Tuesday, February 26, 2013

ചരക്കുകൂലി കൂടും; കേരളത്തിന് ഒന്നുമില്ല


സ്വകാര്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കുന്ന 201213 വര്‍ഷത്തെ റെയില്‍ ബജറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. കേരളത്തെ പൂര്‍ണ്ണമായും ഒഴിവാക്കി. 93 എക്സ്പ്രസ് ട്രെയിനുകള്‍ അനുവദിച്ചപ്പോള്‍ ഒന്നുമാത്രമാണ് കേരളത്തിന്. പുതിയ പാതയില്ല. പാതവൈദ്യുതീകരണത്തിലും ഗേജ്മാറ്റത്തിലും കേരളത്തെ അവഗണിച്ചു. ചേര്‍ത്തല വാഗണ്‍ ഫാക്ടറിയും പുതിയ സോണും പരിഗണിക്കപ്പെട്ടില്ല. ആദ്യമായാണ് ബജറ്റില്‍ കേരളം ഇത്ര കടുത്ത അവഗണന നേരിടുന്നത്.

വികസന പദ്ധതികള്‍ക്ക് സ്വകാര്യ പങ്കാളിത്തത്തിലൂടെ ഒരുലക്ഷം കോടി രൂപ കണ്ടെത്തുമെന്ന് ബജറ്റ് പറയുന്നു.സൂപ്പര്‍ ഫാസ്റ്റ് നിരക്ക് കൂടും. ചരക്ക് കൂലി കൂടും. ഡീസല്‍ വിലയുമായി ബന്ധപ്പെടുത്തി സ്ഥിരമായി ചരക്ക് കൂലി കൂട്ടാനും സംവിധാനമായി. ഡീസല്‍ നിരക്ക് കുറഞ്ഞാല്‍ ഈ നിരക്കില്‍ കുറവ് വരുമെന്നും ബജറ്റില്‍ പറയുന്നു. റിസര്‍വേഷന്‍ തത്കാല്‍ നിരക്ക് കൂട്ടി. യാത്രക്കൂലി ജനുവരിയില്‍ കൂട്ടിയതായതിനാല്‍ കൂട്ടുന്നില്ലെന് ബജറ്റ് അവതരിപ്പിച്ച് റെയില്‍ മന്ത്രി പവന്‍കുമാര്‍ ബന്‍സ്വാള്‍ പറഞ്ഞു. എന്നാല്‍ റിസര്‍വേഷന്‍ ചാര്‍ജും തത്ക്കാല്‍ റിസര്‍വേഷനുള്ള ചാര്‍ജും അടക്കം കൂട്ടിയതിനാല്‍ ഫലത്തില്‍ നിരക്ക് വര്‍ധനവ് വരും.

കേരളത്തിന്  കാര്യമായി ഒന്നുമില്ല.  മൂന്നു പാസഞ്ചര്‍ ട്രെയിനുകള്‍ അനുവദിച്ചു. ലോകമാന്യതിലക്കൊച്ചുവേളി(ആഴ്ചയില്‍ ഒരു ദിവസം) വിശാഖപട്ടണംകൊല്ലം(ആഴ്ചയില്‍ ഒരു ദിവസം) പുനലൂര്‍ -കൊല്ലം പാസഞ്ചര്‍, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ ,ഷൊറണൂര്‍-കോഴിക്കോട് പാസഞ്ചര്‍ എന്നിവയാണ് പുതിയ ട്രെയിനുകള്‍. അഞ്ച് ട്രെയിനുകള്‍ സര്‍വീസ് നീട്ടി. ഗുവാഹത്തി-എറണാകുളം എക്സ്പ്രസ് തിരുവനന്തപുരം വരെയും, മധുര-കൊല്ലം പാസഞ്ചര്‍ പുനലൂര്‍ വരെ നീട്ടി. എറണാകുളം-തൃശൂര്‍ മെമു പാലക്കാട് വരെയും, ഗുരുവായൂര്‍-ചെന്നൈ എക്സ്പ്രസ് തൂത്തുക്കുടിവരെയും കൊല്ലം-നാഗര്‍കോവില്‍ മെമു കന്യൂകുമാരി വരെയും നീട്ടി. മംഗലാപുരം-തിരുച്ചിറപ്പള്ളി എക്സ്പ്രസ് പുതുച്ചേരിയിലേക്ക് നീട്ടി. ഗുരുവായൂര്‍- ചെന്നൈ എക്സ്പ്രസ് തൂത്തുക്കുടിയിലേക്ക് നീട്ടി. കൊച്ചുവേളി- ചണ്ഡിഗഢ് എക്സ്പ്രസ് ആഴ്ചയില്‍ രണ്ട് ദിവസമാക്കി.
 
