Thursday, February 28, 2013

ജാഥ വീണ്ടും തമിഴകത്ത്


പാലക്കാട്: ജനമുന്നേറ്റത്തിന്റെ അഭൂതപൂര്‍വമായ അനുഭവങ്ങള്‍ സമ്മാനിച്ച് സിപിഐ എം അഖിലേന്ത്യാ സമരസന്ദേശ ജാഥ കേരള പര്യടനം പൂര്‍ത്തിയാക്കി. പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള നയിക്കുന്ന ജാഥ ബുധനാഴ്ച സന്ധ്യയോടെ വാളയാര്‍ ചുരം പിന്നിട്ടു. രാത്രി കോയമ്പത്തൂരില്‍ എത്തിയതോടെ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച ജാഥയ്ക്ക് തമിഴ്നാട്ടില്‍ പുനഃപ്രവേശമായി. ചൊവ്വാഴ്ച രാത്രി കൊച്ചി മറൈന്‍ഡ്രൈവിലെ സ്വീകരണത്തിനുശേഷം ആലുവയില്‍ തങ്ങിയ ജാഥാംഗങ്ങള്‍ ബുധനാഴ്ച രാവിലെ തൃശൂര്‍ ലക്ഷ്യമാക്കി നീങ്ങി.

അത്താണിയിലും പറവൂര്‍ കവലയിലും അങ്കമാലിയിലും കാത്തുനിന്ന പ്രവര്‍ത്തകരെ അഭിവാദ്യംചെയ്്ത് നീങ്ങിയ ജാഥയെ കാത്ത് തൃശൂര്‍ അതിര്‍ത്തിയിലെ പൊങ്ങത്ത് വന്‍ ജനക്കൂട്ടമായിരുന്നു. ജില്ലാ സെക്രട്ടറി എ സി മൊയ്തീന്റെ നേതൃത്വത്തിലായിരുന്നു തൃശൂരിലേക്ക് വരവേറ്റത്. ചരിത്രപ്രസിദ്ധമായ തേക്കിന്‍കാട് മൈതാനത്തേക്ക് ബാന്‍ഡ് സംഘത്തിനു പിന്നില്‍ ചുവപ്പുസേനയും അതിനു പിന്നില്‍ നേതാക്കളും. കോട്ടമൈതാനത്ത് എത്തിയതോടെ ഇരമ്പിയാര്‍ത്ത ജനാവലി ആവേശക്കടലായി. സുധ സുന്ദരരാമന്റെ ഇമ്പമുള്ള തമിഴ് മൊഴിയും എം എ ബേബിയുടെ പ്രസംഗവും കേട്ടവരോട് എസ് ആര്‍ പിയും ശ്രീനിവാസ് റാവുവും അധ്യാപകരെന്നപോലെ സംവദിച്ചു.

മലപ്പുറം ജില്ലയിലേക്കുള്ള യാത്രയ്ക്കിടെ കേച്ചേരിയിലും ചൂണ്ടലിലും കുന്ദംകുളത്തും ജനങ്ങള്‍ പാതയ്ക്കിരുവശവും കാത്തുനിന്നു. പാവിട്ടപ്പുറത്തുവച്ച് മലപ്പുറം ജില്ലാ സെക്രട്ടറി പി പി വാസുദേവന്റെ നേതൃത്വത്തില്‍ ജാഥയെ വരവേറ്റു. പൊന്നാനിയില്‍നിന്ന് 13 കിലോമീറ്റര്‍ ലോങ് മാര്‍ച്ച് നടത്തിയാണ് പ്രദേശത്തുള്ളവര്‍ എടപ്പാളിലെത്തിയത്. കുമരംപുത്തൂരില്‍ പാലക്കാട് ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്റെ നേതൃത്വത്തില്‍ ജാഥയെ സ്വീകരിച്ചു. പാലക്കാട്ടെ യോഗത്തിനുശേഷം ഏഴരയോടെയാണ് ജാഥ തമിഴ്നാട് അതിര്‍ത്തി കടന്നത്. കോയമ്പത്തൂരില്‍ വന്‍ സ്വീകരണം ഏറ്റുവാങ്ങിയ ജാഥയെ വ്യാഴാഴ്ച തിരുപ്പൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ ജനങ്ങള്‍ വരവേല്‍ക്കും.
(എന്‍ എസ് സജിത്)

deshabhimani 280213

No comments:

Post a Comment