ജനജീവിതം ദുസ്സഹമാക്കുന്ന നയങ്ങള്‍ക്കെതിരായ ജനകീയ മുന്നേറ്റത്തിന് സാഗരസംഗമഭൂമിയില്‍ നാന്ദി കുറിച്ചു. ജനദ്രോഹനയങ്ങള്‍ക്കെതിരെ രാജ്യത്ത് യഥാര്‍ഥ ബദല്‍ കെട്ടിപ്പടുക്കല്‍ ലക്ഷ്യമിട്ട് സിപിഐ എം നടത്തുന്ന സമരസന്ദേശ യാത്രയ്ക്ക് ഉപഭൂഖണ്ഡത്തിന്റെ തെക്കേ മുനമ്പില്‍ പ്രോജ്വല തുടക്കം. ജനലക്ഷങ്ങള്‍ അണിനിരക്കുന്ന പ്രക്ഷോഭത്തിന്റെ പ്രചാരണാര്‍ഥം രാജ്യമെങ്ങും പര്യടനം നടത്തുന്ന നാലുജാഥകളില്‍ ആദ്യത്തേതാണ് കന്യാകുമാരിയില്‍ തുടങ്ങിയത്. കന്യാകുമാരി ഗാന്ധിപാര്‍ക്കില്‍ അലയടിച്ചെത്തിയ വന്‍ ജനാവലിയെ സാക്ഷിയാക്കി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ജാഥാക്യാപ്റ്റനും പൊളിറ്റ് ബ്യൂറോ അംഗവുമായ എസ് രാമചന്ദ്രന്‍പിള്ളയ്ക്ക് രക്തപതാക കൈമാറി.
മുംബൈയില്‍നിന്ന് മാര്‍ച്ച് എട്ടിന് പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി നയിക്കുന്ന ജാഥയുമായി മധ്യപ്രദേശിലെ ഭോപാലില്‍ സംഗമിച്ചശേഷം ഈ ജാഥ ഡല്‍ഹിക്ക് പ്രയാണം നടത്തും. കേരളത്തിലെ എട്ടു ജില്ലയിലൂടെ സഞ്ചരിച്ച്, തമിഴ്നാട്, കര്‍ണാടകം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ സ്വീകരണത്തിനുശേഷമാണ് ഭോപാലില്‍ മുംബൈ ജാഥയുമായി സംഗമിക്കുക. പ്രകാശ് കാരാട്ട് നയിക്കുന്ന കൊല്‍ക്കത്ത ജാഥ മാര്‍ച്ച് ഒന്നിനും പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് നയിക്കുന്ന അമൃത്സര്‍ ജാഥ മാര്‍ച്ച് നാലിനും പര്യടനം ആരംഭിക്കും.