പാലക്കാട് കോച്ച് ഫാക്ടറിക്ക് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച തുടരുമെന്ന് മാത്രമാണ് പറയുന്നത് പുതുതായി 93 ട്രയിനുകള്‍ അനുവദിച്ചിട്ടുണ്ട്. 67 എക്സ്പ്രസ് ട്രയിനും 26 പാസഞ്ചര്‍ ട്രയിനുമാണിവ. റെയില്‍വേയുടെ പ്രവര്‍ത്തന നഷ്ടം 24600 കോടി രൂപയായി ഉയര്‍ന്നേക്കുമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ബാധ്യതകള്‍ ദൈനംദിന പ്രവര്‍ത്തനത്തെ ബാധിക്കുന്നു. യാത്രക്കാരുടെ സുരക്ഷക്കാണ് റെയില്‍വേ പ്രധാന്യം നല്‍കുന്നത്. നാലു വനിതാ സിആര്‍പിഎഫ് കമ്പനികള്‍ രൂപീകരിക്കും. ട്രെയിനുകളില്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. സ്റ്റേഷനുകളുടെയും ട്രെയിനുകളുടെയും ശുചിത്വം ഉറപ്പിക്കുന്നതിന് ബയോ ടോയ്ലറ്റുകള്‍ നിര്‍മ്മിക്കും. പ്രധാന സ്റ്റേഷനുകളില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കായി ലിഫ്റ്റും എസ്കലേറ്ററും സ്ഥാപിക്കും.  അപകടമുണ്ടാക്കുന്നതിനാല്‍ 18056 ലെവല്‍ ക്രോസുകള്‍ ഒഴിവാക്കും.സിഗ്നല്‍ സംവിധാനവും കാര്യക്ഷമമാക്കും. അപകടത്തിലായ മുഴുവന്‍ പാലങ്ങളും പുതുക്കും. നാലു ബോട്ടിലിങ്ങ് പ്ലാന്റുകള്‍ തുടങ്ങും.

ഈ ബുക്കിങ്ങ് സമയം പുലര്‍ച്ചെ 12.30 മുതല്‍ രാത്രി 11. 30 വരെയാക്കി. ഒരുലക്ഷം പേര്‍ക്ക് ഒരേസമയം ബുക്കുചെയ്യാം. രാജധാനിയിലും ശതാബ്ദിയിലും ആധുനിക സൗകര്യമുള്ള അനുഭൂതി കോച്ചുകള്‍ ആരംഭിക്കും. രാജസ്ഥാനില്‍ പുതിയ കോച്ച് ഫാക്ടറി തുടങ്ങും. കഞ്ചിക്കോട് കോച്ച്ഫാക്ടറിയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുമായി ആശയവിനിമയം നടത്തുകയാണ്. 1.52 ലക്ഷം തസ്തിക നികത്തും. 40,000 തസ്തിക സൃഷ്ടിക്കും. 104 സ്റ്റേഷനുകളുടെ നിലവാരം ഉയര്‍ത്തും. ട്രെയിനുകളില്‍ പ്ലാസ്റ്റിക് നിരോധിക്കും. കൊല്ലത്ത് റെയില്‍വേ പരിശീലന അക്കാദമി സ്ഥാപിക്കും

.പാത ഇരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, സ്റ്റേഷനുകളിലും ട്രെയിനുകളിലും സൗകര്യം മെച്ചപ്പെടുത്തല്‍ തുടങ്ങിയ ആവശ്യങ്ങളൊന്നും പരിഗണിച്ചിട്ടില്ല. കേരളത്തിന് ഏറ്റവും കുറച്ച് ട്രെയിനുകള്‍ കിട്ടിയ ബജറ്റായിരുന്നു കഴിഞ്ഞ വര്‍ഷത്തേത്. പേട്ട റെയില്‍വേ മെഡിക്കല്‍ കോളേജ്, കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലാക്കല്‍, അങ്കമാലി ശബരിപാത, ശബരിമല-ചെങ്ങന്നൂര്‍ പാത തുടങ്ങിയവയെല്ലാം പാതിവഴിയില്‍ തന്നെ

deshabhimani

No comments:

Post a Comment