Monday, February 25, 2013

രാവിലെയെത്തും പ്രസിഡന്റ് ജനകീയതയുടെ മണിമുഴക്കമായി പാണഞ്ചേരിയുടെ ജോസേട്ടന്‍


പട്ടിക്കാട്: മഴയായാലും മഞ്ഞായാലും പഞ്ചായത്ത് പ്രസിഡന്റിന്റെ സൈക്കിളിന്റെ ഡബിള്‍ബെല്ലിനായി പാണഞ്ചേരിക്കാര്‍ കാത്തിരിക്കും. നാട്ടിടവഴികളിലൂടെ സൈക്കിള്‍ ചവിട്ടി പത്രവിതരണം നടത്തുന്ന പ്രസിഡന്റ് നാട്ടുകാരുടെ പരാതികളും സ്വീകരിക്കും. പാണഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ വി ജോസാണ് പുലര്‍ച്ചെ നാലുമുതല്‍ തുടങ്ങുന്ന പത്രവിതരണത്തിനിടയില്‍ നാട്ടുകാരുടെ ആവശ്യങ്ങള്‍ക്കായി സമയം കണ്ടെത്തുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരനായി ജനപക്ഷത്തു നില്‍ക്കുന്ന ഈ പ്രസിഡന്റ് രാഷ്ട്രീയഭേദമെന്യേ നാട്ടുകാരുടെ പ്രിയങ്കരന്‍.

യുഡിഎഫിന് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്തര്‍ക്കത്തെത്തുടര്‍ന്ന് പ്രസിഡന്റിനെ അവിശ്വാസപ്രമേയത്തിലൂടെ എതിര്‍ഗ്രൂപ്പുകാര്‍ പുറത്താക്കി. തുടര്‍ന്നാണ് 2012 ഏപ്രിലില്‍ ജോസ് പ്രസിഡന്റായത്. സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗമായ ജോസ് ജനങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനത്തിനിടയില്‍ വിവാഹംപോലും വേണ്ടന്നുവയ്ക്കുകയായിരുന്നു. പഞ്ചായത്ത് ലൈബ്രേറിയനായി ജോലി നോക്കുമ്പോഴാണ് രണ്ടായിരത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ടി നിര്‍ദേശിച്ചത്. ജോലി രാജിവച്ച് ആദ്യമായി മത്സരിച്ച ജോസ് പഞ്ചായത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. അന്നും കോണ്‍ഗ്രസിനായിരുന്നു ഭൂരിപക്ഷമെങ്കിലും ഗ്രൂപ്പുവഴക്ക് രൂക്ഷമായതോടെ ക്ഷേമകാര്യ അധ്യക്ഷസ്ഥാനം ജോസിനു വന്നുചേര്‍ന്നു. 2010ലും മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. കഴിഞ്ഞ പത്തുമാസമായി പ്രസിഡന്റായി തുടരുന്ന ജോസിന് പഞ്ചായത്തിന്റെ ഔദ്യോഗികവാഹനം ഉണ്ടെങ്കിലും കൂടുതലും സൈക്കിളില്‍ സഞ്ചരിക്കാനാണ് ഇഷ്ടം.

25 വര്‍ഷമായി പത്ര ഏജന്റാണ് ജോസ്. പുലര്‍ച്ചെ നാലിന് കണ്ണാറ, ചാലാംപാടം, മാരാക്കല്‍, ആല്‍പ്പാറ എന്നീപ്രദേശങ്ങളില്‍ക്കൂടി 15 കിലോമീറ്ററിലധികം സൈക്കിളില്‍ ദേശാഭിമാനി അടക്കമുള്ള പത്രങ്ങള്‍ വിതരണം ചെയ്യുന്ന ജോസ് അമ്മയോടും സഹോദരങ്ങളോടുമൊപ്പം ആല്‍പ്പാറയിലെ ചെറിയ വീട്ടിലാണ് താമസം. ജോസ് പഞ്ചായത്തു പ്രസിഡന്റായതിന്റെ നേട്ടം നാട്ടുകാര്‍ക്കാണ്. അവര്‍ക്ക് ഏതൊരാവശ്യത്തിനും സ്വന്തം സഹോദരനെപ്പോലുള്ള പഞ്ചായത്ത് പ്രസിഡന്റ് പുതിയ അനുഭവം. കോണ്‍ഗ്രസുകാര്‍ക്കാണെങ്കില്‍ ഗ്രൂപ്പുയുദ്ധം കഴിഞ്ഞ് മറ്റൊന്നിനും സമയമില്ല. പഞ്ചായത്തിലെ ചെറുചലനങ്ങളില്‍പ്പോലും ഭാഗഭാക്കാവുന്ന പ്രസിഡന്റു തന്നെ തങ്ങള്‍ക്കു മതിയെന്ന നിലപാടിലാണ് പണഞ്ചേരിക്കാര്‍.

deshabhimani

No comments:

Post a Comment