Monday, February 25, 2013

തെളിഞ്ഞത് ലീഗിന്റെ വര്‍ഗീയ അജന്‍ഡ


കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒ വി വിജയന്റെ പ്രതിമ നീക്കാന്‍ ആവശ്യപ്പെട്ടതിലൂടെ പ്രകടമായത് മുസ്ലിംലീഗിന്റെ വര്‍ഗീയ അജന്‍ഡ. മലപ്പുറത്ത് ലീഗിന്റെ ഹിതങ്ങള്‍ക്കപ്പുറത്ത് ഒന്നും നടത്താനുവദിക്കില്ലെന്ന ധാര്‍ഷ്ട്യമാണ് വിശ്വപ്രസിദ്ധ സാഹിത്യകാരന്റെ പ്രതിമനിര്‍മാണം തടഞ്ഞതിലൂടെ വെളിവായത്. കോട്ടക്കലിന്റെ മതേതരപാരമ്പര്യത്തിനാണ് ലീഗും നഗരസഭയും മുറിവേല്‍പ്പിച്ചത്. സംഭവം വിവാദമായതോടെ തീരുമാനത്തില്‍നിന്ന് തടിയൂരാനാണ് നഗരസഭയുടെ ശ്രമം. വിദ്യാരംഗം കലാസാഹിത്യവേദി പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിര്‍മിച്ച പാര്‍ക്കിലെ പ്രതിമക്കെതിരെയാണ് ലീഗ് രംഗത്തെത്തിയത്.

സ്കൂളിലെ പൂര്‍വ വിദ്യാര്‍ഥികൂടിയായ ഒ വി വിജയന്റെ പ്രതിമ "ഖസാക്കിന്റെ ഇതിഹാസം" നോവലിലെ കഥാസന്ദര്‍ഭവുമായി ബന്ധപ്പെടുത്തിയാണ് നിര്‍മിച്ചത്. ഇത് പൊളിച്ചുനീക്കണമെന്നാണ് ലീഗ് ഭരിക്കുന്ന കോട്ടക്കല്‍ നഗരസഭ സ്കൂള്‍ അധികൃതരോട് ആവശ്യപ്പെട്ടത്. പാര്‍ക്കിന് "കൂമന്‍കാവ്" എന്നു പേരിട്ടതും ലീഗുകാര്‍ക്ക് രസിച്ചില്ല. ഖസാക്കിന്റെ ഇതിഹാസകാരന്‍ മനോഹരമായി വരച്ചിട്ട കൂമന്‍കാവ് എന്ന പേര് മലയാളസാഹിത്യത്തിന് നല്‍കിയ സംഭാവന എന്തെന്ന തിരിച്ചറിവുപോലുമില്ലാതെയാണ് ഒരുവിഭാഗം പ്രതിമക്കുനേരെ തിരിയുന്നത്. നോവലിലെ നായകന്‍ രവി എത്തിച്ചേരുന്ന മരണമില്ലാത്ത സാങ്കല്‍പ്പിക നാട്ടുകവലക്ക് നോവലിസ്റ്റ് കണ്ടെടുത്ത പേരാണ് "കൂമന്‍കാവ്". ഇത് കാവാണെന്നുകരുതിയാണ് എതിര്‍ക്കുന്നത്. നോവലിലെ കഥാപാത്രങ്ങളായിവരുന്ന കൂമനും സര്‍പ്പവും പുറ്റുകളും പാര്‍ക്കില്‍ കൊത്തിവച്ചിട്ടുണ്ട്. ഇവ കാവിന്റെ ഭാഗമാണെന്നും ലീഗുകാര്‍ പ്രചരിപ്പിക്കുന്നു. നിര്‍മാണത്തിന് അനുമതി വാങ്ങിയില്ലെന്ന സാങ്കേതികത്വം പറഞ്ഞാണ് നഗരസഭ പാര്‍ക്കിന് ഉടക്കിടുന്നത്. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചിട്ടില്ല. സാഹിത്യവേദി അതിന്റെ പ്രവര്‍ത്തനങ്ങളിലൂടെ സമാഹരിച്ച ഫണ്ടും നാട്ടുകാരുടെ സഹായധനവും ഉപയോഗിച്ചാണ് പാര്‍ക്ക് നിര്‍മിച്ചത്. എല്ലാ രാഷ്ട്രീയപാര്‍ടിക്കാരും ഉള്‍പ്പെടുന്ന പിടിഎ കമ്മിറ്റി ചര്‍ച്ചചെയ്താണ് നിര്‍മാണം ആരംഭിച്ചത്. പ്രവര്‍ത്തനങ്ങളില്‍ നഗരസഭാ അധികൃതര്‍ തുടക്കത്തില്‍ സഹകരിച്ചതുമാണ്.