നാലു ജാഥകളുടെയും സമാപനംകുറിച്ച് മാര്‍ച്ച് 19ന് ഡല്‍ഹിയില്‍ ജനലക്ഷങ്ങളുടെ റാലി നടക്കും. കര്‍ഷകരും തൊഴിലാളികളും യുവജനങ്ങളും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ബഹുജനങ്ങളാണ് ഫ്ളാഗ് ഓഫിന് കന്യാകുമാരിയിലേക്ക് എത്തിയത്. നാഗര്‍കോവിലില്‍ വിപുലമായ റാലി സംഘടിപ്പിച്ചിരുന്നതിനാല്‍ കന്യാകുമാരിയില്‍ പ്രത്യേകയോഗം തീരുമാനിച്ചിരുന്നില്ലെങ്കിലും വന്‍ ജനാവലി തടിച്ചുകൂടിയപ്പോള്‍ പ്രകാശ് കാരാട്ടും എസ് ആര്‍ പിയും ജനങ്ങളെ അഭിവാദ്യംചെയ്ത് സംസാരിച്ചു. പ്രകാശ് കാരാട്ടിനെയും എസ്ആര്‍പിയെയും ജാഥാംഗങ്ങളായ കെ വരദരാജന്‍, എം എ ബേബി, വി ശ്രീനിവാസ് റാവു, സുധ സുന്ദരരാമന്‍ എന്നിവരെയും നേതാക്കളും ബഹുജനങ്ങളും ചുവപ്പുഹാരമണിയിച്ചു. സിപിഐ എം തമിഴ്നാട് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം നൂര്‍ മുഹമ്മദ് സ്വാഗതം പറഞ്ഞു. കെ വരദരാജന്‍ അധ്യക്ഷനായി. കന്യാകുമാരിമുതല്‍ നാഗര്‍കോവില്‍വരെയുള്ള ഇരുപതു കിലോമീറ്റര്‍ ദൂരം നൂറുകണക്കിന് ഇരുചക്രവാഹനങ്ങളും മറ്റ് വാഹനങ്ങളും അകമ്പടിയേകി. നാഗര്‍കോവിലിലെ നാഗരാജ മൈതാനത്ത് സമരസന്ദേശജാഥ എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് നൂറുകണക്കിനാളുകള്‍ തടിച്ചുകൂടി. പ്രകാശ് കാരാട്ട് റാലി ഉദ്ഘാടനംചെയ്തു. എസ് ആര്‍ പി, കെ വരദരാജന്‍, എം എ ബേബി, വി ശ്രീനിവാസ് റാവു, സുധ സുന്ദരരാമന്‍, എ വി ബെല്ലാര്‍മിന്‍, ലിമ റോസ് എന്നിവര്‍ സംസാരിച്ചു. ജാഥയ്ക്ക് തിങ്കളാഴ്ച രാവിലെ ഒമ്പതിന് തക്കലയിലും പത്തിന് മാര്‍ത്താണ്ഡത്തും സ്വീകരണം നല്‍കും.
11ന് കേരള അതിര്‍ത്തിയായ കളിയിക്കാവിളയില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്റെ നേതൃത്വത്തില്‍ പതിനായിരങ്ങള്‍ വരവേല്‍ക്കും. വൈകിട്ട് മൂന്നിന് ആറ്റിങ്ങലിലാണ് കേരളത്തിലെ ആദ്യസ്വീകരണം. പൂര്‍വമേഖല ജാഥയുടെ ഒഡിഷ ഉപജാഥ ഞായറാഴ്ച ഒഡിഷ-ആന്ധ്ര അതിര്‍ത്തിയായ പാര്‍ലര്‍ മാദുണ്ടിയില്‍നിന്ന് തുടങ്ങി. സിപിഐ എം ഒഡിഷ സംസ്ഥാനസെക്രട്ടറി ജനാര്‍ദന്‍പതിയുടെ നേതൃത്വത്തിലാണ് ജാഥ നടക്കുന്നത്. ഗജതക്ക് ജില്ലാസെക്രട്ടറി എല്‍ റാംകുമാര്‍ റാവു ജനാര്‍ദന്‍പതിക്ക് പതാക കൈമാറി ഉദ്ഘാടനംചെയ്തു. ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. സംസ്ഥാനകമ്മിറ്റിയംഗങ്ങളായ ജഗന്നാഥ് മിശ്ര, ഹരികിഷന്‍ പട്നായിക്, ശരത്ദാസ് എന്നിവരാണ് ജാഥാംഗങ്ങള്‍. ശനിയാഴ്ച തുടങ്ങിയ അസം ഉപജാഥ രണ്ടാംദിനപര്യടനം ഗോല്‍പാറയില്‍പൂര്‍ത്തിയാക്കി. തിങ്കളാഴ്ച പൊളിറ്റ്ബ്യൂറോ അംഗം നിരുപംസെന്നിന്റെ നേതൃത്വത്തില്‍ ഈ ജാഥയെ ബംഗാളിലേക്ക് നയിക്കും.
