ഗ്രസ്, കൊല്ലത്ത് 95ല്‍ നടന്ന സിപിഐ എം സംസ്ഥാന സമ്മേളനം, 2012ലെ തിരുവനന്തപുരം സമ്മേളനം, അതേ വര്‍ഷം തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്ര കേരളപഠന കോണ്‍ഗ്രസ് എന്നിവയുടെ ലോഗോകളും ബിന്നി രൂപകല്‍പ്പന ചെയ്തതാണ്. സിപിഐ എം നീരാവില്‍ ബ്രാഞ്ച് അംഗമാണ്.

deshabhimani

No comments:

Post a Comment