ലീഗ് പ്രാദേശിക നേതാവും നഗരസഭാ വൈസ് ചെയര്‍മാനുമായ പി മൂസക്കുട്ടി ഹാജി ഉള്‍പ്പെടെ പാര്‍ക്കിന്റെ നിര്‍മാണവേളയില്‍ പങ്കെടുത്തിരുന്നു. അന്നൊന്നുമില്ലാത്ത എതിര്‍പ്പാണ് ഇപ്പോള്‍ ഉയര്‍ത്തുന്നത്. പാര്‍ക്കില്‍ പ്രതിമ സ്ഥാപിക്കാന്‍ നഗരസഭയുടെ അനുമതിവേണമെന്ന വാദം നിലനില്‍ക്കുന്നതല്ല. ഒ വി വിജയന്റെ പൂര്‍ണകായ പ്രതിമയല്ല ഇവിടെയുള്ളത്. ഒ വി വിജയനും പൂച്ചയും പുസ്തകവും അടങ്ങുന്ന പ്രസിദ്ധമായ ചിത്രത്തിന്റെ ശില്പാവിഷ്കാരമാണ് കൊത്തിവച്ചത്. ഇതിനു പ്രത്യേക അനുമതി വേണ്ടെന്ന് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ ആദ്യമായാണ് സ്കൂള്‍ വിദ്യാര്‍ഥികള്‍ ഒ വി വിജയന് സ്മാരകം നിര്‍മിക്കുന്നത്. മറ്റു വിദ്യാലയങ്ങള്‍ക്ക് മാതൃകയായി കുട്ടികളും അധ്യാപകരും കൂട്ടായ്മയില്‍ സൃഷ്ടിച്ച പാര്‍ക്കാണ് ലീഗിന്റെ വര്‍ഗീയ അജന്‍ഡയില്‍ കുടുങ്ങിയത്. സംസ്ഥാനത്ത് എവിടെയും ഒ വിവിജയന് ഉചിതമായ സ്മാരകം നിര്‍മിക്കപ്പെട്ടിട്ടില്ലെന്നതും സ്കൂളിന്റെ പ്രവര്‍ത്തനത്തിന് തിളക്കംകൂട്ടുന്നു.


