Saturday, February 23, 2013

രമയുടെ കണ്ണൂര്‍ സന്ദര്‍ശനം പരിഹാസ്യനാടകം


കെ കെ രമയുടെ കണ്ണൂര്‍ സന്ദര്‍ശനം വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെ. വലതുപക്ഷ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചപോലെ സ്വാഭാവികവും നിര്‍ദോഷവുമായ കണ്ടുമുട്ടലായിരുന്നില്ല വെള്ളിയാഴ്ച അരിയില്‍ നടന്നതെന്നതിന് തെളിവ് രമയുടെ വാക്കുകള്‍തന്നെ. മകന്റെ വിയോഗത്തില്‍ നീറുന്ന ഒരുമ്മയെ ആശ്വസിപ്പിക്കുന്നതിനപ്പുറം വ്യക്തമായ രാഷ്ട്രീയദൗത്യമായിരുന്നു രമയുടെ വൈകിയുള്ള വരവ്. ഷുക്കൂറിന്റെ ഉമ്മ ആത്തിക്കയെ സന്ദര്‍ശിച്ചശേഷം രമ നേരെപോയത് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ വീട്ടിലേക്കാണ്.

ഷുക്കൂര്‍ വധക്കേസില്‍ സിപിഐ എം നേതാക്കളെ ഉള്‍പ്പെടുത്തിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമാണെന്ന് അനിഷേധ്യമായി വെളിപ്പെട്ട അവസരമാണിത്. ഒരു തെളിവുമില്ലാതെ രണ്ട് കള്ളസാക്ഷികളെ ഉപയോഗിച്ച് കെട്ടിപ്പൊക്കിയ കേസ്. ലീഗ് നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളിലെ രണ്ടു താല്‍ക്കാലിക ജീവനക്കാരെയാണ് ഇതിനായി ഉപയോഗിച്ചത്. ജോലി സ്ഥിരപ്പെടുത്തണമെങ്കില്‍ പറയുന്നതുപോലെ മൊഴി നല്‍കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആജ്ഞ. കള്ളമൊഴിയുടെ പേരില്‍ തങ്ങള്‍ കുടുങ്ങുമെന്ന് മനസിലായതോടെ ഇരുവരും നിലപാട് മാറ്റി. ഇതിനെല്ലാം മറയിടാനാണ് രമ അരിയിലെത്തി സിപിഐ എമ്മിനെതിരെ വിടുവായത്തം വിളമ്പിയത്. തികഞ്ഞ സിപിഐ എം വിരുദ്ധതയാണ് അവരെ നയിക്കുന്നതെന്ന് ഈ പൊറാട്ടുനാടകത്തില്‍നിന്ന് വ്യക്തം. ചന്ദ്രശേഖരന്‍ വധക്കേസ് വിചാരണക്കിടെ ജനമനസ്സുകളില്‍ സിപിഐ എം വിരുദ്ധ വികാരം ആളിക്കത്തിക്കുകയാണ് ലക്ഷ്യം. "സിപിഎം ഏറ്റവും വലിയ മാടമ്പിത്തരം കാണിക്കുന്ന നാടാണ് കണ്ണൂര്‍. സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റിക്കുകയാണെ"ന്നും അവര്‍ പറഞ്ഞതായി പത്രങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. മുസ്ലിംലീഗ് നേതാക്കള്‍ക്കൊപ്പം പോയി, അവരുടെ സാന്നിധ്യത്തിലാണ് രമ കൊലപാതക രാഷ്ട്രീയത്തിനെതിരെ സംസാരിച്ചതെന്നതും വിരോധാഭാസം. അവരുടെ കാപട്യത്തിന് ഇതില്‍പരം തെളിവു വേണ്ട. സമീപകാലത്ത് കേരളത്തില്‍ ഏറ്റവും ഭീകരമായ കൊലപാതകങ്ങള്‍ നടത്തിയ പാര്‍ടിയാണ് ലീഗ്. മലപ്പുറം കുനിയില്‍ രണ്ട് പേരെ അരുംകൊല ചെയ്തത് ലീഗ് എംഎല്‍എയുടെ നേതൃത്വത്തിലാണ്. കാസര്‍കോട്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ മനോജിനെ മുസ്ലിംലീഗുകാര്‍ നിഷ്ഠുരം ചവിട്ടിക്കൊല്ലുകയായിരുന്നു.

deshabhimani 240213

No comments:

Post a Comment