(എന്‍ എസ് സജിത്)
"പ്രചാരപയണ"ത്തിന് ആവേശമേകി കുമരിയും നാഗര്‍കോവിലും
നാഗര്‍കോവില്‍: ജനകീയപ്രശ്നങ്ങള്‍ ഏറ്റെടുത്ത് തമിഴ്നാട്ടില്‍ സിപിഐ എം നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയേറുന്നതിന് നിദര്‍ശനമാവുന്നു സമരസന്ദേശജാഥയുടെ ഒന്നാംനാളില്‍ ലഭിച്ച ഉജ്വലവരവേല്‍പ്പ്. കന്യാകുമാരിയില്‍ പോരാട്ട പ്രചാര പയണത്തെ (യാത്ര) മുദ്രാവാക്യങ്ങളും ഹാരങ്ങളുമായി സ്വീകരിച്ചവരിലേറെയും സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവരാണ്. കന്യാകുമാരിയില്‍ ജാഥയുടെ ഫ്ളാഗ് ഓഫിന് വിപുലമായ യോഗം തീരുമാനിച്ചിരുന്നില്ലെങ്കിലും ജാഥയുടെ ആരംഭച്ചടങ്ങിനെത്തിയവരെകൊണ്ട് ഗാന്ധിപാര്‍ക്ക് മൈതാനം തിങ്ങിനിറഞ്ഞു.
ആദ്യസ്വീകരണകേന്ദ്രമായ നാഗര്‍കോവിലിലെ നാഗരാജ മൈതാനത്ത് തടിച്ചുകൂടിയത് ആയിരങ്ങള്‍. ഭരണക്കാരുടെ ജനവിരുദ്ധതയും അഴിമതിയും സാധാരണക്കാരില്‍ സൃഷ്ടിച്ച അസംതൃപ്തിയുടെയും രോഷത്തിന്റെയും ദൃഷ്ടാന്തമായി ഈ ജനബാഹുല്യം. തൊഴിലാളികളുടെയും കര്‍ഷകരുടെയും കര്‍ഷകത്തൊഴിലാളികളുടെയും സാമൂഹ്യാടിമത്തം നേരിടുന്ന ദളിതരുടെയും ജീവിത സമരത്തിന്റെ കുന്തമുനയായ സിപിഐ എമ്മിന്റെ സമരസന്ദേശയാത്രയെ തമിഴ്ജനത എങ്ങനെ സമീപിക്കുന്നു എന്നതിന്റെ ആവേശകരമായ തെളിവായിരുന്നു രണ്ടിടത്തെയും കൂറ്റന്‍ ജനാവലി. നാഗര്‍കോവില്‍ തെരുവുകളില്‍ ആയിരങ്ങളാണ് ജാഥ കാണാന്‍ എത്തിയത്. കന്യാകുമാരിയില്‍നിന്ന് നാഗര്‍കോവിലിലേക്കുള്ള ദൂരമത്രയും ജനങ്ങള്‍ ജാഥയെ അഭിവാദ്യംചെയ്തു. ഈ ദൂരമത്രയും ചുവന്ന തോരണങ്ങളും പതാകകളും ചെങ്കടല്‍ തീര്‍ത്തു. ജാഥ എത്തുംമുമ്പേ നാഗരാജ തിരുക്കോവിലിന് സമീപമുള്ള മൈതാനത്തിന് ഉള്‍ക്കൊള്ളാനാവാതെ ജനങ്ങള്‍ തെരുവുനിറഞ്ഞൊഴുകി. ജനറല്‍ സെക്രട്ടറിയും ജാഥാംഗങ്ങളും വേദിയിലെത്തുമ്പോള്‍ ജനങ്ങള്‍ ഉച്ചത്തില്‍ മുദ്രാവാക്യം മുഴക്കിയാണ് സ്വീകരിച്ചത്.