ഉദ്ഘാടനചടങ്ങില്‍നിന്ന് കെ ജയകുമാര്‍ പിന്മാറി

മലപ്പുറം: കോട്ടക്കല്‍ ഗവണ്‍മെന്റ് രാജാസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മിച്ച ഒ വി വിജയന്റെ പ്രതിമ പൊളിച്ചുനീക്കാനുള്ള കോട്ടക്കല്‍ നഗരസഭയുടെ നിര്‍ദേശത്തില്‍ പ്രതിഷേധിച്ച് പാര്‍ക്കിന്റെ ഉദ്ഘാടകനായ മലയാളം സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. കെ ജയകുമാര്‍ ചടങ്ങില്‍നിന്ന് പിന്മാറി. സ്കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ ഒ വി വിജയന്റെ പേരിലുള്ള സ്മൃതിവനം പാര്‍ക്കിന്റെ ചൊവ്വാഴ്ച നടക്കേണ്ട ഉദ്ഘാടന ചടങ്ങില്‍നിന്നാണ് പിന്മാറിയത്. മുസ്ലിംലീഗ് ഭരിക്കുന്ന നഗരസഭയുടെ നിലപാടിനെതിരെ സാമൂഹിക-സാംസ്കാരിക മണ്ഡലത്തിലെ പ്രമുഖര്‍ രംഗത്തെത്തി. ഒ വി വിജയന്റെ പേരിലുള്ള സംരംഭമായതിനാലാണ് ചടങ്ങില്‍ പങ്കെടുക്കാമെന്നേറ്റതെന്ന് ജയകുമാര്‍ "ദേശാഭിമാനി"യോടു പറഞ്ഞു. നഗരസഭയുടെ വഴക്കുകളിലേക്ക് വരാന്‍ ഇനി താല്‍പ്പര്യമില്ല. പരിപാടിയില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബിന്റെ പ്രതികരണം. പ്രതിമ മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ല. സ്കൂള്‍വളപ്പില്‍ നിര്‍മാണപ്രവര്‍ത്തനം നടത്തണമെങ്കില്‍ വിദ്യാഭ്യാസവകുപ്പിന്റെ അനുമതിവേണമെന്നും മന്ത്രി പറഞ്ഞു. പ്രതിമ പൊളിച്ചുമാറ്റാനുള്ള നീക്കത്തെക്കുറിച്ച് അറിയില്ലെന്ന് സ്ഥലം എംഎല്‍എ എ പി അബ്ദുസമദ് സമദാനി പറഞ്ഞു. പ്രതിമക്ക് അനുമതി നല്‍കാനാവില്ലെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ബുഷ്റ ഷബീര്‍ പറഞ്ഞു. നഗരസഭാ പരിധിയില്‍ നടക്കുന്ന എല്ലാ നിര്‍മാണങ്ങള്‍ക്കും അനുമതി ആവശ്യമാണ്. നിലവില്‍ സ്കൂള്‍ അധികൃതര്‍ അപേക്ഷ നല്‍കിയിട്ടില്ല. അപേക്ഷ സമര്‍പ്പിച്ചാല്‍ കൗണ്‍സിലിന്റെ പരിഗണനക്കുവിടുമെന്ന് അവര്‍ പറഞ്ഞു. പ്രതിമ പൊളിച്ചുനീക്കാനുള്ള തീരുമാനം ആത്മഹത്യാപരമാണെന്ന് ശില്പി പട്ടാമ്പി നാരായണപ്രസാദ് പറഞ്ഞു.

പൂര്‍ത്തിയാക്കിയ ശില്പം പൊളിച്ചുനീക്കണമെന്ന് പറയുന്നത് ക്രൂരതയാണ്. സാഹിത്യത്തെ സാഹിത്യമായി കാണാന്‍ ശ്രമിക്കാത്തതുകൊണ്ടാണ് പൊളിച്ചുനീക്കാന്‍ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സര്‍പ്പങ്ങളും കല്ലും ആള്‍രൂപങ്ങളുംവച്ച് അതിന് കൂമന്‍കാവ് എന്നു പേരിട്ടാല്‍ അത് കാവായിമാറുമെന്ന തെറ്റിദ്ധാരണയാണ് ശില്പം പൊളിച്ചുനീക്കുന്നതിന് പിന്നിലെന്ന് സ്കൂളില്‍ സ്മൃതിവനം രൂപകല്‍പ്പനചെയ്ത ഇന്ത്യനൂര്‍ ബാലകൃഷ്ണന്‍ പറഞ്ഞു. ഖസാക്ക് എന്താണെന്നും വിജയന്‍ ആരാണെന്നും അറിയാത്ത പുസ്തകം വായിക്കാത്തവരാണ് ഇതിനുപിന്നിലെന്നും ബാലകൃഷ്ണന്‍ പറഞ്ഞു. പാര്‍ക്കിന് അനുമതി ആവശ്യപ്പെട്ട് നഗരസഭയെ സമീപിക്കാനാണ് സ്കൂള്‍ അധികൃതരുടെ നീക്കം. നഗരസഭയുടെ വിവാദനീക്കത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ജില്ലയിലെ സാംസ്കാരികപ്രവര്‍ത്തകര്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കോട്ടക്കലില്‍ സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിക്കും.


deshabhimani 250213

No comments:

Post a Comment