അഴിമതിപ്പണം കണ്ടുകെട്ടി സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് വിനിയോഗിക്കണം: എസ് ആര്‍ പി
നാഗര്‍കോവില്‍: കോടാനുകോടി വരുന്ന അഴിമതിപ്പണം കണ്ടുകെട്ടി സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് വിനിയോഗിക്കണമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും സമരസന്ദേശജാഥാ ക്യാപ്റ്റനുമായ എസ് രാമചന്ദ്രന്‍പിള്ള ആവശ്യപ്പെട്ടു. കന്യാകുമാരിയില്‍ നടന്ന ഉദ്ഘാടനയോഗത്തിലും നാഗര്‍കോവിലില്‍ നടന്ന സ്വീകരണസമ്മേളനത്തിലും സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് പണമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ എപ്പോഴും പറയുന്നത്. എന്നാല്‍, ജ്യോതിശാസ്ത്ര കണക്കുപോലെയുള്ള ഭീമമായ അഴിമതിയുടെ കണക്കാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഈ പണം സാമൂഹ്യസുരക്ഷാ പദ്ധതികള്‍ക്ക് വിനിയോഗിക്കാന്‍ കേന്ദ്രം തയ്യാറാകണം. രാജ്യത്ത് കോര്‍പറേറ്റുകള്‍ക്കുവേണ്ടി കോര്‍പറേറ്റുകള്‍ രൂപീകരിച്ച നയം കോര്‍പറേറ്റുകള്‍തന്നെ നടപ്പാക്കുകയാണ്. ഈ നയം സാധാരണക്കാരുടെയും പൊതുജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്നു. ഇതിനെതിരെ രാജ്യമാകെ ജനങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കാനാണ് സിപിഐ എം ലക്ഷ്യമിടുന്നത്.
നാലു പ്രധാന ജാഥകളും ഉപജാഥകളും ഉള്‍പ്പെടെ 10,000 കിലോമീറ്ററില്‍ ഏറെ സഞ്ചരിക്കുന്ന ജാഥ ആറു ബദല്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നു. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുകയാണ് പ്രധാന മുദ്രാവാക്യം. രാജ്യത്ത് 17 കോടിയിലേറെ ജനങ്ങള്‍ സ്വന്തമായി വീടില്ലാത്തവരാണ്. ഭൂരഹിതര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും ലഭ്യമാക്കണം. ഭൂരഹിതര്‍ക്ക് ഭൂമി ലഭ്യമാക്കുന്നില്ലെന്നു മാത്രമല്ല പാവപ്പെട്ട കര്‍ഷകരുടെ കൃഷിഭൂമി അന്യാധീനപ്പെടുത്തുകയും ചെയ്യുന്ന നയമാണ് കേന്ദ്രം സ്വീകരിക്കുന്നത്. ജനങ്ങള്‍ക്ക് ഭക്ഷ്യസാധനങ്ങള്‍ ലഭ്യമാക്കുന്ന ചുമതലയില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറുകയാണ്. ആദിവാസികള്‍ക്കും ദളിതര്‍ക്കും സുരക്ഷ ഉറപ്പുവരുത്തണം. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുകയും സ്ത്രീനീതി ഉറപ്പാക്കുകയും ചെയ്യണമെന്നും എസ് ആര്‍ പി ആവശ്യപ്പെട്ടു. സമരസന്ദേശജാഥ ഇന്ത്യയിലെ ഏറ്റവും വലിയ ബഹുജനമുന്നേറ്റമാകും. ജാഥയുടെ തുടര്‍ച്ചയായി യഥാര്‍ഥ ബദല്‍ കെട്ടിപ്പടുക്കാനുള്ള പ്രക്ഷോഭത്തിന് സിപിഐ എം നേതൃത്വം നല്‍കുമെന്നും എസ് ആര്‍ പി പറഞ്ഞു.
deshabhimani 250213
No comments:
Post a Comment